വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കമെന്ന ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി. വർഗീയ ചുവയോടെ നരേന്ദ്ര മോദി നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഇത്തരം സംഭവങ്ങളില്‍ അടിയന്തര നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഹർജി തെറ്റായ നിരീക്ഷണമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സച്ചിൻ ദത്ത ഹർജി തള്ളിയത്.
“ഹർജിയിൽ യാതൊരു മെറിറ്റും കോടതി കാണുന്നില്ല. അതിനാൽ ഹർജി തള്ളുന്നു,”കോടതി പറഞ്ഞു. വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ)വിഷയം പരിഗണനയിലാണ്, കമ്മിഷൻ ഒന്നും ചെയ്യില്ലെന്ന് അനുമാനിക്കാൻ കഴിയില്ല" കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആർക്ക് നോട്ടീസ് നൽകണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്ക് കഴിയില്ല. അവർ ഒന്നും ചെയ്യില്ലെന്ന് ഞങ്ങൾക്ക് അനുമാനിക്കാനും കഴിയില്ല," ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിക്ക് ഇസിഐയെ മൈക്രോമാനേജ് ചെയ്യാൻ കഴിയില്ലെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു.
മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ച് വിദ്വേഷ പ്രസംഗം നടത്തുന്ന സ്ഥാനാർത്ഥികൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുന്നതുൾപ്പെടെ നിയമാനുസൃതമായി ഉടൻ നടപടിയെടുക്കാൻ ഇസിഐക്ക് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം രാജസ്ഥാനിലും മധ്യപ്രദേശിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ ട്വീറ്റുകളും ഏപ്രിൽ 27ന് ഹിമാചൽ പ്രദേശിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ നടത്തിയ പ്രസംഗവും ഹർജിയിൽ പരാമർശിക്കുന്നുണ്ട്.
ഹർജിക്കാർക്കുവേണ്ടി അഭിഭാഷകൻ നിസാം പാഷയാണ് ഹാജരായത്. ബിആർഎസ് നേതാവ് കെ ചന്ദ്രശേഖർ റാവുവിനെപ്പോലുള്ള മറ്റ് നേതാക്കൾക്കെതിരെ ഇസിഐ നടപടിയെടുത്തിട്ടുണ്ടെന്നും എന്നാൽ മോദിക്ക് നോട്ടീസ് പോലും നൽകിയിട്ടില്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ നിസാം പാഷ വാദിച്ചു. "എന്തുകൊണ്ടാണ് ഈ വ്യക്തിയെ [മോദി] മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി പരിഗണിക്കുന്നത്? അവരുടെ [ഇസിഐ] നോട്ടീസ് രാഷ്ട്രീയ പാർട്ടിക്കാണ്. അതിൽ പ്രസംഗത്തെക്കുറിച്ച് പോലും പരാമർശിക്കുന്നില്ല,". വിവിധ രാഷ്ട്രീയക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് ഇസിഐക്ക് വ്യത്യസ്ത മാനദണ്ഡങ്ങൾ പാടില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, നോട്ടീസിന് മറുപടി നൽകാൻ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും മെയ് 15 നകം പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇസിഐക്ക് വേണ്ടി അഭിഭാഷകൻ സുരുചി സൂരി കോടതിയെ അറിയിച്ചു. പാർട്ടിയ്‌ക്കെതിരെയോ നരേന്ദ്രമോദിക്കെതിരെയോ നടപടിയെടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നത് ഇസിഐക്ക് വിടണം. ആവശ്യമെങ്കിൽ നിയമപ്രകാരം നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.