കൈവിടുന്ന വോട്ടർമാരും നേതാക്കളും; ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിത്രത്തിലില്ലാതെ ബി എസ്‌ പിയും മായാവതിയും

കൈവിടുന്ന വോട്ടർമാരും നേതാക്കളും; ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിത്രത്തിലില്ലാതെ ബി എസ്‌ പിയും മായാവതിയും

ദളിതരുടെ ശബ്ദമായി ഉത്തർപ്രദേശ് ഭരിച്ച ബി എസ്‌ പി ഇന്നിപ്പോൾ കിതയ്ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പോലും പുറത്തുവിട്ടിട്ടില്ല
Updated on
3 min read

ലോക്‌സഭ തിരഞ്ഞെടുപ്പ് ചർച്ചകളിൽ കേന്ദ്രബിന്ദുവാണ് ഉത്തർപ്രദേശ് രാഷ്ട്രീയം. എല്ലാ മുന്നണികളും ഏറെ പ്രാധാന്യത്തോടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയ കുതുകികളെല്ലാം ചോദിക്കുന്ന ചോദ്യമാണ് ബി എസ്‌ പിയും മായാവതിയും എവിടെ?

തിരഞ്ഞെടുപ്പിന് ഏതാണ്ട് ഒരു മാസം മാത്രം ബാക്കിയുള്ളപ്പോഴും ബി എസ്‌ പി ആദ്യ ഘട്ട സ്ഥാനാർത്ഥിപ്പട്ടിക പോലും പുറത്തുവിട്ടിട്ടില്ല. ബി ജെ പി- ഇന്ത്യ മുന്നണി പോരാട്ടത്തിൽ ഇരു കൂട്ടർക്കൊപ്പമില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ബി എസ്‌ പി. ആരുമായും സഖ്യത്തിനില്ലെന്ന് മായാവതി ഉറപ്പിച്ചുപറയുന്നു. അതേസമയം പാർട്ടിയുടെ നിലവിലെ പത്ത് എംപിമാരിൽ ഒരാൾ കഴിഞ്ഞ മാസം ബി ജെ പിയിൽ ചേർന്നു. ഒരാൾ സ്വന്തമായി മറ്റൊരു പാർട്ടി തുടങ്ങി. മറ്റ് പലരും ബി ജെ പിയിലേക്കും കോൺഗ്രസിലേക്കും പോകാൻ തയ്യാറായി നിൽക്കുന്നുവെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. രണ്ട് എം പിമാർ രാഹുൽ ഗാന്ധിക്കൊപ്പം ന്യായ് യാത്രയിൽ പങ്കെടുത്തതും വാർത്തയായിരുന്നു. പാർട്ടി നേതൃത്വവുമായി ബന്ധപ്പെടാൻ പോലും കഴിയുന്നില്ലെന്ന് എം പിമാർ പരസ്യമായി പരാതി പറയുന്നു. അംഗങ്ങൾ പാർട്ടിയുടെ നിർദേശങ്ങളനുസരിച്ച് അച്ചടക്കത്തോടെ പ്രവർത്തിക്കണമെന്നായിരുന്നു ഇതിനോടുള്ള മായാവതിയുടെ പ്രതികരണം.

മായാവതിയും മരുമകൻ ആകാശ് ആനന്ദും
മായാവതിയും മരുമകൻ ആകാശ് ആനന്ദും

ബദൽ രാഷ്ട്രീയമെന്ന ആശയമുയർത്തിക്കൊണ്ടാണ് ബി എസ്‌ പി ഉത്തർപ്രദേശിലെ പ്രധാന കക്ഷിയായി മാറിയത്. കുടുംബവാഴ്ചയും അഴിമതിയും ന്യൂനപക്ഷ അവഗണനയും അടക്കം മുൻനിര പാർട്ടികളുടെ തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയ നേതാവായിരുന്നു മായാവതി. എന്നാൽ മരുമകൻ ആകാശ് ആനന്ദിനെ അനന്തരാവകാശിയായി പ്രഖ്യാപിച്ചതോടെ കുടുംബവാഴ്ചയെന്ന പാത തന്നെയാണ് മായാവതിയും തുടരുന്നതെന്ന വിമർശനമുയർന്നു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെപ്പോലെയുള്ളവർ മായാവതിക്കെതിരെ പരസ്യമായി പ്രതികരിച്ചതും ഇതിന് പിന്നാലെയായിരുന്നു. ആകാശ് ആനന്ദിന്റെ വരവോടെ കൂടുതൽ യുവാക്കൾ പാർട്ടിയിലേക്ക് വരുമെന്നായിരുന്നു അവകാശവാദമെങ്കിലും നിലവിലെ ചിത്രം പ്രതീക്ഷാവഹമല്ല.

കൈവിടുന്ന വോട്ടർമാരും നേതാക്കളും; ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിത്രത്തിലില്ലാതെ ബി എസ്‌ പിയും മായാവതിയും
400 സീറ്റെന്ന ബിജെപിയുടെ അവകാശവാദം അതിമോഹം!

ഇന്നലകളിലെ ബിഎസ്‌പി

രാജ്യത്ത് ദളിതർക്കുവേണ്ടി ഉയർന്നുകേട്ട ശബ്ദങ്ങളിൽ ഏറ്റവും ശക്തമായ ഒന്നായിരുന്നു ബി എസ്‌ പിയുടെ സ്ഥാപകൻ കാൻഷി റാമിന്റേത്. ദളിത് തൊഴിലാളി സംഘടനകൾക്കുവേണ്ടി പ്രവർത്തിച്ചശേഷം 1984 ലാണ് കാൻഷി റാം ബഹുജൻ സമാജ് പാർട്ടി സ്ഥാപിക്കുന്നത്. ജനസംഖ്യയുടെ ഏകദേശം 20 ശതമാനം ദളിത് വിഭാഗത്തിൽനിന്നുള്ളവർ കഴിയുന്ന ഉത്തർപ്രദേശിൽ കാൻഷി റാം ശ്രമിച്ചത് ബ്രാഹ്മണരും ഠാക്കൂർമാരും ബനിയകളും ഒഴികെയുള്ള മുഴുവൻ ജാതിക്കാരെയും ഒന്നിച്ചു നിർത്താനായിരുന്നു. സവർണരുടെ സഹായമില്ലാതെ ദളിത് വിഭാഗം അധികാരത്തിലെത്തുകയെന്നതായിരുന്നു കാൻഷിറാമിന്റെ ലക്ഷ്യം.

മായാവതി ബി എസ് പി സ്ഥാപകൻ കാൻഷി റാമിനൊപ്പം
മായാവതി ബി എസ് പി സ്ഥാപകൻ കാൻഷി റാമിനൊപ്പം

ബി എസ്‌ പി അങ്ങനെ ദളിതരുടെ ശബ്ദമായി മാറി. വനിതയും ദളിത് വിഭാഗത്തിൽനിന്നുള്ള നേതാവുമെന്ന നിലയിൽ ചുരുങ്ങിയ സമയംകൊണ്ടുതന്നെ മായാവതിയും ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. 1995ൽ ദളിത് വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യത്തെ വനിത മുഖ്യമന്ത്രിയായി മായാവതി. ഉത്തർപ്രദേശ് കണ്ട ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. 2006ൽ കാൻഷി റാമിന്റെ മരണത്തിനുപിന്നാലെയാണ് മായാവതി പാർട്ടിയുടെ നേതൃസ്ഥാനം പൂർണമായി ഏറ്റെടുക്കുന്നത്.

കൈവിടുന്ന വോട്ടർമാരും നേതാക്കളും; ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിത്രത്തിലില്ലാതെ ബി എസ്‌ പിയും മായാവതിയും
കാവിപാരമ്പര്യം തുടരുമോ, അതോ കൈ മുറുകെപ്പിടിക്കുമോ? കന്നഡിഗര്‍ ഇത്തവണ ആര്‍ക്കൊപ്പം?

പിന്നീട് രണ്ട് തവണ ബി ജെ പിയുടെ പിന്തുണയോടെ മായാവതി മുഖ്യമന്ത്രിയായി. മൂന്നാം തവണ ബി ജെ പി പിന്തുണ പിൻവലിച്ചതോടെ ഭരണം നഷ്ടപ്പെട്ടു. 2007ൽ വീണ്ടും ഭരണത്തിൽ തിരിച്ചെത്തി. 2012 ൽ സമാജ്‌വാദി പാർട്ടിയോട് തോറ്റു. പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളിൽനിന്ന് മായാവതി മാറിസഞ്ചരിച്ചതോടെ ദളിതർക്ക് ബി എസ്‌ പിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാവാമെന്നും സംഘടനയേക്കാൾ വ്യക്തികൾക്ക് പ്രാധാന്യം നൽകിയ മായാവതിയുടെ സമീപനം തിരിച്ചടിയായെന്നുമൊക്കെ വിശകലനങ്ങളുണ്ടായി (മായാവതിയുടെ സ്വന്തം പ്രതിമയടക്കം ദളിത് നേതാക്കളുടെ പ്രതിമകൾ ഉത്തർപ്രദേശിൽ വ്യാപകമായി സ്ഥാപിച്ചത് അക്കാലത്ത് വിവാദമായിരുന്നു). ബി എസ്‌ പിക്ക് സംഭവിച്ച തുടർച്ചയായ വീഴ്ചകൾ ഉത്തർപ്രദേശിന്റെ രാഷ്ട്രീയചിത്രം തന്നെ മാറ്റിമറിക്കുന്നത് പിന്നീട് കണ്ടു.

ബി എസ്‌ പി കൈവിട്ടുകളഞ്ഞ ദളിത് വോട്ടർമാരെ ബി ജെ പി വളരെ എളുപ്പത്തിൽ കൂടെക്കൂട്ടി. സ്ഥാനാർത്ഥികളിൽ സാധാരണക്കാരായ ദളിതരെ ഉൾപ്പെടുത്തിയും ദരിദ്രർക്ക് ഗുണം ചെയ്യുന്നതരം പദ്ധതികൾ അവതരിപ്പിച്ചും ബി ജെ പി ദളിത് മേഖലകളിൽ സ്വാധീനമുണ്ടാക്കി. 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് ബി എസ്‌ പിയുടെ പതനം ഏറ്റവും തെളിഞ്ഞുകണ്ടത്. 2007ൽ 206 സീറ്റ് നേടിയ ബി എസ്‌ പി 2022ലെ തിരഞ്ഞെടുപ്പിൽ ജയിച്ചത് ഒരു സീറ്റിൽ മാത്രമാണ്. 2007 ൽ മുപ്പത് ശതമാനമായിരുന്നു വോട്ട് വിഹിതമെങ്കിൽ 2022 ൽ അത് 12.88 ശതമാനമായി കുറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പുകളിലെ ബി എസ്‌ പി

2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ബി എസ്‌ പി 4.20 ശതമാനം വോട്ട് വിഹിതം നേടിയെങ്കിലും ഒരു സീറ്റിൽ പോലും ജയിച്ചില്ല. 2019 ൽ എസ്‌പിയുമായി സഖ്യമുണ്ടാക്കിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനെ ബി എസ്‌ പി നേരിട്ടത്. അന്ന് സഖ്യത്തിന് 15 സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. പത്ത് സീറ്റ് ബി എസ്‌ പിയും അഞ്ച് സീറ്റ് എസ്‌ പിയും നേടി. ബി ജെ പി 62 സീറ്റായിരുന്നു ആ തവണ നേടിയത്.

മായാവതിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും
മായാവതിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും

ഇത്തവണ മൂന്ന് മണ്ഡലങ്ങളിലാണ് ബി എസ്‌ പി സ്ഥാനാർത്ഥികൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. സഹറൻപൂർ, അംറോഹ, മൊറാദാബാദ് എന്നീ മൂന്ന് മണ്ഡലങ്ങളിലും മുസ്ലിം വിഭാഗത്തിൽനിന്നുള്ള സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. സമാജ്‌വാദി പാർട്ടി ലക്ഷ്യംവെക്കുന്ന ന്യൂനപക്ഷ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാൻ ബി എസ്‌ പിക്ക് കഴിയും.

കൈവിടുന്ന വോട്ടർമാരും നേതാക്കളും; ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിത്രത്തിലില്ലാതെ ബി എസ്‌ പിയും മായാവതിയും
ട്വിസ്റ്റുകളുമായി മമത, തിരക്കഥയ്ക്കനുസരിച്ച് ബിജെപി; വംഗനാട്ടില്‍ പോര് മുറുകുമ്പോള്‍

വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചശേഷം സ്ഥാനാർത്ഥിപ്പട്ടിക പരസ്യപ്പെടുത്തുമെന്ന് പറയുമ്പോഴും ഒരു കാലത്ത് ഏറെ പ്രതീക്ഷയോടെ ജനം നോക്കിക്കണ്ട ബി എസ്‌ പി ഈ തിരഞ്ഞെടുപ്പിൽ വഹിക്കുന്ന പങ്കെന്താണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമല്ല. ഉത്തർപ്രദേശിന്റെ സാമൂഹ്യഘടനയിൽ ബി എസ്‌ പി പോലൊരു പാർട്ടിയുടെ പ്രസക്തി ഒരണുപോലും കുറഞ്ഞിട്ടില്ലെന്ന് ഉറപ്പാണ്. എന്നാൽ ആ രാഷ്ട്രീയ പ്രസക്തിയാണോ അതോ മായാവതി എന്ന നേതാവിന്റെ വ്യക്തിതാൽപ്പര്യങ്ങളാണോ പാർട്ടിയെ മുന്നോട്ടുനയിക്കുന്നത് എന്നതനുസരിച്ചിരിക്കും ബി എസ്‌ പിയുടെ ഭാവി.

logo
The Fourth
www.thefourthnews.in