താമരയ്ക്ക് പിടികൊടുക്കാതെ ബംഗാള്‍, ബിജെപി മുന്നേറ്റം തടഞ്ഞ് തൃണമൂല്‍
കിണഞ്ഞ് പരിശ്രമിച്ചിട്ടും ബംഗാളിൽ ക്ലച്ച് പിടിക്കാതെ ബിജെപി. പല എക്സിറ്റ് പോളുകളും പശ്ചിമ ബംഗാളിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് പ്രവചിച്ചെങ്കിലും അതിനെ കാറ്റിൽ പറത്തുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. വോട്ടെണ്ണൽ അഞ്ചുമണിക്കൂറിനോടടുക്കുമ്പോൾ ആകെയുള്ള 42 ലോക്സഭാ സീറ്റുകളിൽ 31ലും തൃണമൂലാണ് മുന്നിൽ. കഴിഞ്ഞ തവണ പതിനെട്ട് സീറ്റുകൾ നേടിയ ബിജെപിക്ക് പത്ത് സീറ്റുകളിൽ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ആയത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ബിജെപി 18 സീറ്റുകൾ പിടിച്ചെടുത്തത്. അത് ഇത്തവണയും ആവർത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. സന്ദേശ്ഖാലി, പൗരത്വ ഭേദഗതി നിയമം, തൃണമൂലിനെതിരായ ഭരണവിരുദ്ധ വികാരം എന്നിവ വോട്ടാകുമെന്നും ബിജെപി കണക്കുകൂട്ടിയിരുന്നു. പക്ഷെ അതെല്ലാം അമ്പേ പാളിപ്പോയെന്നാണ് ഫലങ്ങൾ തെളിയിക്കുന്നത്. 'ഇന്ത്യ' സഖ്യത്തിലെ പ്രധാന കക്ഷികളായ തൃണമൂലും കോൺഗ്രസും തമ്മിൽ മത്സരിച്ചതും ബിജെപിക്ക് പ്രഹരമേല്പിച്ചതായാണ് വിലയിരുത്തൽ.
കേന്ദ്രസർക്കാരിനെതിരെ തുറന്നടിച്ച മമതയുടെ പ്രചാരണ തന്ത്രം ഫലം കണ്ടുവെന്ന് വേണം കരുതാൻ. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത്, തൃണമൂലിന്റെ വോട്ട് ബാങ്കായ മുസ്ലിം വോട്ടുകൾ ഏകീകരിക്കാനും കാരണമായിട്ടുണ്ട്. മറുഭാഗത്ത് സിഎഎ നടപ്പിലാക്കുന്നതോടെ ലഭിക്കുമെന്ന് കരുതിയ വോട്ടുകൾ ബിജെപിക്ക് കിട്ടിയിട്ടുമില്ല. പൗരത്വ ഭേദഗതിയെ അനുകൂലിച്ചിരുന്ന മത്വ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള കൂച്ച് ബിഹാർ മണ്ഡലത്തിൽ താമര വാടിയത് അതിനുദാഹരണമാണ്.
2016ലെ പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മിഷൻ നടത്തിയ 25000-ത്തോളം അധ്യാപക-അനധ്യാപക നിയമനങ്ങൾ റദ്ദാക്കിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ബിജെപി തങ്ങൾക്കനുകൂലമായി ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കോടതികളെ സ്വാധീനിച്ച് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ നടത്തുന്ന ഗൂഢാലോചനയാണെന്നായിരുന്നു മമതയുടെ പ്രധാന ആരോപണം.
കൂടാതെ സന്ദേശ്ഖാലിയിലെ പ്രശ്നങ്ങൾ ബിജെപി ഉണ്ടാക്കിയെടുത്തതാണെന്ന് ആരോപിക്കുന്ന തരത്തിൽ വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തിൽ വീഡിയോ പ്രചരിച്ചതും തൃണമൂലിന് സഹായകമാകുകയായിരുന്നു. കൂടാതെ തൃണമൂലിനെതിരെ കോൺഗ്രസും സിപിഎമ്മും ഒരുമിച്ചതോടെ ഭരണവിരുദ്ധ വികാരം ബിജെപിയിലേക്ക് മാത്രമായി പോകാതെ വിഘടിച്ചിരുന്നു. ഇതും ബിജെപിക്ക് പ്രതികൂലമായാണ് ബാധിച്ചത്.