വ്യോമസേന മുന്‍ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയില്‍
വ്യോമസേന മുന്‍ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയില്‍ ചേർന്നു. ന്യൂഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് ബദൗരിയ അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ, പാർട്ടി ജനറല്‍ വിനോദ് താവ്‌ഡെ എന്നിവർ ചേർന്നാണ് അംഗത്വം നല്‍കിയത്.
റാഫേല്‍ യുദ്ധവിമാനം പറത്തിയ ആദ്യ വ്യോമസേന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ബദൗരിയ. വിമാനങ്ങള്‍ക്കായി ഫ്രാന്‍സുമായുള്ള കരാർ അന്തിമമാക്കുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു.
2019 സെപ്തംബർ മുതല്‍ 2021 സെപ്തംബർ വരെയാണ് ബദൗരിയ വ്യോമസേന മേധാവിയായി സേവനമനുഷ്ടിച്ചത്. കരസേന മേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് എയർ സ്റ്റാഫ് വൈസ് ചീഫായും പ്രവർത്തിച്ചു. 2017 മാർച്ച് മുതല്‍ 2018 ഓഗസ്റ്റ് വരെ സതേണ്‍ എയർ കമാന്‍ഡില്‍ എയർ ഓഫിസർ കമാന്‍ഡിങ് ഇന്‍ ചീഫായി പ്രവർത്തിച്ചിരുന്നു. 36 വർഷം നീണ്ട കരിയറില്‍ അതി വിശിഷ്ട് സേവ മെഡല്‍, വായു സേന മെഡല്‍, പരം വിശിഷ്ട് സേവ മേഡല്‍ തുടങ്ങി നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ബദൗരിയക്കൊപ്പം വൈഎസ്ആർ കോണ്‍ഗ്രസ് പാർട്ടിയുടെ (വൈഎസ്ആർസിപി) തിരുപ്പതി മുന്‍ എംപി വരപ്രസാദ് റാവുവും ബിജെപിയില്‍ ചേർന്നു.
വൈഎസ്ആർസിപി ചീഫ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് വരപ്രസാദ് റാവു നന്ദി പറഞ്ഞു. എംഎല്‍എ, എംപി എന്ന നിലയില്‍ പ്രവർത്തിക്കാന്‍ അവസരം നല്‍കിയതിനായിരുന്നു വരപ്രസാദ് റാവുവിന്റെ നന്ദി പ്രകടനം. ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു മുന്‍ എംപിയുടെ വാക്കുകള്‍.