വോട്ട് ചെയ്ത് ബിജെപി നേതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍; വീഡിയോ പുറത്ത്, വിവാദം, കേസ്
മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വോട്ട് ചെയ്തതിന്റെ വീഡിയോ പുറത്ത്. ബിജെപി പ്രാദേശിക നേതാവ് വിനയ് മെഹറിന്റെ മകന്‍ വോട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ബിജെപി നേതാവിനൊപ്പം പോളിങ് ബൂത്തിലെത്തിയ കുട്ടി, വോട്ട് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. താമര ചിഹ്നത്തിനാണ് വോട്ട് ചെയ്യുന്നത്. ചിഹ്നം വിവി പാറ്റില്‍ പതിയുന്നതും വീഡിയോയില്‍ കാണാം.
ഭോപ്പാല്‍ ലോക്‌സഭ സീറ്റിന് കീഴില്‍ വരുന്ന ബെരാസിയ നിയമസഭ മണ്ഡലത്തിലാണ് സംഭവം നടന്നത്. പതിനാല് സെക്കൻഡുള്ള വീഡിയോ വിനയ് ഫേസ്‌ബുക്കില്‍ പേജിലാണ് പോസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ, നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. പോളിങ് ബൂത്തില്‍ പിതാവിനൊപ്പം കുട്ടിയെ കടത്തിവിട്ടത് ആരാണെന്നും മൊബൈല്‍ ഫോണ്‍ അനുവദിച്ചത് ആരാണെന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
''തിരഞ്ഞെടുപ്പ് കമ്മിഷനെ ബിജെപി കുട്ടികളുടെ കളിപ്പാട്ടമാക്കി മാറ്റി. ഭോപ്പാലില്‍, ബിജെപിയുടെ ജില്ലാ പഞ്ചായത്ത് അംഗം വിനയ് മെഹര്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് വോട്ട് ചെയ്യിച്ചു. ഇതിന്റെ വീഡിയോ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എന്തെങ്കിലും നടപടിയുണ്ടാകുമോ?,'' സമൂഹമാധ്യമമായ എക്‌സില്‍ വീഡിയോ പങ്കുവച്ച മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പീയൂഷ് ബാബലെ ചോദിച്ചു.
വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ജില്ലാ കലക്ടര്‍ കൗശലേന്ദ്ര വിക്രം സിങ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിസീഡിങ് ഓഫീസര്‍ സന്ദീപ് സൈനിയെ സസ്‌പെന്റ് ചെയ്തു. ബിജെപി നേതാവിന് എതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.