പുതിയതായാലും പഴയതായാലും 'ലീഗാണ് പ്രശ്‌നം'; സിപിഎമ്മും ബിജെപിയും മുസ്ലിം ലീഗിനെ ലക്ഷ്യംവെക്കുമ്പോള്‍
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 'മുസ്ലിം ലീഗിനെ' കേന്ദ്രബിന്ദുവാക്കി സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രചാരണം. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും പാര്‍ട്ടി പതാകകള്‍ ഉപയോഗിക്കാത്തതാണ് സിപിഎം ആയുധമാക്കിയതെങ്കില്‍, സ്വാതന്ത്ര്യത്തിന് മുന്‍പുള്ള മുസ്ലിം ലീഗിനെയാണ് നരേന്ദ്ര മോദി ആയുധമാക്കിയിരിക്കുന്നത്.
രാജസ്ഥാനില്‍ അജ്‌മീറില്‍ നടത്തിയ ബിജെപി തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി മുസ്ലിം ലീഗിനെ ആയുധമാക്കിയത്. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ എതിര്‍ പാളയത്തെ കടന്നാക്രമിച്ച് പ്രസംഗങ്ങള്‍ നടത്തുന്ന മോദി, ഇത്തവണ ലീഗിനെ പരാര്‍ശിച്ചുകൊണ്ടാണ് തുടങ്ങിയത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക സ്വാതന്ത്ര്യത്തിന് മുന്‍പ് ലീഗ് വെച്ചുപുലര്‍ത്തിയിരുന്ന ആശയങ്ങളുടെ പ്രതിഫലനമാണ് എന്നാണ് മോദിയുടെ ആക്ഷേപം.
''തിരഞ്ഞെടുപ്പ് പ്രകടനപത്രിക എന്ന പേരില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ നുണകളുടെ കെട്ട്, ആ പാര്‍ട്ടിയുടെ മുഖംമൂടി അഴിച്ചുമാറ്റി. ഓരോ പേജും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ്. സ്വാതന്ത്ര്യത്തിന് മുന്‍പ് മുസ്ലിം ലീഗിനുണ്ടായിരുന്ന ആശയങ്ങളാണ് കോണ്‍ഗ്രസ് പ്രതിഫലിപ്പിക്കുന്നത്,''എന്നാണ് മോദിയുടെ വിമര്‍ശനം.
മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു. മോദിക്ക് അദ്ദേഹത്തിന്റെ ചരിത്രം പോലും അറിയില്ലെന്നായിരുന്നു പാര്‍ട്ടിയുടെ മറുപടി. ജനംസംഘത്തിന്റെ സ്ഥാപകന്‍ ശ്യമാപ്രസാദ് മുഖര്‍ജി, മുസ്ലിം ലീഗുമായി ചേര്‍ന്ന് നാല്‍പ്പതുകളില്‍ ബംഗാളില്‍ സര്‍ക്കാരുണ്ടാക്കിയ വ്യക്തിയാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നതും അത് പ്രയോഗിക്കുന്നതും ബിജെപിയാണ്, കോണ്‍ഗ്രസല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു.
വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിൽ ഇത്തവണ ലീഗ് പതാക ഉപയോഗിക്കാതിരുന്നത് ചൂണ്ടിക്കാട്ടിയത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയായിരുന്നു. കഴിഞ്ഞതവണ മുസ്ലിം ലീഗ് കൊടിയെ പാകിസ്താന്‍ പതാകയായി ഉത്തരേന്ത്യയില്‍ പ്രചാരണം നടത്തിയ ബിജെപി നേതാക്കളില്‍ മുന്നില്‍ സ്മൃതി ഇറാനിയും ഉണ്ടായിരുന്നു. ഇത്തരം പ്രചാരണത്തിന് അവസരം നല്‍കേണ്ടതില്ലെന്ന ധാരണയുടെ പുറത്താണ് ഇത്തവണ യുഡിഎഫ് ലീഗിന്റെ കൊടി മാറ്റിനിര്‍ത്തിയത്. സഖ്യകക്ഷിയെ പിണക്കാതിരിക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ കൊടിയും ഒഴിവാക്കി.
എന്നാല്‍, മുസ്ലിം ലീഗ് കൊടിയെ വിടാന്‍ സ്മൃതി തയ്യാറായില്ല. ''ലീഗിന്റെ കൊടി ഉപയോഗിക്കാത്തത്, ലീഗിന്റെ പിന്തുണയുണ്ടെന്ന് പറയുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് നാണക്കേടുള്ളതുകൊണ്ടോ, അല്ലെങ്കില്‍ ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മുസ്ലിം ലീഗുമായുള്ള ബന്ധം മറച്ചുവയ്ക്കാനാകില്ല എന്നത് കൊണ്ടോ,'' എന്നാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം.
ഇതോടെ, മുസ്ലിം ലീഗും അതിന്റെ കൊടിയും 2019-ലെ പോലെ 2024-ലും തിരഞ്ഞെടുപ്പ് ചര്‍ച്ചയായി മാറി. കഴിഞ്ഞതവണ ലീഗ് കൊടി പാറിയതിന് എതിരെ ബിജെപി വ്യാപക പ്രചാരണം നടത്തിയപ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം രംഗത്തുവന്നിരുന്നു. കേരളത്തിനെതിരെ കടുത്ത വര്‍ഗീയ പ്രചാരണം നടത്തുന്നത് തടയാനായിരുന്നു അന്ന് ഇടതുപക്ഷം ശ്രമിച്ചത്. എന്നാല്‍, ഇത്തവണ, ലീഗിനെയും കോണ്‍ഗ്രസിനെയും തമ്മില്‍ ഭിന്നിപ്പിക്കുക എന്ന അജണ്ടകൂടി സിപിഎമ്മിനുണ്ട്. അതിന്റെ ഭാഗമായാണ് ആദ്യമേതന്നെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്.
സംഘപരിവാറിനെ ഭയന്നാണ് കോണ്‍ഗ്രസും ലീഗും കൊടി ഉപയോഗിക്കാത്തത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ''മുസ്ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണ്? ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍ നിന്ന് ഒളിച്ചോടാന്‍ സ്വന്തം കൊടിക്കുപോലും അയിത്തം കല്‍പ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ് എന്തുകൊണ്ടാണ് താഴ്ന്നുപോയത്? ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ കൊടിയുടെ ചരിത്രം അറിയുമോ എന്ന സംശയം സ്വാഭാവികമായി ഉയരും. ചില കോണ്‍ഗ്രസ് നേതാക്കള്‍ സൗകര്യപൂര്‍വം ആ ചരിത്രം വിസ്മരിക്കുകയാണ്,'' എന്നായിരുന്നു പിണറായി വിജയന്റെ പ്രസംഗം.
ലീഗ് വോട്ടുകള്‍ നിര്‍ണായകമായ വയനാട്ടിലും മലബാറിലെ മണ്ഡലങ്ങളിലും ഈ നീക്കം ഗുണകരമാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ലീഗിലെ അസംതൃപതരുടെ പിന്തുണ നേടുക എന്നതാണ് പിണറായി വിജയന്റെ പരാമര്‍ശത്തിലെ പ്രധാന ലക്ഷ്യം. മാത്രവുമല്ല, ലീഗിനെ ഇടതു പാളയത്തില്‍ എത്തിക്കാനുള്ള ആഗ്രഹവും സിപിഎമ്മിനുണ്ട്. യുഡിഎഫ് വിട്ട് എങ്ങോട്ടുമില്ലന്ന് പറയുമ്പോഴും ഇടതുപക്ഷത്തോട് ലീഗിലെ ഒരു വിഭാഗത്തിന് മമത തോന്നിത്തുടങ്ങിയിട്ടുണ്ട് എന്നു വേണം കരുതാന്‍.
പാര്‍ട്ടി കൊടി ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിലും മൂന്നാം സീറ്റ് വിവാദത്തിലും ലീഗിലെ ഒരു വിഭാഗത്തിന് യുഡിഎഫില്‍ അതൃപ്തിയുണ്ട്. സംഘപരിവാര്‍ ഭീഷണിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കെല്‍പ്പില്ലെന്ന് ചിന്തിക്കുന്നവരും കുറവല്ല. കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം പൗരത്വ നിയമം, ഏക സിവില്‍ കോഡ് വിഷയങ്ങളിലെ നിലപാടുകള്‍ പ്രധാന നേതാക്കളുടെ മൃദുഹിന്ദുത്വ നിലപാടുകള്‍ എന്നിവയും ലീഗിലെ ഒരുവിഭാഗത്തെ അസ്വസ്ഥരാക്കുന്നുണ്ട്.