5 വർഷം കൂടി സൗജന്യ റേഷൻ, ഒരു രാജ്യം ഒരു തിരഞ്ഞടുപ്പ്, യുസിസി നടപ്പാക്കും; 
'മോദി കി ഗ്യാരണ്ടി'യുമായി ബിജെപി പ്രകടനപത്രിക

5 വർഷം കൂടി സൗജന്യ റേഷൻ, ഒരു രാജ്യം ഒരു തിരഞ്ഞടുപ്പ്, യുസിസി നടപ്പാക്കും; 'മോദി കി ഗ്യാരണ്ടി'യുമായി ബിജെപി പ്രകടനപത്രിക

ബിജെപിയുടെ വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്
Updated on
1 min read

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് എന്നിവ നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി പ്രകടനപത്രിക. അഞ്ച് വർഷം കൂടി സൗജന്യ റേഷന്‍ സംവിധാനം തുടരുമെന്നും 'സങ്കല്പ് പത്ര' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. 'മോദി കി ഗ്യാരണ്ടി' എന്ന ടാഗ്‌ ലൈനോടെയാണ് പ്രകടനപത്രിക അവതരിപ്പിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പത്രിക പുറത്തിറക്കിയത്.

ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുമെന്നും ആഗോള ഉല്‍പാദന കേന്ദ്രമാക്കുമെന്നും മോദി പ്രഖ്യാപിച്ചു. 2036 ഒളിമ്പിക്സ്‍ ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. ആഗോള തലത്തില്‍ രാമായണ ഉത്സവം സംഘടിപ്പിക്കും.

മുദ്ര യോജന ലോണ്‍ 10 ലക്ഷം രൂപയില്‍നിന്ന് 20 ലക്ഷമാക്കി ഉയർത്തും. കോടിക്കണക്കിന് കുടുംബങ്ങൾക്ക് വൈദ്യുതി സൗജന്യമാക്കാന്‍ നടപടി സ്വീകരിക്കും. വൈദ്യുതിയില്‍നിന്ന് വരുമാനം കണ്ടെത്താനുള്ള മാർഗങ്ങൾ സൃഷ്ടിക്കും.

5 വർഷം കൂടി സൗജന്യ റേഷൻ, ഒരു രാജ്യം ഒരു തിരഞ്ഞടുപ്പ്, യുസിസി നടപ്പാക്കും; 
'മോദി കി ഗ്യാരണ്ടി'യുമായി ബിജെപി പ്രകടനപത്രിക
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും 85 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവച്ച തുക ലഭിച്ചില്ല, നഷ്ടമായത് 46 കോടി

എഴുപതിനു മുകളില്‍ പ്രായമുള്ളവരെ ആയുഷ്മാന്‍ ഭാരത് യോജനയില്‍ ഉള്‍പ്പെടുത്തും. ഈ പ്രായവിഭാഗത്തിലുള്ളവർക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കും. ട്രാന്‍സ്‍ജെന്‍ഡർ വിഭാഗത്തെ ആയുഷ്മാന്‍ ഭാരത് സ്കീമില്‍ ഉള്‍പ്പെടുത്തും. ഭിന്നശേഷിക്കാർക്ക് പിഎം ഹൗസിങ് സ്കീമില്‍ മുന്‍ഗണ നല്‍കും. തമിഴ് ഭാഷ രാജ്യത്തിന്റെ അഭിമാനമാണെന്നും കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും മോദി കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും വന്ദേ ഭാരത് ട്രെയിന്‍ സൗകര്യം ലഭ്യമാക്കും. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ സർവീസ് ആരംഭിക്കും. ഇതിനായുള്ള സർവേ ഉടന്‍ തുടങ്ങും. കർഷകർക്കുള്ള പിഎം കിസാന്‍ നിധി ആനുകൂല്യങ്ങള്‍ തുടരും.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കായി മൂന്ന് കോടി വീടുകള്‍ കൂടി നിർമിച്ച് നല്‍കും. പൈപ്പുകള്‍ വഴി എല്ലാ വീടുകളിലും കുറഞ്ഞ നിരക്കില്‍ പാചക വാതകം വിതരണം ചെയ്യും. നഗരങ്ങളെ മാലിന്യ കൂമ്പാരത്തില്‍നിന്ന് മുക്തമാക്കുമെന്നും പ്രകടനപത്രി പറയുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ധനനിർമല സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്തായിരുന്നു പത്രിക പുറത്തിറക്കിയത്.

logo
The Fourth
www.thefourthnews.in