കര്‍ണാടകത്തിനൊപ്പം ആന്ധ്രയിലും താമര വിരിയിക്കാനാവുമോ? തെക്കേ ഇന്ത്യയിലെ ബിജെപി പ്രതീക്ഷകള്‍ക്കുപിന്നിലെ രാഷ്ട്രീയം
തെക്കേ ഇന്ത്യയില്‍ ബിജെപിയ്ക്ക് ഒരിക്കലും പിടിമുറുക്കാന്‍ കഴിയില്ലെന്ന് കരുതിയവരുണ്ടായിരുന്നു. ഹിന്ദി ഭാഷാ പ്രേമം മുതല്‍, പാര്‍ട്ടിയിലെ വടക്കേ ഇന്ത്യന്‍ രീതികളും ഇതിന് കാരണമായി പറയുകയും ചെയ്തു. എങ്കിലും ആര്‍ എസ് എസിന് കേരളമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തുടക്കം മുതല്‍ തന്നെ സംഘടന സംവിധാനമുണ്ടായിരുന്നു. കര്‍ണാടകയിലാണ് ബിജെപി സ്വന്തം സാന്നിധ്യം ആദ്യം കാണിച്ചത്. അവിടെ ഭരണം പിടിക്കുക മാത്രമല്ല, കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രണ്ടെണ്ണമൊഴികെ എല്ലാ സീറ്റുകളും നേടുകയും ചെയ്തു.
എന്നാല്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുടെ അഭാവത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞുമില്ല. കേരളത്തില്‍ പ്രബലരായ സഖ്യകക്ഷികളെ കണ്ടെത്താന്‍ പോലും കഴിയാതെ നിസാഹയ അവസ്ഥയിലാണ് ബിജെപി. എങ്കിലും രണ്ടു മൂന്ന് സീറ്റുകളില്‍ വലിയ മത്സരം കാഴ്ചവെക്കാന്‍ ബിജെപിക്ക് കഴിയുന്നു. എന്നാല്‍ ഇത്തവണ ആന്ധ്രാപ്രദേശില്‍ ടിഡിപിയുമായി സഖ്യമുണ്ടാക്കിയതോടെ, തെക്കേ ഇന്ത്യയില്‍നിന്ന് കൂടുതല്‍ സീറ്റുകള്‍ പിടിക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 400 സീറ്റ് ലക്ഷ്യത്തില്‍ ബിജെപിയ്ക്ക് ഇത് പ്രധാനമാണ്.
ദക്ഷിണത്തിൽ ബിജെപി
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വലിയ വിജയത്തിനുപിന്നിലെ പ്രധാന കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വൻ പിന്തുണയാണ്. എന്നാൽ തെക്കേ ഇന്ത്യയിൽ പാർട്ടിയുടെ സാന്നിധ്യം കർണാടകയിൽ മാത്രം ഒതുങ്ങി. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വലിയ ബഹളങ്ങളൊന്നും തീർക്കാതെ പാർട്ടിക്ക് ഒതുങ്ങിക്കൂടേണ്ടി വന്നു. വാസ്തവത്തിൽ തെക്കേ ഇന്ത്യയിൽ കർണാടകയിൽ മാത്രമാണ് ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നത്.
തെക്കേ ഇന്ത്യയില്‍ ആകെ 130 മണ്ഡലങ്ങലാണുള്ളത് (കേരളം - 20, കർണാടക- 28, ആന്ധ്രാപ്രദേശ്-25, തെലങ്കാന-17, തമിഴ്നാട് -39, പുതുച്ചേരി-1).
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതായത് 2019 ൽ ഇതിൽ 29 സീറ്റാണ് ബി ജെ പി നേടിയത്. ഇതിൽ ഭൂരിഭാഗവും കർണാടകയിലായിരുന്നു, 25 എണ്ണം. നാല് സീറ്റ് തെലങ്കാനയിൽ. കേരളം, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. എങ്കിലും ഈ സംസ്ഥാനങ്ങളിൽ വോട്ട് ശതമാനം ഉയർത്താൻ ബിജെപിക്കായിട്ടുണ്ട്.
കർണാടക
കർണാടകയിൽ പ്രബലരാണ് ബിജെപി. തെക്കേ ഇന്ത്യയിൽ ബിജെപി അധികാരം നേടിയ ഏക സംസ്ഥാനം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തെക്കേ ഇന്ത്യയിൽനിന്ന് ബിജെപിക്ക് ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ചത് കർണാടകയിൽ നിന്നാണ്. 28 ൽ 25 ഉം ബിജെപി സ്വന്തമാക്കി. ഒരു സീറ്റിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥിയും വിജയിച്ചു.
എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥിതി മാറി. 224 അംഗ നിയമസഭയില്‍ 42 ശതമാനം വോട്ടോടെ 135 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തി. 36 ശതമാനം വോട്ടോടെ 66 സീറ്റുകളിൽ നേടാൻ മാത്രമേ ബിജെപിക്കായുള്ളൂ. 38 മണ്ഡലങ്ങളാണ് ബിജെപിക്ക് നഷ്ടമായത്. എന്നാൽ ജനതാദൾ എസ്സുമായി സഖ്യമുണ്ടാക്കി, ലോക്‌സഭ തിരഞ്ഞെടുപ്പിലെ മേൽക്കൈ നിലനിർത്താനാണ് ബിജെപിയുടെ ശ്രമം. ജനതാദൾ എസ്സുമായുള്ള സഖ്യം ചില മേഖലകളിൽ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
എന്നാൽ കഴിഞ്ഞ വർഷത്തെ സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ അത് ബിജെപിയുടെ ദേശീയലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ കർണാടകത്തിൽ ബിജെപിയ്ക്ക് ലഭിക്കുന്ന സീറ്റുകൾ പ്രധാനമാണ്. അതേസമയം സീറ്റ് ലഭിക്കാത്തത് സംബന്ധിച്ച സംഘടനക്കുള്ളിലെ അസ്വാരസ്യങ്ങൾ ബിജെപിയെ ബാധിക്കാൻ പോന്നതാണ്. മുതിർന്ന നേതാക്കളായ കെ എസ് ഈശ്വരപ്പയും ജഗദീഷ് ഷെട്ടാറും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു കഴിഞ്ഞു. മറ്റു മുതിർന്ന നേതാക്കളായ സി ടി രവി, സദാനന്ദ ഗൗഡ, പ്രതാപ് സിൻഹ എന്നിവർക്കും സീറ്റ് നിഷേധിച്ചു.
തെലങ്കാന
തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടയില്‍ കോണ്‍ഗ്രസിന് ആശ്വാസം നല്‍കിയ സംസ്ഥാനമാണ് തെലങ്കാന. ആന്ധ്രാ വിഭജനത്തിനുശേഷം ആദ്യമായി അവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തി. ബിജെപിയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അന്ന് തെലങ്കാന രാഷ്ട്ര സമിതി(ടി ആർ എസ്) യായിരുന്ന കെ ചന്ദ്രശേഖര റാവുവിന്റെ ഇപ്പോഴത്തെ ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്)ക്ക് ഒമ്പത് സീറ്റും ബിജെപിയ്ക്ക് നാല് സീറ്റും ലഭിച്ചു. കോണ്‍ഗ്രസിന് മൂന്ന് സീറ്റായിരുന്നു ലഭിച്ചത്.
13 ശതമാനം വോട്ട് നേടിയ ബിജെപി എട്ട് സീറ്റിലാണ് കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിൽ വിജയിച്ചത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒരു സീറ്റ് നേടിയ ബിജെപി 2019 ആകുമ്പോഴേക്കും നില മെച്ചപ്പെടുത്തി സീറ്റുകളുടെ എണ്ണം നാലാക്കി ഉയർത്തിയിരുന്നു.
ഇത്തവണ സംസ്ഥാന ഭരണം പിടിച്ചതോടെ, കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ബിജെപിയ്ക്ക് നാല് സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോയെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശില്‍ ബിജെപിയ്ക്ക് ഇത്തവണ രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് ലോക്‌സഭയില്‍ പരമാവധി സീറ്റുകള്‍ നേടുക. സംസ്ഥാനത്ത് തെലുങ്ക് ദേശം പാര്‍ട്ടിയോട് ചേര്‍ന്ന് അധികാരത്തിലെത്തുക. ഇതിന്റെ ഭാഗമായാണ് ചന്ദ്രബാബു നായിഡുവുമായും പവന്‍ കല്യാണിന്റെ ജനസേനയുമായി സഖ്യമുണ്ടാക്കിയത്.
ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയ്തത് വൈഎസ്ആര്‍ കോണ്‍ഗ്രസായിരുന്നു. 25 ല്‍ 22 സീറ്റ്. ടിഡിപിയ്ക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിനും ബിജെപിയ്ക്കും സീറ്റൊന്നും ലഭിച്ചില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 49.89 ശതമാനം വോട്ടാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലഭിച്ചത്. 40 ശതമാനം ടിഡിപിയ്ക്കും. ബിജെപിയ്ക്ക് ഒരു ശതമാനത്തില്‍ താഴെ മാത്രം വോട്ടാണ് ലഭിച്ചത്. ജനസേവ പാര്‍ട്ടിക്ക് അഞ്ച് ശതമാനം വോട്ട് ലഭിച്ചു. ഈ മൂന്ന് പാര്‍ട്ടികളുടെ സഖ്യത്തിന് മുന്നേറാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അങ്ങനെ തെക്കേ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
തമിഴ്‌നാട്
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ എം കെ സ്റ്റാലിന്റെ ഡി എം കെക്കെതിരായ ഭരണവിരുദ്ധ വികാരങ്ങൾ മുതലെടുക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു സീറ്റ് ഒഴികെ ബാക്കിയെല്ലാം സ്വന്തമാക്കിയ ഡിഎംകെയെ അത്ര എളുപ്പത്തിൽ വീഴ്ത്താനാകുമോയെന്നത് ചോദ്യമാണ്.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയുടെ നേതൃത്വത്തിൽ വലിയ ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്ന് ജനവിധി തേടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എ ഐ എ ഡി എം കെയുടെ ദുർബലത വോട്ടാക്കി മറിക്കാമെന്നും ബിജെപി കരുതുന്നുണ്ട്. ഒപ്പം വിജയ് യുടെ രാഷ്ട്രീയപ്രവേശനമുണ്ടാക്കുന്ന അലയൊലികൾ വേറെയും. എന്നിരുന്നാലും ചെങ്കോലും പ്രധാനമന്ത്രിയുടെ പതിവ് സന്ദർശനവും തമിഴ് സംസ്കാരവും പാരമ്പര്യവുമെല്ലാം പരമാവധി ഉപയോഗപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുണ്ട്.