'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും', ഇ പി ജയരാജന്‍ കൂട്ടുകെട്ടുകളിൽ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി
ബിജെപി പ്രവേശന ചര്‍ച്ചാ വിവാദത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂട്ടുകെട്ടുകളില്‍ ഇ പി ജാഗ്രത പുലര്‍ത്തണമെന്നും നേരത്തെയും ഇത്തരം കാര്യങ്ങളില്‍ ജയരാജന്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇ പി ജയരാജനെ ലക്ഷ്യംവച്ച് നടത്തിയ ഈ ആക്രമണവും ആരോപണവും എല്‍ഡിഎഫിനെയും സിപിഎമ്മിനെയും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഇ പി ജയരാജന്റെ പ്രകൃതം എല്ലാവര്‍ക്കും അറിയാലോ എല്ലാവരുമായി കൂട്ടുകൂടും. നമ്മൂടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. പാപിയുമായി ശിവന്‍ കൂട്ടുകൂടിയാല്‍ ശിവനും പാപിയായി മാറും. കൂട്ടുകെട്ടുകളില്‍ ജാഗ്രതപുലര്‍ത്തണം. ഉറക്കം തെളിഞ്ഞാല്‍ ആരെ പറ്റിക്കാം എന്ന് ആലോചിക്കുന്ന ചിലരുണ്ട്. അത്തരം ആളുകളുമായി ഉള്ള ലോഹ്യം, അല്ലെങ്കില്‍ കൂട്ടുകെട്ട്, സൗഹൃദം എന്നിവ സാധാരണഗതിയില്‍ ശ്രദ്ധിക്കേണ്ടതാണ്. സഖാവ് ഇപി ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താറില്ലെന്ന് നേരത്തെയുള്ള അനുഭവമാണ്. ഇത്തരം ആളുകളുമായുള്ള കൂട്ടുകെട്ടുകളില്‍ ഇപി ജയരാജന്‍ ശ്രദ്ധിക്കണം.' എന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ ഘട്ടം വരുമ്പോള്‍ തെറ്റായ പ്രചാരണം അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായുള്ള ആരോപണം മാത്രമാണിത്. ഇപി ജയരാജന്‍ പാര്‍ട്ടിയുടെ കേന്ദ്ര കമറ്റി അംഗവും അതിനോടൊപ്പം എല്‍ഡിഎഫ് കണ്‍വീനറുമാണ്. പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ജീവിതം ഏതൊരു കമ്മ്യൂണിസ്റ്റിനെയും പോലെ പരീക്ഷണങ്ങള്‍ നിറഞ്ഞതാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ കാല ജീവിതം അവേശം ഉയര്‍ത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് എല്‍ഡിഎഫിന് കേരളം ചരിത്രവിജയം സമ്മാനിക്കുന്ന തിരഞ്ഞെടുപ്പ് ആയിരിക്കും. രാജ്യത്താകെ ബിജെപിക്ക് എതിരെയുള്ള ജനമുന്നേറ്റമാണ് ഇപ്പോള്‍ ദൃശ്യമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സംരക്ഷണത്തിന് ഇതാണ് ഏറ്റവും മികച്ചമാര്‍ഗമെന്ന് തിരിച്ചറിഞ്ഞ് ബിജെപിക്കെതിരെയുള്ള വലിയൊരു മുന്നേറ്റം എല്ലായിടങ്ങളിലും ഉയര്‍ന്നുവരികയാണ്.
കേരളത്തില്‍ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യത ഇല്ല. ഇവിടെ വലിയ പ്രചാരണമൊക്കെ നടത്തുമെങ്കിലും ഇവിടെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ പോലും രണ്ടാം സ്ഥാനത്തെങ്കിലും എത്താന്‍ സാധിക്കില്ല. ഇതാണ് പൊതുവായ പ്രതികരണം.
കേരളത്തിന് എതിരെയുള്ള നിലപാട് സ്വീകരിച്ച രണ്ട് കൂട്ടരുണ്ട്. ഒന്ന് ബിജെപി തന്നെയാണ്. കേരളത്തെ ഏങ്ങനെ തകര്‍ക്കാം എന്ന നിലപാട് കഴിഞ്ഞ അഞ്ച് വര്‍ഷവും അവര്‍ എടുത്തത്. ഇതേനിലപാട് തന്നെയാണ് കേരളത്തില്‍ നിന്ന് ജയിച്ച് പോയ യുഡിഎഫിന്റെ 18 എംപിമാരും സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.