'കോണ്‍ഗ്രസ് പ്രകടനപത്രിക ചരിത്രപരം, ലീഗിനെ വലിച്ചിഴയ്ക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാൻ'; അഭിമുഖം അശോക് ഗെലോട്ട്

'കോണ്‍ഗ്രസ് പ്രകടനപത്രിക ചരിത്രപരം, ലീഗിനെ വലിച്ചിഴയ്ക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാൻ'; അഭിമുഖം അശോക് ഗെലോട്ട്

ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കലാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. അതിലൂടെ ഹിന്ദു-മുസ്ലിം ഭിന്നത ഉണ്ടാക്കുക. അതാണല്ലോ അവരുടെ ജോലി
Updated on
4 min read

ഏഴ് ഘട്ടമായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യത്തെ രണ്ടുഘട്ടങ്ങളിലായാണ് രാജസ്ഥാനിൽ വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ഷെഗാവത്തി, മാര്‍വാഡ് ഉള്‍പ്പടെയുള്ള മേഖലകളില്‍ വാശിയേറിയ പ്രചരണ പരിപാടികള്‍ തുടരുകയാണ്.

ബിജെപിക്കെതിരെ ഇന്ത്യ സഖ്യം കുറച്ചു മണ്ഡലങ്ങളിലെങ്കിലും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ 2014ലെ പോലെ, 2019ലെ പോലെ രാജസ്ഥാനിലെ എല്ലാ സീറ്റും ബിജെപിക്ക് കിട്ടുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

രാജസ്ഥാനിലെയും ദേശീയതലത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും കോണ്‍ഗ്രസിനുള്ളിലെ വടംവലിയെക്കുറിച്ചുമൊക്കെ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് ദ ഫോര്‍ത്തിനോട് വിശദമായി സംസാരിക്കുന്നു.

Q

ഇന്ത്യ സഖ്യത്തിന്റെ രൂപീകരണം രാജസ്ഥാനില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ?

A

ഇന്ത്യ സഖ്യം രൂപീകരിച്ചത് കോണ്‍ഗ്രസിനു ദേശീയതലത്തില്‍ മാത്രമല്ല, രാജസ്ഥാനിലും നേട്ടമുണ്ടാക്കും. കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് രാജസ്ഥാനില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ തീരുമാനം അല്‍പം നേരത്തെ ഉണ്ടായിരുന്നെങ്കില്‍ നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് തുടര്‍ഭരണം കിട്ടുമായിരുന്നു.

പച്ചക്കള്ളമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപിയുടെ മുഖ്യമന്ത്രിമാരും രാജസ്ഥാനില്‍ പറഞ്ഞു പ്രചരിപ്പിക്കുന്നത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജസ്ഥാനില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചു, ബലാത്സംഗ കേസുകള്‍ കൂടി എന്നൊക്കെയാണ് പ്രചാരണം. ചില അക്രമങ്ങളെ വര്‍ഗീയ വിഷയമാക്കി മാറ്റുകയും ചെയ്യുന്നു. ഇത്തരത്തിലൊക്കെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി വോട്ട് പിടിക്കാനാണ് മോദി ശ്രമിക്കുന്നത്. അതിനെതിരെ ശക്തമായ പ്രചാരണം ഇന്ത്യ സഖ്യം നടത്തുന്നുണ്ട്.

അശോക് ഗെലോട്ട്
അശോക് ഗെലോട്ട്
ചരിത്രപരമായ പ്രകടനപത്രികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. പ്രകടനപത്രികയിലേക്ക് മുസ്ലിം ലീഗിനെ മോദി കോണ്‍ഗ്രസ് വലിച്ചിഴക്കുകയാണ്. ലീഗിന് പ്രകടനപത്രികയില്‍ എന്ത് കാര്യമാണുള്ളത്? ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കലാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം
Q

കോണ്‍ഗ്രസ് പ്രകടനപത്രികയെ സ്വാധീനിച്ചിരിക്കുന്നത് മുസ്ലിം ലീഗിന്റെ നയങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു?

A

ചരിത്രപരമായ പ്രകടനപത്രികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. 140 കോടി ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെയുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും ജീവിക്കാനുള്ള സാഹചര്യം ഈ രാജ്യത്തുണ്ടാകും. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള പാവപ്പെട്ടവരെയും മധ്യവര്‍ഗത്തെയുമൊക്കെ പരിഗണിച്ചുകൊണ്ടുള്ള വിപ്ലവകരമായ പ്രകടനപത്രികയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. എല്ലാവരും കോണ്‍ഗ്രസ് പ്രകടനപത്രികയെ പ്രകീര്‍ത്തിക്കുകയാണ്. അതുകൊണ്ടാണ് അനാവശ്യ ആരോപണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടനപത്രികക്കെതിരെ ഉന്നയിക്കുന്നത്. മുസ്ലിം ലീഗിനെ മോദി കോണ്‍ഗ്രസ് പ്രകടനപത്രികയിലേക്ക് വലിച്ചിഴക്കുകയാണ്. ലീഗിന് പ്രകടനപത്രികയില്‍ എന്ത് കാര്യമാണുള്ളത്. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കലാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. അതിലൂടെ ഹിന്ദു-മുസ്ലിം ഭിന്നത ഉണ്ടാക്കുക. അതാണല്ലോ അവരുടെ ജോലി. അത് അവര്‍ ചെയ്തോട്ടേ.

രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമങ്ങളില്‍ ഭൂരിഭാഗവും കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തില്‍ വീണുപോയിരിക്കുന്നു. സത്യങ്ങള്‍ പറയാന്‍ അതിനാല്‍ അവര്‍ മടിക്കുകയാണ്. ഇലക്ടറല്‍ ബോണ്ട് പോലെയുള്ള അഴിമതി ആരും കാര്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പക്ഷേ, സാമൂഹ്യ മാധ്യമങ്ങള്‍ സത്യം വിളിച്ചുപറയുന്നുണ്ട്
Q

കോണ്‍ഗ്രസില്‍നിന്ന് വലിയ കൊഴിഞ്ഞുപോക്കാണല്ലോ, ഒരുപാട് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നു?

A

പോകുന്നവരൊക്കെ പൊയ്‌ക്കോട്ടെ, അവരെ തടയേണ്ടതില്ല. ഇ ഡിയെയും സി ബി ഐയെയും ഭയന്നാണ് പലരും ബി ജെ പിയിലേക്ക് പോകുന്നത്. ഇ ഡിയെയും സി ബി ഐയെയും മറയാക്കി കേന്ദ്ര സര്‍ക്കാര്‍ വലിയ തട്ടിപ്പാണ് നടത്തുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇലക്‌ടറല്‍ ബോണ്ട്. സി ബി ഐയെയും ഇ ഡിയെയും ആദ്യം അയയ്ക്കുന്നു. പിന്നീട് അവരില്‍നിന്ന് പണം വാങ്ങുന്നു. ഞാന്‍ രാജസ്ഥാനിലെ ആന്റി കറപ്ഷന്‍ ടീമിനെ ആരുടെയെങ്കിലും വീട്ടിലേക്ക് അയച്ച് റെയ്ഡ് നടത്തുകയും കേസ് ഇല്ലാതാക്കണമെങ്കില്‍ പൈസ തരൂ എന്ന് ആവശ്യപ്പെട്ടാല്‍ എങ്ങനെയിരിക്കും? ഇതാണ് കേന്ദ്രത്തില്‍ സംഭവിക്കുന്നത്.

വലിയ അഴിമതിയാണ് ഇലക്‌ടല്‍ ബോണ്ടിന്റെ മറവില്‍ നടന്നിരിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പറക്കാല പ്രഭാകര്‍ പറഞ്ഞത് ഇലക്ടറല്‍ ബോണ്ട് ലോകത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്നാണ്. രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമങ്ങളില്‍ ഭൂരിഭാഗവും കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തില്‍ വീണുപോയിരിക്കുന്നു. സത്യങ്ങള്‍ പറയാന്‍ അതിനാല്‍ അവര്‍ മടിക്കുകയാണ്. ഇലക്ട്രല്‍ ബോണ്ട് പോലെയുള്ള അഴിമതി ആരും കാര്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പക്ഷേ, സാമൂഹ്യ മാധ്യമങ്ങള്‍ സത്യം വിളിച്ചുപറയുന്നുണ്ട്. കോണ്‍ഗ്രസ് കാലത്ത് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അപ്പോള്‍ തന്നെ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയുമൊക്കെ മാറ്റും. കോണ്‍ഗ്രസിന്റെ പത്ത് വര്‍ഷത്തില്‍ ആഭ്യന്തര മന്ത്രിയെ വരെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. മോദിയുടെ പത്ത് വര്‍ഷത്തില്‍ അങ്ങനെ എന്തെങ്കിലും കേട്ടിട്ടുണ്ടോ?

Q

തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കു പോകുന്നത് വിശ്വാസ്യത സംബന്ധിച്ച് വലിയ ചോദ്യം ഉയര്‍ത്തുന്നില്ലേ?

A

അപകടകരമായ കളിയാണ് ബിജെപി നടത്തുന്നത്. കുതിരക്കച്ചവടമാണ് നടത്തുന്നത്. മധ്യപ്രദേശിലും കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും അവര്‍ അത് നടത്തി. രാജസ്ഥാനിലും കുതിരക്കച്ചവടത്തിനുള്ള വലിയ നീക്കങ്ങള്‍ നടത്തി. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.

ജൂണ്‍ നാലിനു കേന്ദ്രത്തില്‍ എന്തും സംഭവിക്കും. അത് പ്രവചിക്കാന്‍ സാധിക്കില്ല. ഇന്ദിരാഗാന്ധി പോലും തിരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്
Q

രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?

A

ഇവിടെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോവുയാണ്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുൻ ഖാര്‍ഗെയും ഇടപെട്ട് എല്ലാവരും ഒന്നിച്ചുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് യാതൊരു പ്രശ്നവുമില്ലാതെ ഏല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. രാജ്യത്തിനുവേണ്ടി എല്ലാവരും സംഘടിച്ചിരിക്കുകയാണ്.

Q

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ എന്ത് സംഭവിക്കും?

A

ജൂണ്‍ നാലിനു കേന്ദ്രത്തില്‍ എന്തും സംഭവിക്കും. അത് പ്രവചിക്കാന്‍ സാധിക്കില്ല. ഇന്ദിരാഗാന്ധി പോലും തിരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്. ഇന്ത്യ തിളങ്ങുന്നുവെന്ന് പറഞ്ഞ വാജ്പേയിയും തിരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്. അതുകൊണ്ട് മോദിയുടെ കാര്യത്തിലും എനിക്കതേ പറയാനുള്ളൂ. എന്തും സംഭവിക്കാം.

Q

മോദി പറയുന്നത് നാനൂറില്‍ കൂടുതല്‍ സീറ്റ് എന്നാണ്?

A

ഇത്തരം പ്രഹസനങ്ങളൊക്കെ തുടരട്ടെ. ഗുജറാത്തില്‍ എനിക്ക് രാഷ്ട്രീയ ചുമതലയുണ്ടായിരുന്ന സമയത്ത് 150 സീറ്റില്‍ കൂടുതലെന്നാണ് അമിത് ഷാ പറഞ്ഞത്. പക്ഷേ, ബിജെപിക്ക് അന്ന് കിട്ടിയത് 97 സീറ്റ് മാത്രം. അതുപോലെയായിരിക്കും നാനൂറില്‍ കൂടുതല്‍ സീറ്റ് എന്ന പ്രഖ്യാപനവും.

രാജ്യത്ത് അപകടകരമായ അവസ്ഥ തന്നെയാണ് എന്നതില്‍ സംശയമില്ല. ഗൗരവമായി ചിന്തിക്കേണ്ട സാഹചര്യമാണ് ഇപ്പോഴത്തേത്. വലിയ അഴിമതിയാണ് എല്ലായിടത്തും നടക്കുന്നത്. മന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പറക്കാല പ്രഭാകര്‍ പറഞ്ഞത് ഞാന്‍ പൂര്‍ണമായും അംഗീകരിക്കുകയാണ്. ഒരു ചര്‍ച്ചയും നടക്കുന്നില്ല. ആര്‍ക്കും ഇതേകുറിച്ച് ഒരു ആശങ്കയും ഇല്ല. രണ്ട് മുഖ്യമന്ത്രിമാരെ ജയിലില്‍ ഇട്ട സാഹചര്യമാണ്.

മുഖ്യമന്ത്രിമാരെ ജയിലില്‍ അടച്ചതും കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തതുമൊക്കെ വലിയ വിഷയമാക്കുകയാണ് മോദി സര്‍ക്കാര്‍. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ അമേരിക്ക ഇടപെട്ടു എന്നൊക്കെയാണല്ലോ പറയുന്നത്. പണ്ട് ട്രംപ് ഇന്ത്യയില്‍ വന്നത് ഓര്‍മയില്ലേ. അന്ന് അകലി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന് ട്രംപിന്റെ കൈപിടിച്ച് മോദി പറഞ്ഞത് കേട്ടിട്ടില്ലേ. അത് അമേരിക്കന്‍ വിഷയത്തിലെ ഇടപെടലല്ലേ?

Q

കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചത് തിരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചിട്ടുണ്ടോ?

A

വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് പൈസ ലഭിക്കുന്നില്ല. സംഭാവന പോലും ലഭിക്കുന്നില്ല. ആദ്യമായി ഇത്തവണ സ്ഥാനാര്‍ത്ഥികള്‍ വന്ന് പറഞ്ഞു, ചെലവിന് പണം കിട്ടുന്നില്ലെന്ന്. കോണ്‍ഗ്രസിന് സംഭാവന നല്‍കാന്‍ ആളുകള്‍ ഭയപ്പെടുകയാണ്. ഈ സാഹചര്യം ഇന്ത്യന്‍ ജനാധിപത്യത്തില്‍ ആദ്യമാണ്. ഈ സ്ഥിതിയില്‍ എങ്ങനെയാണ് ജനാധിപത്യ സംവിധാനം മുന്നോട്ടുപോവുക?

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കാൻ തയ്യാറാവാത്തതു സംബന്ധിച്ച് വലിയ ആശയക്കുഴപ്പങ്ങളുണ്ട്. പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ചെറുപ്പകാലം മുതല്‍ ഞാന്‍ അധികാര സ്ഥാനങ്ങളിലുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അധ്യക്ഷപദവിയില്‍ ഇരിക്കുകയെന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. അത് മുഖ്യമന്ത്രി പദം മോഹിച്ചിട്ടല്ല
Q

കേരളത്തില്‍ വരുന്നുണ്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്?

A

മുൻപ് കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നിട്ടുണ്ട്. എന്നാൽ ഇത്തവണ വരാന്‍ സാധിക്കില്ല. ഏപ്രില്‍ 26ന് രാജസ്ഥാനിലും വോട്ടെടുപ്പുണ്ട്. അതിനാലാണ് ആ സമയത്ത് കേരളത്തിലേക്ക് വരാന്‍ സാധിക്കാത്തത്.

Q

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് താങ്കള്‍ വിട്ടുനിന്നല്ലോ? അതിനേക്കാള്‍ വലുതായിരുന്നോ മുഖ്യമന്ത്രി പദം?

A

നോക്കൂ, ഇക്കാര്യത്തിൽ വലിയ ആശയക്കുഴപ്പങ്ങളുണ്ട്. പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അത് മുൻപും ഇപ്പോഴുമൊക്കെയുണ്ട്, അത് മാറ്റാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ വസ്തുത മറ്റൊന്നാണ്. പലരും ചിന്തിക്കുന്നത് എനിക്ക് മുഖ്യമന്ത്രിയായി തുടരണം, അതുകൊണ്ട് ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് തീരുമാനിച്ചുവെന്നാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് പദം എന്നത് വലിയ സ്ഥാനമാണ്. അതിന് എനിക്ക് അര്‍ഹതയുണ്ടോ എന്നതാണ് പ്രശ്നം.

ഞാന്‍ രാഹുല്‍ ഗാന്ധിയുടെ യാത്രയോടൊപ്പം രാജ്യം മുഴുവന്‍ നടക്കാന്‍ തയാറായിരുന്നു. മുഖ്യമന്ത്രി പദം എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയാറായിരുന്നു. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് എന്നെ മൂന്ന് തവണ മുഖ്യമന്ത്രിയാക്കിയിട്ടുണ്ട്. മൂന്ന് തവണയും ഫുള്‍ ടൈം മുഖ്യമന്ത്രിയായിരുന്നു. ഇനി എന്താണ് എനിക്ക് വേണ്ടത്? ചെറുപ്പകാലം മുതല്‍ ഞാന്‍ അധികാര സ്ഥാനങ്ങളിലുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അധ്യക്ഷപദവിയില്‍ ഇരിക്കുകയെന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. അത് മുഖ്യമന്ത്രി പദം മോഹിച്ചിട്ടല്ല.

Q

കോണ്‍ഗ്രസിലെ തലമുറമാറ്റം (സച്ചിന്‍ പൈലറ്റിന് വേണ്ടി) ഒരു ആവശ്യകതയല്ലേ?

A

ഇത്തരം അഭിപ്രായങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഞങ്ങളെപ്പോലുള്ള യുവാക്കളെയെല്ലാം പാര്‍ലമെന്റ് അംഗങ്ങളാക്കിയിരുന്നു. യുവാക്കള്‍ക്ക് വലിയ അവസരമാണ് അന്ന് ലഭിച്ചത്. ആരെങ്കിലും മാറിക്കൊടുത്തിട്ടല്ല അത് സംഭവിച്ചത്. തലമുറ മാറ്റമെന്നത് അതതു സമയങ്ങളില്‍ നടക്കുന്നതാണ്. അതിനൊക്കെ ചില നടപടിക്രമങ്ങളുണ്ട്. അനുഭവ സമ്പത്തിനെക്കാള്‍ വലുതായി ഒന്നുമില്ലെന്നത് ഓര്‍ക്കണം.

കേരളത്തില്‍നിന്നുള്ള എ കെ ആന്റണി സാര്‍ ഒരുപാട് കാലം ഡൽഹയില്‍ തുടര്‍ന്നില്ലേ. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പാര്‍ട്ടി പ്രയോജനപ്പെടുത്തിയില്ലേ. അനുഭവസമ്പത്തിനേക്കാള്‍ വലുതായി ഒന്നുമില്ല. യുവതലമുറയെ ആരാണ് തടയുന്നത്? മുന്നോട്ടുവരാന്‍ ഒരുപാട് കഷ്ടപ്പെടണം. മുന്നോട്ടുവരാനുള്ള കഠിനപരിശ്രമങ്ങളുണ്ടാകണം. കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നുവരുന്നവര്‍ ഒരിക്കലും പരാജയപ്പെടില്ല.

logo
The Fourth
www.thefourthnews.in