മനംമാറ്റി അഖിലേഷ്; ലോക്‌സഭ അങ്കത്തിനിറങ്ങും, മത്സരിക്കുന്നത് കനൗജില്‍ നിന്ന്
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഉത്തർപ്രദേശിലെ കനൗജിൽ നിന്നാണ് അഖിലേഷ് ജനവിധി തേടുക. നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. എസ്പി നേതാവ് തേജ്പ്രതാപ് യാദവിനെയാണ് നേരത്തെ കനൗജിൽ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത്.
നേരത്തെ തന്നെ അഖിലേഷ് സ്ഥാനാര്‍ഥിയാകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇന്നാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നത്. അഖിലേഷ് യാദവ് മൂന്ന് തവണ മത്സരിച്ച് ജയിച്ച മണ്ഡലമാണ് കനൗജ്. പാര്‍ട്ടി സ്ഥാപകനും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവ് മത്സിച്ച് ജയിച്ച മണ്ഡലത്തില്‍ നിന്ന് അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവും പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്.
എസ്പിയുടെ പരമ്പരാഗത മണ്ഡലമായ കനൗജില്‍ അഖിലേഷ് യാദവ് മത്സരിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ സമയം വേണമെന്നതിനാൽ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടനിൽക്കുമെന്ന് അഖിലേഷ് യാദവ് നേരത്തെ അറിയിച്ചിരുന്നു.
2019-ൽ ബിജെപിയുടെ സുബ്രത് പതക് 14,000ൽ താഴെ വോട്ടുകൾക്ക് വിജയിക്കുന്നത് വരെ സമാജ്‌വാദി പാർട്ടിയുടെ കോട്ടയായിരുന്നു കനൗജ്. 2012-ലെ ഉപതിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിൻ്റെ ഭാര്യ ഡിംപിള്‍ യാദവാണ് ഈ സീറ്റ് നേടിയത്. 2014-ലെ തിരഞ്ഞെടുപ്പിലും ഡിംപിൾ യാദവ് സീറ്റ് നിലനിർത്തി. എന്നാൽ 2019-ൽ നഷ്ടപ്പെടുകയായിരുന്നു. മുലായം സിംഗ് യാദവിൻ്റെ മരണത്തെത്തുടർന്ന് 2022-ലെ ഉപതെരഞ്ഞെടുപ്പിൽ ഡിംപിൾ മെയിൻപുരിയിൽ നിന്ന് വിജയിക്കുകയായിരുന്നു.
2019-ൽ അസംഗഢ് സീറ്റിൽ നിന്നാണ് അഖിലേഷ് വിജയിച്ചത്. എന്നാൽ 2022-ൽ കർഹാലിൽ നിന്ന് യുപി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും രാജിവെച്ചു. അഖിലേഷ് യാദവിൻ്റെ അന്തരവനാണ് നേരത്തെ സ്ഥാനാർത്ഥിത്വം നിശ്ചയിച്ചിരുന്ന തേജ് പ്രതാപ് സിംഗ് യാദവ്. 2014-ലെ തിരഞ്ഞെടുപ്പിൽ മെയിൻപുരി സീറ്റിൽ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു.
ഈ തിരഞ്ഞെടുപ്പില്‍ എസ്പി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. യുപിയിലെ 80 ലോക്‌സഭ സീറ്റുകളില്‍ 63 ഇടത്താണ് എസ്പി മത്സരിക്കുന്നത്. 17 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കുന്നു. നേരത്തെ, വാരാണസി സീറ്റ് കോണ്‍ഗ്രസിന് എസ്പി വിട്ടുനല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ അജയ് റായ് ആണ് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി.