ഘർവാപസി കൊണ്ട് കാര്യമുണ്ടായില്ല; ചോദിച്ച സീറ്റ് കിട്ടാതെ ബിജെപിയോട് ഇടഞ്ഞ്‌ ജഗദീഷ് ഷെട്ടാർ, ഈശ്വരപ്പയ്ക്കും അതൃപ്തി

ഘർവാപസി കൊണ്ട് കാര്യമുണ്ടായില്ല; ചോദിച്ച സീറ്റ് കിട്ടാതെ ബിജെപിയോട് ഇടഞ്ഞ്‌ ജഗദീഷ് ഷെട്ടാർ, ഈശ്വരപ്പയ്ക്കും അതൃപ്തി

ജഗദീഷ് ഷെട്ടാറിനു ബെലഗാവിയിൽ ടിക്കറ്റ് നൽകിയേക്കും. മകൻ കാന്തേഷിനു  ടിക്കറ്റ് കിട്ടാത്തതിൽ യെദ്യൂരപ്പ കുടുംബത്തെ പഴിച്ച് ഈശ്വരപ്പ
Updated on
2 min read

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു  സീറ്റ് നിഷേധിച്ചതിനെ തുടർന്ന്  ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്ന്  വീണ്ടും  മാതൃ സംഘടനയിലേക്ക് മടങ്ങിയ ജഗദീഷ് ഷെട്ടാറിനു ചോദിച്ച ലോക്സഭാ മണ്ഡലം കൊടുക്കാതെ ബിജെപി ദേശീയ നേതൃത്വം. ഹുബ്ബള്ളി - ധാർവാഡ്, ഹാവേരി മണ്ഡലങ്ങൾ ആയിരുന്നു ജഗദീഷ് ഷെട്ടാർ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാൽ ബിജെപിയുടെ കർണാടകയിലെ ആദ്യ ഘട്ട പട്ടികയിൽ ഈ രണ്ടു മണ്ഡലങ്ങളിലും  മറ്റു സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു.

ഹുബ്ബള്ളി - ധാർവാഡ് മണ്ഡലത്തിൽ സിറ്റിങ് എം പി പ്രൽഹാദ്‌ ജോഷിയും  ഹാവേരിയിൽ  കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയുമാണ്  സ്ഥാനാർഥികൾ. ബെലഗാവി മണ്ഡലം നൽകാൻ ബിജെപി തയ്യാറാണെങ്കിലും  ഈ മണ്ഡലത്തിൽ ജയസാധ്യത കുറവായതിനാൽ ഷെട്ടാറിനു വലിയ താല്പര്യമില്ല. ബെലഗാവിയല്ലാതെ മറ്റൊരു മണ്ഡലം നൽകാൻ ബിജെപി യുടെ കയ്യിലുമില്ല. ഇതോടെ  കോൺഗ്രസിൽ നിന്ന് കഴിഞ്ഞ ജനുവരിയിൽ നടത്തിയ 'ഘർവാപസി'  കൊണ്ട്   ഷെട്ടാറിനു വലിയ പ്രയോജനം ഇല്ലാതായിരിക്കുകയാണ്.

ജഗദീഷ് ഷെട്ടാർ  കോൺഗ്രസിലേക്ക് പോയപ്പോൾ
ജഗദീഷ് ഷെട്ടാർ കോൺഗ്രസിലേക്ക് പോയപ്പോൾ

കോൺഗ്രസ് ഇതേ ടിക്കറ്റ് നൽകിയെങ്കിലും  ബിജെപി സ്ഥാനാർഥിയോട് ഷെട്ടാർ പരാജയപ്പെട്ടു. തുടർന്ന്  കോൺഗ്രസ് ലെജിസ്ളേറ്റിവ് കൗൺസിലിൽ അംഗത്വം നൽകുകയായിരുന്നു . കോൺഗ്രസുമായി ഒരുവിധ പ്രശ്നങ്ങളും ഇല്ലാതെ മുന്നോട്ടുപോയ  ഷെട്ടാർ ഒരു സുപ്രഭാതത്തിൽ മാതൃസംഘടനയിലേക്കു മടങ്ങി പോകുകയായിരുന്നു. ബി എസ് യെദ്യുരപ്പയുടെ മകനും ബിജെപി അധ്യക്ഷനുമായ ബി വൈ വിജയേന്ദ്രയായിരുന്നു ഷെട്ടാറിന്റെ ഘർവാപ്പസിക്ക്  ചുക്കാൻ പിടിച്ചത്. ബിജെപി വച്ച് നീട്ടുന്ന ബെലഗാവി ടിക്കറ്റ്  തിരസ്കരിക്കുമെന്ന സൂചനയാണ് ഷെട്ടറിനോട്   അടുത്ത വൃത്തങ്ങൾ നൽകുന്നത്. അങ്ങനെയെങ്കിൽ  രാഷ്ട്രീയത്തിൽ നിന്ന് എന്നെന്നേക്കുമായി വിരമിക്കേണ്ട സാഹചര്യം ജഗദീഷ് ഷെട്ടാറിനു വന്നു ചേരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

സ്ഥാനാർഥിപട്ടികയിൽ അതൃപ്തി രേഖപ്പെടുത്തിയ ഷെട്ടാർ തന്റെ അനുയായികളുടെയും അനുഭാവികളുടെയും യോഗം വിളിച്ച് ഇന്ന് ഭാവി പരിപാടി തീരുമാനിക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിടാൻ ഇന്ന് ബെംഗളുരുവിലെത്തുന്ന  പ്രധാനമന്ത്രിയെയും  ഒപ്പമുള്ള ദേശീയ നേതാക്കളെയും ഷെട്ടാർ കണ്ടേക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷം നടന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ബിജെപി ടിക്കറ്റ്  നിഷേധിച്ചതിനെ തുടർന്നായിരുന്നു ജഗദീഷ് ഷെട്ടാർ പാർട്ടി വിട്ടതും കോൺഗ്രസിൽ ചേക്കേറിയതും.

ജഗദീഷ്  ഷെട്ടാർ  ബിജെപിയിലേക്ക് തിരിച്ചു വന്നപ്പോൾ
ജഗദീഷ് ഷെട്ടാർ ബിജെപിയിലേക്ക് തിരിച്ചു വന്നപ്പോൾ

ജഗദീഷ് ഷെട്ടാറിനു  സമാനമായി  ടിക്കറ്റ് നിഷേധത്തിൽ കലാപക്കൊടി ഉയർത്തിയ ആളാണ്  മുതിർന്ന നേതാവ് കെ എസ് ഈശ്വരപ്പ. തനിക്കു സീറ്റില്ലെങ്കിൽ മകൻ കാന്തേഷിനു സീറ്റു നൽകണമെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പ്  കാലത്ത്  ഈശ്വരപ്പ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്ന ഉറപ്പു നൽകിയാണ് അന്ന്  ഈശ്വരപ്പയുടെ ഇറങ്ങിപ്പോക്ക്  ബിജെപി തടഞ്ഞത്.

എന്നാൽ കാന്തേഷിനായി ഈശ്വരപ്പ മോഹിച്ച ഹാവേരി  മണ്ഡലത്തിൽ ഏവരെയും ഞെട്ടിച്ചു  മുൻ മുഖ്യമന്ത്രിയും നിലവിൽ എം എൽ എയുമായ ബസവരാജ്‌ ബൊമ്മെയെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ്  ഈശ്വരപ്പയും  നേതൃത്വത്തിന് നേരെ തിരിഞ്ഞിരിക്കുന്നത്. ബി എസ് യെദ്യുരപ്പയും മകനും ഉൾപ്പെടുന്ന കുടുംബമാണ്  സീറ്റു നിഷേധത്തിനു പിന്നിലെന്ന് കുറ്റപ്പെടുത്തി   ഈശ്വരപ്പ പരസ്യമായി  രംഗത്തു വന്നു കഴിഞ്ഞു.

കെ എസ് ഈശ്വരപ്പ
കെ എസ് ഈശ്വരപ്പ

കാന്തേഷിനു  എം എൽ സി സ്ഥാനം നൽകി സമാധാനിപ്പിക്കാനുള്ള നീക്കം ദേശീയ നേതൃത്വം നടത്തുന്നുണ്ട് . എന്നാൽ ഇത്തവണ ആരുടേയും വാക്ക്‌ വിശ്വസിച്ചു ഇളിഭ്യനാകാനില്ലെന്നാണ്  ഈശ്വരപ്പയുടെ നിലപാട്. ശിവമോഗയിലെ പാർട്ടി അനുഭാവികളുടെ യോഗം വിളിച്ച്‌ ചേർത്ത്  ശക്തി പ്രകടിപ്പിക്കാനും ഭാവി നീക്കങ്ങൾ പ്രഖ്യാപിക്കാനും ഒരുങ്ങുകയാണ് ഈശ്വരപ്പ.

മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പുതുമുഖങ്ങളെ പരീക്ഷിക്കുന്ന നയത്തിന്റെ ഭാഗമായായിരുന്നു  ബിജെപി ഹൈക്കമാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇരുവർക്കും ടിക്കറ്റ് നിഷേധിച്ചത്. എന്നാൽ ഇരു നേതാക്കളുടെയും അനുയായികളും മണ്ഡലത്തിലെ സാധാരണ പ്രവർത്തകരും വോട്ടർമാരും ടിക്കറ്റ് നിഷേധത്തിനെതിരെ രംഗത്തു വരികയായിരുന്നു . 

logo
The Fourth
www.thefourthnews.in