അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികള്‍ ഇന്ന്? കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം വൈകിട്ട്

അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികള്‍ ഇന്ന്? കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം വൈകിട്ട്

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് നിര്‍ണായക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചേരുന്നത്.
Updated on
1 min read

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ നിര്‍ണായക തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ ചേരും. തങ്ങളുടെ കുത്തക മണ്ഡലങ്ങളായിരുന്ന അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികളെ ഇന്നത്തെ യോഗത്തിനു ശേഷം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കൈവിട്ട അമേഠി തിരിച്ചുപിടിക്കാനും റായ്ബറേലി നിലനിര്‍ത്താനും അഭിമാനപ്പോരാട്ടത്തിനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്.

2019-ല്‍ അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ രാഹുല്‍ അമേഠിയില്‍ വീണ്ടും മത്സരത്തിനിറങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് റായ്ബറേലി. സോണിയ ഇത്തവണ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ റായ്ബറേലിയില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന ആകാംക്ഷയുമുണ്ട്. മകള്‍ പ്രിയങ്കാ ഗാന്ധി സോണിയയുടെ പിന്‍ഗാമിയാകുമെന്നാണ് സൂചനകള്‍.

രാഹുല്‍ അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. കഴിഞ്ഞ ദിവസം ഇരു മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം പ്രിയങ്ക വിളിച്ചുചേര്‍ത്തിരുന്നു. ആ യോഗത്തിലും രാഹുലും പ്രിയങ്കയും മത്സരത്തിനിറങ്ങണമെന്ന ആവശ്യമാണ് ഉയര്‍ന്നത്.

അതേസമയം റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കാനിറങ്ങിയാല്‍ ബിജെപി വരുണ്‍ ഗാന്ധിയെ എതിര്‍ സ്ഥാനാര്‍ഥിയായി രംഗത്തിറക്കുമെന്നാണ് സൂചന. ഇവിടെ ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അമേഠിയില്‍ സിറ്റിങ് എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി തന്നെയാണ് ബിജെപി സ്ഥാനാര്‍ഥി. പ്രചാരണത്തില്‍ സ്മൃതി ഏറെ മുന്നിലെത്തിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ രാഹുല്‍ മത്സരരംഗത്തേക്ക് ഇറങ്ങിയാല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഏറെ പരിശ്രമിക്കേണ്ടി വരും.

അതേസമയം സീറ്റുകള്‍ വച്ചുമാറണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്. രാഹുല്‍ റായ്ബറേലിയിലും അമേഠിയില്‍ സ്മൃതിയെ നേരിടാന്‍ പ്രിയങ്ക ഇറങ്ങണമെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ റായ്ബറേലിയെ രാഹുലിനെക്കാള്‍ നന്നായി അറിയുന്നത് പ്രിങ്കയ്ക്കാണെന്നു മറ്റൊരു വിഭാഗം വാദിക്കുന്നു. ഈ തര്‍ക്കത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല.

മേയ് മൂന്നിനാണ് ഇരു മണ്ഡലങ്ങളിലും പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അന്ന് രാഹുലും പ്രിയങ്കയും പത്രിക സമര്‍പ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. പത്രികാ സമര്‍പ്പണത്തിനു പിന്നാലെ ഇരുവരും അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് നിര്‍ണായക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചേരുന്നത്. ഇരു മണ്ഡലങ്ങളിലെയും പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുത്തേക്കും.

logo
The Fourth
www.thefourthnews.in