കര്‍ണാടകയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്, സ്ത്രീകളുടെ ബസ് യാത്രയില്‍!

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്, സ്ത്രീകളുടെ ബസ് യാത്രയില്‍!

സ്ത്രീകളുടെ ബസ് യാത്ര കര്‍ണാടകയില്‍ വലിയ ചര്‍ച്ചാവിഷയമാണ്. ഇത് ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്
Updated on
2 min read

കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളില്‍ ഇപ്പോള്‍ നിറയെ വനിതാ യാത്രക്കാരാണ്. മുന്‍കാലങ്ങളില്‍നിന്ന് വിപരീതമായി, അവര്‍ വീടുകളില്‍നിന്ന് ജോലി സ്ഥലത്തേക്കും ക്ഷേത്രങ്ങളിലേക്കും മാര്‍ക്കറ്റുകളിലേക്കും നിരന്തം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നു. വിനോദയാത്രകള്‍ക്കു സര്‍ക്കാര്‍ ബസില്‍ കയറിപ്പോകുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത്, സ്ത്രീകളുടെ ഈ ബസ് യാത്ര കര്‍ണാടകയില്‍ വലിയ ചര്‍ച്ചാവിഷയമാണ്.

സ്ത്രീകളുടെ ബസ് യാത്രയെക്കുറിച്ച് അഭിപ്രായം പറഞ്ഞ ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിക്കു മാപ്പ് പറയേണ്ടിവന്നു. എന്താണ് കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസിനോട് പെട്ടെന്ന് ഇത്രമേല്‍ പ്രിയം തോന്നാന്‍ കാരണം? അത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടപ്പിലാക്കിയ 'ശക്തി സ്‌കീമിന്റെ' പ്രതിഫലനമാണ്.

നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന അഞ്ച് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്കു ബസുകളില്‍ സൗജന്യ യാത്ര. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 5,000 കോടി രൂപയാണു പദ്ധതിക്കുവേണ്ടി മാറ്റിവച്ചത്. സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വരുന്ന നോണ്‍ പ്രീമിയം സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എത്രദൂരം വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാമെന്നതാണ് പദ്ധതി. ഇതിനുവേണ്ടി ശക്തി ടിക്കറ്റുകളും പുറത്തിറക്കിയിട്ടുണ്ട്.

Summary

പൊതുഗതാഗത സംവിധാനങ്ങള്‍ അത്രമേല്‍ സ്വാഭാവിക കാഴ്ചയായി മാറിയ കേരളത്തില്‍നിന്ന് വ്യത്യസ്തമാണ് മറ്റു സംസ്ഥാനങ്ങളിലെ സംവിധാനങ്ങള്‍. പ്രത്യേകിച്ച് ഗ്രാമന്തരങ്ങളിലെ സ്ത്രീകള്‍ പുറംലോകവുമായി ബന്ധപ്പെടുന്നത് വളരെ വിരളമാണ്

പദ്ധതിക്ക് വലിയ പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. നാല് ബസ് കോര്‍പ്പറേഷനുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവുണ്ടായി. പ്രതിദിനം 1.10 കോടി യാത്രക്കാര്‍ സര്‍ക്കാര്‍ ബസ് ഉപയോഗിക്കുന്നു. ഇതില്‍ 61 ലക്ഷം പേരും വനിതകളാണ്.

ഉപജീവന മാര്‍ഗത്തിനുള്ള യാത്രയ്ക്ക് മാത്രമല്ല സ്ത്രീകള്‍ ഈ പദ്ധതി ഉപയോഗിക്കുന്നത്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍നിന്നുപോലും വനിതകള്‍ വിനോദയാത്രകള്‍ക്കായി സർക്കാർ ബസുകളില്‍ കയറി നഗരങ്ങളിലേക്കെത്തുന്നു. ചെറുസംഘങ്ങളായാണ് മിക്കപ്പോഴും ഗ്രാമങ്ങളില്‍നിന്നുള്ള സ്ത്രീകളുടെ യാത്ര.

പൊതുഗതാഗത സംവിധാനങ്ങള്‍ അത്രമേല്‍ സ്വാഭാവിക കാഴ്ചയായി മാറിയ കേരളത്തില്‍നിന്ന് വ്യത്യസ്തമാണ് മറ്റു സംസ്ഥാനങ്ങളിലെ സംവിധാനങ്ങള്‍. പ്രത്യേകിച്ച് ഗ്രാമന്തരങ്ങളിലെ സ്ത്രീകള്‍ പുറംലോകവുമായി ബന്ധപ്പെടുന്നത് വളരെ വിരളമാണ്. എന്നാല്‍, സര്‍ക്കാര്‍ തന്നെ സുരക്ഷിത, സൗജന്യ യാത്ര ഉറപ്പാക്കുമ്പോള്‍ കര്‍ണാടകയിലെ സ്ത്രീകള്‍ അത് ഉപയോഗിക്കുന്നതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയാണ്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്, സ്ത്രീകളുടെ ബസ് യാത്രയില്‍!
രാജീവിന്റെ കൂടെ അമേഠിയിലേക്ക്; വന്‍മരങ്ങളുടെ നിഴലായി നിന്ന കിശോരിലാല്‍ ശര്‍മ, ഇനി സ്മൃതി ഇറാനിയുടെ എതിരാളി

സ്ത്രീകളെ കയ്യിലെടുക്കുന്ന പ്രചാരണം നടത്തിയാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ശക്തിപദ്ധതിക്ക് പുറമേ, ബിപിഎല്‍, എപിഎല്‍, അന്ത്യോദയ കാര്‍ഡുകള്‍ക്കു കീഴില്‍വരുന്ന കുടുംബങ്ങളിലെ ഗൃഹനാഥമാര്‍ക്കു ഗൃഹലക്ഷ്മി പദ്ധതിയിലൂടെ പ്രതിമാസം 2,000 രൂപ നല്‍കുമെന്നതും കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനമായിരുന്നു.

കോണ്‍ഗ്രസിന്റെ ഇത്തരം പ്രഖ്യാപനങ്ങള്‍ തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയ ബിജെപിയും ജെഡിഎസും സൗജന്യങ്ങള്‍ നല്‍കുന്നതിനെതിരെ രംഗത്തുവന്നിരുന്നു. സ്ത്രീകളെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന എച്ച് ഡി കുമാരസ്വാമിയുടെ പ്രസ്താന വലിയ വിമര്‍ശനങ്ങള്‍ വഴിതെളിച്ചിരുന്നു. മാപ്പ് പറഞ്ഞാണ് കുമാരസ്വാമി ഒടുവില്‍ വിവാദത്തില്‍നിന്ന് തലയൂരിയത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്, സ്ത്രീകളുടെ ബസ് യാത്രയില്‍!
ഇത്തവണ അനുകൂല ഘടകങ്ങൾ ഏറെ; എന്നിട്ടും എന്തുകൊണ്ട് രാഹുൽ അമേഠിയെ കൈവിട്ടു?

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ട് ഘട്ടമായാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. ഏപ്രില്‍ 26-ന് നടന്ന ഒന്നാംഘട്ടത്തില്‍ ബെംഗളൂരു അടക്കം ദക്ഷിണ കര്‍ണാടകയിലെ 14 സീറ്റില്‍ ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു. വടക്കന്‍ കര്‍ണാടകയിലെ 14 സീറ്റുകളില്‍ മേയ് ഏഴിനാണ് വോട്ടെടുപ്പ്. 2019-ല്‍ 28-ല്‍ 25 സീറ്റും നേടിയ ബിജെപി, പക്ഷേ ഇത്തവണ കര്‍ണാടകയില്‍ ഈ നേട്ടം ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്.

കര്‍ണാടക സര്‍ക്കാര്‍ ബസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും
കര്‍ണാടക സര്‍ക്കാര്‍ ബസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും

ഇപ്പോള്‍ കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യാത്ര ചെയ്യുന്ന 60 ശതമാനം യാത്രക്കാരും വനിതകളാണ്. ശക്തി പദ്ധതിയുടെ ഗുണം അനുഭവിക്കുന്ന 87 ശതമാനം വനിതകളും തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ പദ്ധതിയുടെ പ്രതിഫലനം സംഭവിക്കില്ലെന്നാണ് ബിജെപി ആവര്‍ത്തിച്ച് പറയുന്നത്. നേരത്തെ സമാധനമായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്ന സ്ത്രീകള്‍, ഇപ്പോഴത്തെ തിരക്ക് കണ്ട് ഭയന്നിരിക്കുകയാണെന്നാണ് ബിജെപി സംസ്ഥാന വക്താവ് എംജി മഹേഷ് പറയുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളല്ല, ദേശീയ വിഷയങ്ങളാണ് ചര്‍ച്ചയാകുന്നതെന്നും ബിജെപി വാദിക്കുന്നു. ഹിന്ദുത്വം, ദേശീയ സുരക്ഷ, സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് മുസ്ലിം വിഘനടവാദത്തെ പിന്തുണയ്ക്കുന്നത് തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയാകുന്നതെന്നും അല്ലാതെ ബസ് യാത്രയല്ലെന്നും മഹേഷ് പറയുന്നു. സൗജന്യ യാത്ര ആസ്വദിക്കുന്ന സ്ത്രീകളും അവരുടെ കുടുംബാംഗങ്ങളും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെ കൈപിടിച്ചുയര്‍ത്തുമോയെന്ന് കാത്തിരുന്നു കാണാം.

logo
The Fourth
www.thefourthnews.in