മായാവതി മുതല്‍ ഒവൈസി വരെ; കൂട്ടത്തില്‍ പെടാത്തവര്‍ ആർക്ക് ഗുണമാകും?

മായാവതി മുതല്‍ ഒവൈസി വരെ; കൂട്ടത്തില്‍ പെടാത്തവര്‍ ആർക്ക് ഗുണമാകും?

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയിലും എന്‍ഡിഎ മുന്നണിയിലും അംഗമാകാതെ ഇരിക്കുന്ന പാര്‍ട്ടികളില്‍ പലതും മുന്നണികളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്
Updated on
3 min read

രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കയറുമ്പോള്‍ കണക്കുകള്‍ കൂട്ടിയും കിഴിച്ചും വിജയസാധ്യത കണക്കാക്കുന്ന തിരക്കിലാണ് എന്‍ഡിഎയും 'ഇന്ത്യ' മുന്നണിയും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മൂന്നാം തവണയും ഭരണ തുടര്‍ച്ചയല്ലാതെ മറ്റൊന്നും മുന്നില്‍ കാണുന്നില്ല. 'ഇന്ത്യ' മുന്നണിയാവട്ടെ പരമാവധി സീറ്റുകള്‍ നേടി കേന്ദ്രസര്‍ക്കാരിനെ താഴെയിറക്കാനുള്ള കരുക്കളാണ് നീക്കുന്നത്.

18-ാം ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് എഴ് ഘട്ടങ്ങളിലായി ജൂണ്‍ നാല് വരെ നീളും. തിരഞ്ഞെടുപ്പില്‍ ഒരോ സീറ്റും ഇരുമുന്നണികളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. 2019 ല്‍ നിന്ന് 2024 ലേക്ക് എത്തുമ്പോള്‍ പരമാവധി പാര്‍ട്ടികളുമായി സഖ്യം ഉറപ്പിക്കാനും സീറ്റുകള്‍ നേടാനുമുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ഇരുമുന്നണികളും.

മായാവതി മുതല്‍ ഒവൈസി വരെ; കൂട്ടത്തില്‍ പെടാത്തവര്‍ ആർക്ക് ഗുണമാകും?
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണം; കേരളം സുപ്രീം കോടതിയില്‍
Voting in India
Voting in India

നിലവില്‍ 40 പാര്‍ട്ടികളാണ് ഇന്ത്യ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. 39 പാര്‍ട്ടികളാണ് എന്‍ഡിഎ സഖ്യത്തില്‍ അംഗങ്ങളായി ഉള്ളത്. എന്നാല്‍ ഈ രണ്ട് സഖ്യത്തിലും ഉള്‍പ്പെടാത്ത ചില പാര്‍ട്ടികളും ഉണ്ട്. അതില്‍ പല പാര്‍ട്ടികളും ഇരു സഖ്യങ്ങളുമായി ചര്‍ച്ചയും നടത്തുന്നുണ്ട്.

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്ആര്‍സിപി), ബിജു ജനതാദള്‍ (ബിജെഡി), ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്), ബഹുജന്‍ സമാജ് പാര്‍ട്ടി, ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം), ശിരോമണി അകാലിദള്‍ (എസ്എഡി), ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്), എന്നിവയാണ് ഇതുവരെ സഖ്യത്തില്‍ ചേരാത്ത പ്രമുഖ പാര്‍ട്ടികള്‍. ഇതിന് പുറമെ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച എഐഎഡിഎംകെയും ഈ പട്ടികയിലുണ്ട്.

ഇതില്‍ ബിജു ജനതാദള്‍ എന്‍ഡിഎയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും മുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ലോക്‌സഭ, നിയമസഭ സീറ്റ് വിഭജനം സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളില്‍ സമവായത്തില്‍ ഏത്താനാവാതെ വന്നതോടെയാണ് സഖ്യ സാധ്യതകള്‍ മങ്ങുന്നത്. ഒഡീഷയില്‍ ബിജെപി മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും സഖ്യത്തിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ ഒരു ചാനല്‍ പരിപാടിയില്‍ പറയുകയും ചെയ്തിരുന്നു.

മായാവതി മുതല്‍ ഒവൈസി വരെ; കൂട്ടത്തില്‍ പെടാത്തവര്‍ ആർക്ക് ഗുണമാകും?
പെരുവഴിയിലായി സുമലത; മണ്ടിയയില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയെ 25ന് പ്രഖ്യാപിക്കുമെന്ന് കുമാരസ്വാമി

2019-ല്‍ ആന്ധ്രാപ്രദേശില്‍ ആകെയുള്ള 25 സീറ്റില്‍ 22 ഇടത്തും വിജയിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് (വൈഎസ്ആര്‍സിപി) പാര്‍ലമെന്റില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ സി ആറിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) ബിജെപി, കോണ്‍ഗ്രസ് ഇതര മുന്നണിക്ക് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ബിആര്‍എസ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി.

ലോക്‌സഭയില്‍ 10 അംഗങ്ങളുള്ള മായാവതിയുടെ ബിഎസ്പിയും സഖ്യത്തിന് പുറത്താണ്. മായാവതിയുടെ പാര്‍ട്ടി തനിച്ച് മത്സരിക്കുന്നത് ഉത്തര്‍പ്രദേശില്‍ ഇന്ത്യ മുന്നണിക്ക് പ്രതികൂലമായി ബാധിക്കും. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിന് ഇത് കാരണമാകും. 19.4 ശതമാനം വോട്ടു പിടിച്ച ബിഎസ്പിയാണ് ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ രണ്ടാമത്തെ കക്ഷി.

പ്രതിപക്ഷ സഖ്യത്തില്‍ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം പാര്‍ട്ടിയും നിലവില്‍ സഖ്യത്തിന് പുറത്താണ്. തങ്ങളുടെ പാര്‍ട്ടിയെ '' തൊട്ടുകൂടാത്തവരായി'' കാണുകയാണെന്ന്ഒ വൈസി ആരോപിക്കുകയും ചെയ്തിരുന്നു. തെലങ്കാന, ബിഹാര്‍ സംസ്ഥാനങ്ങളില്‍ എഐഎംഐഎമ്മിന് സ്വാധീനമുണ്ട്. ഹൈദരാബാദില്‍ ഒവൈസിയുടെ പാര്‍ട്ടി നിര്‍ണായക ശക്തിയാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് വോട്ടു ബാങ്കുകളുണ്ട്.

നേരത്തെ, നിതീഷ് കുമാര്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായിരുന്നപ്പോള്‍ പഞ്ചാബിലെ ശിരോമണി അകാലിദളിനെ മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു.

മായാവതി മുതല്‍ ഒവൈസി വരെ; കൂട്ടത്തില്‍ പെടാത്തവര്‍ ആർക്ക് ഗുണമാകും?
വയനാട്: 'ഇന്ത്യ'യുടെ വിഐപി മണ്ഡലം

സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസിനുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് എസ്എഡി ഇന്ത്യ മുന്നണിയോട് താത്പര്യം കാണിക്കാതിരുന്നത്. മുന്‍ എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദള്‍, ബിജെപി മുന്നണിയിലേക്ക് തിരിച്ചു പോകാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ, ബിജെപിയും എസ്എഡിയും പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. അതേസമയം ബിജെപിയുമായി ഇനിയും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ആകാലിദള്‍ നേതാക്കള്‍ മാധ്യമങ്ങളോടു പറഞ്ഞത്.

അസമില്‍ നിന്നുള്ള ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തീവ്ര ബിജെപി വിരുദ്ധരാണെങ്കിലും ഇന്ത്യ സഖ്യത്തില്‍ അംഗമായിട്ടില്ല. നിലവില്‍ 3 സീറ്റുകളാണ് ലോക്‌സഭയില്‍ പാര്‍ട്ടിക്കുള്ളത്.

മായാവതി മുതല്‍ ഒവൈസി വരെ; കൂട്ടത്തില്‍ പെടാത്തവര്‍ ആർക്ക് ഗുണമാകും?
'മോദിയെ വീഴ്ത്താന്‍ ഗ്രാമങ്ങള്‍ വളയും'; കൊല്ലപ്പെട്ട കര്‍ഷകന്റെ ചിതാഭസ്മവുമായി രാജ്യവ്യാപക പ്രചാരണത്തിന് കർഷകർ

എന്‍ഡിഎ സഖ്യം

ബിജെപി, എന്‍പിപി, എജെഎസ്‌യു പാര്‍ട്ടി, ആള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ്, അപന ദള്‍ (എസ്), അസോം ഗണ പരിഷത്ത്, ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി, ഐ പി എഫ് ടി, ജനതാദള്‍ എസ്, ജനതാദള്‍ യു, ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്), എം ജി പി, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, എന്‍സിപി (അജിത് പവാര്‍), എന്‍ഡിപിപി, ശിവസേന (ഷിന്‍ഡെ വിഭാഗം), സിക്കിം ക്രാന്തികാരി മോര്‍ച്ച, തെലുങ്ക് ദേശം പാര്‍ട്ടി, ടി എം പി, യു ഡി പി, യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍, ബിഡിജെഎസ്, ഗൂര്‍ഖ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, ഹരിയാന ലോഖിത് പാര്‍ട്ടി, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച, ജെ എസ് എസ്, ജെ എസ് പി, കേരള കാമരാജ് കോണ്‍ഗ്രസ്, നിഷാദ് പാര്‍ട്ടി, പ്രഹാര്‍ ജനശക്തി പാര്‍ട്ടി, പുതിയ നീതി കച്ചി, രാഷ്ട്രീയ ലോക് ദള്‍, രാഷ്ട്രീയ ലോക് മോര്‍ച്ച, രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി, രാഷ്ട്രീയ സമാജ് പക്ഷ, ആര്‍പിഐ ( എ), എസ് ബി എസ് പി, തമിഴ് മാനില കോണ്‍ഗ്രസ് (മൂപ്പനാര്‍), അമ്മ മക്കള്‍ മുന്നേട്ര കഴകം, ജനശക്തി പാര്‍ട്ടി എന്നിവയാണ് എന്‍ഡിഎയില്‍ അംഗങ്ങളായിട്ടുള്ള പാര്‍ട്ടികള്‍.

ഇന്ത്യ മുന്നണി

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, എസ് പി, ഡിഎംകെ, ശിവസേന (ഉദ്ധവ് താക്കറെ) എന്‍സിപി (ശരദ് പവാര്‍), ആര്‍ ജെ ഡി, ആംആദ്മി പാര്‍ട്ടി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, സിപിഐ (എംഎല്‍) ലിബറേഷന്‍, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് എം, വിസികെ, എംഡിഎംകെ, കേരള കോണ്‍ഗ്രസ് (ജോസഫ് ), അപ്‌നാ ദള്‍ (കാമേരവാദി), പി ഡബ്ല്യു പി ഐ, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ജമ്മു കശ്മീര്‍ പീപ്പള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, മണിത്തനേയ മക്കള്‍ കച്ചി, കൊങ്ങുനാട് മക്കള്‍ ദേശീയ കച്ചി, റൈജോര്‍ ദള്‍, അസം ദേശീയ പരിഷത്ത്, അഞ്ചലിക് ഗണ മോര്‍ച്ച, ഓള്‍ പാര്‍ട്ടി, ഹില്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സ്, വഞ്ചിത് ബഹുജന്‍ അഘാഡി, ഭാരതീയ ഗുര്‍ഖ പ്രജാതന്ത്രിക് മോര്‍ച്ച, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മക്കള്‍ നീതി മയ്യം, ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്, പിഎല്‍പി, ദേശീയ ദള്‍ അസം, ജനവാദി പാര്‍ട്ടി (സോഷ്യലിസ്റ്റ് ), സോറാം നാഷണലിസ്റ്റ് പാര്‍ട്ടി, മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, മഹാന്‍ ദള്‍ എന്നിവയാണ് ഇന്ത്യ സഖ്യത്തില്‍ ഉള്ള നിലവിലെ പാര്‍ട്ടികള്‍. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ ചേരാത്ത പാര്‍ട്ടികള്‍ നേടിയെടുക്കുന്ന സീറ്റുകള്‍ ആര്‍ക്കായിരിക്കും ഗുണമാവുകയെന്ന് കാത്തിരുന്ന് കാണണം.

logo
The Fourth
www.thefourthnews.in