ഏഴാം ഘട്ടം: മൂന്നു മണിവരെ 49.7 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം
18 ആമത് ലോക്സഭയിലേക്കുള്ള ഏഴാം ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് മൂന്നു മണിവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 49.70 ശതമാനമാണ് പോളിങ്. 57 മണ്ഡലങ്ങൾ വിധിയെഴുതുന്ന ഏഴാം ഘട്ടം, തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം കൂടിയാണ്. ഇന്നത്തോടുകൂടി 543 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാകും.
ബീഹാർ, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, ഒഡിഷ, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് അവസാന ഘട്ടത്തിൽ പോളിങ് ബൂത്തിലെത്തുന്നത്. അവസാന ഘട്ടത്തിൽ ജനവിധി തേടുന്ന പ്രധാന സ്ഥാനാർഥികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉൾപ്പെടും. വാരണാസിയിൽ മോദി, പട്ന സാഹിബിൽ മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, മാണ്ഡിയിൽ നിന്ന് സിനിമ നടികൂടിയായ ബിജെപി സ്ഥാനാർഥി കങ്കണ റണാവത്ത്, ചണ്ഡീഗഡിൽ നിന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി, ഗാസിപൂരിൽ നിന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഫ്സൽ അൻസാരി, കാരക്കാട്ടിൽ ഭോജ്പുരി താരം പവൻ സിംഗ് എന്നിവരാണ് ഉറ്റുനോക്കുന്ന സ്ഥാനാർത്ഥികൾ.
60.14% ശതമാനം പോളിംഗ് നടന്ന ഝാർഖണ്ഡിലാണ് ഒരു മണിവരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവുമധികം പോളിംഗുള്ളത്. 42.95 ശതമാനം രേഖപ്പെടുത്തിയ ബിഹാറിലാണ് ഏറ്റവും കുറവ്.10.06 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. അതിൽ 5.24 കോടി പുരുഷന്മാരും, 4.82 കോടി സ്ത്രീകളും, 3574 ട്രാൻസ് ജൻഡർ വിഭാഗത്തിൽ നിന്നുള്ളവരുമാണുള്ളത്.
ചില അനിഷ്ട സംഭവങ്ങളും പലയിടത്തു നിന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ബംഗാളിൽ നിന്നാണ് പ്രധാനമായും സംഘർഷങ്ങളെ കുറിച്ചുള്ള വാർത്തകൾ വരുന്നത്. സൗത്ത് 24 പർഗണാസ് ജില്ലയിലെ കുൽത്താലിയിലെ പോളിംഗ് സ്റ്റേഷനിൽ നിന്നും നാട്ടുകാരിൽ ഒരാൾ വോട്ടിങ് മിഷ്യൻ തട്ടിയെടുത്ത് തോട്ടിലേക്കെറിഞ്ഞ സംഭവം പുറത്ത് വന്നിരുന്നു.
അതുപോലെ ജാദവ്പുർ മണ്ഡലത്തിലെ സതുല്യയിൽ ഇന്ത്യൻ ജനാധിപത്യ മുന്നണി നേതാക്കളും സിപിഎം നേതാക്കളും തമ്മിൽതല്ലി. അഭിജിത് ബാനർജി മത്സരിക്കുന്ന ഡയമണ്ട് ഹാർബറിൽ തൃണമൂൽ സി പി എം പ്രവർത്തകരും തമ്മിൽ തല്ലി.