കോഴിക്കോടിന്റെ 'ചങ്ങായി' ആരാകും?

കോഴിക്കോടിന്റെ 'ചങ്ങായി' ആരാകും?

നാലാം തവണ വിജയം തേടിയിറങ്ങുന്ന എംകെ രാഘവനും മണ്ഡലം തിരികെ പിടിക്കാന്‍ ജനകീയനായ എളമരം കരീമും, കൂടെ വോട്ടുബാങ്ക് ഉയര്‍ത്താനിറങ്ങുന്ന എംടി രമേശും, കോഴിക്കോട് ആര്‍ക്കൊപ്പം?
Updated on
5 min read

സിനിമാപാട്ടിൽ പറഞ്ഞപോലെ ഖൽബിൽ തേനൊഴുകുന്ന കോഴിക്കോട്, ഭക്ഷണത്തിനും കലയ്ക്കും സാഹിത്യത്തിനും പേര് കേട്ട കോഴിക്കോട്. പക്ഷെ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ഒട്ടും പിടിതരാത്ത ഒരു 'ചങ്ങായി' ആണ് കോഴിക്കോട്. 18 വർഷങ്ങളായി കോൺഗ്രസിന്റെ ഒറ്റ എംഎൽഎ പോലും കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട നിയമസഭ മണ്ഡലങ്ങളിൽ നിന്ന് ഉണ്ടായിട്ടില്ല. അതേസമയം ലോക്‌സഭയുടെ കാര്യത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷമായി കോണ്‍ഗ്രസിന്റെ 'കൈക്കുമ്പിളിലാണ്' കോഴിക്കോട്.

ചുരുക്കിപ്പറഞ്ഞാല്‍ ലോക്സഭ തിരഞ്ഞെടുപ്പിൽ വലതുപക്ഷവും നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും ആകുന്ന കോഴിക്കോട്. കോഴിക്കോടിന്റെ വൈവിധ്യങ്ങൾ പോലെ തന്നെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും ഈ മണ്ഡലത്തിൽ സ്വാധീനം ഉണ്ട്. സിപിഎം, കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ്, എന്നിവയ്ക്ക് പുറമെ ജനതാദൾ, എൻസിപി തുടങ്ങിയ പാർട്ടികൾക്കും കോഴിക്കോട് നല്ല വേരോട്ടമുണ്ട്.

തുടർച്ചയായ നാലാം വിജയം തേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എംകെ രാഘവൻ കോഴിക്കോട് എത്തുന്നത്. ഇത്തവണ ഏത് വിധേനയും കോഴിക്കോട് തിരികെ പിടിക്കാനായി രാജ്യസഭ എംപി കൂടിയായ എളമരം കരീമിനെയാണ് സിപിഎം രംഗത്ത് ഇറക്കിയത്. മണ്ഡലത്തിലെ ബിജെപി വോട്ടുകൾ ഏകീകരിക്കാനും ശക്തമായ മത്സരം കാഴ്ചവയ്ക്കാനുമായി പ്രമുഖ നേതാവായ എംടി രമേശിനെ തന്നെയാണ് ബിജെപി കോഴിക്കോട് ഇറക്കിയത്.

കോഴിക്കോടിന്റെ 'ചങ്ങായി' ആരാകും?
തരൂരിന്റെ തട്ടകം, അന്യനല്ലാത്ത പന്ന്യന്‍, ഹൈടെക്ക് രാജീവ്

കോൺഗ്രസിന്റെയും ലീഗിന്റെയും വോട്ടുകൾ ഏകീകരിച്ച് വിജയം നേടാൻ കഴിയുമെന്നാണ് എംകെ രാഘവന്റെ വിശ്വാസം, എന്നാൽ കോഴിക്കോടുമായി ചിരകാല ബന്ധമുള്ള എളമരം കരീം പരമ്പരാഗത ഇടതുപക്ഷ വോട്ടുകൾക്കൊപ്പം തൊഴിലാളി വോട്ടുകൾ കൂടി ഏകീകരിച്ച് വിജയത്തിൽ എത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

1951-52 വർഷങ്ങളിലായി നടന്ന പൊതുതിരഞ്ഞെടുപ്പിൽ തന്നെ ഞെട്ടിച്ച മണ്ഡലമാണ് കോഴിക്കോട്. അന്ന് കോൺഗ്രസിന് വെല്ലുവിളിയായ കിസാൻ മസ്ദൂർ പ്രജാപാർട്ടി സ്ഥാനാർഥിയായ അച്യുത ദാമോദരൻ മേനോൻ ആയിരുന്നു ആദ്യ വിജയി. പിന്നീട് 1957 ൽ നടന്ന തിരഞ്ഞെടുപ്പിൽ കെ പി കുട്ടികൃഷണൻ നായരിലൂടെ കോൺഗ്രസ് സീറ്റ് തിരികെ പിടിച്ചു. 62-ൽ സി എച്ച് മുഹമ്മദ് കോയ, 1967, 1971 വർഷങ്ങളിൽ ഇബ്രാഹിം സുലൈമാൻ സേഠ് എന്നിവർ മുസ്‌ലിം ലീഗ് സ്ഥാനാർഥികളായും വിജയിച്ചു. 1977 ൽ കോൺഗ്രസിന്റെ വി എ സൈയ്ദ് മുഹമ്മദ് വിജയി ആയി. എന്നാൽ 1980 ൽ ആദ്യമായി ഇ കെ ഇമ്പിച്ചി ബാവയിലൂടെ ഇടതുപക്ഷം ആദ്യമായി കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ വിജയിച്ചു. പിന്നീട് കെ. ജി അടിയോടി, കെ മുരളീധരൻ എന്നിവർ മണ്ഡലത്തിൽ നിന്ന് പാർലിമെന്റിൽ എത്തി. 1996 ൽ ജനതാദൾ സ്ഥാനാർഥിയായി എംപി വീരേന്ദ്രകുമാർ വിജയിച്ചെങ്കിലും 1998 ലും 1999 ലും കോൺഗ്രസ് മണ്ഡലം തിരികെ പിടിച്ചു. 2004 ൽ എംപി വീരേന്ദ്രകുമാർ വീണ്ടും വിജയം നേടി. 2009 ലാണ് നിലവിലെ എംപിയായ എംകെ രാഘവൻ ആദ്യമായി മണ്ഡലത്തിൽ നേരിയ ഭൂരിപക്ഷത്തിന് അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തുന്നത്.

സിപിഎമ്മിലെ വിഭാഗിയതയും അപര സ്ഥാനാർഥിയുമായിരുന്നു ഇടതുപക്ഷത്തിനെ അന്ന് തോൽപ്പിച്ചതെങ്കിൽ പിന്നീട് അങ്ങോട്ടുള്ള ലോക്‌സഭ മത്സരങ്ങളിൽ എംകെ രാഘവൻ തന്റെ ജനകീയത ഉയർത്തുകയും ലീഡ് നില ഉയർത്തി 'രാഘവേട്ടൻ' ഇമേജിലൂടെ വിജയിച്ച് കയറുകയുമായിരുന്നു.

ഏഴു നിയമസഭാ മണ്ഡലങ്ങളാണ് കോഴിക്കോട് ലോക്‌സഭയിൽ ഉള്ളത്. കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, ബേപ്പൂർ, ബാലുശേരി, ഏലത്തൂർ, കുന്ദമംഗലം, കൊടുവള്ളി എന്നിവയാണ് ഇത്. നിലവിൽ കൊടുവള്ളി നിയോജകമണ്ഡലം മാത്രമാണ് യുഡിഎഫ് മുന്നണിക്ക് ഒപ്പമുള്ളത്.

ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, ബേപ്പൂർ മണ്ഡലങ്ങളിൽ സിപിഎമ്മും എലത്തൂരിൽ എൻസിപിയും കോഴിക്കോട് സൗത്തിലും കുന്നമംഗലത്തും ഐഎൻഎല്ലുമാണ് ഭരിക്കുന്നത്.

കോഴിക്കോടിന്റെ 'ചങ്ങായി' ആരാകും?
ആറ്റിങ്ങലിലെ പോരാട്ടത്തിന് ആഴമേറെ

നിയമസഭയില്‍ ആരൊക്കെ

ഇടതുതരംഗം ആഞ്ഞടിച്ച 2016 ലും 2021 ലും കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പം നിന്നു. 2016 ല്‍ കോഴിക്കോട് നോർത്തില്‍ എ പ്രദീപ് കുമാര്‍ (സിപിഎം) , കോഴിക്കോട് സൗത്ത് എംകെ മുനീര്‍ (മുസ്ലിം ലീഗ് ), ബേപ്പൂര്‍ വി കെ സി മമ്മദ് കോയ (സിപിഎം), ബാലുശ്ശേരി പുരുഷന്‍ കടലുണ്ടി (സിപിഎം), കൊടുവള്ളി കാരാട് റസാഖ് ( ഇടത് സ്വതന്ത്രന്‍), കുന്ദമംഗലംപി ടി എ റഹീം (ഇടത് സ്വതന്ത്രന്‍ ) എലത്തൂര്‍ എ കെ ശശീന്ദ്രന്‍ (എന്‍സിപി) എന്നിവരായിരുന്നു വിജയികള്‍.

2021 ല്‍ കോഴിക്കോട് നോര്‍ത്ത് തോട്ടത്തില്‍ രവീന്ദ്രന്‍ (സിപിഎം) കോഴിക്കോട് സൗത്ത് അഹമ്മദ് ദേവര്‍കോവില്‍ ( ഐ എന്‍ എല്‍)

ബേപ്പൂര്‍ പി എ മുഹമ്മദ് റിയാസ് ( സിപിഎം ) ബാലുശ്ശേരി സച്ചിന്‍ ദേവ് ( സിപിഎം ) കൊടുവള്ളി എം കെ മുനീര്‍ ( മുസ്‌ലിം ലീഗ്) കുന്ദമംഗലം പി ടി എ റഹീം എലത്തൂര്‍ എ കെ ശശീന്ദ്രന്‍ (എന്‍സിപി ) എന്നിവരായിരുന്നു വിജയികള്‍.

കോഴിക്കോടിന്റെ 'ചങ്ങായി' ആരാകും?
തിരിച്ചുപിടിക്കാന്‍ കെസി, നിലനിര്‍ത്താന്‍ ആരിഫ്, നിലയുറപ്പിക്കാന്‍ ശോഭ; ആര്‍ക്ക് പിടികൊടുക്കും ആലപ്പുഴ?

കാര്യമിതൊക്കെയാണെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പിൽ മണ്ഡലം യുഡിഎഫ് അനുകൂലമാകും. പാർലമെന്റിൽ തീവ്രവലതുപക്ഷത്തിന് എതിരെ ഭരണത്തിൽ എത്താൻ സാധിക്കുന്നത് ഏത് പാർട്ടിക്ക് ആണോ അവർക്ക് വോട്ട് ചെയ്യുകയെന്നതാണ് കോഴിക്കോട്ടുകാരുടെ പൊതുസ്വഭാവം.

2009 ൽ എം കെ രാഘവനും പി എ മുഹമ്മദ് റിയാസും നേർക്ക് നേർ പോരാടിയപ്പോൾ 838 വോട്ടുകൾക്കാണ് രാഘവൻ അന്ന് വിജയിച്ചത്. എം കെ രാഘവൻ 42.92 % വോട്ടുകൾ നേടിയപ്പോൾ പി എ മുഹമ്മദ് റിയാസ് 42.81 % വോട്ടുകൾ നേടി. ബിജെപിയുടെ വി മുരളീധരൻ 11.25 % വോട്ടുകളായിരുന്നു സ്വന്തമാക്കിയത്.

2009 ൽ നിന്ന് 2014 ൽ എത്തിയപ്പോൾ സിപിഎമ്മിന്റെ എ വിജയരാഘവൻ ആയിരുന്നു എംകെ രാഘവന്റെ എതിരാളിയായത്.

2014 ൽ നരേന്ദ്രമോദിയുടെ പ്രഭാവം കുറയ്ക്കുന്നതിന് വേണ്ടി കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന ആഹ്വാനത്തിന് പിന്നാലെയാണ് എംകെ രാഘവൻ ് 16883 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുന്നത്. 42.15 % വോട്ടുകളായിരുന്നു എംകെ രാഘവൻ നേടിയത്.

40.36 % വോട്ടുകളും ബിജെപിയുടെ സി കെ പത്മനാഭൻ 12.27 % വോട്ടുകളും നേടി.

2019 രാഹുൽ ഗാന്ധി എഫക്ട് കൂടി ഉണ്ടായതോടെ റെക്കോർഡ് ഭുരിപക്ഷമാണ് എംകെ രാഘവന് ഉണ്ടായത്. 2019 ൽ ലീഡ് നില 85225 ആയി ഉയർത്താൻ എംകെ രാഘവന് കഴിഞ്ഞു. കോഴിക്കോടിന്റെ ജനകീയനായ എംഎൽഎ എ പ്രദീപ് കുമാറായിരുന്നു സിപിഎം സ്ഥാനാർത്ഥി ആയതെങ്കിലും പക്ഷേ ജനകീയത വോട്ടിൽ പ്രതിഫലിച്ചില്ല. 45.97 ശതമാനം വോട്ട് എംകെ രാഘവൻ നേടിയപ്പോൾ 37.92 ശതമാനം വോട്ട് മാത്രമാണ് എ പ്രദീപ് കുമാർ നേടിയത്. അതേസമയം ബിജെപിയുടെ അഡ്വക്കേറ്റ് എ പ്രകാശ് ബാബു വോട്ട് ശതമാനം 15.53 ശതമാനമായി ഉയർത്തി.

2024 ആർക്കൊപ്പം ?

ഇഞ്ചോടിഞ്ച് മത്സരമാണ് 2024 ൽ കോഴിക്കോട് നടക്കുന്നത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികൾ ഒരേപോലെ മണ്ഡലത്തിലെ ജനപ്രിയർ. കഴിഞ്ഞ പതിനഞ്ച് വർഷം കൊണ്ട് താൻ മണ്ഡലത്തിൽ ഉണ്ടാക്കിയ ജനകീയ കൈമുതലാക്കിയാണ് എംകെ രാഘവൻ നാലാമതും മത്സരത്തിന് ഇറങ്ങുന്നത്. എന്നാൽ പതിനഞ്ച് വർഷമായി മണ്ഡലത്തിൽ വികസനങ്ങൾ ഒന്നും തന്നെയുണ്ടായിട്ടില്ലെന്നാണ് സിപിഎം ചൂണ്ടിക്കാണിക്കുന്നത്. വിജയസാധ്യതയില്ലെങ്കിൽ കൂടിയും പരമാവധി വോട്ടുകൾ നേടി തങ്ങളുടെ വോട്ട് ബാങ്ക് ഉറപ്പിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

എംകെ രാഘവന്റെ 'ഏട്ടൻ' ഇമേജിനെതിരെ തുടക്കത്തിൽ എളമരം കരീം 'ഇക്ക' ഇമേജ് വെച്ച് പ്രചാരണം ആരംഭിച്ചെങ്കിലും പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിൽ വിമർശനങ്ങൾ ഉയർന്നതോടെ 'കരീംക്ക' വീണ്ടും കരീം ആയി മാറി. രാഷ്ട്രീയവും വികസനവും ചർച്ചയാവുന്നതിന് ഒപ്പം മതസാമുദായിക ഘടകങ്ങളും കോഴിക്കോട് വോട്ടിന്റെ ഭാഗമാകും. ഇരു സമസ്തകൾക്കും വലിയ സ്വാധീനമുള്ള കോഴിക്കോട് ലോക്‌സഭയിൽ തന്നെയാണ് കാന്തപുരം നേതൃത്വം നൽകുന്ന മർക്കസ് സ്ഥിതി ചെയ്യുന്നത്. സിഎഎ, പൗരത്വ രജിസ്റ്റർ തുടങ്ങിയവയിൽ എടുത്ത ശക്തമായ നിലപാടുകൾ തങ്ങൾക്ക് വോട്ടുകളായി മാറുമെന്നാണ് സിപിഎം വിലയിരുത്തുന്നത്.

പാർലമെന്റിൽ കോൺഗ്രസ് സിഎഎയ്ക്ക് എതിരായി നിലപാട് സ്വീകരിച്ചില്ലെന്നും തങ്ങളാണ് പൗരത്വഭേദഗതിക്ക് എതിരെ ശക്തമായി നിലകൊണ്ടതെന്നും സിപിഎം തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ പ്രചരണം നടത്തുന്നുണ്ട്.

കോൺഗ്രസ് പാളയത്തിൽ 15 വർഷത്തെ വികസനവും ഭാവി വാഗ്ദാനങ്ങളുമാണ് കോൺഗ്രസിന്റെ പ്രധാന പ്രചരണ ആയുധങ്ങൾ. കോഴിക്കോട് റെയിൽവെ സ്റ്റേഷൻ വികസനമാണ് എംകെ രാഘവൻ ചൂണ്ടിക്കാണിക്കുന്ന ഏറ്റവും വലിയ പദ്ധതി. അതേസമയം ഇത്തവണ ചില ആശങ്കകൾ എംകെ രാഘവൻ നേരിടുന്നുണ്ട്. വിജയ സാധ്യത താരതമ്യേന കൂടി നിൽക്കുമ്പോഴും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം എന്തായാലും ഇത്തവണ നേടാൻ കഴിയില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

ഇതിന് പുറമെ കോഴിക്കോട് കോൺഗ്രസിലെ പിണക്കങ്ങളും ശശി തരൂരിന് അനൂകലമായി സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുന്ന നിലപാട് എംകെ രാഘവൻ എടുത്തതും വോട്ടിങിനെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ ഐഎൻഎല്ലിനൊപ്പം 'റഹീം ലീഗ്' എന്ന് വിളിക്കപ്പെടുന്ന നാഷണൽ സെക്യുലർ കോൺഫ്രൻസ് ലയിച്ചതുമാണ് കോൺഗ്രസിന്റെ ഭൂരിപക്ഷം കുറച്ചേക്കുമെന്ന വിലയിരുത്തലിന് പിന്നില്‍.

logo
The Fourth
www.thefourthnews.in