വോട്ടിങ് ശതമാനം കൂട്ടണം; ടെലികോം കമ്പനികളോട് 'മെസേജ് ചെയ്യാന്‍' ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടിങ് ശതമാനം കൂട്ടണം; ടെലികോം കമ്പനികളോട് 'മെസേജ് ചെയ്യാന്‍' ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ദിവസം പത്തുകോടി മെസേജുകള്‍ അയക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്
Updated on
1 min read

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞതിന് പിന്നാലെ, ഇത് ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ട് ചെയ്യുന്നതിലെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധിപ്പിക്കാനായി സന്ദേശങ്ങള്‍ അയക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

ദിവസം പത്തുകോടി മെസേജുകള്‍ അയക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ഇത്രയും സന്ദേശങ്ങള്‍ അയക്കുന്നതില്‍ തങ്ങള്‍ക്ക് പരിമിതിയുണ്ടെന്ന് ടെലികോം സേവനദാതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുകോടി സന്ദേശങ്ങള്‍ വരെ അയക്കാന്‍ സാധിക്കും എന്നാണ് ഇവരുടെ നിലപാട്.

വോട്ടിങ് ശതമാനം കൂട്ടണം; ടെലികോം കമ്പനികളോട് 'മെസേജ് ചെയ്യാന്‍' ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍
തിരഞ്ഞെടുപ്പ് ചിത്രത്തിലില്ലാതെ 'ലാൽ' കുടുംബാംഗങ്ങൾ; ഹരിയാന രാഷ്ട്രീയത്തിലെ ആധിപത്യം അവസാനിച്ചോ ?

ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍, ടെലികോം എക്‌സിക്യൂട്ടീവുമാര്‍ എന്നിവര്‍ തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനാണ്. ഇതിന് മുന്‍പ് സന്ദേശങ്ങള്‍ അയച്ചുതുടങ്ങണമെന്നും അവസാന ഘട്ടംവരെ തുടരണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഏപ്രില്‍ 19-ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 66.1 ആണ്. ഏപ്രില്‍ 26-ന് നടന്ന രണ്ടാംഘട്ടത്തില്‍ വോട്ടിങ് ശതമാനം 66.7 ശതമാനമായി. 2019-ല്‍ വോട്ടിങ് ശതമാനം ആദ്യഘട്ടത്തില്‍ 69.4, രണ്ടാംഘട്ടത്തില്‍ 69.2 എന്നിങ്ങനെയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടാറില്ലെങ്കിലും സാധാരണഗതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ടെലികോം കമ്പനികള്‍ സന്ദേശങ്ങള്‍ അയക്കാറുണ്ട്. കനത്ത ചൂട് ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ വോട്ടിങ് ശതമാനം കുറയുന്നതിന് കാരണമായി എന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം, ആദ്യ രണ്ട് ഘട്ടങ്ങളിലും പുരുഷന്‍മാരാണ് സ്ത്രീകളെക്കാള്‍ വോട്ട് ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 66.2 ശതമാനം പുരുഷന്മാര്‍ വോട്ട് ചെയ്തപ്പോള്‍, 66.1 ശതമാനം സ്ത്രീകളാണ് വോട്ട് ചെയ്തത്. രണ്ടാം ഘട്ടത്തില്‍ 67 ശതമാനം പുരുഷന്‍മാര്‍ വോട്ട് ചെയ്‌പ്പോള്‍, 66.4 ശതമാനം സ്ത്രീകളാണ് വോട്ട് ചെയ്ത്.

logo
The Fourth
www.thefourthnews.in