Exit Poll 2024 | ദക്ഷിണേന്ത്യയില്‍ ബിജെപി കാലുറപ്പിക്കും; ഇടറിവീഴാതെ 'ഇന്ത്യ'
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ കേരളത്തിലുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 'കാലൂന്നി' ബിജെപി. കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 'ഇന്ത്യ' സംഖ്യം ആധിപത്യം നിലനിര്‍ത്തുമ്പോഴും വന്‍കുതിച്ചു ചാട്ടമാണ് സീറ്റു നിലയിലും വോട്ട് ശതമാനത്തിലും ബിജെപി സ്വന്തമാക്കുകയെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുഴുവന്‍ സീറ്റുകളും ഇന്ത്യന്‍ സഖ്യം തൂത്തുവാരുമ്പോള്‍ ഇടതുപക്ഷം സമ്പൂര്‍ണ തകര്‍ച്ച നേരിടുമെന്നും ഇടതുപക്ഷത്തിനു നഷ്ടമാകുന്ന വോട്ട് ശതമാനം ബിജെപിക്ക് മുതല്‍ക്കൂട്ടാകുമെന്നുമാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
കേരളത്തില്‍ യുഡിഎഫ് ആധിപത്യം നിലനിര്‍ത്തുമ്പോള്‍ എല്‍ഡിഎഫ് 2019-ല്‍ കനത്ത തോല്‍വിയില്‍ നിന്നു കരകയറി നിലമെച്ചപ്പെടുത്തുമെന്നും സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നും സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഒന്നു മുതല്‍ രണ്ടു സീറ്റുവരെ നേടുമെന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ പറയുന്നത്.
കേരളം
ടൈംസ് നൗവിന്റെ സര്‍വേ ഫലങ്ങള്‍ പ്രകാരം യുഡിഎഫ് 14 മുതല്‍ 15 സീറ്റുകള്‍ വരെ നേടുമ്പോള്‍ നാലു സീറ്റുകളിലാണ് എല്‍ഡിഎഫിന് ജയം പ്രവചിക്കുന്നത്. ഒരു സീറ്റില്‍ എന്‍ഡിഎ ജയിക്കുമെന്നും ടൈംസ് നൗ സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇതിനു സമാനമാണ് ഇന്ത്യ ടിവി, ന്യൂസ് 18 സര്‍വേ ഫലങ്ങളും സൂചിപ്പിക്കുന്നത്. 13 മുതല്‍ 15 സീറ്റുകള്‍ വരെ യുഡിഎഫ് പിടിക്കുമ്പോള്‍ മൂന്നു മുതല്‍ അഞ്ച് സീറ്റുകള്‍ വരെയാണ് എല്‍ഡിഎഫിന് സാധ്യത കല്‍പിക്കുന്നത്. ഒന്നു മുതല്‍ മൂന്നു സീറ്റുകള്‍ വരെ എന്‍ഡിഎ സഖ്യം നേടുമെന്നും ഇന്ത്യ ടിവി സര്‍വേ ഫലം പറയുന്നു. 15 മുതല്‍ 18 സീറ്റുകള്‍ വരെ യുഡിഎഫിനും രണ്ടു മുതല്‍ അഞ്ച് സീറ്റുകള്‍ വരെ എല്‍ഡിഎഫിനും ഒന്നു മുതല്‍ മൂന്നു സീറ്റുകള്‍ വരെ എന്‍ഡിഎയ്ക്കുമെന്നുമാണ് ന്യൂസ് 18 സര്‍വേ പറയുന്നത്.
അതേസമയം എബിപി സി വോട്ടര്‍, ഇന്ത്യ ടുഡേ സര്‍വേകള്‍ യുഡിഎഫിന്റെ സമഗ്രാധിപത്യവും എല്‍ഡിഎഫിന്റെ സമ്പൂര്‍ണ തകര്‍ച്ചയുമാണ് പ്രവചിക്കുന്നത്. 17 മുതല്‍ 19 സീറ്റുകള്‍ വരെ യുഡിഎഫ് നേടുമ്പോള്‍ ഒന്നു മുതല്‍ മൂന്നു സീറ്റുകള്‍ എന്‍ഡിഎ പിടിക്കുമെന്നും സംസ്ഥാനത്ത് ഇടതുപക്ഷം സംപൂജ്യരാകുമെന്നുമാണ് എബിപി സര്‍വേ ഫലം പറയുന്നത്.
ഇന്ത്യ ടുഡെ എല്‍ഡിഎഫിന് ഒരു സീറ്റില്‍ ജയസാധ്യത പ്രവചിക്കുമ്പേള്‍ യുഡിഎഫ് 18 വരെ നേടുമെന്നാണ് പ്രവചനം. എന്‍ഡിഎ മൂന്നു വരെ സീറ്റുകള്‍ നേടിയേക്കാമെന്നും പ്രവചിക്കുന്നു.
തമിഴ്‌നാട്
സംഘപരിവാര്‍ രാഷ്ട്രീയത്തിന് പിടികൊടുക്കില്ലെന്ന തമിഴന്റെ നിലപാട് ഇക്കുറിയും അതേപടി തുടരുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഡിഎംകെയുടെ നേതൃത്വത്തില്‍ 'ഇന്ത്യ' സഖ്യം തമിഴ്‌നാട് തൂത്തുവാരുമെന്നാണ് പ്രവചനം. ആകെയുള്ള 39 സീറ്റുകളില്‍ 33 മുതല്‍ 37 സീറ്റുകള്‍ വരെ ഇന്ത്യ സഖ്യം നേടുമെന്നാണ് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നത്. എന്‍ഡിഎ സഖ്യം രണ്ടു മുതല്‍ നാലു സീറ്റുകള്‍ നേടുമെന്നും പറയുന്ന സര്‍വേ ഫലങ്ങള്‍ രണ്ടു സീറ്റുകളില്‍ എഐഎഡിഎംകെയ്ക്കും വിജയസാധ്യത പ്രവചിക്കുന്നു.
ഇന്ത്യ ടുഡെ സര്‍വേ പ്രകാരം 33 മുതല്‍ 37 സീറ്റുകളാണ് ഇന്ത്യ സഖ്യം തമിഴ്‌നാട്ടില്‍ സ്വന്തമാക്കുക. എന്‍ഡിഎയ്ക്ക് ഒന്നു മുതല്‍ മൂന്നു വരെയും എഐഎഡിഎംകെയ്ക്ക് രണ്ടു സീറ്റുകളും ലഭിച്ചേക്കാം. എബിപി സര്‍വേയും ടൈംസ് നൗ സര്‍വേയും ഏറെക്കുറേ സമാനമായ പ്രവചനമാണ് നടത്തുന്നത്.
കര്‍ണാടക
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയേറ്റു വാങ്ങിയ ബിജെപി കര്‍ണാടകയില്‍ ഗംഭീര തിരിച്ചുവരവ് നടത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 28 സീറ്റുകളില്‍ 21 മുതല്‍ 24 എണ്ണം ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം നേടുമെന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് മൂന്നു മുതല്‍ ഏഴു സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്.
കര്‍ണാടകയില്‍ ഇക്കുറി റെക്കോഡ് പോളിങ് ആയിരുന്നു രേഖപ്പെടുത്തിയത്. 2019, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 69.9 ആയിരുന്നു കര്‍ണാടകയിലെ പോളിങ് ശതമാനം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറെക്കുറേ തനിയാവര്‍ത്തനമാണ് കര്‍ണാടകയില്‍ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ ബിജെപി ഒറ്റയ്ക്ക് 25 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒന്നും ജെഡിഎസ് ഒന്നും വീതമാണ് നേടിയത്. ഒരു സീറ്റ് സ്വതന്ത്രനായിരുന്നു. ഇക്കുറി ജെഡിഎസും ബിജെപിയും ഒറ്റക്കെട്ടായി മത്സരിക്കുമ്പോള്‍ സമ്പൂര്‍ണ വിജയം എന്‍ഡിഎ സ്വന്തമാക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്.
ആന്ധ്രാപ്രദേശ്
ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയുമായും പവന്‍കല്യാണിന്റെ ജനസേവ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കിയത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ കൂട്ടുകെട്ട് നായിഡുവിനും പവന്‍ കല്യാണിനും ഗുണം ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ആന്ധ്രയിലെ 25 സീറ്റുകളില്‍ ബിജെപി നാലു മുതല്‍ ആറു സീറ്റുകള്‍ വരെ നേടി വന്‍ കുതിച്ചുചാട്ടം നടത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. എന്‍ഡിഎ സഖ്യം 19 മുതല്‍ 22 സീറ്റുകള്‍ വരെ നേടുമെന്നും എബിപി സി വോട്ടര്‍, ന്യൂസ് 18, ഇന്ത്യന്‍ ടുഡേ എന്നീ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
തെലങ്കാന
രേവന്ത് റെഡ്ഡിയുടെ വ്യക്തിപ്രഭാവത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല ജയം നേടിയ പ്രകടനം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുമെന്നാണ് തെലങ്കാനയിലെ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 17 സീറ്റുകളുള്ള തെലങ്കാനയില്‍ ബിജെപി ഏഴു മുതല്‍ 10 സീറ്റുകള്‍ വരെ നേടുമെന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന് അഞ്ച് മുതല്‍ എട്ട് സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.