പോളിങ്ങില്‍ ഇടിവ് ഏഴ് ശതമാനത്തോളം; ആശങ്കയില്‍ മുന്നണികള്‍
പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തും ദേശീയ തലത്തിലും പോളിങ് ശതമാനത്തില്‍ വലിയ ഇടിവ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലെ കണക്ക് അനുസരിച്ച് 2019 നെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്ക് പ്രകാരം 70.35 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം 77.84 ശതമാനമായിരുന്നു പോളിങ്ങ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 19,522,259 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 9359093 പുരുഷന്‍മാരും 10,163,023 പേര്‍ സ്ത്രീകളുമാണ്. 96.76 ശതമാനം പുരുഷന്‍മാരും 70.90 ശതതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
നാല്‍പത് ദിവസത്തില്‍ അധികം നീണ്ടുനിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇത്തവണ കേരളത്തില്‍ അരങ്ങേറിയത്. എന്നാല്‍ ഈ ആവേശം വോട്ടായി മാറിയില്ലെന്നത് മുന്നണികളില്‍ ആശങ്കയ്ക്ക് ഇടായാക്കിയിട്ടുണ്ട്. കണക്കുട്ടല്‍ എവിടെ പിഴച്ചു എന്നായിരിക്കും ഇനിയുള്ള ദിവസങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരിശോധിക്കുക.
കേരളത്തിലെ 20 സീറ്റുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കായിരുന്നു രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഒന്നാം ഘട്ടവോട്ടടുപ്പിന് സമാനമായി ഇത്തവണും ദേശീയ തലത്തില്‍ പോളിങ് ശതമാനത്തില്‍ ഇടിവ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം 64.2 ശതമാനമാണ് രണ്ടാം ഘട്ടത്തിലെ പോളിങ്. 2019 ലെ കണക്കുകള്‍ പ്രകാരം ഇന്നലെ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ 69.64 ശതമാനമായിരുന്നു പോളിങ്. 102 സീറ്റുകളിലേക്ക് വോട്ടടുപ്പ് നടന്ന ഒന്നാം ഘട്ടത്തില്‍ 66 ശതമാനമായിരുന്നു പോളിങ്.