അമേഠി പഴയ അമേഠിയല്ല; സ്മൃതി ഇറാനി തകര്‍ത്ത കോണ്‍ഗ്രസ് കോട്ട, രാഹുലിന് എളുപ്പമാകുമോ?
2019 മെയ് മൂന്ന്, അമേഠിയിലെ ഗൗരിഗഞ്ചിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിലെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ചുരുക്കം ചില കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. നേതാക്കളുടെ മൊബൈല്‍ ഫോണുകളെല്ലാം സ്വിച്ച് ഓഫായിരുന്നു. എല്ലാവരുടേയും മുഖത്ത് ആഘാതത്തിന്റെ ക്ഷീണം വ്യക്തമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട നേതാവ് രാഹുല്‍ ഗാന്ധി തോറ്റിരിക്കുന്നു. 55,120 വോട്ടിന് സ്മൃതി ഇറാനി അമേഠിയുടെ മണ്ണില്‍ ബിജെപി കൊടി പാറിച്ചിരിക്കുന്നു. ആ ഞെട്ടലിന് ശേഷം, അഞ്ചുവര്‍ഷത്തിനിപ്പുറം, രാഹുല്‍ അമേഠിയിലേക്ക് തന്നെ മടങ്ങിയെത്തുന്നു. വയനാടിനൊപ്പം അദ്ദേഹം അമേഠിയില്‍ തന്നെ മത്സരിക്കുമെന്ന് ഏകദേശ ധാരണയായിക്കഴിഞ്ഞു. എന്നാല്‍, എന്താണ് ഇപ്പോഴത്തെ അമേഠിയുടെ അവസ്ഥ? ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന മണ്ഡലത്തില്‍ പാര്‍ട്ടിയുടെ നിലവിലെ സ്ഥിതി എന്താണ്?
2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി അമേഠിയില്‍ മത്സരിക്കാനെത്തുമ്പോള്‍, ആ വരവ് കോണ്‍ഗ്രസ് അത്ര കാര്യമായി എടുത്തിരുന്നില്ല. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രത്തില്‍, ഒരു ചാവേര്‍ സ്ഥാനാര്‍ഥിയായാണ് സ്മൃതിയെ ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ പോലും കരുതിയത്.
2014-ല്‍ 4,08,651 വോട്ടാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നേടിയത്. സ്മൃതി ഇറാനിക്ക് ലഭിച്ചത് 3,00748 വോട്ട്. ഭൂരിപക്ഷം ഒരു ലക്ഷമായി കുറഞ്ഞപ്പോള്‍, കോണ്‍ഗ്രസ് അപകടം മണക്കേണ്ടതായിരുന്നു. എന്നാല്‍, രാജ്യത്തെ പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അലസത, സ്മൃതിയുടെ വരവ് കാര്യമായി എടുത്തില്ല.
അമേഠിയിലെ ബിജെപിയുടെ വളര്‍ച്ച
കോണ്‍ഗ്രസ് കോട്ടയാണെന്ന് പറയുമ്പോഴും, സ്മൃതിക്കും മുന്‍പ് ഒരുതവണ ബിജെപി അമേഠിയില്‍ വിജയിച്ചിട്ടുണ്ട്. 1998-ല്‍ അമേഠി ബിജെപിക്കൊപ്പം നിന്നിട്ടുണ്ട്. ബിജെപിയുടെ സഞ്ജയ സിങ് അന്ന് കോണ്‍ഗ്രസിന്റെ സതീഷ് ശര്‍മയെ 23,270 വോട്ടിന് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീട് ബിജെപിക്ക് ചവിട്ടിനിന്ന മണ്ണ് നഷ്ടമായി. 1999-ല്‍ കന്നിയങ്കത്തിനിറങ്ങിയ സോണിയ ഗാന്ധി, സഞ്ജയ സിങിനെ വീഴ്ത്തി മണ്ഡലം തിരിച്ചുപിടിച്ചു. 2004-ലും 2009-ലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപി, 2014-ലെ മോദി തരംഗത്തില്‍ തിരിച്ചുവരവ് നടത്തി.
തന്റെ ആദ്യ തിരഞ്ഞെടുപ്പായ 2004-ല്‍ രാഹുല്‍ ഗാന്ധി നേടിയത് 3,90,179 വോട്ടാണ്. 66.18 ശതമാനം വോട്ട്. രണ്ടാം സ്ഥാനത്ത് എത്തിയ ബിഎസ്‌പി 99,326 വോട്ട് നേടി. മൂന്നാം സ്ഥാനത്തായിരുന്ന ബിജെപിക്ക് ലഭിച്ചത് വെറും 55,438 വോട്ട്. ബിജെപിക്ക് കിട്ടിയത് വെറും 9.40 ശതമാനം വോട്ട്. മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ 2009-ല്‍ അമേഠിയില്‍ നിന്ന് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ ബിഎസ്‌പി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും 93,997 വോട്ട്. ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 37,570 വോട്ട്.
2009-ല്‍ 71 ശതമാനം വോട്ട് നേടിയ രാഹുലിന് 2014-ല്‍ കിട്ടിയ വോട്ട് വിഹിതം 46.71 ശതമാനം. ഇരുപത്തിയഞ്ച് ശതമാനത്തിന്റെ കുറവ്. 2004-ല്‍ ഒന്‍പത് ശതമാനവും 2009-ല്‍ അഞ്ച് ശതമാനവും മാത്രം വോട്ട് നേടിയ ബിജെപി 2014-ല്‍ 34.38 ശതമാനം വോട്ട് നേടി. ഇരുപത്തിയെട്ട് ശതമാനത്തിന്റെ വര്‍ധനവ്.
സ്മൃതിയുടെ 'പദ്ധതി'
വന്നു പോകാന്‍ വന്നതായിരുന്നില്ല സ്മൃതി ഇറാനി. 2014-ലെ തോല്‍വിക്ക് ശേഷം, സ്മൃതി ഇറാനി അമേഠിയില്‍ നിന്ന് തിരിച്ചുപോയില്ല. മണ്ഡലത്തില്‍ തന്നെ തമ്പടിച്ചാല്‍, വിജയം ഉറപ്പാണെന്ന് സ്മൃതിക്കും ബിജെപിക്കും നിശ്ചയമുണ്ടായിരുന്നു. 2011-ല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭ എംപിയായ സ്മൃതിയെ 2014-ല്‍ നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഇതോടെ, വിവിധ കേന്ദ്ര പദ്ധതികളുമായി സ്മൃതി ഇറാനി അമേഠിയില്‍ ചുറ്റിക്കറങ്ങി. അമേഠിയില്‍ വികസനം എത്തിച്ചത് തങ്ങളാണെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ബിജെപിയുടെ ആദ്യ ശ്രമം.
ഗ്രാമങ്ങളിലേക്ക് കടന്നു ചെന്ന സ്മൃതി, സ്ത്രീകള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പാര്‍ലമെന്റിന് അകത്തും പുറത്തും രാഹുല്‍ ഗാന്ധിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. പ്രസംഗങ്ങളില്‍ അമേഠി സ്ഥിരം ചര്‍ച്ചാ വിഷയമാക്കി. കേന്ദ്ര ഫണ്ടുകള്‍ അമേഠിയിലേക്ക് ഒഴുകി. കോണ്‍ഗ്രസ് തിരിച്ചറിവിന്റെ പാതയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ അമേഠിയില്‍ ബിജെപി തങ്ങളുടെ 'ഭാവി പദ്ധതി' നടപ്പാക്കി കഴിഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കാന്‍ വേണ്ടിമാത്രം ഒരുവിഭാഗം നേതാക്കളെ ബിജെപി രംഗത്തിറക്കിയതു പോലെയായിരുന്നു പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍.
അഞ്ച് നിയമസഭ മണ്ഡലങ്ങള്‍, അഞ്ചിടത്തും കോണ്‍ഗ്രസ് പുറത്ത്
തിലോല്‍, ജഗ്ദിഷ്പുര്‍, ഗൗരിഗഞ്ച്, അമേഠി, സലോണ്‍ എന്നിങ്ങനെ അഞ്ച് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് അമേഠി ലോക്സഭ മണ്ഡലം. 2014-ല്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധിയായിരുന്നു മുന്നില്‍. 2019-ല്‍ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി പിന്നോട്ടുപോയി. നിലവില്‍ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും കോണ്‍ഗ്രസിന് എംഎല്‍എമാരില്ല. മൂന്നിടത്ത് ബിജെപിയും രണ്ടിടത്ത് സമാജ്വാദി പാര്‍ട്ടിയുമാണ്. ഇതില്‍ അമേഠി നിയമസഭ മണ്ഡലത്തില്‍ എസ്പിയാണ് വിജയിച്ചത്.
2019-ലെ വീഴ്ച
അമേഠി മണ്ഡലം സുരക്ഷിതമല്ലെന്ന് മനസിലാക്കിയ രാഹുല്‍ ഗാന്ധി മറ്റൊരു സുരക്ഷിത മണ്ഡലം കൂടി ആലോചിക്കുന്ന സമയത്താണ് കേരളത്തിലെ നേതാക്കള്‍ വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവുമായി എത്തുന്നത്. മുതിര്‍ന്ന നേതാക്കളുടെ ഉപദേശം സ്വീരിച്ച് രാഹുല്‍ അമേഠിക്കൊപ്പം വയനാട്ടിലും മത്സരിച്ചു. ഇത് ആയുധമാക്കിയ സ്മൃതിയും ബിജെപിയും വന്‍ പ്രചാരണം അഴിച്ചുവിട്ടു. തന്നെ ഭയന്നാണ് രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്ന് സ്മൃതി ഇറാനി പാടിനടന്നു. വയനാട്ടിലെ പ്രകടനങ്ങളിലെ മുസ്ലിം ലീഗ് പതാകകള്‍ പാകിസ്താന്‍ പതാകയാണെന്ന് പ്രചാരണം നടത്തി.
സുരക്ഷിത മണ്ഡലം തേടി ദക്ഷിണിന്ത്യേയിലേക്ക് വന്നത്, പ്രത്യേകിച്ച് ബിജെപിയുടെ കണ്ണിലെ കരടായ കേരളത്തിലേക്ക് വന്നത് അമേഠിയില്‍ രാഹുലിന് തിരിച്ചടിയായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വന്‍ വിദ്വേഷ പ്രചാരണവും സ്മൃതിക്ക് കൂട്ടിനുണ്ടായിരുന്നു. ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, 468,514 വോട്ട് നേടി സ്മൃതി ഇറാനി വിജയിച്ചു. 49.71 ശതമാനം വോട്ട് സ്മൃതിക്ക് ലഭിച്ചു. രാഹുല് ഗാന്ധിക്ക് ലഭിച്ചത് 413,394 വോട്ടും 43.84 ശതമാനം വോട്ടു വിഹിതവും.
കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍
എസ്പിയുമായി കൂടുതല്‍ ഉരസലുകളില്ലാതെ സീറ്റ് ധാരണയിലെത്തിയത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കോണ്‍ഗ്രസിനെ പോലെ തന്നെ സമാജ്‌വാദി പാര്‍ട്ടിക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അതിനാല്‍ എസ്പി കൂടെനില്‍ക്കും എന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 2019-ല്‍ തോറ്റെങ്കിലും രാഹുലിന്റെ വോട്ട് വിഹിതത്തില്‍ വലിയ കുറവ് സംഭവിച്ചിട്ടില്ല. 2014-ല്‍ ആണ് കോണ്‍ഗ്രസിന്റെ വോട്ട് ഷെയറില്‍ ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചത്. 71.78-ല്‍ നിന്ന് ഇരുപത്തിയഞ്ച് ശതമാനം കുറഞ്ഞ് 46.71 ശതമാനമായി. എന്നാല്‍ 2019-ല്‍ ഇത് 2.85 ശതമാനം മാത്രമേ കുറഞ്ഞിട്ടുള്ളു. 43.84 ആണ് 2019-ലെ ശതമാനം. ഇത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നു.