ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. ആന്ധ്രപ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലെ 96 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 62 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
പശ്ചിമ ബംഗാളിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. 75.91 ശതമാനം വോട്ടര്‍മാരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിലാണ് ഏറ്റവും കുറവ്, 36.58 ശതമാനം. മധ്യപ്രദേശില്‍ 68.48 ശതമാനവും മഹാരാഷ്ട്രയില്‍ 52.63 ശതമാനവും ആന്ധ്രയില്‍ 68.12 ശതമാനവും പോളിങ് രേഖപ്പെടുത്തി. ബിഹാര്‍ 55.90, ജാര്‍ഖണ്ഡ് 63.37, ഒഡീഷ 63.85, ഉത്തര്‍പ്രദേശ് 57.76 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പോളിങ് കണക്കുകള്‍.
ലോക്‌സഭാ മണ്ഡലങ്ങള്‍ക്കു പുറമേ ആന്ധ്രപ്രദേശിലെ 175 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒഡീഷയിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പും ഇന്ന് നടന്നു. പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷമുണ്ടായി. തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് ആയിരത്തിലേറെ പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.
ഛപ്രയില്‍ തൃണമൂല്‍-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമിട്ടി. ഇരുപതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബെഹ്‌റാംപൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കൃഷ്ണനഗറില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകരും തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം അഴിച്ചുവിട്ടു. മധ്യപ്രദേശില്‍ കനത്ത മഴ വോട്ടെടുപ്പിനെ കാര്യമായി ബാധിച്ചു.
17.7 കോടി ജനങ്ങളാണ് ഇന്ന് വിധിയെഴുതിയത്. ഇന്ന് തിരഞ്ഞടുപ്പ് നടന്ന 98 സീറ്റുകളില്‍ 49-ലും 2019-ല്‍ എന്‍ഡിഎയ്ക്കായിരുന്നു ജയം. 12 സീറ്റുകളാണ് ഇന്ത്യ സഖ്യം നേടിയിരുന്നത്. ഇത്തവണ കാറ്റ് മാറിവീശുമെന്നും ഇന്ത്യ സഖ്യം ശക്തമായി തിരിച്ചുവരുമെന്നും രാജസ്ഥാന്‍ മുന്‍ മഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ് ലോട്ട് പറഞ്ഞു.