യദുവീർ ചാമരാജ വഡിയാർ മൈസൂരുവിൽ, ബൊമ്മെ ഹാവേരിയിൽ; ദേവെ ഗൗഡയുടെ മരുമകന് താമരചിഹ്നം, കർണാടകയിലെ ബിജെപി സ്ഥാനാർഥികള്‍

യദുവീർ ചാമരാജ വഡിയാർ മൈസൂരുവിൽ, ബൊമ്മെ ഹാവേരിയിൽ; ദേവെ ഗൗഡയുടെ മരുമകന് താമരചിഹ്നം, കർണാടകയിലെ ബിജെപി സ്ഥാനാർഥികള്‍

പ്രതാപ സിൻഹയും സദാനന്ദ ഗൗഡയും നളിൻ കുമാർ കാട്ടീലും കർണാടകയിലെ സ്ഥാനാർഥി പട്ടികയിൽ നിന്ന് പുറത്തായി
Updated on
2 min read

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ജനവിധി തേടുന്ന ബിജെപി സ്ഥാനാർഥികളിൽ മൈസൂർ രാജാവ് യദുവീർ കൃഷ്ണ ചാമരാജ വഡിയാറും മുൻ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയും. ബിജെപി ഹൈക്കമാൻഡ് പുറത്തു വിട്ട രണ്ടാമത്തെ പട്ടികയിലാണ് കർണാടകയിലെ 20   മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മൈസൂരു - കുടഗ് മണ്ഡലത്തിൽ നിന്നാണ് മൈസൂർ കൊട്ടാരത്തിലെ രാജാവിന്റെ പിന്മുറക്കാരൻ യദുവീർ കൃഷ്ണ ചാമരാജ വൊഡയാർ സ്ഥാനാർഥിയായെത്തുന്നത്.

സിറ്റിങ് എംപി പ്രതാപ് സിംഹക്കു ടിക്കറ്റ് നിഷേധിച്ചാണ് രാജ കുടുംബാംഗത്തിനു  ബിജെപി ടിക്കറ്റുറപ്പാക്കിയത്. ടിക്കറ്റ് നിഷേധത്തിനെതിരെ പ്രതാപ് സിൻഹ പരസ്യമായി രംഗത്തെത്തുകയും മണ്ഡലത്തിൽ വോട്ടർമാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഹൈക്കമാൻഡ് തീരുമാനത്തിൽ സിൻഹ മാറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പാർലമെന്റിനകത്ത് അതിക്രമിച്ചു കടന്ന പ്രതികൾക്ക് സന്ദർശക പാസ് ഒപ്പിട്ടു നൽകിയത് വിവാദമായതോടെ ബിജെപി പ്രതാപ് സിൻഹയെ തഴയാൻ തീരുമാനിച്ചിരുന്നു.  

വിജയ സാധ്യത ഇല്ലാത്ത സ്ഥാനാർഥികളെ തഴയാൻ തീരുമാനിച്ചതോടെയാണ് കർണാടക നിയമസഭാംഗമായിട്ടും മുൻ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയെ പോർക്കളത്തിലിറക്കാൻ ബിജെപി തീരുമാനിച്ചത്. സിറ്റിങ് സീറ്റായ ഷിഗാവ് ഉൾപ്പെടുന്ന ഹാവേരി ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ബൊമ്മെ ജനവിധി തേടുക .

യദുവീർ ചാമരാജ വഡിയാർ മൈസൂരുവിൽ, ബൊമ്മെ ഹാവേരിയിൽ; ദേവെ ഗൗഡയുടെ മരുമകന് താമരചിഹ്നം, കർണാടകയിലെ ബിജെപി സ്ഥാനാർഥികള്‍
തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇത്തവണയും ഞായറാഴ്ചയോ? പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നാളെ തീരുമാനിക്കും

കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ  സിറ്റിങ് സീറ്റായ ഉഡുപ്പി - ചിക്കമഗളൂരു മണ്ഡലത്തിൽ നിന്ന് ബെംഗളൂരു നോർത്തിലേക്കു മാറ്റി. ശോഭക്കെതിരെ  പാർട്ടി ഘടകത്തിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് മണ്ഡലമാറ്റം. ഇവർ ബെംഗളൂരു നോർത്തിൽ എത്തിയതോടെ മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡക്കു മണ്ഡലം നഷ്ടമായി. ഇത്തവണ ടിക്കറ്റില്ലെന്ന സൂചന കിട്ടിയതിനെ തുടർന്ന് മാസങ്ങൾക്കു മുൻപേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് സദാനന്ദ ഗൗഡ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കന്നഡ മണ്ഡലത്തിൽ സിറ്റിങ് എംപിയും മുൻ സംസ്ഥാന ബിജെപി അധ്യക്ഷനുമായ നളിൻ കുമാർ കാട്ടീലിനെയും ഒഴിവാക്കി.

ജെഡിഎസ് ദേശീയ അധ്യക്ഷൻ എച് ഡി ദേവെ ഗൗഡയുടെ മകളുടെ ഭർത്താവ് ഡോ. സി എൻ മഞ്ജുനാഥ്  താമര ചിഹ്നത്തിൽ ബെംഗളൂരു റൂറലിൽ ജനവിധി തേടുമെന്നതാണ് ബിജെപി ഹൈക്കമാൻഡിന്റെ പട്ടികയിലെ കൗതുകം. സഖ്യകക്ഷിയായ ജെഡിഎസുമായി ഉണ്ടാക്കിയ നീക്കുപോക്കിന്റെ ഭാഗമായാണ് മഞ്ജുനാഥിനെ പാർട്ടി ചിഹ്നത്തിൽ ഇറക്കാനുള്ള തീരുമാനം. ബംഗളുരുവിൽ അറിയപ്പെടുന്നഹൃദ്രോഗ വിദഗ്ധനാണ് ഡോ. സി എൻ മഞ്ജുനാഥ്.

യദുവീർ ചാമരാജ വഡിയാർ മൈസൂരുവിൽ, ബൊമ്മെ ഹാവേരിയിൽ; ദേവെ ഗൗഡയുടെ മരുമകന് താമരചിഹ്നം, കർണാടകയിലെ ബിജെപി സ്ഥാനാർഥികള്‍
400 സീറ്റെന്ന ബിജെപിയുടെ അവകാശവാദം അതിമോഹം!

കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സഹോദരൻ ഡികെ സുരേഷിനെതിരെയാണ് മണ്ഡലത്തിൽ മഞ്ജുനാഥിന്റെ കന്നി അങ്കം. ബി എസ് യെദ്യുരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര സിറ്റിങ് സീറ്റായ ശിവമോഗയിൽ നിന്ന് തന്നെ കളത്തിലിറങ്ങും. പ്രാൽഹാദ്‌ ജോഷി ധാർവാർഡിലും തേജസ്വി സൂര്യ ബെംഗളൂരു സൗത്തിലും ഭഗവന്ത് ഖൂബ ബീദറിലും വീണ്ടും മത്സരിക്കും.

ഇനി എട്ട് സീറ്റുകളിലേക്കാണ് കർണാടകയിൽ എൻഡിഎ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതിൽ രണ്ടു സീറ്റുകൾ ഘടകക്ഷിയായ ജെഡിഎസിനുള്ളതാണ്. മണ്ടിയയിൽ സിറ്റിങ് എം പി സുമലത അംബരീഷ് ബിജെപി ടിക്കറ്റ് കാത്തു നിൽക്കുന്നുണ്ടെങ്കിലും മണ്ടിയ വേണമെന്ന ജെഡിഎസിന്റെ പിടിവാശി അയയുന്ന ലക്ഷണമില്ല. മണ്ടിയയുടെ കാര്യത്തിൽ  ഉഭയക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്.

logo
The Fourth
www.thefourthnews.in