ലോക്‌സഭ തിരഞ്ഞെടുപ്പ്: ആറാംഘട്ടത്തിനുള്ള പരസ്യപ്രചാരണം അവസാനിച്ചു, ശനിയാഴ്ച ജനവിധി 58 സീറ്റുകളിലേക്ക്
മെയ് 25 ന് നടക്കാനിരിക്കുന്ന ആറാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളില്‍ ശനിയാഴ്ച തിരഞ്ഞെടുപ്പ് നടക്കും. ഡല്‍ഹിയിലെ ഏഴ് പാര്‍ലമെന്റ് സീറ്റുകളിലും 25നാണ് ജനവിധി. ബിഹാര്‍ (8 സീറ്റുകള്‍), ഹരിയാന (10 സീറ്റുകള്‍), ജമ്മു കശ്മീര്‍ (1 സീറ്റ്), ജാര്‍ഖണ്ഡ് (4 സീറ്റുകള്‍), ഡല്‍ഹി (7 സീറ്റുകള്‍), ഒഡീഷ (6 സീറ്റുകള്‍), ഉത്തര്‍പ്രദേശ് (14 സീറ്റുകള്‍), പശ്ചിമ ബംഗാളില്‍ (8 സീറ്റുകള്‍) എന്നിവടങ്ങളിലാണ് 25ന് തിരഞ്ഞെടുപ്പ്.
എല്ലാ സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്ന ഹരിയാനയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് പ്രധാനമന്ത്രിമാരെ കാണാമെന്നും മോദി ആവര്‍ത്തിച്ചു. ഒപ്പം, പശു പാല്‍ തരും മുന്‍പേ നെയ്യ് വീതം വയ്ക്കുന്നതിനുള്ള അടി ഇന്ത്യ മുന്നണിയില്‍ ആരംഭിച്ചെന്നും മോദി പരിഹസിച്ചു.
അതേസമയം, ബിജെപിയെ വീണ്ടും അധികാരത്തിലെത്തുന്നത് തടയുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സംഖ്യ നേടിയെടുക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ജൂണ്‍ നാലിന് ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും സഖ്യകക്ഷിയായ എഎപിക്കും വേണ്ടി ഡല്‍ഹിയില്‍ പ്രചാരണം നടത്തി. മെട്രോയില്‍ യാത്ര ചെയ്യുകയും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യ കുമാറിനെ പിന്തുണച്ച് റാലികളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു രാഹുല്‍.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഒരു വീഡിയോ സന്ദേശത്തില്‍, ഏഴ് സീറ്റുകളിലും ഇന്ത്യന്‍ ബ്ലോക്കിന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ഡല്‍ഹിയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
സംസ്ഥാനത്തെ നിരവധി വിഭാഗങ്ങളുടെ ഒബിസി പദവി എടുത്തുകളഞ്ഞ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് അംഗീകരിക്കില്ലെന്ന് പ്രചാരണയോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഈ ഉത്തരവിനെതിരേ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുമെന്ന സൂചനയും മമത നല്‍കി. 919 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പിനായി നിയോഗിച്ചിരിക്കുന്നത്. ഒപ്പം, ബംഗാളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.