കലാപത്തിനൊടുവിൽ അവർ വിധിയെഴുതി, ഇനി വേണ്ട ബിജെപി; മണിപ്പൂരിൽ രണ്ടിടത്തും കോണ്‍ഗ്രസ്
ഉറ്റവരുടെ വിയോഗത്തിനിടയാക്കിയ, മാസങ്ങളോളം കത്തിപ്പടര്‍ന്ന കലാപത്തിനൊടുവില്‍ മണിപ്പൂര്‍ വിധിയെഴുതി. ഹിന്ദുത്വയ്‌ക്കെതിരെ സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ സീറ്റുകളും കോണ്‍ഗ്രസിന് നല്‍കിയാണ് മണിപ്പൂര്‍ തങ്ങളെ തിരിഞ്ഞു നോക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വിധിയെഴുതിയത്. ഇന്നര്‍ മണിപ്പൂര്‍ സീറ്റില്‍ 10,7082 ഭൂരിപക്ഷത്തില്‍ അങ്ക്‌മോജ ബിമല്‍ അകോയ്ജമും ഔട്ടര്‍ മണിപ്പൂരില്‍ ആല്‍ഫ്രഡ് കന്‍ഗം എസ് ആര്‍തൂറും 82,389 ഭൂരിപക്ഷത്തിലും വിജയിച്ചു. 26,0300 വോട്ടുകള്‍ നേടിയ ബിജെപി സ്ഥാനാര്‍ത്ഥി തൗനാജം ബസന്ത കുമാര്‍ സിങ്ങിനെ 36,7382 വോട്ടുകള്‍ നേടിയാണ് അങ്ക്‌മോജ തോല്‍പ്പിച്ചത്. 29,4276 വോട്ടുകള്‍ കരസ്ഥമാക്കിയ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ കച്ചുയി ടിമോതി സിമികിനെയാണ് 37,6665 വോട്ടുകള്‍ നേടി ആല്‍ഫ്രഡ് പിന്നിലാക്കിയത്.
കഴിഞ്ഞ വര്‍ഷം മെയ് മൂന്നിനായിരുന്നു മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി വിഭാഗത്തിലുള്ളവരെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച മണിപ്പൂര്‍ കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കലാപം ആരംഭിച്ചത്. ഒരു വര്‍ഷം നീണ്ട സംഘര്‍ഷം 220ലധികം ആളുകളുടെ ജീവനാണ് അപഹരിച്ചത്. ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരില്‍ 97 ശതമാനവും മണിപ്പൂരില്‍ നിന്നുള്ളവരാണെന്ന് ജനീവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ഡിസ്പ്ലേസ്മെന്റ് മോണിറ്ററിങ് സെന്ററിന്റെ (ഐഡിഎംസി) റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. അതായത് ദക്ഷിണേഷ്യയില്‍ നിന്നും ആകെ കുടിയിറക്കെപ്പട്ട 69,000 പേരില്‍ 67,000 പേര്‍ മണിപ്പൂരികളാണെന്നായിരുന്നു റിപ്പോര്‍ട്ട് സൂചിപ്പിച്ചത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കാല്‍ ലക്ഷത്തോളം വരുന്ന മണിപ്പൂര്‍ ജനത തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 24,500 വോട്ടര്‍മാരായിരുന്നു ക്യാമ്പുകളിലുണ്ടായിരുന്നത്.
എന്നാല്‍ മണിപ്പൂരിലെ കലാപം ആരംഭിച്ച് ഒരു വര്‍ഷത്തിനിടയില്‍ അവിടം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിരുന്നില്ല. കലാപത്തിന്റെ തുടക്ക സമയങ്ങളില്‍ ഒരു വാക്ക് പോലും പ്രതികരിക്കാതിരുന്ന മോദി കലാപം ആരംഭിച്ച് 79 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികരണം അറിയിച്ചത്. മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരായി റോഡിലൂടെ നടത്തിയ സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു അത്.
മോദിയും കേന്ദ്രവും ശ്രദ്ധിച്ചില്ലെങ്കിലും മണിപ്പൂർ വിഷയം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. നിരവധി സംഘടനകളാണ് മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങളെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ബലാത്സംഗമടക്കമുള്ള ക്രൂരതകളായിരുന്നു സംസ്ഥാനത്ത് ഒരു വർഷത്തിനിടയിൽ നടന്നത്. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനു പിന്നാലെ മണിപ്പൂരില്‍ അരങ്ങേറിയത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്ന് അമേരിക്കയും അറിയിച്ചിരുന്നു. ഇത്തരത്തിൽ അവഗണിക്കപ്പെട്ട, വേദനകൾ സഹിച്ച ഒരു സമൂഹത്തിൻ്റെ മറുപടിയാണ് ഇന്ന് വോട്ടുകളിലൂടെ പ്രതിഫലിച്ചിരിക്കുന്നത്.