'എന്തുവന്നാലും ഈ വര്‍ഗീയ വിഭജന നിയമം നടപ്പാക്കില്ല'; പൗരത്വ നിയമത്തില്‍ നിലപാട് ആവര്‍ത്തിച്ച് പിണറായിയും മമതയും
ഇന്നു പ്രാബല്യത്തില്‍ വന്ന പൗരത്വ ഭേദഗതി നിയമം എന്തുവന്നാലും നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്ത്. തിരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി ജനങ്ങളെ വർഗീയമായി വേർതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, വർഗീയ വികാരം കുത്തിയിളക്കുന്നതിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പരത്താനുമാണെന്നാണ് പിണറായി വിജയൻ പറഞ്ഞത്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളിലാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.
ജനങ്ങളെ പരസ്പരം വിഭജിക്കുന്ന നിയമം തങ്ങൾ നടപ്പാക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ആളുകൾക്ക് ആധാർ കാർഡ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ പകരം തങ്ങൾ വേറെ കാർഡ് നൽകുമെന്നും മമത ബാനർജി പറഞ്ഞു. ഓൺലൈനായി പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചപ്പോൾ തന്നെ, ഈ നിയമം കാരണം പൗരാവകാശം നഷ്ടപ്പെടുന്നവർക്ക് അപേക്ഷിക്കാൻ പ്രത്യേക ഓൺലൈൻ പോർട്ടലും ബംഗാൾ സർക്കാർ അവതരിപ്പിച്ചിരുന്നു.
2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയവർക്കാണ് ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത്. എന്നാൽ പാകിസ്താൻ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർക്കൊഴികെ മറ്റുള്ളവർക്ക് പൗരത്വം നൽകുന്ന ഈ നടപടി ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്നും, സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ എന്നും പിണറായി പറഞ്ഞു. മതാടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും, ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുകയും, ദേശീയ പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്ത സർക്കാരാണ് കേരളത്തിലേത് എന്നും കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയിൽ ആദ്യം ഹർജി ഫയൽ ചെയ്യുകയും മഞ്ചേശ്വരം മുതൽ പാറശ്ശാലവരെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചതും മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. ന്യുനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്ന പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു.
അതേസമയം ഉത്തർപ്രദേശിനെയും പശ്ചിമബംഗാളിനെയും വിഭജിക്കുന്ന നിയമം തങ്ങൾ നടപ്പിലാക്കില്ലെന്നും. മത്വ വിഭാഗത്തെയും, ഹിന്ദു, മുസ്ലിം വിഭാഗങ്ങളെയും വിഭജിക്കാൻ ശ്രമിക്കുന്നതാണ് ഈ നിയമം അനുവദിച്ചു നല്കാനാകില്ലെന്നും മമത ബാനർജി പറഞ്ഞു. ആധാർ കാർഡ് നോക്കി ആളുകളെ വിഭജിക്കുന്നവരെ അംഗീകരിക്കാൻ സാധിക്കില്ല. അത്തരത്തിൽ നടപടികളുണ്ടായാൽ ജനങ്ങൾക്ക് തങ്ങൾ വേറെ കാർഡ് നൽകും, മമത ബാനർജി പറഞ്ഞു.
പൗരത്വ നിയമ ഭേദഗഗതി വിജ്ഞാപനം പുറപ്പെടുവിച്ചതിനു പിന്നാലെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനു പിന്നാലെ പ്രതിഷേധം കലാപത്തിലേക്ക് വഴിമാറിയ ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു കഴിഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. 2020-ല്‍ വന്‍ പ്രതിഷേധം ഉണ്ടായ ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന മേഖലകളിലാണ് ഡല്‍ഹി പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തിയത്.