ദ്രൗപദി മുര്‍മു: ഒഡിഷയില്‍ ബിജെപിയുടെ കളത്തിലില്ലാത്ത താരപ്രചാരക
തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് രാഷ്ട്രപതിക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല. സ്വന്തം പാര്‍ട്ടിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ പോയിട്ട്, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ഭരണഘടനാപരമായി രാഷ്ട്രപതിക്ക് അധികാരമില്ല. എന്നാല്‍, ഒഡിഷയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാണ്, പ്രത്യേകിച്ച മയൂര്‍ഭഞ്ച് ലോക്‌സഭ മണ്ഡലത്തില്‍.
ദ്രൗപദി മുര്‍മുവിന്റെ ജന്മസ്ഥലമാണ് മയൂര്‍ഭഞ്ച്. ഇവിട തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും മുതല്‍ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ വരെ ആവര്‍ത്തിച്ചു പറയുന്ന ഒരു പ്രസ്താവനയുണ്ട്; '' ഒഡിഷയുടെ മകളെ ഞങ്ങള്‍ രാഷ്ട്രപതിയാക്കിയിരിക്കുന്നു.'' ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതിയാക്കിയതോടെ, ആദിവാസി വോട്ട് ബാങ്ക് തങ്ങള്‍ക്കൊപ്പം പോരുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ബിജെപി പ്രചാരണത്തിന്റെ 'അപകടം' മണത്ത ബിജെഡി ഈ പ്രചാരണത്തെ ചെറുക്കാന്‍ ശക്തമായി ശ്രമിക്കുന്നുമുണ്ട്.
താന്‍ ഒഡിഷയിലെ മയൂര്‍ഭഞ്ചില് നിന്നാണ് ഡല്‍ഹിവരെ എത്തിയതെന്ന് എല്ലാ പ്രസംഗങ്ങളിലും രാഷ്ട്രപതി എടുത്തു പറയാറുള്ളതും ബിജെപിയുടെ ഈ തന്ത്രത്തിന്റെ തെളിവാണ്. തന്റെ നാടിനെക്കുറിച്ചുള്ള ഓര്‍മകളും മുഖ്യധാരയിലേക്ക് കടന്നുവരാന്‍ താന്‍ നടത്തിയ ശ്രമങ്ങളുമെല്ലാം മുര്‍മു സ്ഥിരമായി പ്രസംഗങ്ങളില്‍ പ്രയോഗിക്കാറുണ്ട്. ആദിവാസി ഭൂരിപക്ഷ ജില്ലയാണ് മയൂര്‍ഭംഞ്ച്. ജൂണ്‍ ഒന്നിനാണ് ഈ ജില്ലയിലെ ലോക്‌സഭ മണ്ഡലമായ മയൂര്‍ഭഞ്ച് പോളിങ് ബൂത്തിലെത്തുന്നത്. ഒഡീഷ, ജാര്‍ഖണ്ഡ് അതിര്‍ത്തിയിലാണ് മയൂര്‍ഭഞ്ച്. ഇവിടെ സന്താള്‍ ആദിവാസി വിഭാഗം ഒരു പ്രബല വോട്ട് ബാങ്കാണ്. മുര്‍മുവും ഈ വിഭാഗത്തില്‍പ്പെട്ട നേതാവാണ്.
ആദിവാസി വിഭാഗങ്ങളെ കോണ്‍ഗ്രസ് പൂര്‍ണായി കയ്യൊഴിഞ്ഞപ്പോള്‍, തങ്ങള്‍ ആദിവാസി ജനതയ്‌ക്കൊപ്പം നിന്ന ബിജെപി പ്രചാരണം ഏറെനാള്‍ മുന്‍പുതന്നെ തുടങ്ങിയതാണ്. ദ്രൗപദി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള വരവോടെ ഈ പ്രചാരണത്തിന് ശക്തിപകരാനും ബിജെപിക്കായി. സവര്‍ണ പാര്‍ട്ടിയെന്ന ആരോപണത്തെ ചെറുക്കാനും ദ്രൗപദിയുടെ രാഷ്ട്രപതി സ്ഥാനാരോഹണം കൊണ്ട് ബിജെപിക്ക് സാധിച്ചു. എന്നാല്‍, പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന വേദിയില്‍ നിന്ന് ദ്രൗപദി മുര്‍മുവിനെ മാറ്റിനിര്‍ത്തിയത് ബിജെഡിയും കോണ്‍ഗ്രസും പ്രചാരണായുധമാക്കുന്നു.
1997-ല്‍ മയൂര്‍ഭഞ്ചിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലര്‍ ആയിക്കൊണ്ടായിരുന്നു മുര്‍മുവിന്റെ രാഷ്രീയ ജീവിതത്തിന്റെ തുടക്കം. 2000-ല്‍ ബിജെഡി-ബിജെപി മന്ത്രിസഭയില്‍ ഗതാഗത,ഫിഷറിസ് മന്ത്രിയായി. തങ്ങളാണ് ദ്രൗപദി മുര്‍മുവിന് മന്ത്രിസ്ഥാനം നല്‍കിയത് എന്നാണ് ബിജെഡി ഇത് ചൂണ്ടിക്കാട്ടി ബിജെപിക്ക് എതിരെ പ്രചാരണം നടത്തുന്നത്.
പട്ടികവര്‍ഗ സംവരണ മണ്ഡലമായ മയൂര്‍ഭഞ്ച് സീറ്റില്‍ രണ്ടു തവണ മാത്രമാണ് ബിജപിക്ക് വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്. 1998-ല്‍ സാല്‍ഖന്‍ മുര്‍മുവുമാണ് ബിജെപിക്ക് വേണ്ടി ആദ്യം ജയിച്ചത്. 2019-ല്‍ വിജയിച്ച ബിശ്വേശര്‍ ടുഡുവിനെ ബിജെപി കേന്ദ്ര പട്ടികവര്‍ഗ വികസന സഹമന്ത്രിയാക്കുകകയും ചെയ്തു. 1980 മുതല്‍ 1996 വരെ കോണ്‍ഗ്രസിന്റെ കയ്യിലായിരുന്ന മണ്ഡലം പിന്നീട്, കോണ്‍ഗ്രസിനെ തുണച്ചിട്ടില്ല. 2004, 2009 തിരഞ്ഞെടുപ്പുകളില്‍ ബിജു ജനതാദള്‍ ആണ് ഇവിടെ വിജയിച്ചത്.
ഇത്തവണ സിറ്റിങ് എംപിയായ ബിശ്വേശ്വര്‍ ടുഡുവിനെ മാറ്റി നബചരണ്‍ മാജിയെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. റായ്‌രംഘ്പുര്‍ നിയമസഭ മമണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് നബചരണ്‍. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ സഹോദരി അഞ്ജലി സോറനാണ് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി. സുദം മംഡിയാണ് ബിജെഡിക്കായി മത്സരിക്കുന്നത്.