സവര്‍ണ രോഷം ബിജെപിയെ  പൊള്ളിക്കുമോ?; സൗരാഷ്ട്രയിലും ഹരിയാനയിലും പ്രതിരോധത്തില്‍

സവര്‍ണ രോഷം ബിജെപിയെ പൊള്ളിക്കുമോ?; സൗരാഷ്ട്രയിലും ഹരിയാനയിലും പ്രതിരോധത്തില്‍

സവര്‍ണ വിഭാഗങ്ങളെ ഇത്രമേല്‍ പ്രകോപിതരാക്കാന്‍ മാത്രം എന്തായിരുന്നു ബിജെപി നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍
Updated on
4 min read

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍, ഗുജറാത്തിലും ഹരിയാനയിലും ബിജെപിയെ സവര്‍ണ രോഷത്തിന്റെ 'ഭൂതം' പിടികൂടിയിരിക്കുയാണ്. ഗുജറാത്തില്‍ ക്ഷത്രിയരുടെയും ഹരിയാനയില്‍ ബ്രാഹ്മണരുടേയും രോഷത്തില്‍ പുകയുകയാണ് പാര്‍ട്ടി. കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാലയുടെ പ്രസംഗമാണ് ഗുജറാത്തില്‍ ബിജെപിക്കു തലവേദനയായതെങ്കില്‍ ഹരിയാനയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രഞ്ജിത് സിങ് ചൗട്ടാലയുടെ നാക്കാണ് 'ബ്രാഹ്മണ കോപത്തിന്' കാരണമായിരിക്കുന്നത്. വന്‍ ജാതി സംഘര്‍ഷത്തിന്റെ നശിച്ച ചരിത്രം പേറുന്ന ഗുജറാത്തിലെ സൗരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ മറ്റൊരു സംഘര്‍ഷത്തിലേക്ക് നീങ്ങിയേക്കുമോ എന്ന ആധിയും നിലനില്‍ക്കുന്നുണ്ട്. ഹരിയാനയില്‍, കര്‍ഷക സമരം അടക്കം പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതിനിടെ, ബ്രാഹ്മണരെ പിണക്കിയാലുള്ള തിരിച്ചടിയെക്കുറിച്ച് ഓര്‍ത്ത് വിയര്‍ക്കുകയാണ് ബിജെപി.

കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാലയുടെ പ്രസംഗമാണ് ഗുജറാത്തില്‍ ബിജെപിക്കു തലവേദനയായതെങ്കില്‍ ഹരിയാനയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രഞ്ജിത് സിങ് ചൗട്ടാലയുടെ നാക്ക് 'ബ്രാഹ്മണ കോപത്തിന്' കാരണമായി

സവര്‍ണ വിഭാഗങ്ങളെ ഇത്രമേല്‍ പ്രകോപിതരാക്കാന്‍ മാത്രം എന്തായിരുന്നു ബിജെപി നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍? മാര്‍ച്ച് 22-ന് ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ച കേന്ദ്രമന്ത്രിയും രാജ്‌കോട്ട് സീറ്റിലെ സ്ഥാനാര്‍ഥിയുമായ പര്‍ഷോത്തം രൂപാല ഇങ്ങനെ പറഞ്ഞു. '' രാജാക്കന്‍മാരും രാജകുടുംബാംഗങ്ങള്‍ പോലും ബ്രിട്ടീഷുകാരോട് അടിയറവു പറയുകയും അവരോട് കുടുംബ ബന്ധങ്ങള്‍ ഉണ്ടാക്കുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും പെണ്‍മക്കളെ ബ്രിട്ടീഷുകാര്‍ക്ക് വിവാഹം കഴിച്ചു നല്‍കുകയും ചെയ്തപ്പോള്‍ രുഖി സമാജ് കുലുങ്ങിയില്ല. അവരുടെ ധൈര്യത്തേയും ശക്തിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഈ ശക്തിയാണ് സനാതന ധര്‍മ്മത്തെ നിലര്‍ത്തിയത്. ജയ് ഭീം'', രൂപാല പറഞ്ഞു. (രുഖി സമാജ് എന്നത് ഒരു ദലിത് വിഭാഗമാണ്).

ഇതോടെ, സൗരാഷ്ട്രയിലെ രജപുത്ര വിഭാഗം ഇളകി. ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് ചെറുതും വലുതുമായ നൂറിലധികം നാട്ടുരാജ്യങ്ങള്‍ നിലനിന്നിരുന്ന മേഖലയാണ് സൗരാഷ്ട്ര. പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് രൂപാല. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശം തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി എന്നാണ് രജപുത്ര വിഭാഗത്തിന്റെ ആരോപണം. വിഷയം കൈവിട്ടുപോകും എന്നായതോടെ, മാപ്പപേക്ഷിച്ച് പര്‍ഷോത്തം രൂപാല രംഗത്തെത്തിയെങ്കിലും രജപുത്ര വിഭാഗം അടങ്ങാന്‍ തയാറായില്ല. രണ്ടുതവണയാണ് രൂപാല മാപ്പപേക്ഷിച്ച് രംഗത്തെത്തിയത്. തന്റെ ശിഷ്ടജീവിതത്തില്‍ മുഴുവന്‍ ഈ പ്രസ്താവനയുടെ പേരില്‍ താന്‍ പശ്ചാത്തപിക്കേണ്ടിവരും എന്ന രൂപാലയുടെ പ്രതികരണം വെറുതേയല്ല, സൗരാഷ്ട്രയുടെ ജാതി സംഘര്‍ഷത്തിന്റേയും ബിജെപിയുടെ ജാതി രാഷ്ട്രീയത്തിന്റെ ആഴം അത്രമേല്‍ തീവ്രമാണ്.

സവര്‍ണ രോഷം ബിജെപിയെ  പൊള്ളിക്കുമോ?; സൗരാഷ്ട്രയിലും ഹരിയാനയിലും പ്രതിരോധത്തില്‍
സ്വന്തമായി വീടും കാറും ഭൂമിയുമില്ലാത്ത 'രാജാവ്'; മൈസൂർ - കുടഗ് മണ്ഡലം ബിജെപി സ്ഥാനാർഥി

ക്ഷത്രിയരേയും രാജകുടുംബങ്ങളേയും മോശമായി ചിത്രീകരിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും മറ്റു മതസ്ഥര്‍ രാജ്യത്തോടും സംസ്‌കാരത്തോടും നടത്തിയ അതിക്രമങ്ങളെ കുറിച്ച് വിശദീകരിക്കാനാണ് ശ്രമിച്ചതെന്നും പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ചു രൂപാല. ക്ഷത്രിയ രോഷം മറ്റു മതസ്ഥരുടെ മുകളില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമായിരുന്നു ഇത്. പക്ഷേ, സൗരാഷ്ട്രയുടെ മണ്ണില്‍ ഉറങ്ങിക്കിടക്കുന്ന രക്തരൂക്ഷിത ജാതി സംഘര്‍ഷത്തിന്റെ ഓര്‍മ്മകള്‍ ആളിക്കത്തിക്കുകയാണ് ഈ പ്രസംഗം ചെയ്തത്.

പര്‍ഷോത്തം രൂപാല
പര്‍ഷോത്തം രൂപാല

ജാതി കൊലകള്‍ നടമാടിയ സൗരാഷ്ട്ര

അനവധി ജാതി സംഘര്‍ഷങ്ങള്‍ അരങ്ങേറിയ ഭൂമികയാണ് സൗരാഷ്ട്ര. ഇക്കാലത്തും ജാതി സംഘര്‍ഷങ്ങള്‍ക്ക് കുറവൊന്നുമില്ല. 2016-ല്‍ സൗരാഷ്ട്രയിലെ ഉനയില്‍ ദളിത് കുടുംബത്തില്‍പ്പെട്ട അഞ്ചുപേരെ പശുക്കടത്ത് ആരോപിച്ച് സവര്‍ണ വിഭാഗങ്ങള്‍ തല്ലിചതച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ആള്‍ക്കൂട്ട സവര്‍ണ ആക്രമണങ്ങള്‍ക്ക് എതിരെ ദളിത് വിഭാഗം നടത്തിയ ചെറുത്തുനില്‍പ്പില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവായിരുന്നു ജിഗ്നേഷ് മേവാനി.

ജിഗ്നേഷ് മേവാനി
ജിഗ്നേഷ് മേവാനി

സൗരാഷ്ട്രയിലെ ഈ ജാതിവെറി സാധാരണക്കാരുടെ ജീവന്‍ മാത്രമല്ല എടുത്തിട്ടുള്ളത്. മന്ത്രിമാരുടേയും എംഎല്‍എമാരുടേയും വരെ ജീവന്‍ നഷ്ടമാക്കിയിട്ടുണ്ട്. 1988-ലെ സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസിന്റെ പട്ടേല്‍ മുഖങ്ങളില്‍ പ്രധാനിയായിരുന്ന എംഎല്‍എ പോപത് സോരാതിയയെ പട്ടാപ്പകല്‍ ജനമധ്യത്തില്‍ വച്ചാണ് വെടിവെച്ചു കൊന്നത്. അനിരുദ്ധ് സിങ് ജഡേജയെന്ന രജപുത്ര വിഭാഗക്കാരന്‍ ആയിരുന്നു കൊലയാളി. തൊട്ടടുത്തവര്‍ഷം ഗുജറാത്ത് ക്യാബിനറ്റ് മന്ത്രി മറ്റൊരു ക്ഷത്രിയനാല്‍ കൊല്ലപ്പെട്ടു. 1995-ല്‍ ഗോണ്ടാലിലെ ബിജെപിയുടെ പ്രാദേശിക നേതാവ് ജയന്തി വഡോദരിയയെ ക്ഷത്രിയ വിഭാഗത്തിലെ ചിലര്‍ ചേര്‍ന്ന് കൊലപ്പെടുത്തി.

സവര്‍ണ രോഷം ബിജെപിയെ  പൊള്ളിക്കുമോ?; സൗരാഷ്ട്രയിലും ഹരിയാനയിലും പ്രതിരോധത്തില്‍
പുതിയ റാബ്‌റി ദേവിമാര്‍ ആകുമോ കല്‍പനയും സുനിതയും? ഇ ഡി കാരണം പോരാട്ട ഭൂമിയിലേക്ക് എടുത്തു ചാടിയ രണ്ടു സ്ത്രീകള്‍

കോണ്‍ഗ്രസിന്റെ പ്രതാപകാലത്ത്, എണ്ണത്തില്‍ കുറവായിരുന്നിട്ടും സൗരാഷ്ട്രയില്‍ രജപുത്രര്‍ പട്ടേല്‍ സമുദായത്തിന് മുകളില്‍ ആധിപത്യം നിലനിര്‍ത്തി പോന്നിരുന്നു. എന്നാല്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ പട്ടേല്‍ വിഭാഗങ്ങളുടെ വോട്ട് പൂര്‍ണമായി ഏകീകരിക്കുകയും ബിജെപിയിലേക്ക് മാറുകയും ചെയ്തു. ഇതിലൂടെ കോണ്‍ഗ്രസിനെ കടത്തിവെട്ടി ബിജെപി ഗുജറാത്തില്‍ അധികാരം പിടിച്ചു. 1995 മുതല്‍ നടന്ന ഏഴ് നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപി അധികാരം പിടിച്ചു. നിലവില്‍ പട്ടേല്‍ വിഭാഗക്കാരും രജപുത്രരും ബിജെപിയെ പിന്തുണയ്ക്കുന്നവരാണ്.

നരേന്ദ്രമോദി
നരേന്ദ്രമോദി

സൗരാഷ്ട്ര-കച്ച് മേഖലയില്‍ നിലവില്‍, ബിജെപിക്ക് രജപുത്ര വിഭാഗത്തില്‍ നിന്ന് അഞ്ച് എംഎല്‍എമാരും ഒരു രാജ്യസഭാംഗവും ഉണ്ട്. സംസ്ഥാന ബിജെപിയിലും സര്‍ക്കാരിലും പട്ടേല്‍ വിഭാഗക്കാരുടെ ആധിപത്യം സമ്പൂര്‍ണമാണ് എന്നതില്‍ ക്ഷത്രിയര്‍ക്ക് വലിയ അമര്‍ഷമുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിമാരായ രൂപാല, മന്‍സുഖ് മാണ്ഡവ്യ തുടങ്ങി ഗുജറാത്തിലെ പ്രമുഖ നേതാക്കള്‍ എല്ലാവരും തന്നെ പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ക്ഷത്രിയ വിഭാഗത്തില്‍ നിന്നുള്ള ഒരാളും സംസ്ഥാന മന്ത്രിഭയിലില്ല. ഇതും സവര്‍ണ വിഭാഗക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്.

മന്ത്രിസഭയില്‍ ക്ഷത്രിയ വിഭാഗക്കാര്‍ ഇല്ലെങ്കിലും ഗുജറാത്തിലെ ബിജെപി സര്‍ക്കാരുകളില്‍ പ്രധാന വകുപ്പുകളില്‍ ഒന്നും ദളിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടാകാറില്ല. താരത്യമേന അപ്രധാനമായ വകുപ്പുകളാണ് ഇവര്‍ക്ക് നല്‍കാറുള്ളത്.

ബ്രാഹ്മണര്‍ അനാവശ്യമായി ജാതിവ്യവസ്ഥ സൃഷ്ടിച്ചത് കൊണ്ടാണ് സമൂഹത്തില്‍ കലാപങ്ങള്‍ തുടരുന്നത് എന്നായിരുന്നു ചൗട്ടാലയുടെ പ്രസ്താവന

ഹരിയാനയിലെ 'ബ്രാഹ്മണ കോപം'

ഹരിയാനയിലേക്ക് വന്നാല്‍, ഏപ്രില്‍ നാലാം തീയതിക്ക് മുന്‍പ് മാപ്പ് പറഞ്ഞില്ലെങ്കില്‍, രഞ്ജിത് സിങ് ചൗട്ടാല കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ബ്രാഹ്മണ സമുദായങ്ങളുടെ മുന്നറിയിപ്പ്. ഹിസാറില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് ചൗട്ടാല. ആറ് ശതമാനമാണ് ഹരിയാനയില്‍ ബ്രാഹ്മണരുടെ ജനസംഖ്യ. ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരനാണ് രഞ്ജിത് സിങ്. റാനിയ നിയമസഭ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് നിയമസഭയിലെത്തിയ രഞ്ജിത് സിങ് ചൗട്ടാല, നായിബ് സിങ് സൈനി മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയാണ്.

സവര്‍ണ രോഷം ബിജെപിയെ  പൊള്ളിക്കുമോ?; സൗരാഷ്ട്രയിലും ഹരിയാനയിലും പ്രതിരോധത്തില്‍
ഒരുകാലത്ത് ഏറ്റവും ശക്തരായ സഖ്യകക്ഷി; ബിജെപിയെ അകറ്റിനിര്‍ത്താന്‍ അകാലിദളിനെ പ്രേരിപ്പിക്കുന്നതെന്ത്?

ബിജെപിയില്‍ ചേര്‍ന്ന മാര്‍ച്ച് 25-നാണ് അദ്ദേഹത്തെ പാര്‍ട്ടി ഹിസാറില്‍ നിന്ന് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ബ്രാഹ്മണര്‍ അനാവശ്യമായി ജാതിവ്യവസ്ഥ സൃഷ്ടിച്ചത് കൊണ്ടാണ് സമൂഹത്തില്‍ കലാപങ്ങള്‍ തുടരുന്നത് എന്നായിരുന്നു ചൗട്ടാലയുടെ പ്രസ്താവന. ഇതിന് പിന്നാലെ, ബ്രാഹ്മണ സംഘടനകള്‍ മന്ത്രിക്ക് എതിരെ രംഗത്തെത്തി. ഏപ്രില്‍ നാലിന് മുന്‍പ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഹിസാറില്‍ ബ്രാഹ്മണ സഭ വിളിച്ചു ചേര്‍ത്ത് ചൗട്ടാലയ്ക്ക് എതിരെ പ്രചാരണത്തിന് ആഹ്വാനം ചെയ്യും എന്നാണ് ഹിസാര്‍ സിലാ ബ്രാഹ്മിണ്‍ സഭയുടെ ഭീഷണി.

രഞ്ജിത് സിങ് ചൗട്ടാല
രഞ്ജിത് സിങ് ചൗട്ടാല

തന്റെ പ്രസ്താവന ഏതെങ്കിലും വിഭാഗത്തെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ വാക്കുകള്‍ തിരിച്ചെടുക്കുന്നു എന്നായിരുന്നു ചൗട്ടാലയുടെ പ്രതികരണം. ജാട്ട് വിഭാഗത്തിന്റെ വോട്ടാണ് ഹരിയാനയില്‍ ബിജെപിയെ തുണയ്ക്കുന്നത്. ഇത്തവണ കര്‍ഷക സമരത്തിന്റെ അലയൊലികള്‍ പ്രതികൂലമായി ബാധിക്കും എന്നും ബിജെപി ഭയക്കുന്നു. ഇത് മുന്നില്‍ കണ്ടാണ് ജാട്ട് വിഭാഗത്തിന് പുറത്തുനിന്നുള്ള ഒബിസി വിഭാഗക്കാരനായ സൈനിയെ മുഖ്യമന്ത്രിയാക്കിയത്.

ഹരിയാനയില്‍ 25 ശതമാനം വരുന്ന ജാട്ട് വിഭാഗം, ബിജെപിക്കും ജെജെപിക്കും ഒപ്പം നിലകൊള്ളുന്നവരാണ്. നരേന്ദ്ര മോദിയുടെ വരവോടെയാണ് ജാട്ട് വിഭാഗത്തിനിടയില്‍ ബിജെപിക്ക് സ്വാധീനം ഉറപ്പാക്കുന്നതില്‍ വിജയിച്ചത്. ഇതോടെ സവര്‍ണ വിഭാഗങ്ങള്‍ക്കിടയില്‍ മാത്രം ഒതുങ്ങിനിന്ന പാര്‍ട്ടി ജാട്ട് വിഭാഗത്തിനിടയിലും പ്രബല ശക്തിയായി മാറി. ജാട്ടുകളെ കൂടെനിര്‍ത്തിയപ്പോള്‍ അകന്ന സവര്‍ണ വോട്ടുകള്‍ തിരിച്ചു പിടിക്കാനായുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ബ്രാഹ്മണ വിഭാഗം വെല്ലുവിളിയുമായി എത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in