'ഹോം ഗ്രൗണ്ട്' നഷ്ടപ്പെട്ട് ശരദ് പവാര്‍; നാല്‍പ്പത് വര്‍ഷത്തെ ശീലം മാറ്റി, ബാരാമതിയിലെ കൊട്ടിക്കലാശം അതിവൈകാരികം

'ഹോം ഗ്രൗണ്ട്' നഷ്ടപ്പെട്ട് ശരദ് പവാര്‍; നാല്‍പ്പത് വര്‍ഷത്തെ ശീലം മാറ്റി, ബാരാമതിയിലെ കൊട്ടിക്കലാശം അതിവൈകാരികം

ബാരാമതിയില്‍ എന്‍സിപിയുടെ സുപ്രിയ സുലെയെ നേരിടാന്‍ അജിത് പവാര്‍ പക്ഷം രംഗത്തിറക്കിയത് അജിത്തിന്റെ ഭാര്യ സുനേത്രയെയാണ്.
Updated on
2 min read

തിരഞ്ഞെടുപ്പ് പ്രചാരണ രംഗങ്ങള്‍ പലപ്പോഴും അതിനാടകീയമായ സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞതായിരിക്കും. അങ്ങനെയൊരു കാഴ്ചയ്ക്കാണ് മഹാരാഷ്ട്രയിലെ ബാരാമതി ലോക്‌സഭ മണ്ഡലം തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടില്‍ സാക്ഷ്യം വഹിച്ചത്. പവാര്‍ കുടുംബത്തിലെ രണ്ട് പ്രമുഖ വനിതകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ബാരാമതിയില്‍ എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന്റെ അവസാന തിരഞ്ഞെടുപ്പ് റാലി വൈകാരിക നിമിഷങ്ങള്‍ നിറഞ്ഞതായിരുന്നു. ശരദ് പവാര്‍ 'പതിവ്' തെറ്റിച്ചാണ് റാലി നടത്തിയത് തന്നെ. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ശരദ് പവാര്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ അവസാനിപ്പിക്കുന്നത് ബാരാമതി മണ്ഡലത്തിലെ ക്രിസ്ത്യന്‍ കോളനിയിലെ ഗ്രൗണ്ടിലാണ്. ഇവിടെവെച്ച് കുടുംബത്തിന് ഉച്ചവിരുന്നും വിരുന്നും ഒരുക്കാറുണ്ട്. എന്നാല്‍, ഇത്തവണ ഈ ഗ്രൗണ്ട് അജിത് പവാര്‍ പക്ഷം ആദ്യം തന്നെ ബുക്ക് ചെയ്തിരുന്നു.

മറ്റൊരു ഗ്രൗണ്ട് തേടിയിറങ്ങിയ ശരദ് പവാര്‍ പക്ഷം കസ്ബയിലെ ഓള്‍ഡ് മോര്‍ഗന്‍ റോഡിലെ ഗ്രൗണ്ടില്‍ വെച്ചാണ് അവസാന റാലി നടത്തിയത്. ശരദ് പവാര്‍ അതിവൈകാരികമായ പ്രസംഗമാണ് ഇവിടെ നടത്തിയത്. ''മോദി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തി എതിര്‍ത്തവരെയെല്ലാം അറസ്റ്റ് ചെയ്തു. മോദി ഏകാധിപത്യത്തിലേക്കാണ് നീങ്ങുന്നത്. ആ വഴിക്കാണ് മോദിയുടെ ചുവടുകള്‍'', ശരദ് പവാര്‍ പറഞ്ഞു. ഈ ലോക്സഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

'ഹോം ഗ്രൗണ്ട്' നഷ്ടപ്പെട്ട് ശരദ് പവാര്‍; നാല്‍പ്പത് വര്‍ഷത്തെ ശീലം മാറ്റി, ബാരാമതിയിലെ കൊട്ടിക്കലാശം അതിവൈകാരികം
'രാമക്ഷേത്രം സന്ദര്‍ശിച്ചതിന് മോശമായി പെരുമാറി'; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാര്‍ട്ടിവിട്ടു

മറുവശത്ത്, അജിത് പവാറാകട്ടെ മോദി സ്തുതികളാല്‍ തന്റെ പ്രസംഗം സമ്പുഷ്ടമാക്കി. ശരദ് പവാര്‍ പക്ഷത്തെ കടന്നാക്രമിച്ച അജിത്, മഹാരാഷ്ട്രയില്‍ വികസനം കൊണ്ടുവന്നത് മോദിയാണെന്നും ഇത്തവണയും എന്‍ഡിഎ സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും അവകാശപ്പെട്ടു. റാലികളില്‍ ആളെക്കൂട്ടാന്‍ ഇരു പാര്‍ട്ടികളും വലിയ തോതില്‍ ശ്രമിച്ചിരുന്നു. എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് ശക്തിപകരാന്‍ കോണ്‍ഗ്രസും ശിവസേന ഉദ്ദവ് താക്കറെ പക്ഷവും മത്സരിച്ചപ്പോള്‍ അജിത് പവാര്‍ പക്ഷത്തിന് കരുത്തേകാന്‍ ബിജെപിയും ശിവസേന ഷിന്‍ഡെ പക്ഷവും വിയര്‍പ്പൊഴുക്കി.

മൂന്നാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവുംകൂടുതല്‍ ജനശ്രദ്ധ പതിഞ്ഞ മണ്ഡലങ്ങളിലൊന്നാണ് ബാരാമതി. എന്‍സിപിയുടെ സുപ്രിയ സുലെയെ നേരിടാന്‍ അജിത് പവാര്‍ പക്ഷം രംഗത്തിറക്കിയത് അജിത്തിന്റെ ഭാര്യ സുനേത്രയെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം സുനേത്രയ്ക്ക് വേണ്ടി പ്രചാരണത്തിനെത്തി.

'ഹോം ഗ്രൗണ്ട്' നഷ്ടപ്പെട്ട് ശരദ് പവാര്‍; നാല്‍പ്പത് വര്‍ഷത്തെ ശീലം മാറ്റി, ബാരാമതിയിലെ കൊട്ടിക്കലാശം അതിവൈകാരികം
ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ഥി പോലുമില്ല; ഗുജറാത്തില്‍ ന്യൂനപക്ഷത്തെ അകറ്റിനിര്‍ത്തി കോണ്‍ഗ്രസും

മറുവശത്ത്, സുപ്രിയയ്ക്ക് വണ്ടി ശരദ് പവാര്‍ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുകയാണ്. 2004 വരെ ശരദ് പവാര്‍ പ്രതിനിധീകരിച്ച മണ്ഡലത്തില്‍ 2009-ലാണ് സുപ്രിയ മത്സരിച്ചു തുടങ്ങിയത്. 2009 മുതല്‍ 2019 വരെയും ജയം സുപ്രിയയ്ക്ക് ഒപ്പമായിരുന്നു. ഇത്തവണ പക്ഷേ, രണ്ട് എന്‍സിപികളും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ മണ്ഡലത്തിലെ ജനങ്ങള്‍ ഏതു പക്ഷത്തെ തിരഞ്ഞെടുക്കും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. 1,55,774 വോട്ടിനാണ് കഴിഞ്ഞ തവണ സുപ്രിയ വിജയിച്ചത്.

എംഎല്‍എമാരും നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമാണെന്ന് അജിത് പവാര്‍ പക്ഷം അവകാശപ്പെടുന്നു. എന്നാല്‍, ശരദ് പവാറിന്റെ 'ലഗസിയിലാണ്' ശരദ് പക്ഷം പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന നേതാവാണ് ശരദ് പവാറെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

logo
The Fourth
www.thefourthnews.in