1980 ല്‍ ഒറ്റപ്പാലത്ത് സ്ഥാനാർഥിയായത് സംവരണമായതിനാല്‍, ജനറലായിരുന്നെങ്കില്‍ ഇന്ന് പോലും സാധിക്കില്ല: എ കെ ബാലന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടിയത് ഒറ്റപ്പാലം സംവരണ മണ്ഡലമായതിനാലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. 1980 ല്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച് അട്ടിമറി ജയം നേടിയ ചരിത്രം ഓര്‍മിച്ച് എഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''1980 ല്‍ ഞാന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ്, എന്നാല്‍ പട്ടികജാതിയില്‍പ്പെട്ടയാളാണെന്ന് ഒരു പൊതുധാരണ ഉണ്ടായിരുന്നില്ല. സംവരണം ആയതുകൊണ്ട് മത്സരിച്ചു എന്നേയുള്ളൂ, ജനറലായിരുന്നെങ്കില്‍ വരുമെന്ന് അന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ഇന്ന് പോലും സാധിക്കില്ലല്ലോ...'' എന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം.
സംവരണ മണ്ഡലങ്ങളില്‍ ഒഴികെ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും മത്സരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവസരം നല്‍കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ കെ ബാലന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.