സ്ഥാനാർഥിത്വം ലഭിച്ചത് വനിതാ സംവരണ ബില്‍ കാരണം; സുഭാഷ് ചന്ദ്രബോസിനെ 'പ്രധാനമന്ത്രിയാക്കിയതിന്' പിന്നാലെ വീണ്ടും കങ്കണ
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസ്താവനയിൽ വീണ്ടും വിവാദത്തിലായി ബോളിവുഡ് നടി കങ്കണ റണാവത്ത്. വനിതാ സംവരണ ബില്ലിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് മത്സരിക്കാൻ ബിജെപി ടിക്കറ്റ് കിട്ടിയതെന്ന പ്രസ്താവനയാണ് വിമര്‍ശനത്തിന് വഴിവെച്ചത്. വനിതാ സംവരണ ബിൽ ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ലെന്നിരിക്കയാണ് കങ്കണയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്ര ബോസാണെന്ന കങ്കണയുടെ പ്രസ്താവന വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
മാർച്ച് 24 നാണ് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽനിന്നുള്ള സ്ഥാനാർഥിയായി കങ്കണ റണാവത്തിനെ ബിജെപി പ്രഖ്യാപിച്ചത്. മാണ്ഡിയിലെ ബാൽ ഗ്രാമത്തിൽ അടുത്തിടെ ഒരു പൊതുപ്രസംഗത്തിനിടെയാണ് വനിതാ സംവരണ ബില്ലിനെ കുറിച്ച് കങ്കണ സംസാരിച്ചത്. "സ്ത്രീകൾക്ക് 30 ശതമാനം സംവരണം നൽകുന്ന വനിതാ സംവരണ ബില്ലാണ് (ലോക്സഭയിൽ) എനിക്ക് ഇന്ന് ഈ വേദി ലഭിക്കാൻ കാരണം. അതുകൊണ്ടാണ് മാണ്ഡിയിൽനിന്നുള്ള നിങ്ങളുടെ മകൾക്ക് ഇങ്ങനെ ഒരു വേദി ലഭിച്ചത്," കങ്കണ റണാവത്ത് പറഞ്ഞു.
നിയമനിർമ്മാണ സഭകളിൽ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ സെപ്തംബർ 20 ന് ലോക്സഭയിൽ പാസ്സാക്കിയെങ്കിലും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. നാരി ശക്തി വന്ദൻ അധിനിയം എന്നറിയപ്പെടുന്ന വനിതാ സംവരണ ബിൽ 2029 വരെ നടപ്പാക്കാൻ സാധ്യതയില്ലെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നയരൂപീകരണത്തില്‍ ജനപ്രതിനിധികളായി സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് വനിതാ സംവരണ ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം സുഭാഷ് ചന്ദ്ര ബോസിനെ കുറിച്ച് നടത്തിയ പരാമർശവും സമാനമായി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. "ആദ്യം ഞാൻ ഇത് ക്ലിയർ ചെയ്യട്ടെ, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് എവിടെ പോയി?" എന്നായിരുന്നു കങ്കണയുടെ ചോദ്യം. അവതാരക തിരുത്താൻ ശ്രമിച്ചെങ്കിലും കങ്കണ തുടർന്നു "ഇല്ല, ദയവായി ഇത് ഇന്ന് വ്യക്തമാക്കൂ. അദ്ദേഹം എവിടെ പോയി?"
സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഇതിന് പിന്നാലെ ഉണ്ടായത്. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും രണ്ട് വർഷം മുൻപ് തന്നെ 1945 ഓഗസ്റ്റ് 18 ന് സുഭാഷ് ചന്ദ്രബോസ് അന്തരിച്ചിരുന്നു.