കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വലവീശി ബിജെപി, നോട്ട ആയുധമാക്കി കോണ്‍ഗ്രസ്; വേറിട്ട പ്രചാരണത്തില്‍ ഇന്‍ഡോര്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംബാനിയുടെ പത്രിക വരണാധികാരി തള്ളിയത് വലിയ രാഷ്ട്രീയ വിമര്‍ശനങ്ങളിലേക്കാണ് വഴിവെച്ചത്. ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതും കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയായി. മാത്രവുമല്ല, ശേഷിച്ച എട്ട് സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിച്ചതോടെ ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി മുകേഷ്ഭായ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ദിവസങ്ങള്‍ക്കുശേഷം ഇന്‍ഡോര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതും പിന്നീട് ബിജെപിയില്‍ ചേര്‍ന്നതും വീണ്ടും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത്തവണ നോട്ട (None of the above)യെ മുന്‍നിര്‍ത്തി ബിജെപിയെ ഒരു പാഠം പഠിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. തിങ്കളാഴ്ച നടക്കുന്ന നാലാം ഘട്ടത്തിലാണ് ഇന്‍ഡോറില്‍ വോട്ടെടുപ്പ്.
നോട്ടയെന്ന ആയുധം
35 വര്‍ഷമായി കോണ്‍ഗ്രസ് വിജയിക്കാത്ത മണ്ഡലമാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍. പക്ഷേ, ഇതാദ്യമായാണ് കോണ്‍ഗ്രസിന് മണ്ഡലത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യമുണ്ടാകുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമാണ് ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിച്ചത്. ബിജെപിക്കുവേണ്ടി മത്സരിക്കുന്നത് നിലവിലെ എം പി ശങ്കര്‍ ലല്‍വാനിയാണ്. മണ്ഡലത്തില്‍നിന്ന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന പകരക്കാരനായ സ്ഥാനാര്‍ഥിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് നോട്ടയെ ആയുധമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
മണ്ഡലത്തിലെ നോട്ടയ്ക്ക് വോട്ട് പിടിക്കാനുള്ള തന്ത്രത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. മറ്റ് 13 സ്ഥാനാര്‍ഥികളും വലിയ വെല്ലുവിളിയുയര്‍ത്താത്തിനെത്തുടര്‍ന്ന് പ്രചാരണങ്ങള്‍ മന്ദഗതിയിലാക്കിയ ബിജെപിക്ക് ഈ നീക്കം വെല്ലുവിളിയാകുകയാണ്. മണ്ഡലത്തിലെ ഒരു സ്ഥാനാര്‍ഥിയെയും പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്‌വാരി എല്ലാവരോടും നോട്ടയ്ക്ക് വോട്ട് ചെയ്ത് ബിജെപിയെ ശിക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
''നിങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ ചിലര്‍ ഞങ്ങളുടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മോഷ്ടിച്ചു. നിങ്ങള്‍ക്ക് അവരെ ഒരു പാഠം പഠിപ്പിക്കണമെങ്കില്‍ നോട്ടയ്ക്ക് വോട്ട് ചെയ്ത് ജനാധിപത്യം സംരക്ഷിക്കൂ,''എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ വര്‍മ സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ ആഹ്വാനം ചെയ്തത്.
''ഇന്‍ഡോറിലെ വോട്ടര്‍മാര്‍ അവസാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കു വലിയ വിജയം നല്‍കി. എന്നിട്ടും അക്ഷയ് കാന്തി ബാമിനെ അന്യായമായി പ്രലോഭിപ്പിച്ച് ബിജെപി ജനാധിപത്യത്തെ കൊലപ്പെടുത്തി. നോട്ടയെ തിരഞ്ഞെടുത്ത് ജനം ബിജെപിക്ക് മറുപടി നല്‍കണം,'' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശോഭ ഒത്സ പറയുന്നു. ഇത്തരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ സജീവമായാണ് നോട്ടയ്ക്കു വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തത്.
2013ല്‍ സുപ്രീം കോടതിയുടെ തീരുമാനത്തിലാണ് നോട്ട എന്ന ഓപ്ഷന്‍ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളോടുമുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനാണ് ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നത്. അതേസമയം നോട്ടയ്ക്കു ലഭിക്കുന്ന വോട്ട് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നില്ല. എന്നാല്‍ ഒരു മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നത് നോട്ടയ്ക്കാണെങ്കില്‍ ആ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ഹര്‍ജിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചിട്ടുണ്ട്.
നോട്ടയെ പേടിക്കുന്ന ബിജെപി
ഇന്‍ഡോറില്‍ ബിജെപിക്കു സ്വാധീനമുണ്ടെങ്കിലും നോട്ടയ്ക്ക് കൂടുതല്‍ വോട്ട് ലഭിക്കുന്നുവെന്ന ഭയം ബിജെപിയെ അലട്ടുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രചാരണം മോശം തന്ത്രമാണെന്നും ജനാധിപത്യത്തിനുനേരെയുള്ള ആക്രമണമാണെന്നുമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. നോട്ടയ്ക്കു വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന ലോക്‌തന്ത്ര ബച്ചാവോ സമിതി (സേവ് ഡെമോക്രസി കമ്മിറ്റി)യുടെ പോസ്റ്റര്‍ വലിച്ച് കീറുന്ന ബിജെപി കൗണ്‍സിലര്‍ സന്ധ്യ യാദവിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതിനു പിന്നാലെ ഇനിയും പോസ്റ്ററുകള്‍ വലിച്ചു കീറുമെന്നാണു സന്ധ്യ നല്‍കിയ മറുപടി. നോട്ടയ്ക്കു വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ജനാധിപത്യത്തില്‍ കുറ്റകരമാണെന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വി ഡി ശര്‍മയും പ്രതികരിച്ചു.
എന്നാല്‍ എട്ട് തവണ ഇന്‍ഡോറില്‍നിന്ന് വിജയിച്ച ബിജെപി നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായ സുമിത്ര മഹാജന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ അവസാന നിമിഷത്തെ പിന്‍വാങ്ങല്‍ അന്യായമാണെന്നും വോട്ടര്‍മാര്‍ക്കു തീരുമാനിക്കുള്ള അവകാശമുണ്ടെന്നുമാണ് അഭിപ്രായപ്പെട്ടത്. ''ഇന്‍ഡോറിലെ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുടെ പിന്‍വാങ്ങൽ ഞെട്ടലുണ്ടാക്കി. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇന്‍ഡോറില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഉറപ്പായതിനാല്‍ ഇത്തരമൊരു നീക്കത്തിന്റെ ആവശ്യമില്ലായിരുന്നു,'' അവര്‍ പിടിഐയോട് പറഞ്ഞു.
ബിജെപിയുടെ നടപടി ഇഷ്ടപ്പെടാത്തതിനാല്‍ നോട്ടയ്ക്ക് വോട്ട് ചെയ്യുമെന്നാണ് പലരും തന്നോട് പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി അതിന്റെ അടിസ്ഥാന പ്രത്യയ ശാസ്ത്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നോട്ടയ്ക്ക് പകരം ഞതങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നുമാണ് അവര്‍ പറയുന്നത്. ഇന്‍ഡോറില്‍ നോട്ടയാണോ ബിജെപിയാണോ ജനങ്ങള്‍ തിരഞ്ഞെടുക്കുകയെന്ന് അറിയാന്‍ ജൂണ്‍ നാല് വരെ കാത്തിരിക്കാം.