തിരഞ്ഞെടുപ്പ് ചിത്രത്തിലില്ലാതെ 'ലാൽ' കുടുംബാംഗങ്ങൾ; ഹരിയാന രാഷ്ട്രീയത്തിലെ ആധിപത്യം അവസാനിച്ചോ ?
ഹരിയാനയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇത്തവണ അപൂർണമാണ്. സംസ്ഥാന രാഷ്ട്രീയ ചിത്രത്തിൽ ആധിപത്യം പുലർത്തിയിരുന്ന പ്രമുഖ 'ലാൽ' കുടുംബങ്ങൾ ഇത്തവണയില്ല എന്നത് തന്നെയാണ് ഇതിനു പിന്നിലെ കാര്യം. മൂന്ന് പതിറ്റാണ്ടായി ഹരിയാനയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമാണ് ഈ മൂന്ന് കുടുംബങ്ങളും.
ഹരിയാന മുൻ മുഖ്യമന്ത്രിമാരായ ബൻസി ലാൽ, ഭജൻ ലാൽ, മുൻ ഉപപ്രധാനമന്ത്രി ദേവി ലാൽ എന്നിവരുടെ കുടുംബങ്ങളായിരുന്നു ഹരിയാന രാഷ്ട്രീയത്തിലെ സ്വാധീനശക്തികൾ . രണ്ട് ലാൽ കുടുംബങ്ങൾ കാൽ നൂറ്റാണ്ടിനിടെ ആദ്യമായി തിരഞ്ഞെടുപ്പിന്റെ ഭാഗമാകാതെ വരുമ്പോൾ ഒപ്പമുള്ള മറ്റൊരു 'ലാൽ' കുടുംബം ഇനിയും പിൻവാങ്ങാതെ തിരഞ്ഞെടുപ്പു ചിത്രത്തിൽ നിലകൊള്ളുന്നുണ്ട്, കുറച്ച് നാടകീയമായാണെന്ന് മാത്രം.
ഹരിയാന തിരഞ്ഞെടുപ്പിലെ ലാൽ ചരിത്രം
മുൻ ഹരിയാന മുഖ്യമന്ത്രിമാരായ ബൻസി ലാലിൻ്റെയും ഭജൻ ലാലിൻ്റെയും കുടുംബങ്ങൾ ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി തുടർച്ചയായി പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു.1996 മുതൽ ബൻസി ലാലിൻ്റെ കുടുംബവും 1998 മുതൽ ഭജൻ ലാലിൻ്റെ കുടുംബവും എല്ലാ തിരഞ്ഞെടുപ്പുകളുടെയും ഭാഗമാകാറുണ്ട്. എന്നാൽ ഇത്തവണ മത്സരരംഗത്ത് ഈ രണ്ട് കുടുംബങ്ങളിൽ നിന്നും സ്ഥാനാർത്ഥികളില്ല. എന്നിരുന്നാലും, ഹരിയാനയുടെ രാഷ്ട്രീയത്തിൽ അവരുടെ സ്വാധീനം ഇപ്പോഴും ശക്തമാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
കുറച്ച് കൂടി നാടകീയമാണ് മൂന്നാം ലാൽ കുടുംബത്തിന്റെ കഥ. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിൻ്റെ കുടുംബമാണിത്. ഈ കുടുംബത്തിൽ നിന്ന് നാല് അംഗങ്ങൾ ഇത്തവണ മത്സര രംഗത്തുണ്ട്. ഇവരിൽ മൂന്ന് പേർ ഹിസാർ മണ്ഡലത്തിൽ നിന്ന് വിവിധ പാർട്ടികളുടെ ടിക്കറ്റിൽ പരസ്പരം ഏറ്റുമുട്ടുകയാണ് ചെയ്യുന്നത്.
ഭജൻ ലാലിൻ്റെ കുടുംബം
1968-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് കൊണ്ടാണ് ഭജൻ ലാലിൻറെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിക്കുന്നത്. 1989-ലാണ് അദ്ദേഹം ഫരീദാബാദിൽ നിന്ന് ആദ്യമായി പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. 1991, 1996 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം മത്സരിച്ചില്ലെങ്കിലും 1998-ൽ കർണാൽ ലോക്‌സഭാ സീറ്റിൽ നിന്ന് മത്സരിക്കുകയും ജയിക്കുകയും ചെയ്തു. അതിനുശേഷം എല്ലാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥിരമായി മത്സരിച്ചിട്ടുണ്ട്. 2007-ൽ, ഭജൻ ലാൽ ഹരിയാന ജൻഹിത് കോൺഗ്രസ് (HJC) സ്ഥാപിച്ചിരുന്നു.
ഭജൻ ലാലിൻ്റെ മകൻ കുൽദീപ് ബിഷ്‌ണോയി, കുൽദീപിൻ്റെ മകൻ ഭവ്യ ബിഷ്‌ണോയ് തുടങ്ങിയവരാണ് പ്രധാനമായും കുടുംബത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ പങ്കാളികൾ ആയിരുന്നത്. 2011-ലാണ് ഭജൻ ലാൽ അന്തരിക്കുന്നത്. അടുത്ത കാലത്തായി കുടുംബം മുഴുവൻ ബിജെപിയിൽ ചേർന്നിരുന്നു.
ഇത്തവണ കുൽദീപ് ബിഷ്‌ണോയിയുടെ ആവശ്യങ്ങൾ അവഗണിച്ച് ഹിസാറിൽ ദേവി ലാലിൻ്റെ മൂന്നാമത്തെ മകൻ രഞ്ജിത് സിംഗ് ചൗട്ടാലയെ സ്ഥാനാർഥിയാക്കിയതോടെയാണ് ഭജൻ ലാൽ കുടുംബം തിരഞ്ഞെടുപ്പിൽ നിന്ന് പുറത്താകുന്നത്. അതേസമയം ബിഷ്‌ണോയിയുടെ മൂത്ത സഹോദരൻ ചന്ദർ മോഹനെ തഴഞ്ഞ് ഹിസാറിൽ മൂന്ന് തവണ എംപിയായ ജയ് പ്രകാശിനെയാണ് കോൺഗ്രസ് തിരഞ്ഞെടുത്തത്.
ബൻസിലാൽ
അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ൽ ഭിവാനിയിൽ നിന്നാണ് കോൺഗ്രസ് ടിക്കറ്റിൽ ബൻസി ലാൽ തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ വൻ പരാജയമാണ് അന്നദ്ദേഹം ഏറ്റുവാങ്ങിയത്. ഇതേ സീറ്റിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി ബൻസി ലാൽ 1980 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നാലെ ബൻസി ലാൽ ഹരിയാന വികാസ് പാർട്ടി (HVP) രൂപീകരിച്ചു. അദ്ദേഹത്തിൻ്റെ മകൻ സുരേന്ദർ സിംഗ് ഇതിനകം രാജ്യസഭാംഗമായിരുന്നു .
പിന്നാലെ അദ്ദേഹത്തിന്റെ കുടുംബം എല്ലാ തിരഞ്ഞെടുപ്പുകളുടെയും ഭാഗമാകാൻ തുടങ്ങി. ബൻസി ലാലിൻ്റെ മക്കളായ രൺബീർ സിംഗ്, സുരേന്ദർ സിംഗ് എന്നിവരായിരുന്നു തിരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്ന കുടുംബാംഗങ്ങൾ.
2005-ൽ മകൻ സുരേന്ദർ സിംഗ് ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. 2006-ൽ ബൻസി ലാലും അന്തരിച്ചു. പിന്നാലെ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി തുടങ്ങിയത് സുരേന്ദറിന്റെ മകൾ ശ്രുതി ചൗധരിയായിരുന്നു. 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ ശ്രുതി ചൗധരി കോൺഗ്രസ് സ്ഥാനാർത്ഥിയായി ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ സീറ്റിൽ വിജയിച്ചിരുന്നു. എന്നാൽ 2014, 2019 പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിൽ വമ്പിച്ച പരാജയം ഏറ്റുവാങ്ങി. കോൺഗ്രസ് ഇത്തവണ ശ്രുതിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് കുടുംബം ഈ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാതെ പോയത്. ശ്രുതി ചൗധരിക്ക് പകരം റാവു ദൻ സിംഗിനെ ഭിവാനി-മഹേന്ദർഗഡ് സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു.
ദേവിലാൽ കുടുംബം
വ്യത്യസ്ത പാർട്ടികൾക്ക് കീഴിലാണെങ്കിലും ഇത്തവണ ദേവിലാൽ കുടുംബാംഗങ്ങൾ മത്സര രംഗത്തുണ്ട്. ജനതാ പാർട്ടി (സെക്കുലർ) സ്ഥാനാർത്ഥിയായാണ് തൻ്റെ ആദ്യ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ദേവിലാൽ മത്സരിക്കുന്നത്. ഓം പ്രകാശ് ചൗട്ടാല, പ്രതാപ് സിംഗ്, ജഗദീഷ് സിംഗ്, രഞ്ജിത്ത് സിങ് ദേവിലാന്റെ മക്കൾ. ഒപ്പം അദ്ദേഹത്തിന്റെ ചെറുമകൻ അജയ് സിംഗ് ചൗട്ടാല, അജയ് ചൗട്ടാലയുടെ മകൻ ദുഷ്യന്ത് ചൗട്ടാല തുടങ്ങിയവരും ദേവി ലാൽ കുടുംബത്തിൽ നിന്ന് മത്സര രംഗത്ത് ഉണ്ടാകാറുണ്ട്.
നൈന ചൗട്ടാല (അജയ് ചൗട്ടാലയുടെ ഭാര്യ), പ്രതാപ് സിങ്ങിൻ്റെ മരുമകൾ സുനൈന ചൗട്ടാല (രവി ചൗട്ടാലയുടെ ഭാര്യ), ഓം പ്രകാശ് ചൗട്ടാലയുടെ ഇളയ മകൻ അഭയ് ചൗട്ടാല തുടങ്ങിയവരും ഇത്തവണ കുടുംബത്തിൽ നിന്ന് മത്സര രംഗത്തുണ്ട്.
ഇത്തവണ തിരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നില്ലെങ്കിലും മൂന്ന് കുടുംബങ്ങൾക്കും ഹരിയാന രാഷ്ട്രീയത്തിൽ ശക്തമായ പിടിയുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ എല്ലാ കുടുംബങ്ങളും കൂടുതൽ സജീവമായി മടങ്ങിവരുമെന്നും ചില വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. കാൽ നൂറ്റാണ്ടിന്റെ പഴക്കമുള്ള ഇവരുടെ അന്ത്യം അത്ര പെട്ടെന്ന് പ്രതീക്ഷിക്കാനാവില്ലെന്നാണ് ഈ കൂട്ടരുടെ പക്ഷം.