വീണ്ടും 'ബഹുജന്‍' മുദ്രാവാക്യവുമായി ബിഎസ്‌പി; കൈവിട്ടുപോയ വോട്ട് ബാങ്ക് തിരിച്ചുപിടിക്കാന്‍ മായാവതി
''സര്‍വജന്‍ ഹിതായ്, സര്‍വജന്‍ സുഖായ്,'' 2007-ല്‍ ഉത്തര്‍പ്രദേശില്‍ ആഞ്ഞടിച്ച ബിഎസ്‌പി കൊടുങ്കാറ്റിനെ കെട്ടഴിച്ചുവിടാന്‍ മായാവതി പ്രയോഗിച്ച മുദ്രാവാക്യം. ആ മുദ്രാവാക്യത്തിന്റെ ബലത്തില്‍, ദളിത്-മുന്നാക്ക വിഭാഗങ്ങളുടെ ഐക്യം സാധ്യമാക്കി മായാവതി കച്ചമുറുക്കി ഇറങ്ങിയപ്പോള്‍ ബിഎസ്‌പിക്ക് ലഭിച്ചത് 403-ല്‍ 206 സീറ്റ്. പിന്നീട് മായാവതിയും ബിഎസ്‌പിയും ഉത്തര്‍പ്രദേശ് എന്ന വലിയ സംസ്ഥാനം അടക്കിഭരിച്ച നാളുകളായിരുന്നു. 2007-ല്‍ നിന്ന് 2024-ല്‍ എത്തിനില്‍ക്കുമ്പോള്‍, തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ് മായാവതിയുടെ പാര്‍ട്ടി. തിരിച്ചുവരവിന് വേണ്ടി, തങ്ങളുടെ പഴയ മുദ്രാവാക്യമായ 'ബഹുജന്‍ ഹിതായ് ബഹുജന്‍ സുഖായ്' മുദ്രാവാക്യത്തിലേക്ക് തിരിച്ചു പോയിരിക്കുകയാണ് ബിഎസ്പി. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇനി 'ബഹുജനില്‍' ഉറച്ചായിരിക്കും.
'ഇന്ത്യ' സഖ്യത്തിനും എന്‍ഡിഎയ്ക്കും ഒപ്പം നില്‍ക്കാതെ, തനിച്ച് മത്സരിക്കാനാണ് ഇത്തവണ ബിഎസ്‌പിയുടെ നീക്കം. സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങളും നടത്തുന്നുണ്ട്. കാന്‍ഷി റാം ഉയര്‍ത്തിയ അടിസ്ഥാന വര്‍ഗ മുന്നേറ്റത്തിന്റെ മുദ്രാവാക്യത്തില്‍ നിന്ന് പിന്നോട്ടുപോയെന്ന് മായാവതിയെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന 'പോയിന്റിലേക്ക്' തന്നെ മായാവതി ഒടുവില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കാന്‍ഷി റാം ശ്രമിച്ചത് ബ്രാഹ്‌മണരും ഠാക്കൂര്‍മാരും ബനിയകളും ഒഴികെയുള്ള മുഴുവന്‍ ജാതിക്കാരെയും ഒന്നിച്ചു നിര്‍ത്താനായിരുന്നു. സവര്‍ണരുടെ സഹായമില്ലാതെ ദളിത് വിഭാഗം അധികാരത്തിലെത്തുക എന്നതായിരുന്നു കാന്‍ഷിറാമിന്റെ ലക്ഷ്യം. എന്നാല്‍, 2006-ല്‍ കാന്‍ഷിറാമിന്റെ മരണത്തിന് പിന്നാലെ, പാര്‍ട്ടിയുടെ നേതൃസ്ഥാനം പൂര്‍ണമായി ഏറ്റെടുത്ത മായാവതി, സവര്‍ണ വിഭാഗങ്ങളെയും കൂടെക്കൂട്ടി തിരഞ്ഞെുപ്പില്‍ നേട്ടമുണ്ടാക്കാം എന്ന ആശയത്തില്‍ മുന്നോട്ടു പോവുകയായിരുന്നു. അങ്ങനെയാണ് ബഹുജന്‍ ഹിതായ് ബഹുജന്‍ സുഖായ് മുദ്രാവാക്യത്തിന് പകരം സര്‍വജന്‍ ഹിതായ് സര്‍വജന്‍ സുഖായ് അവതരിപ്പിച്ചത്.
ബ്രാഹ്‌മണ, ദളിത് സമ്മേളനങ്ങള്‍ നടത്തിയും ബ്രാഹ്‌മണര്‍ക്ക് പാര്‍ട്ടിയില്‍ വലിയ സ്ഥാനങ്ങള്‍ നല്‍കിയും മായാവതി ബിഎസ്‌പിയെ പൊളിച്ചെഴുതി. 2007-ന് ശേഷം, പാര്‍ട്ടിക്കുള്ളിലും തിരഞ്ഞെടുപ്പുകളിലും മുന്നാക്ക വിഭാഗക്കാര്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചു. ഇത്, ദളിത് വിഭാഗക്കാരായ നേതാക്കളെ അസ്വസ്ഥാക്കിയിരുന്നു. 2012 നിയമസഭ തിരഞ്ഞെടുപ്പില്‍ എസ്പിയോട് തോറ്റതിന് പിന്നാലെ, നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടു. ഇപ്പോഴും കൊഴിഞ്ഞുപോക്കു തുടരുന്നു. പാര്‍ട്ടിവിട്ട ദളിത് മുഖങ്ങളില്‍ ഭൂരിഭാഗവും ചെന്നുകയറിയത് ബിജെപി പാളയത്തിലാണ്.
ബിഎസ്പി നേതാക്കളെ മാത്രമല്ല, മുദ്രാവാക്യവും ബിജെപി കൊണ്ടുപോയി. അംബേദ്കറിന്റെ 129-ാമത് ജന്‍മ വാര്‍ഷികത്തില്‍ ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടു. ഇതും പഴയ മുദ്രാവാക്യത്തിലേക്ക് മടങ്ങാന്‍ ബിഎസ്‌പിയെ പ്രേരിപ്പിച്ചു. അടിത്തട്ടുലഞ്ഞുപോയ ബിഎസ്പിയെ കരകയറ്റണമെങ്കില്‍ പരമ്പരാഗത വോട്ട് ബാങ്കായ ദളിത് വിഭാഗങ്ങളുടെ നഷ്ടപ്പെട്ടുപോയ പിന്തുണ നേടിയെടുത്താന്‍ മാത്രമേ സാധിക്കുള്ളു എന്ന തിരിച്ചറിവില്‍ നിന്നാണ് 'ബഹുജന്‍ ഹിതായ്, ബഹുജന്‍ സുഖായ്' എന്ന മുദ്രാവാക്യത്തിലേക്ക് ബിഎസ്പി എത്തിയിരിക്കുന്നത്.
2007-ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിഎസ്പി ഉയര്‍ത്തിയ മുദ്രാവാക്യം സര്‍വജന്‍ ഹിതായ്, സര്‍വജന്‍ സുഖായ് എന്നായിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ എക്കാലത്തേയും കരുത്ത് അടിസ്ഥാന വര്‍ഗമായിരുന്നു. ഇവര്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയും ബിജെപിക്കൊപ്പം അണിനിരക്കുകയും ചെയ്തു. മാത്രവുമല്ല, ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി ബിഎസ്‌പി വോട്ടു ബാങ്കുകളിലേക്ക് കടന്നുകയറുന്നുമുണ്ട്. പുതുതലമുറയ്ക്കിടയില്‍ ചന്ദ്രശേഖര്‍ ആസാദും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും വലിയ സ്വീകാര്യത നേടുന്നുണ്ട്. അപകടം മണത്ത ബിഎസ്‌പി, ആസാദിന്റെ പാര്‍ട്ടിയെ കൂടെക്കൂട്ടില്ലെന്ന് നിലപാട് എടുത്തിരുന്നു. തങ്ങളുടെ വോട്ട് ബാങ്ക് പൊളിക്കുകയാണ് ആസാദിന്റെ ലക്ഷ്യമെന്നും മായാവതി പരസ്യമായി പറഞ്ഞു. ആസാദ് സമാജ് പാര്‍ട്ടിയുടെ വളര്‍ച്ച തടയുകയും ബിജെപിയിലേക്ക് പോയ വോട്ടുകള്‍ തിരിച്ചു കൊണ്ടുവരികയും വേണമെങ്കില്‍, 'ബഹുജന്‍' മുദ്രാവാക്യം ഉയര്‍ത്താതെ തരമില്ലെന്ന് ബിഎസ്‌പി മനസ്സിലാക്കുന്നു എന്നു വേണം പുതിയ നീക്കത്തില്‍ നിന്ന് വായിച്ചെടുക്കാന്‍.
മായാവതിയുടെ സഹോദരപുത്രന്‍ ആകാശ് ആനന്ദ് ആണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ആകാശിനെ മായാവതി തന്റെ 'രാഷ്ട്രീയ പിന്‍ഗാമിയായി' പ്രഖ്യാപിച്ചത്. ശേഷം, ആകാശിന്റെ നേതൃത്വത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഒരിടത്തും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ആകാശ് ആനന്ദിനെ കൈവിടാതെ കൊണ്ടുനടക്കുകയാണ് മായാവതി.
തിരഞ്ഞെടുപ്പുകളില്‍ അടിപതറിക്കൊണ്ടിരിക്കുന്ന ബിഎസ്പിക്ക് ഒരു മുന്നേറ്റം സാധ്യമാകണമെങ്കില്‍, പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളിലേക്ക് മടങ്ങിപ്പോയാല്‍ മാത്രമേ സാധിക്കുള്ളു. 2014-ല്‍ നരേന്ദ്ര മോദി പ്രഭാവത്തില്‍ ബിഎസ്പി കടപുഴകി. യുപിയില്‍ 80 സീറ്റില്‍ മത്സരിച്ച ബിഎസ്‌പി സംപൂജ്യരായി. അതുവരെ കണ്ട സ്വപ്നങ്ങളെല്ലാം തകര്‍ന്ന മായാവതി, തിരിച്ചുവരവിന് കോപ്പുകൂട്ടുന്നതിനിടെ പിന്നേയും തിരിച്ചടി നേരിട്ടു. 2017 നിയമസഭ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ മത്സരിച്ച ബിഎസ്പി വെറും 19 സീറ്റിലൊതുങ്ങി. 1995-ലെ ഒറ്റവര്‍ഷം മാത്രം നീണ്ടുനിന്ന സഖ്യത്തിന് ശേഷം 2019-ല്‍ എസ്പിയുമായി സഖ്യമുണ്ടാക്കാന്‍ മായാവതി തയ്യാറായത് തന്നെ നിലനില്‍പ്പിനെ കുറിച്ചുള്ള ഭയത്തെ തുടര്‍ന്നായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 10 സീറ്റായിരുന്നു ബിഎസ്പിയുടെ സമ്പാദ്യം. ഇതോടെ സഖ്യം പിരിഞ്ഞു. 2022-ല്‍ ഉത്തര്‍പ്രദേശ് നിമസഭയില്‍ ബിഎസ്‌പിക്ക് ആകെ കിട്ടിയത് ഒരു സീറ്റാണ്.