വിദ്വേഷപ്രസംഗം, വിവാദങ്ങൾ, നിയമപോരാട്ടം; രണ്ടാംഘട്ട പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, 89 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. അടിച്ചും തിരിച്ചടിച്ചും 'റൂട്ട് മാറ്റിയും' പാര്‍ട്ടികള്‍ കളം പിടിച്ച പോരിനൊടുവില്‍, ജനം എന്താണ് മനസ്സില്‍ കണക്കുകൂട്ടിയിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ നിറഞ്ഞ ദിവസങ്ങളുടെ കൗണ്ട് ഡൗണ്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 89 ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് 26-ന് വിധിയെഴുതുന്നത്.
കേരളത്തിലെ 20 സീറ്റിന് പുറമേ, കര്‍ണാടക-14, രാജസ്ഥാന്‍- 13, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര- എട്ട് വീതം, മധ്യപ്രദേശ്- ഏഴ്, ബിഹാര്‍, അസം- അഞ്ച് വീതം,ഛത്തീസ്ഗഡ്, ബംഗാള്‍-മൂന്നു വീതം, ത്രിപുര, ജമ്മു കശ്മീര്‍- ഒന്നു വീതം, മണിപ്പൂരിലെ ഒരു മണ്ഡലത്തിലെ ബാക്കിയുള്ള ബൂത്തുകൾ എന്നിവിടങ്ങളിലാണ് 26ന് വോട്ടെടുപ്പ് നടക്കുന്നത്. കേരളമാണ് മുഴുവന്‍ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന ഏക സംസ്ഥാനം. രണ്ടാംഘട്ടത്തിൽ ഏറ്റവും കൂടുതല്‍ സീറ്റിൽ വോട്ടെടുപ്പ് നടക്കുന്നതും കേരളത്തില്‍ തന്നെ.
രാഹുല്‍ ഗാന്ധി മുതല്‍ ഹേമ മാലിനി വരെ
89 മണ്ഡലങ്ങളില്‍ നിന്നായി 1206 സ്ഥാനാര്‍ഥികളാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. രാഹുല്‍ ഗാന്ധിയാണ് ഇവരിൽ പ്രധാനി. വയനാട് മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ എതിരാളി സിപിഐ ദേശീയ നേതാവ് ആനി രാജയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മത്സരരംഗത്തുണ്ട്.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ (തിരുവനന്തപുരം), വിദേശകാര്യ-പാർലമെന്ററി വി മുരളീധരൻ (ആറ്റിങ്ങൽ), ഛത്തീസ്‌ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവർ രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മണ്ഡ്യയില്‍നിന്ന് ജനവിധി തേടുന്നു. ബിജെപിയുടെ തേജസ്വി സൂര്യ (ബെംഗളൂരു നോര്‍ത്ത്), കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് (ജോധ്പുര്‍) ഹേമാ മാലിനി (മഥുര), രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ട് (ജലോര്‍), എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ കെ സി വേണുഗോപാല്‍ (ആലപ്പുഴ), എന്നിവരും രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖരാണ്.
കണ്ണുകലങ്ങി ടീച്ചര്‍, തൃശൂര്‍ പൂരം വിവാദം, രാഹുല്‍-പിണറായി പോര്
ഇന്നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം. ചൂടേറിയ പ്രചാരണമാണ് ദേശീയതലത്തിലും സംസ്ഥാനത്തിലും പാര്‍ട്ടികള്‍ നടത്തിയത്. കനത്ത ചൂടിനെ അതിജീവിച്ചായിരുന്നു പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്ന മുറയ്ക്ക് വിവാദങ്ങളും ആളിപ്പടര്‍ന്നു. ദേശീയതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വര്‍ഗീയ പരാമര്‍ശമാണ് രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ വലിയ ചര്‍ച്ചയായത്. ഒന്നാംഘട്ട വോട്ടെടുപ്പില്‍ രൂക്ഷമായ പ്രസ്താവനകള്‍ പ്രധാന നേതാക്കളില്‍ നിന്നുണ്ടായിരുന്നില്ല. എന്നാല്‍, ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ ബിജെപി ശൈലിമാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ അതിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാജ്യത്തെ വിഭവങ്ങളുടെമേല്‍ പ്രഥമപരിഗണന മുസ്ലിങ്ങള്‍ക്കാണെന്ന് പറഞ്ഞുവെന്നും അതുകൊണ്ട് കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ നമ്മുടെ സമ്പത്ത് മുഴുവന്‍ കോണ്‍ഗ്രസ് ഈ നുഴഞ്ഞുകയറി വന്നവര്‍ക്ക് നല്‍കുമെന്നുമായിരുന്നു നരേന്ദ്രമോദി പ്രസംഗിച്ചത്. ഇതിനു പിന്നാലെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, തന്റെ നിലപാട് മയപ്പെടുത്താനോ പിന്നോട്ടു പോകാനോ മോദി കൂട്ടാക്കിയിട്ടില്ല.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം കഴിഞ്ഞതവണയും ബിജെപി പ്രചാരണയുധമാക്കിയിരുന്നു. ഇത്തവണയും വയനാട് മുഖ്യവിഷയമാണ്. വയനാട്ടിലും രാഹുല്‍ ഗാന്ധി തോല്‍ക്കുമെന്നും മറ്റൊരു മണ്ഡലം തേടേണ്ടിവരുമെന്ന മോദിയുടെ പ്രസ്താവന ഉത്തരേന്ത്യയില്‍ ചര്‍ച്ചയാക്കാന്‍ ബിജെപിക്കവ സാധിച്ചിട്ടുണ്ട്. വയനാട്ടില്‍ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കൊടി ഒഴിവാക്കി റാലി നടത്തിയത് സിപിഎമ്മും ബിജെപിയും ഒരുപോലെ ഉപയോഗിച്ചു.
രണ്ടാംഘട്ട വോട്ടെടുപ്പിന്റെ അവസാന ലാപ്പിലേക്ക് എത്തിയപ്പോള്‍ കേരള രാഷ്ട്രീയം ദേശീയതലത്തില്‍ തന്നെ മുന്നണികള്‍ പ്രചാരണായുധമാക്കി. രാഹുല്‍ ഗാന്ധിയാണ് ഇതിന് തുടക്കമിട്ടത്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം സിപിഎമ്മിനെ ചൊടിപ്പിച്ചു. കേന്ദ്രനേതാക്കള്‍ അടക്കം രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് രംഗത്തെത്തി. രാഹുലിന്റെ പഴയ പേര് (രാഷ്ട്രീയ എതിരാളികള്‍ പരിഹസിച്ച് വിളിക്കുന്ന പപ്പു എന്ന പ്രയോഗം) ഇപ്പോഴും മാറിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഇതിനോടുള്ള പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിക്കാന്‍ കാണിക്കുന്ന അതേ അക്രമണോത്സുകത പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ മുഖ്യമന്ത്രിയും സിപിഎമ്മും രാഹുലിനെതിരെയും പ്രയോഗിച്ചു. ഇത് കോണ്‍ഗ്രസിനെയും പ്രകോപിപ്പിച്ചു. മോദിക്കും പിണറായിക്കും ഒരേസ്വരം ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.
തിരുവന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ സ്വത്തുവിവരം മറച്ചുവെച്ചെന്ന് കാണിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതും പ്രചാരണത്തിനിടെ കണ്ടു. 2021-22ല്‍ 680 രൂപയും 2022-23-ല്‍ 5,59,200 രൂപയുമാണ് നികുതി നല്‍കേണ്ട വരുമാനമായി നാമനിര്‍ദേശ പത്രികയില്‍ നല്‍കിയിരുന്നത്. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്ത പ്രധാനപ്പെട്ട വിഷയം തൃശൂര്‍ പൂരത്തിലെ പോലീസ് ഇടപെടലിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളാണ്. പോലീസ് ഇടപെടല്‍ കാരണം തൃശൂര്‍ പൂരത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്കുപിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചനയാണെന്നാണ് സിപിഎം ആരോപിക്കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ക്കു നിര്‍ദേശം നല്‍കിയ തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത അശോകനെ സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു. വിവാദത്തില്‍ ആദ്യം സംയമനത്തോടെ പ്രതികരിച്ച ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി പിന്നീട് രംഗത്തെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും സര്‍ക്കാരിനെ വിമര്‍ശിച്ച് കളംനിറഞ്ഞു.
തനിക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ വ്യക്തിഹത്യ നടക്കുന്നെന്ന ആരോപിച്ച് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ രംഗത്തെത്തിയതും ചര്‍ച്ചയായി. തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ശൈലജയുടെ ആരോപണം. തനിക്കെതിരായി മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് ഇത് അശ്ലീല വീഡിയോ ആണെന്ന് വരെയുള്ള പ്രചാരണങ്ങള്‍ പലയിടങ്ങളില്‍നിന്നുമായി വന്നു. എന്നാല്‍ വീഡിയോയെക്കുറിച്ച് താന്‍ പറഞ്ഞിട്ടില്ല, മുഖം വെട്ടിയൊട്ടിച്ച് വികൃതമാക്കിയ പോസ്റ്ററിനെക്കുറിച്ചാണ് പറഞ്ഞതെന്നും ശൈലജ വ്യക്തമാക്കിയതോടെ, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാപ്പ് പറയണമെന്ന നിലപാടുമായി ഷാഫി പറമ്പില്‍ രംഗത്തുവരികയായിരുന്നു.
24 മണിക്കൂറിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്ന ഷാഫി പറമ്പലിന്റെ വക്കീല്‍ നോട്ടീസിലെ ആവശ്യം തള്ളിയ കെകെ ശൈലജ, തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകള്‍ പൊതുമധ്യത്തിലുണ്ടെന്ന് മറുപടി നല്‍കി. തനിക്കെതിരായ പ്രചാരണം ജനം തിരിച്ചറിഞ്ഞപ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ശ്രമം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും കെ കെ ശൈലജ പറഞ്ഞു.
ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെയായി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ കൊട്ടിക്കലാശം നടത്തി ഇനി നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുകയാണ്. രണ്ടാംഘട്ടത്തില്‍ ആര്‍ക്ക് മേല്‍ക്കൈകിട്ടുമെന്ന് കാത്തിരുന്നു കാണണം. ഒന്നാംഘട്ടത്തിലെ പോളിങ് ശതമാനം 65.5 ശതമാനമായിരുന്നു. രണ്ടാംഘട്ടത്തില്‍ പോളിങ് ശതമാനം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകും. പോളിങ് സമയം വര്‍ധിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.