ലോക്‌സഭ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക്

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക്

പരസ്യപ്രചാരണം ബുധനാഴ്ച വൈകിട്ട് അവസാനിച്ചതോടെ നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലായിരുന്നു സംസ്ഥാനത്തെ എല്ലാ സ്ഥാനാര്‍ഥികളും
Updated on
2 min read

പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ്ങിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് തിരിച്ചു. പരസ്യപ്രചാരണം ബുധനാഴ്ച വൈകിട്ട് അവസാനിച്ചതോടെ നിശബ്ദപ്രചാരണത്തിന്റെ തിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്ന് സ്ഥാനാര്‍ഥികൾ. പോളിങ്ങിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സംസ്ഥാനത്ത് 25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളുമടക്കം ആകെ 25,358 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 2,77,49,159 വോട്ടര്‍മാരാണുള്ളത്. അതില്‍ 6,49,833 പേര്‍ പുതിയ വോട്ടര്‍മാരാണ്. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുണ്ട്. വോട്ടെടുപ്പിനായി സംസ്ഥാനത്ത് 25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളുമടക്കം ആകെ 25,358 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക്
'ഇന്ത്യ'യിൽ ഒന്ന്, കേരളത്തിൽ 'രണ്ട്';കടന്നാക്രമിച്ച് സിപിഎമ്മും കോണ്‍ഗ്രസും, തമ്മിലടിപ്പിച്ച് ബിജെപിയും; 'നിശബ്ദം തകൃതി'

സംസ്ഥാനത്ത് 194 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. അതില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരും (5). കോഴിക്കോട്ട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാര്‍ഥികളുമുണ്ട്.

വോട്ടവകാശമുള്ള എല്ലാവരും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ഞയ് കൗള്‍ അഭ്യർഥിച്ചു. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാകാതിരിക്കാന്‍ വോട്ട് ചെയ്യുന്ന രീതിയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു. വോട്ട് ചെയ്ത ശേഷം വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തില്‍ സുരക്ഷിതമായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാല്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് വഴി വോട്ടിങ് നില അറിയാനാകുമെന്ന് സഞ്ജയ് കൗള്‍ പറഞ്ഞു. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങള്‍ക്കു തത്സമയമറിയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോള്‍ അറിയാനാവും. പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ആപ്പില്‍ ലഭ്യമാവുക.

വോട്ടെടുപ്പ് രീതി

  1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു

  2. വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു

  3. ഫസ്റ്റ് പോളിങ് ഓഫിസര്‍ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുകയും സ്ലിപ് നല്‍കുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു.

  4. പോളിങ് ഓഫീസര്‍ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യുന്നു

  5. വോട്ടര്‍ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാര്‍ട്ടുമെന്റില്‍ എത്തുന്നു. അപ്പോള്‍ മൂന്നാം പോളിങ് ഓഫീസര്‍ ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിന് സജ്ജമാക്കുന്നു. അപ്പോള്‍ ബാലറ്റ് യൂണിറ്റിലെ റെഡ് ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടര്‍ താല്‍പര്യമുള്ള സ്ഥാനാര്‍ഥിക്ക് നേരെയുള്ള ഇവിഎമ്മിലെ നീല ബട്ടണ്‍ അമര്‍ത്തുന്നു. അപ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു. ഉടന്‍ തന്നെ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കന്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുന്നു.

ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ബൂത്തുകളില്‍ റാമ്പും വീല്‍ച്ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവര്‍ക്കായി ബ്രെയിലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്

പോളിങ് ബൂത്തുകളില്‍ സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനും വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളിലെത്തിച്ച് സൂക്ഷിക്കുന്നതിനും എല്ലാവിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്കായി 1,01176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാര്‍ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. കൂടാതെ 316 എത്‌നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്.

ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ബൂത്തുകളില്‍ റാമ്പും വീല്‍ച്ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവര്‍ക്കായി ബ്രെയിലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബൂത്തുകളില്‍ പ്രത്യേക ക്യൂ സൗകര്യമുണ്ടാവും. കൂടാതെ ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടര്‍മാര്‍ക്കു യാത്രാസൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണം

എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും ബാക്കി ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിന് വെബ്‌കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്കു പുറത്തും കാമറ സ്ഥാപിച്ചിട്ടുണ്ട്. ബൂത്ത് പിടിത്തം, പണവിതരണം, കള്ളവോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in