'ഒരു പാവം കോടീശ്വരൻ'; നിയമപ്പഴുതുകളില്‍ രാജീവ് ചന്ദ്രശേഖര്‍ സമര്‍ത്ഥമായി ഒളിപ്പിച്ചത് ശതകോടികള്‍
കുറഞ്ഞത് 10,000 കോടി രൂപയെങ്കിലും വിലമതിക്കുന്ന വ്യവസായ സാമ്രാജ്യത്തിന്റെ അധിപനാണ് തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. എന്നാൽ ഐക്യരാഷ്ട്രസഭയിൽനിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥനും 15 വർഷമായി പൊതുപ്രവർത്തകനുമായ എതിരാളി ശശി തരൂരിനേക്കാൾ ദരിദ്രനാണ് രാജീവെന്നാണ് തിരഞ്ഞെടുപ്പ് രേഖകൾ പറയുന്നത്.
രാജീവ് ചന്ദ്രശേഖറിനും ഭാര്യ അഞ്ജുവിനും ആകെയുള്ളത് 36 കോടി രൂപയുടെ ആസ്തിയാണ്. തരൂരിനാകട്ടെ 56 കോടിയും. 2018ലെ രാജ്യസഭാ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ 65 കോടിയായിരുന്നു രാജീവ് ചന്ദ്രശേഖർ ആസ്തി കാണിച്ചത്. അതിപ്പോൾ ഏതാണ്ട് പകുതിയോളം കുറഞ്ഞിരിക്കുന്നുവെന്നാണ് മറ്റൊരു കൗതുകം.
2021- 22 സാമ്പത്തിക വർഷം നികുതി ചുമത്തപ്പെടാവുന്ന വരുമാനമായി രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ കാണിച്ചത് വെറും 681 രൂപ. രാജീവ് ചന്ദ്രശേഖർ തന്നെ പൊതുമണ്ഡലത്തിൽ സമ്മതിച്ചിട്ടുള്ള ചില കാര്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ സംഖ്യകൾ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുന്നവയാണ്.
2012-ൽ ദ ഫിനാൻഷ്യൽ ടൈംസിന് രാജീവ് ചന്ദ്രശേഖർ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് ലംബോർഗിനിയും ജെറ്റ് വിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2010 ൽ രാജീവ് ചന്ദ്രശേഖർ ജെറ്റ് വിമാനം സ്വന്തമാക്കിയത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പക്ഷേ, 140 കോടി രൂപ വിലമതിക്കുന്ന ഒൻപത് സീറ്റുള്ള ഈ വിമാനം റജിസ്റ്റർ ചെയ്തിരിക്കുന്നത് ജൂപ്പിറ്റർ ഏവിയേഷൻ എന്ന കമ്പനിയുടെ പേരിലാണ്. അതായത് സാങ്കേതികമായി സ്ഥാനാർഥിയുടെ സ്വകാര്യ സ്വത്തല്ല ഈ വിമാനം.
രാഷ്ട്രീയത്തിലെത്തും മുമ്പും ശേഷവും വ്യവസായ ലോകത്തെ തലയെടുപ്പുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ. 2021 ൽ കേന്ദ്രമന്ത്രിയാകും വരെ ബിസിനസുകാരനായാണ് അറിയപ്പെട്ടതും. ബി പി എൽ മൊബൈലിന്റെയും വൻകിട ബിസിനസ് പ്രൊജെക്ടുകൾക്ക് മൂലധനം നൽകുന്ന ജൂപിറ്റർ ക്യാപിറ്റലിന്റെയും സ്ഥാപകൻ. പക്ഷേ ഇപ്പോൾ ഈ കമ്പനികളുടെയൊന്നും നിർണായക പദവികളിൽ രാജീവ് ചന്ദ്രശേഖർ ഇല്ല. 26 വൻകിട കമ്പനികളിൽ മൂലധന നിക്ഷേപം നടത്തിയിട്ടുള്ള ജൂപിറ്റർ കാപിറ്റലിന്റെ സ്ഥാപകൻ എന്ന സ്ഥാനം മാത്രമാണ് ഇപ്പോൾ രാജീവിനുള്ളത്.
മുതലെടുക്കുന്നത് നിയമത്തിലെ പഴുതുകൾ
ഒറ്റനോട്ടത്തിൽ രാജീവ് ചന്ദ്രശേഖർ ബിസിനസിൽനിന്ന് പിൻവാങ്ങുകയാണെന്ന തോന്നൽ ജനിപ്പിക്കുന്നതാണ് രേഖകൾ. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. കമ്പനി നിയമത്തിലെ പഴുതുകൾ സമർത്ഥമായി ഉപയോഗിച്ച് നിരവധി കമ്പനികളുടെ ശൃംഖലയുണ്ടാക്കി അതുവഴി നിരവധി കമ്പനികളിലെ തന്റെ ഉടമസ്ഥതയെ മറയ്ക്കുള്ളിൽ നിർത്തിയിരിക്കുകയാണ് രാജീവ് ചന്ദ്രശേഖർ.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് വസ്തുവകകളുടെയും സ്വർണത്തിന്റെയും ഒക്കെ വിപണി വിലയാണ് സ്ഥാനാർഥി വെളിപ്പെടുത്തേണ്ടത്. എന്നാൽ, കമ്പനികളിലെ ഓഹരികളാണെങ്കിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളുടെ ഓഹരിവില മാർക്കറ്റ് വിലയായും ലിസ്റ്റ് ചെയ്യാത്ത പ്രൊപ്രൈറ്ററി, പാർട്‌ണർഷിപ് കമ്പനികളുടെ ഓഹരി ബുക്ക് വാല്യു ആയും കണക്കാക്കുന്ന രീതിയാണ് പിന്തുടരുന്നത്. ബുക്ക് വാല്യു എന്നത് കമ്പനി രൂപീകരണസമയത്ത് നിക്ഷേപിക്കുന്ന മൂലധനമനുസരിച്ച് നിക്ഷേപകൻ തന്നെ നിശ്ചയിക്കുന്ന തുകയാണ്.
രാജ്യത്തെ കമ്പനി നിയമം അനുസരിച്ച് ഒരു പ്രൊപ്രൈറ്ററി കമ്പനി മാതൃസ്ഥാപനമായി നിരവധി ഉപ കമ്പനികൾ സ്ഥാപിക്കാം. അങ്ങനെ തുടങ്ങുന്ന കമ്പനികളുടെ ഇടപാടുകൾ ആ കമ്പനികളുടെ പേരിൽ മാത്രമാവും രേഖപ്പെടുത്തുന്നത്. മാതൃസ്ഥാപനത്തിന് നിക്ഷേപകന്റെ റോൾ മാത്രമായിരിക്കും.
രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലമനുസരിച്ച് ഒൻപത് നോൺ ലിസ്റ്റഡ് കമ്പനികളിൽ അദ്ദേഹത്തിന് ഓഹരി പങ്കാളിത്തമുണ്ട്. അതിൽ ആറെണ്ണത്തിൽ ബഹുഭൂരിപക്ഷം ഓഹരികളും രാജീവ് ചന്ദ്രശേഖറിന്റെ പേരിലാണ്. അതായത് അദ്ദേഹം നിയന്ത്രിക്കുന്ന കമ്പനികൾ. പക്ഷേ ഇതിലെല്ലാം കൂടി 2.67 കോടി രൂപ നിക്ഷേപമേ അദ്ദേഹത്തിനുള്ളൂ. എന്നാൽ, പ്രത്യക്ഷമായും പരോക്ഷമായും രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ആസ്തിമൂല്യം 10,000 കോടി രൂപയെങ്കിലും വരുമെന്നാണ് വ്യവസായ ലോകത്തെ ഉദ്ദേശ കണക്ക്.
സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ തനിക്ക് ഓഹരി പങ്കാളിത്തമുണ്ടെന്ന് വെളിപ്പെടുത്തിയ കമ്പനികൾ ഇവയാണ് :
VECTRA CONSULTANCY SERVICE PVT. LTD
SPL INFOTECH PTE. LTD
MINSK DEVOLOPERS PVT. LTD
JUPITER GLOBAL INFRASTRUCTURE PVT. LTD
RC STOCKS AND SECURITIES PVT. LTD
SANGUINE NEW MEDIA AND ADVISORY PVT LTD
VECTRA DEVELOPERS
BLUE MOUNTAIN ESTATES
WATERFALL ESTATES
ഈ പട്ടികയിൽ ഇല്ലാത്ത ഒരു കമ്പനിയാണ് രാജീവ് ചന്ദ്രശേഖർ സ്ഥാപിച്ച ഏറ്റവും പ്രധാന സ്ഥാപനം. ബി പി എൽ മൊബൈൽ വിറ്റുകിട്ടിയ 4500 കോടി രൂപ മുതൽ മുടക്കി 2005 - ൽ രാജീവ് ചന്ദ്രശേഖർ സ്ഥാപിച്ച ജൂപിറ്റർ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന നിക്ഷേപക സ്ഥാപനമാണ് ഈ പട്ടികയിൽ ഇല്ലാത്തത്. ഫൗണ്ടർ എന്നാണ് അദ്ദേഹത്തെ കമ്പനി വെബ്സൈറ്റിൽ പരാമർശിക്കുന്നത്.
കമ്പനികാര്യ മന്ത്രാലയത്തിലെ രേഖകൾ പ്രകാരം, ജൂപിറ്റർ ക്യാപിറ്റലിന് ഇപ്പോൾ ആറ് ഡയറക്ടർമാരാണുള്ളത്: മുരളി അനന്തശിവൻ, ചന്ദ്രശേഖർ എം കെ, മാതേവൻ പിള്ള ശിവറാം, വെങ്കട്ടരാമൻ വെങ്കടാചലം, മാധവി ഖാണ്ഡവല്ലി, ആശിഷ് ജെയിൻ, സൗരഭ് എസ് റാവു. ഇവരിൽ ചന്ദ്രശേഖർ എം കെ രാജീവ് ചന്ദ്രശേഖറിന്റെ പിതാവാണ്. മറ്റുള്ളവരും അദ്ദേഹത്തിന്റെ വിശ്വസ്തർ.
ഏഷ്യാനെറ്റിലും റിപ്പബ്ലിക്കിലും ഓഹരികൾ
ജൂപിറ്റർ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് നിലവിൽ 26 വൻകിട കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് വൻകിട സ്വകാര്യ നിക്ഷേപങ്ങൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ട്രാക്ഷൻ വ്യക്തമാക്കുന്നു. ഈ കമ്പനികളിൽ ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് പ്ലസ്, കന്നഡ പ്രഭ ദിനപത്രം, സിതാര, സുവർണ ന്യൂസ്, റിപ്പബ്ലിക് ടിവി, ഇൻഡിഗോ എഫ് എം തുടങ്ങിയ മാധ്യമങ്ങളും വേ ടു വെൽത്ത് എന്ന സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനവും യുവർ ഡോർ സ്റ്റെപ് എന്ന ഓൺലൈൻ ഹൈപ്പർ മാർക്കറ്റും ബിൽ ആൻഡ് ജയ്ൻ എന്ന വൈൻ ബ്രാൻഡും നിരാമയ റിസോർട്‌സ്, ഐ എൽ ആൻഡ് എഫ് എസ് തുടങ്ങിയ സ്ഥാപനങ്ങളും ഉൾപ്പെടുന്നു.
നിക്ഷേപങ്ങളുടെ കാര്യത്തിൽ സ്മാർട്ട് സ്ട്രാറ്റജി പിന്തുടരുന്ന സ്ഥാപനമാണ് ജൂപിറ്റർ ക്യാപിറ്റൽ. പല നിക്ഷേപങ്ങളും ഹ്രസ്വകാലത്തേക്ക് ചെയ്ത് ലാഭമെടുത്ത് പിന്മാറുന്ന രീതി ഇവർ പിന്തുടരുന്നുണ്ട്. ഏറ്റവും ശ്രദ്ധേയം അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയിൽ ഇവർ നടത്തിയ നിക്ഷേപമാണ്. ടൈംസ് നൗവിൽനിന്നിറങ്ങി 2016-ൽ അർണബ് ഗോസ്വാമി റിപ്പബ്ലിക്ക് ടിവി തുടങ്ങുമ്പോൾ 60 കോടി രൂപ മുടക്കി 15 ശതമാനം ഓഹരി ജൂപിറ്ററിന്റെ സബ്സിഡിയറി കമ്പനിയായ ഏഷ്യാനെറ്റ് ന്യൂസ് വാങ്ങിയിരുന്നു. മൂന്ന് വർഷത്തിനുശേഷം അതിൽ ഒൻപത് ശതമാനം ഓഹരി ഇവർ 98 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് ട്രാക്ഷനിലെ രേഖകൾ. മൂന്ന് വർഷം കൊണ്ട് റിപ്പബ്ലിക്കിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഹരികൾക്ക് രണ്ടര മടങ്ങ് വില വർധിച്ചു!
കമ്പനികളാൽ നെയ്യുന്ന സങ്കീർണ വല
പല കമ്പനികൾ സ്ഥാപിച്ച് അവ തമ്മിൽ പരസ്പരം നിക്ഷേപം നടത്തി സ്ഥാപക നിക്ഷേപകനെ അദൃശ്യനാക്കുന്ന തന്ത്രമാണ് മറ്റൊന്ന്. ഉദാഹരണമായി നമുക്ക് ജൂപിറ്റർ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഘടന പരിശോധിക്കാം.
ജൂപിറ്റർ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡിൽ മറ്റ് മൂന്ന് കമ്പനികളും ഒരു വ്യക്തിയുമാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഒന്ന്, ആർ സി സ്റ്റോക്‌സ് ആൻഡ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്. രണ്ടാമത്തേത്, മിൻസ്‌ക് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. പിന്നെ, ജൂപിറ്റർ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്. ഈ മൂന്ന് കമ്പനികളുടെയും ഭൂരിപക്ഷം ഓഹരികളും രാജീവ് ചന്ദ്രശേഖറിന്റെ പേരിലാണ്. അതായത്, ജൂപ്പിറ്റർ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന വൻ ബിസിനസ് സ്ഥാപനവുമായി ഇപ്പോൾ രാജീവ് ചന്ദ്രശേഖറിന് നേരിട്ട് ഒരു ബന്ധവുമില്ല. എന്നാൽ ജൂപ്പിറ്റർ ക്യാപിറ്റലിനെ നിയന്ത്രിക്കുന്ന മൂന്ന് കമ്പനികൾ ഇദ്ദേഹത്തിന്റേതാണ് താനും.
ജൂപിറ്റർ ബ്രാൻഡിലെ കമ്പനികൾ ഒന്നും ചില്ലറക്കാരല്ല. ശതകോടികളുടെ ഇടപാടുകൾ നടത്തുന്ന കമ്പനികളാണ് മിക്കതും. ജൂപിറ്റർ ഗ്ലോബൽ ഇന്ഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ വർഷം 173 കോടി രൂപ കടപ്പത്രം വഴി സമാഹരിച്ചിരുന്നു. അതിൽ മൂന്നിലൊന്നോളം നിക്ഷേപം ലോക പ്രശസ്ത നിക്ഷേപക സ്ഥാപനമായ ബ്ലാക്ക് റോക്കിന്റേതായിരുന്നു.
കാതലായ ചോദ്യം ഇതാണ്, നിയമത്തിന്റെ സാങ്കേതികതയെ തൃപ്തിപ്പെടുത്താൻ രാജീവ് ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ സത്യവാങ്മൂലം പര്യാപ്തമായേക്കാം. എന്നാൽ, ഒരു വോട്ടർക്ക് തന്റെ സ്ഥാനാർത്ഥിയുടെ നിക്ഷേപങ്ങളും താല്പര്യങ്ങളും അറിയാനുള്ള അവസരമെന്ന നിലയിൽ ഏർപ്പെടുത്തിയ സംവിധാനമാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലം. അങ്ങനെ ചിന്തിച്ചാൽ കേവലം 36 കോടിയുടെ ആസ്തി വെളിപ്പെടുത്തി, 10,000 കോടിയുടെ സ്വത്തിനെപ്പറ്റി മൗനം പാലിക്കുന്നതിൽ വലിയൊരു ധാർമികപ്രശ്‌നം ഒളിഞ്ഞിരിപ്പുണ്ട്.