എഎപി പതറുന്നു? സമരങ്ങളില്‍ പങ്കെടുക്കാതെ എംപിമാര്‍, ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് 'അഗ്നിപരീക്ഷ' താണ്ടണം
ഒരേസമയം ഇരട്ട പോർമുഖത്താണ് ആം ആദ്‌മി പാർട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കേണ്ടി വരുന്ന സമയത്താണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലാകുന്നതും അതിനെതിരെ പാർട്ടി നിരന്തരം സമരം ചെയ്യേണ്ടിവരുന്നതും. കപ്പിത്താൻ നഷ്ടപ്പെട്ട കപ്പൽ കരയ്ക്കടുപ്പിക്കാനുള്ള ശ്രമം പോലെ രണ്ടും എഎപിയെ സംബന്ധിച്ചിടത്തോളം നിലനില്പിന്റെ പോരാട്ടമാണ്. ഇ ഡിയെ ഉപയോഗിച്ചുള്ള ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും കളിയിൽ തകരുന്നതല്ല തങ്ങളുടെ സംഘടനാ സംവിധാനമെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താൻ ഈ പോരാട്ടങ്ങൾ എഎപിക്ക് ജയിച്ചേ തീരൂ.
എന്നാൽ അതത്ര എളുപ്പമാണോ? അല്ലെന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾ നൽകുന്ന സൂചന. രാജ് കുമാര്‍ ആനനന്ദ് മന്ത്രിസ്ഥാനം രാജിവച്ച് പാർട്ടിവിട്ടത് ചെറിയ ആഘാതമല്ല പാർട്ടിക്കുണ്ടാക്കിയത്. അവിടെ തീരുന്നതല്ല എഎപിയിലെ പ്രശ്നങ്ങളെന്നാണ് പുറത്തുവരുന്ന വിവരം. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ നടത്തിവരുന്ന സമരങ്ങളിലെ പാര്‍ട്ടി എംപിമാരുടെ അഭാവം പുറത്തുകാണുന്നതിനേക്കാൾ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് എഎപി അഭിമുഖീകരിക്കുന്നതെന്ന സൂചന നൽകുന്നു. പത്തിൽ ഏഴ് രാജ്യസഭ എംപിമാരും സമരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
എന്തുകൊണ്ടാണ് പാര്‍ട്ടി എംപിമാര്‍ സമരങ്ങളില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നതെന്ന ചോദ്യത്തിന് എഎപി നേതാവ് സഞ്ജയ് സിങ് നല്‍കുന്ന ഉത്തരം, വിഷയം പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യുമെന്നാണ്. മദ്യനയക്കേസില്‍ ജയിലിലായിരുന്ന സഞ്ജയ് സിങ്ങിന് ഏതാനും ദിവസങ്ങള്‍ മുന്‍പാണ് ജാമ്യം ലഭിച്ചത്. അദ്ദേഹത്തെക്കൂടാതെ എന്‍ ഡി ഗുപ്ത, സന്ദീപ് പഥക് എന്നീ മൂന്നു രാജ്യസഭ എംപിമാര്‍ മാത്രമാണ് എഎപിയുടെ സമരങ്ങളില്‍ പങ്കെടുക്കുന്നത്.
പാര്‍ട്ടി അഴിമതിക്കാരുടെ കയ്യിലാണെന്ന് ആരോപിച്ചാണ് രാജ് കുമാര്‍ ആനന്ദ് മന്ത്രിസ്ഥാനം രാജിവച്ചത്. എഎപിയുടെ ദളിത് മുഖങ്ങളില്‍ പ്രധാനിയാണ് രാജ് കുമാര്‍ ആനനന്ദ്. തങ്ങളുടെ നേതാക്കളെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി അഹോരാത്രം പണിയെടുക്കുന്നുണ്ടെന്ന് എഎപി നിരന്തരം ആരോപിക്കുന്നുണ്ട്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത നേതാവാണ് രാജ് കുമാര്‍ ആനന്ദ്.
രാജ് കുമാർ ആനന്ദിന്റെ നീക്കം ബിജെപിയിലേക്ക് പോകുന്നതിന്റെ ഭാഗമാണെന്നാണ് എഎപി ഇന്നലെ പ്രതികരിച്ചത്. എന്നാൽ എഎപിയുടെ അവസാനത്തിൻ്റെ തുടക്കമാണിതെന്നാണ് രാജ് കുമാർ ആനന്ദ് മന്ത്രിസ്ഥാനം രാജിവെച്ചതിനെക്കുറിച്ച് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞത്. എഎപിയെ തകർക്കാനുള്ള രാഷ്ട്രീയ നീക്കം പലവട്ടം ബിജെപി നടത്തിയെങ്കിലും അന്നൊക്കെ അവർക്കുമുന്നിലുണ്ടായിരുന്ന പ്രധാനവെല്ലുവിളി അരവിന്ദ് കെജ്‌രിവാൾ എന്ന ബ്രാൻഡ് തന്നെയായിരുന്നു. ഇന്നിപ്പോൾ അദ്ദേഹം ജയിലിലാണെന്ന സാഹചര്യത്തിൽ ബിജെപിയുടെ കുതന്ത്രങ്ങൾ ഇനി എങ്ങനെയാവുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
രാജ്‌കുമാർ ആനന്ദ് ബിജെപിയില്‍ ചേര്‍ന്നാല്‍, ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര ആരംഭിച്ചെന്ന് ഉറപ്പിക്കാമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു. തങ്ങളുടെ എംഎല്‍എമാരെ പണം കൊടുത്തു വരുതിയിലാക്കാന്‍ ബിജെപി ശ്രമിക്കുന്നതായി എഎപി പലതവണ പറഞ്ഞിട്ടുണ്ട്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റുകളും വിജയിച്ചത് ബിജെപിയായിരുന്നു. ഇത്തവണ എഎപിയും കോൺഗ്രസും ഒരുമിച്ചാണ് ബിജെപിയെ നേരിടുന്നത്. എഎപി-കോൺഗ്രസ് സഖ്യം രാജ്യതലസ്ഥാനത്ത് തങ്ങളുടെ സിറ്റിങ് സീറ്റുകൾ പിടിക്കുന്നതിനെ പ്രതിരോധിക്കുക മാത്രമല്ല ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ഭാഗത്തുനിന്ന് ഇപ്പോഴുണ്ടാകുന്നത്. ഡല്‍ഹി കോര്‍പ്പറേഷനിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പും ആ നീക്കത്തിനുപിന്നിലുണ്ട്.
പത്തുവര്‍ഷം രാജ്യം ഭരിച്ചിട്ടും തലസ്ഥാന നഗരം അടങ്ങിയ സംസ്ഥാനത്ത് ഇപ്പോഴും പടിയ്ക്ക് പുറത്തിരിക്കേണ്ടി വരുന്നത് ബിജെപിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ, മദ്യനയ കേസ് ശരിക്കും ലക്ഷ്യം വയ്ക്കുന്നത് നിയമഭ തിരഞ്ഞെടുപ്പാണ്. പ്രധാന നേതാക്കളെല്ലാം കേസില്‍ അഴിക്കുള്ളിലാവുകയും ബാക്കിയുള്ളവര്‍ തങ്ങള്‍ക്കൊപ്പം വരികയും ചെയ്താല്‍, കാര്യങ്ങള്‍ എളുപ്പമാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.
എന്തും സംഭവിക്കും ഈ 'സെമിഫൈനലില്‍'
ഡല്‍ഹി കോര്‍പ്പറേഷനിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പായിരിക്കും എഎപി ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് നേരിടാന്‍ പോകുന്ന ആദ്യ വെല്ലുവിളി. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും അതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങളും എഎപിക്ക് കോട്ടമാണോ നേട്ടമാണോ ഉണ്ടാക്കുകയെന്ന് ഈ തിരഞ്ഞെടുപ്പില്‍ അറിയാം. ചുരുക്കിപ്പറഞ്ഞാല്‍, ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടക്കുന്ന സെമിഫൈനല്‍.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രില്‍ 19-ന് ആരംഭിക്കുമെങ്കിലും ആറാം ഘട്ടമായ മേയ് 25ന് ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 26-നാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്. നിലവിൽ ഈ രണ്ട് പദവികളും എഎപിയുടെ കുത്തകയാണ്. എസ് സി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുകയാണ് മേയര്‍ സീറ്റ്.
ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ എഎപിക്ക് 134 കൗണ്‍സിലര്‍മാരാണുള്ളത്. പ്രതിപക്ഷമായ ബിജെപിക്ക് 104, കോണ്‍ഗ്രസിന് ഒൻപത്. ഈ സാഹചര്യത്തില്‍ ക്രോസ് വോട്ടിങ് സാധ്യതകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. ഒരുവര്‍ഷമാണ് ഡല്‍ഹി മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരുടെ കാലാവധി. നിലവില്‍ എഎപിയുടെ ഷെല്ലി ഒബ്രോയി ആണ് മേയര്‍. 2022-ലും ഷെല്ലിയാണ് മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
കോര്‍പ്പറേഷനില്‍ ആകെയുള്ള 250 കൗണ്‍സിലര്‍മാര്‍, പത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ (ഏഴ് ലോക്‌സഭ അംഗങ്ങളും മൂന്നു രാജ്യസഭ എംപിമാരും) നിയമസഭ സ്പീക്കര്‍ നോമിനേറ്റ് ചെയ്യുന്ന 14 എംഎല്‍എമാര്‍ എന്നിവര്‍ക്കാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കാന്‍ വോട്ടിങ് അവകാശമുള്ളത്.
തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ കെജ്‌രിവാള്‍ ഒപ്പിടണം
അതേസമയം, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എഎപിയുടെ തുറുപ്പുചീട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ്. മേയര്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അനുസരിച്ച്, നാമനിര്‍ദേശപത്രികകള്‍ ലഭിച്ചുകഴിഞ്ഞാല്‍, തിരഞ്ഞെടുപ്പ് ഫയല്‍ മുന്‍സിപ്പല്‍ സെക്രട്ടേറിയറ്റില്‍നിന്ന് കമ്മിഷണര്‍ക്ക് അയയ്ക്കും. ഇത് പിന്നീട് നഗരവികസന വകുപ്പിന് കൈമാറും. ഇവിടെനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അടുത്ത് ഫയല്‍ എത്തേണ്ടത്.
തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രിസൈഡിങ് ഓഫീസറെ നിര്‍ദേശിക്കേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലിലായതിനാല്‍, ഫയലില്‍ ഒപ്പിടേണ്ടതുണ്ടോയെന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്.
തകരുമോ എഎപി?
രൂപീകൃതമായി പത്തുവര്‍ഷത്തിനുള്ളില്‍ ദേശീയ പാര്‍ട്ടി സ്ഥാനം നേടിയെടുത്ത് മുന്നേറുന്നതിനിടെയാണ് മദ്യനയ അഴിമതിയുടെ പേരില്‍ ഇ ഡി അരവിന്ദ് കെജ്‌രിവാളിനെ കുരുക്കിയത്. കെജ്‌രിവാളിന് ചുറ്റും കറങ്ങുന്ന പാര്‍ട്ടിയാണ് എഎപി. എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നത് അദ്ദേഹമാണ്. കെജ്‌രിവാള്‍ അഴിക്കുള്ളിലായതോടെ, പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. ഇത് ബിജെപി മുതലെടുക്കുന്നുമുണ്ട്. അതിഷി സിങ് അടക്കമുള്ള രണ്ടാം നിര നേതാക്കള്‍ രംഗത്തുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടാല്‍, കെജ്‌രിവാളിനെ പോലെ നേതാക്കളെ ഒരുമിപ്പിച്ചുനിര്‍ത്താന്‍ ഇവര്‍ക്ക് സാധിച്ചുവെന്നുവരില്ല.
2025ൽ നടക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ എഎപി സർക്കാരിനെ അട്ടിമറിച്ച് ഡൽഹിയിൽ ഭരണംപിടിക്കുകയെന്നതാണ് ബിജെപി പുലർത്തുന്ന സ്വപ്നം. ഡൽഹി കൈപ്പിടിയിലൊതുക്കിയാൽ പഞ്ചാബ് പിടിക്കാനുള്ള നീക്കങ്ങളും ബിജെപി അണിയറയിൽ നടത്തുന്നുണ്ട്.
പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' സഖ്യത്തില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍, ഒന്നില്‍ക്കൂടുതല്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയാണ് എഎപി. ഭരണത്തിലുള്ള ഡല്‍ഹിക്കും പഞ്ചാബിനും പുറമെ ഗുജറാത്തിലും ഗോവയിലും ഹരിയാനയിലും എഎപി സാന്നിധ്യം അറിയിച്ചു. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിച്ചില്ലെങ്കിലും സാന്നിധ്യമറിയിക്കാന്‍ എഎപിക്ക് സാധിച്ചത് ബിജെപിയെ ഞെട്ടിച്ചു.
സാധാരണക്കാര്‍ക്കിടയില്‍ ഓളമുണ്ടാക്കാന്‍ സാധിക്കുന്ന നേതാവാണ് അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്തിലേക്ക് എഎപി വളര്‍ന്നാല്‍ തങ്ങളുടെ അടിത്തറയിളകുമെന്ന് ബിജെപി ഭയക്കുന്നു. അതേസമയം, അറസ്റ്റിലായിട്ടും കെജ്‌രിവാള്‍ ജയിലില്‍ ഇരുന്നു ഭരിക്കുന്നതും ഭാര്യ സുനിത കെജ്‌രിവാളിനെ രംഗത്തിറക്കി പാര്‍ട്ടിയെ നിയന്ത്രിക്കുന്നതിലും ഒരുവിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇത് മുതലാക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. ഇതോടൊപ്പം അഴിമതിക്കെതിരെ സംസാരിച്ച് അധികാരത്തിലെത്തിയ കെജ്‌രിവാള്‍, അഴിമതി കേസില്‍ അറസ്റ്റിലായെന്ന പ്രചാരണം സാധാരണക്കാര്‍ക്കിടയില്‍ ബിജെപി അഴിച്ചുവിട്ട് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.