സഖ്യസർക്കാരുകളും ഇന്ത്യയിലെ സാമ്പത്തിക പരിഷ്കരണങ്ങളും, ഇനിയെന്ത്?
എക്സിറ്റ് പോളുകളും കണക്കുകൂട്ടലുകളുമെല്ലാം തെറ്റിച്ചായിരുന്നു രാജ്യത്തിന്റെ വിധിയെഴുത്ത്. ഇന്ത്യ മുന്നണിയുടെ വ്യക്തമായ മുന്നേറ്റം കണ്ട തിരഞ്ഞെടുപ്പില്‍ ഒരു പാർട്ടിക്കും കേവലഭൂരിപക്ഷം നേടാനായിട്ടില്ല. ചരിത്രഭൂരിപക്ഷവുമായി മൂന്നാം തവണയും അധികാരമോഹവുമായി എത്തിയ ബിജെപിക്ക് ലഭിച്ചത് മങ്ങിയ ജയം മാത്രം. 63 സീറ്റ് നഷ്ടപ്പെട്ട് ബിജെപി 240ല്‍ ഒതുങ്ങി. 47 സീറ്റുകള്‍ കൂടുതല്‍ നേടി കോണ്‍ഗ്രസ് 99ല്‍ എത്തി. ആർക്കും കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ ഒരു സഖ്യസർക്കാരായിരിക്കും അധികാരത്തിലെത്തുക എന്നത് ഉറപ്പിച്ചുകഴിഞ്ഞു. രാജ്യത്ത് വലിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരുകള്‍ക്ക് ശേഷം ഒരു പാര്‍ട്ടിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിച്ചത് 2014, 2019 വര്‍ഷങ്ങളില്‍ മാത്രമായിരുന്നു. ഇത് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പാതയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
1991 മുതല്‍ ഇങ്ങോട്ട് പരിശോധിക്കുകയാണെങ്കില്‍, ആസൂത്രിതമായ സമ്പദ്‌വ്യവസ്ഥ ഉപേക്ഷിക്കാന്‍ ഇന്ത്യ നിർബന്ധിതമായപ്പോള്‍ മുതല്‍ മുഖ്യപാർട്ടികള്‍ക്കൊന്നും കേവലഭൂരിപക്ഷത്തിന് അടുത്തെത്താനായിട്ടില്ല. സാമ്പത്തിക പരിഷ്കാരങ്ങള്‍ അനിവാര്യമാണെന്ന് എല്ലാ മുന്നണികളും തിരച്ചറിഞ്ഞപ്പോഴും അത് എത്തരത്തിലാകണമെന്ന കാര്യത്തില്‍ പാർട്ടികള്‍ പല ദിശയിലായിരുന്നു. ഒരു സഖ്യസർക്കാർ വീണ്ടും അധികാരത്തിലേറാന്‍ ഒരുങ്ങുമ്പോള്‍ അത് ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങളെ എങ്ങനെയെല്ലാം ബാധിക്കാം?
കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ നരേന്ദ്ര മോദിക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി രാജ്യത്തിന്റെ സാമ്പത്തിക ദൗർബല്യങ്ങള്‍ പരിഹരിച്ച് നിക്ഷേപകർക്ക് (വിദേശവും പ്രാദേശികവും) കൂടുതല്‍ ആത്മവിശ്വാസം നല്‍കുക എന്നതായിരുന്നു. പക്ഷേ, അത് പ്രതീക്ഷിച്ച പോലെ സംഭവിച്ചില്ലെന്ന് വേണം കരുതാന്‍.
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഗുഡ്‍സ് ആന്‍ഡ് സർവീസ് ടാക്സ് (ജിഎസ്‌ടി) ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ രാജ്യം കണ്ടു. പരിഷ്കാരങ്ങള്‍ക്ക് ഒരു സുഖുമമായ യാത്രയായിരുന്നില്ല പിന്നീട്. ഭൂമി ഏറ്റെടുക്കുന്നതില്‍ പരിഷ്കരണം കൊണ്ടു വരുന്നതില്‍ മോദി സർക്കാർ പരാജയപ്പെട്ടു. നോട്ടുനിരോധനം സാമ്പത്തിക മേഖലയിലുടനീളം അനിശ്ചിതത്വം സൃഷ്ടിച്ചതായാണ് വിലയിരുത്തലുകള്‍.
സമാനമായി, രണ്ടാം മോദി സർക്കാരിന്റെ കാലത്ത് കാർഷിക മേഖലയില്‍ അവതരിപ്പിച്ച പരിഷ്കരണങ്ങള്‍ കർഷകരെ ബോധ്യപ്പെടുത്തുന്നതിലും പരാജയപ്പെട്ടു.
1991 മുതലുള്ള സർക്കാരുകളുടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ സഖ്യസർക്കാരുകളാണ് ദീർഘവീക്ഷണവും ധീരവുമായുള്ള പരിഷ്കാരങ്ങള്‍ നടത്തിയിട്ടുള്ളത്.
സഖ്യസർക്കാരുകളുടെ സുപ്രധാന പരിഷ്കരണങ്ങള്‍
നരസിംഹറാവും സർക്കാരിന്റെ കാലത്തെ പരിഷ്കരണങ്ങളാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും ഇന്ത്യന്‍ വിപണിയെ ലോകത്തിന് മുന്നില്‍ തുറന്നുകൊടുത്തു. ഇന്ത്യ വേള്‍ഡ് ട്രേഡ് ഓർഗനൈസേഷനില്‍ അംഗമായതും ഇക്കാലയളവിലായിരുന്നു.
ചുരുങ്ങിയ കാലയളവിലുണ്ടായിരുന്ന ദേവെ ഗൗഡ സർക്കാരിലെ ധനകാര്യ മന്ത്രി പി ചിദംബരം ബജറ്റില്‍ അവതരിപ്പിച്ച പരിഷ്കാരങ്ങളായിരുന്നു ശ്രദ്ധേയും. ഇന്നും സ്വപ്ന ബജറ്റെന്നാണ് ഇത് അറിയപ്പെടുന്നത്. രാജ്യത്തെ നികുതിദായകരില്‍ വിശ്വാസമർപ്പിച്ചുകൊണ്ട് നികുതി നിരക്ക് വെട്ടിക്കുറയ്ക്കാന്‍ സർക്കാർ തയാറായി.
അടല്‍ ബിഹാരി വാജ്‌പേയിയുടെ എന്‍ഡിഎ സർക്കാർ സാമ്പത്തിക കൃത്യതയ്ക്കായി ഫിസ്കല്‍ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് ബഡ്ജറ്റ് മാനേജ്മെന്റ് നിയമം കൊണ്ടുവന്നു. ഇതിനുപുറമെ വായ്‌പയെടുക്കാനുള്ള സർക്കാരിന്റെ അധികാരം പരിമിതപ്പെടുത്തി. ഇതിനുപുറമെ നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുകയും ഗ്രാമീണ മേഖലകളി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു.
കൂടുതൽ മുന്നേറുകയും പിഎം ഗ്രാം സഡക് യോജനയിലൂടെ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഇന്നത്തെ തിരക്കേറിയ ഇ-കൊമേഴ്‌സ് വിപണിക്ക് അടിത്തറയിട്ട ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് 2000-ൽ ആദ്യത്തെ എൻഡിഎ സര്‍ക്കാരാണ് കൊണ്ടുവന്നു. ഇന്ത്യയില്‍ ഇ-കൊമേഴ്‌സിന് അടിത്തറയിട്ട ഐ ടി നിയമം അവതരിപ്പിച്ചതും ഒന്നാം എൻഡിഎ സർക്കാരായിരുന്നു.
മന്‍മോഹന്‍ സിങ് നയിച്ച യുപിഎ സർക്കാരാണ് വിദ്യാഭ്യാസ അവകാശ നിയമം കൊണ്ടുവന്നത്. വിവരാവകാശ നിയമം, മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്നിവയും നടപ്പാക്കി. ഇന്ധനവിലയിലെ നിയന്ത്രണം ഒഴിവാക്കിയത് മന്‍മോഹന്റെ കാലത്തായിരുന്നു.