Exit Poll 2024 | ഹൃദയഭൂമിയില്‍ ബിജെപി അല്‍പം തളരും, പക്ഷേ ദക്ഷിണേന്ത്യ നികത്തും
മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തുമെന്ന സൂചനകളാണ് എക്സിറ്റ് പോളുകൾ നൽകുന്നത്. ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിക്ക് 350-ന് മുകളിൽ സീറ്റുകൾ ലഭിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് സീറ്റുകൾ കുറയാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തലുകൾ ശരിയായിരുന്നു എന്നാണ് എക്സിറ്റ് പോൾ പറയുന്നത്. എന്നാൽ അങ്ങനെ നഷ്ടപ്പെടുന്ന സീറ്റുകൾ ദക്ഷിണേന്ത്യയിൽ പിടിക്കാൻ സാധിക്കും എന്ന ബിജെപിയുടെ പ്രതീക്ഷ യാഥാർഥ്യമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഹൃദയഭൂമിയിൽ എത്ര കുറയും?
ഡൽഹിയിൽ മുഴുവൻ സീറ്റുകളും എൻഡിഎ പിടിക്കുമെന്നാണ് എക്സിറ്റ് പോൾ സൂചിപ്പിക്കുന്നത്. ഏഴിൽ ഏഴു സീറ്റുകളും 2019-ൽ ബിജെപിക്ക് തന്നെയായിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കാര്യമായി ബാധിക്കുകയില്ല എന്ന സൂചനകളാണ് എക്സിറ്റ് പോളിൽ നിന്ന് മനസിലാക്കേണ്ടത്. റിപ്പബ്ലിക് ഭാരത് ആണ് 2 സീറ്റുവരെ ഇന്ത്യ സഖ്യത്തിന് ലഭിക്കും എന്ന് പറഞ്ഞിട്ടുള്ളത്. രാജസ്ഥാനാണ് ഇന്ത്യ സഖ്യത്തിന് പ്രതീക്ഷയുള്ള മറ്റൊരു സംസ്ഥാനം. രാജസ്ഥാനിൽ 2019-ൽ 25-ൽ 24 സീറ്റും എൻഡിഎയ്ക്കായിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായി 5 മുതൽ 7 സീറ്റുകൾ അവർക്ക് നഷ്ടപ്പെടുമെന്നാണ് ഇന്ത്യ ടുഡേയുടെ ആക്സിസ് മൈ ഇന്ത്യ സർവേ പറയുന്നത്. എൻഡിഎ 16 മുതൽ 19 സീറ്റുകളിലേക്ക് കുറയും.
ഹിന്ദി ഹൃദയഭൂമിയിൽ ഇന്ത്യ സഖ്യം പ്രതീക്ഷയർപ്പിക്കുന്ന മറ്റൊരു സംസ്ഥാനം ബിഹാർ ആണ്. ഇന്ത്യ സഖ്യത്തിന് 7 മുതൽ 10 സീറ്റുകൾ വരെ ലഭിക്കും എന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. എട്ടു സീറ്റുകൾ വർധിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ സർവേ പറയുന്നു. എട്ടു സീറ്റുകൾ നഷ്ടപ്പെട്ടാൽ 29 മുതൽ 33 വരെ സീറ്റുകളാവും എൻഡിഎയ്ക്ക് ലഭിക്കുക.
2019-ൽ മധ്യപ്രദേശിലെ 29 സീറ്റുകളിൽ ഇരുപത്തിയെട്ടും എൻഡിഎ വിജയിച്ചതാണ്. ഇത്തവണ അതിൽ നിന്ന് വലിയ മാറ്റമൊന്നും എക്സിറ്റ് പോളുകൾ പ്രതീക്ഷിക്കുന്നില്ല.
മഹാരാഷ്ട്രയിൽ ശിവസേനയുടെയും എൻസിപിയുടെയും പിളര്‍പ്പുകള്‍ക്ക് ശേഷം ആദ്യമായി ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണിത്. 48 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ 2019-ൽ ബിജെപിയുടെ 23 സീറ്റും ശിവസേനയുടെ 18 ഉം ചേർത്ത് 41 സീറ്റുകളായിരുന്നു എൻഡിഎക്ക് ലഭിച്ചത്. എന്നാൽ ഇത്തവണ അത് 34-ലേക്ക് കുറയുമെന്നും, ഇന്ത്യ സഖ്യം 13 സീറ്റുകൾ നേടുമെന്നുള്ള വിലയിരുത്തലിലേക്കാണ് എത്തുന്നത്. റിപ്പബ്ലിക് ടിവി പി മാർക്യൂ സർവേ മാത്രമാണ് എൻഡിഎ 30-ൽ താഴേക്ക് പോകുമെന്ന് പറയുന്നത്. ഇന്ത്യ 19 സീറ്റുകൾ വരെ നേടുമെന്നും അവർ വിലയിരുത്തുന്നത്.
ഹരിയാനയിൽ കഴിഞ്ഞ തവണത്തേതുപോലെ മുഴുവൻ സീറ്റിലും എൻഡിഎ ജയിക്കുന്ന സാഹചര്യമുണ്ടാകില്ല എന്നാണ് സൂചനകൾ. 7 മുതൽ 9 സീറ്റുകളാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്. ഇന്ത്യ സഖ്യത്തിന് ഒന്ന് മുതൽ മൂന്നു സീറ്റുകളും പ്രതീക്ഷിക്കാം. കർഷകസമരവും ഗുസ്തി താരങ്ങളുടെ സമരവും വലിയ ചലനങ്ങളുണ്ടാക്കുമെന്ന് കരുതിയ സംസ്ഥാനമാണ് ഹരിയാന.
വലിയ മുന്നേറ്റം പ്രതീക്ഷിച്ച ഉത്തർപ്രദേശിൽ കാര്യമായി ചലനമുണ്ടാക്കാൻ ഇന്ത്യ സഖ്യത്തിന് സാധിക്കില്ല എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. എൻഡിഎ ഇപ്പോഴുള്ള 64 സീറ്റിൽ നിന്ന് 69 സീറ്റായി ഉയരുമെന്നാണ് എക്സിറ്റ് പോളുകൾ തരുന്ന സൂചന. എന്നുവച്ചാൽ മുമ്പത്തേതിൽ നിന്നും 5 സീറ്റുകൾ വരെ കൂടാൻ സാധ്യതയുണ്ട് എന്നർഥം.
ദക്ഷിണേന്ത്യയിൽ എത്ര കൂടും?
ഹിന്ദി ഹൃദയഭൂമിയിൽ എൻഡിഎയ്ക്ക് നഷ്ടപ്പെടാൻ സാധ്യതയുള്ള ആകെ സീറ്റുകളുടെ എണ്ണം ഏകദേശം 33 ആയിരിക്കും. ഇനി ദക്ഷിണേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിക്ക് ഈ കുറവ് നികത്താൻ സാധിക്കുമോ എന്നതാണ് അറിയേണ്ടത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കർണാടകയിൽ നേടാൻ പോകുന്ന 20 മുതൽ 23 സീറ്റുകളാണ്. 2019ൽ എൻഡിഎ കർണാടകയിൽ 28-ൽ 24 സീറ്റുകൾ നേടിയിട്ടുണ്ട്. അതിൽ നിന്ന് 2-4 സീറ്റുകൾ മാത്രമേ കുറയാൻ സാധ്യതയുള്ളൂ എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. കോൺഗ്രസ് ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. അവിടെ കേവലം അഞ്ച് സീറ്റുകൾക്കപ്പുറം നേടാൻ സാധിക്കില്ല എന്ന അവസ്ഥ കോൺഗ്രസിനെയും ഇന്ത്യ സഖ്യത്തെയും സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ബിജെപി ഇത്തവണ രണ്ടക്കം കാണില്ല എന്നാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞത്. എക്സിറ്റ് പോൾ സൂചന അക്ഷരാർത്ഥത്തിൽ കർണാടകത്തിൽ അപ്രതീക്ഷിതമാണ്.
തമിഴ്‌നാട്ടിൽ മുമ്പത്തേതുപോലെ തന്നെ ഇന്ത്യ സഖ്യം മേൽകൈ നിലനിർത്തും. എന്നാൽ രണ്ടു സീറ്റ് കുറയാനുള്ള സാധ്യതയും അവിടെ കാണുന്നുണ്ട്. 33 മുതൽ 37 സീറ്റുകൾ വരെ ഡിഎംകെയും കോൺഗ്രസുമുൾപ്പെടെയുള്ള കക്ഷികൾ നേടുമെന്നാണ് കണക്കാക്കുന്നത്. എൻഡിഎ 2 മുതൽ 4 സീറ്റുകൾ വരെ നേടും എന്നാണ് സൂചന. 3 സീറ്റ് വരെ നേരത്തേതിനെ അപേക്ഷിച്ച് ബിജെപിക്ക് കൂടും.
പശ്ചിമ ബംഗാളിൽ 2019-ൽ തൃണമൂൽ കോൺഗ്രസ് 22 സീറ്റും ബിജെപി 18 സീറ്റുമായിരുന്നു നേടിയത്. അത് ഇത്തവണ തിരിഞ്ഞു വരാനാണ് സാധ്യതയെന്ന് വിലയിരുത്താം. ബിജെപി 21 മുതൽ 26 സീറ്റുകൾ വരെ പശ്ചിമ ബംഗാളിൽ നേടുമെന്നാണ് വ്യത്യസ്ത സർവേകൾ പറയുന്നത്. തൃണമൂൽ 16 മുതൽ 19 വരെയായി ചുരുങ്ങും. കോൺഗ്രസ് 2 സീറ്റുവരെ നേടാൻ സാധ്യതയുണ്ട്. ഇടതുപക്ഷം ഒരു സീറ്റും.
കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫ് 17 മുതൽ 18 സീറ്റുകൾ വരെ നേടുമെന്നും ഇടതുപക്ഷം ഒരു സീറ്റിനപ്പുറം നേടാൻ സാധ്യതയില്ല എന്നും വിലയിരുത്തുന്ന മിക്ക സർവേകളും എൻഡിഎ 2 മുതൽ 3 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നും പറയുന്നു. പൂജ്യത്തിൽ നിന്നാണ് എൻഡിഎ മൂന്നു സീറ്റുകൾ നേടുന്നത്.
ആന്ധ്രാപ്രദേശിൽ ഇത്തവണ ബിജെപി കാര്യമായി നേട്ടമുണ്ടാക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നതാണ്. എന്നാൽ അതിഗംഭീര വിജയം എൻഡിഎ നേടുമെന്നാണ് ന്യൂസ് 18 ഉൾപ്പെടെയുള്ളവരുടെ കണക്കുകൾ. ആകെയുള്ള 25 സീറ്റുകളിൽ 19 മുതൽ 25 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നാണ് സൂചനകൾ. അതിൽ വലിയ പങ്കും ബിജെപിയുടെ സഖ്യകക്ഷി ടിഡിപിയാവും നേടുക എന്നാണ് പറയുന്നത്. കഴിഞ്ഞ തവണ ടിഡിപിക്ക് വെറും മൂന്നു സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. 22 സീറ്റുകളുണ്ടായിരുന്ന വൈഎസ്ആർ കോൺഗ്രസ് ഇത്തവണ 8 സീറ്റുകൾ വരെ മാത്രമേ നേടാൻ സാധ്യതയുള്ളൂ എന്നാണ് കരുതപ്പെടുന്നത്.
തെലങ്കാനയിൽ ശക്തമായ ഏറ്റുമുട്ടലാണ് പ്രതീക്ഷിക്കുന്നത്. 7 മുതൽ 9 സീറ്റുകൾ വരെ എൻഡിഎയും അതുപോലെ ഇന്ത്യ സഖ്യവും നേടാൻ സധ്യതയുണ്ടെന്നാണ് സൂചന. 28 സീറ്റുകൾ ഹിന്ദി ഹൃദയഭൂമിയിൽ കുറയുമ്പോൾ ദക്ഷിണേന്ത്യയിലും ബംഗാളിലുമായി 33 സീറ്റുകൾ അധികമായി നേടും. മറ്റു സംസ്ഥാനങ്ങളും കൂടി പരിഗണിച്ചാൽ ബിജെപി 350 ന് മുകളിൽ പോകുമെന്നാണ് ഇപ്പോൾ എക്സിറ്റ് പോളുകളുടെ വിലയിരുത്തലുകളിൽ നിന്ന് മനസിലാക്കാനാകുന്നത്.