തേജസ്വി: ബിഹാറിലെ 'ഇന്ത്യ' ടീമിന്റെ ഓജസ്
കിടക്കയില്‍ നിന്നെഴുന്നേല്‍ക്കരുത് എന്നാണ് തേജസ്വി യാദവിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കടുത്ത നുടവേദനയാണ്, ബെല്‍റ്റ് കെട്ടിവെച്ചാണ് നടപ്പ്. ചിലനേരത്ത് പ്രവര്‍ത്തകര്‍ വീല്‍ ചെയറിലിരുത്തി തള്ളിക്കൊണ്ടു പോകാറുമുണ്ട്. എന്നിട്ടും 186 റാലികളിലാണ് തേജസ്വി യാദവ് പ്രസംഗിച്ചത്. ഒരൊറ്റ ലക്ഷ്യം മാത്രം, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയെയും ഇന്ത്യ മുന്നണിയെയും വിജയത്തിലെത്തിക്കുക. യുപിയില്‍ അഖിലേഷ് യാദവിനെ പോലെ, തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിനെ പോലെ ബിഹാറില്‍ തേജസ്വി യാദവാണ് ഇന്ത്യ മുന്നണിയുടെ ആളും അര്‍ഥവും.
സഖ്യമായിട്ടാണ് മത്സരിക്കുന്നതെങ്കിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിഹാറിലേക്ക് പ്രചരണത്തിന് പോയത് വെറും രണ്ടുതവണ മാത്രമാണ്. കിഷന്‍ഗഞ്ചിലും ഭഗല്‍പൂരിലും രാഹുല്‍ റാലി നടത്തിയപ്പോള്‍ കൂടെ തേജസ്വിയുമുണ്ടായിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കോണ്‍ഗ്രസിന് വേണ്ടി ബിഹാറില്‍ നിരന്തരമെത്തുന്നത്. മറിച്ച് തേജസ്വിയാകട്ടെ, ബിഹാറിന് പുറമേ, ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ഇന്ത്യ സഖ്യത്തിന്റെ റാലികളില്‍ പങ്കെടുക്കാനായി പോയി.
ഇന്ത്യ സഖ്യം ഏറ്റവും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. സ്വന്തം നിലയില്‍ പ്രചാരണം നടത്തി പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ തനിക്ക് സാധിക്കുമെന്ന കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തേജസ്വി തെളിയിച്ചതാണ്. 2019-ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംപൂജ്യമായി പോയിടത്തുനിന്ന് തേജസ്വിയുടെ തോളിലേറി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 75 സീറ്റാണ് അന്ന് പാര്‍ട്ടി നേടിയത്. ഇത്തവണ തേജസ്വിക്ക് കരുത്തായി പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവും കളത്തിലുണ്ട്. നിരവധി റാലികളില്‍ ലാലുവും പങ്കെടുത്തത് ആര്‍ജെഡി ക്യാമ്പില്‍ ആവേശം പടര്‍ത്തുന്നു. കോണ്‍ഗ്രസിന്റേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും റാലികളിലും തേജസ്വി സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.
മറുവശത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയുടെ താര പ്രചാരകന്‍. 13 റാലികളാണ് മോദി ബിഹാറില്‍ നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ബിജെപി ക്യാമ്പയിനുകളില്‍ സജീവമാണ്. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ മുന്നില്‍ നിര്‍ത്തിയല്ല ഇത്തവണ എന്‍ഡിഎ പ്രചാരണം നടത്തുന്നത്. അദ്ദേഹം 50 റാലികള്‍ നടത്തിയെങ്കിലും ഭൂരിപക്ഷം റാലികളിലും ബിജെപിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നില്ല.
തേജസ്വി യാദവിനെ കടന്നാക്രമിച്ചാണ് മോദി ബിഹാറില്‍ പ്രസംഗങ്ങള്‍ നടത്തുന്നത്. അതേസമയം, ഇന്ത്യ സഖ്യം അധികാരത്തിലേറിയാല്‍ നടപ്പിലാക്കാന്‍ പോകുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് തേജസ്വിയുടേയും ആര്‍ജെഡിയുടേയും പ്രചരണം. ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ പത്തു കിലോ സൗജന്യ റേഷന്‍ നല്‍കുമെന്നും സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും തേജസ്വി എല്ലാ റാലികളിലും പ്രസംഗിക്കുന്നു.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തകര്‍ക്കപ്പെടുമെന്നും സംവരണവും സമത്വവും സംരക്ഷിക്കാന്‍ ഇന്ത്യ സഖ്യത്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. നിതീഷിനൊപ്പം സംസ്ഥാനഭരണം പങ്കിട്ടിരുന്ന കാലത്തു നടത്തിയ 5 ലക്ഷം സര്‍ക്കാര്‍ നിയമനങ്ങള്‍ സ്വന്തം നേട്ടമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട് തേജസ്വി.
ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ബിഹാറിലെത്തിയപ്പോഴും പിന്തുണയുമായി തേജസ്വി രംഗത്തെത്തിയിരുന്നു. ചുവന്ന ജീപ്പില്‍ രാഹുലിന്റെ ഡ്രൈവറായി തേജസ്വി ഒപ്പം കൂടിയത് ഇന്ത്യ സഖ്യം ആഘോഷമാക്കി. ക്രിക്കറ്റ് കളിക്കാരനില്‍ രാഷ്ട്രീയ നേതാവിലേക്കുള്ള തേജസ്വിയുടെ യാത്രയുടെ തുടക്കത്തില്‍ പലരും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ സംശയംപ്രകടിപ്പിച്ചിരുന്നു. എന്നാല്‍, തേജസ്വിയെ കളത്തിലിറക്കിയ ലാലുവിന്റെ തീരുമാനം പാളിയില്ല. 2019-ല്‍ തകര്‍ന്നുപോയ ആര്‍ജെഡിയെ ഇന്ന് ബിജെപിയോട് ഏറ്റുമുട്ടാന്‍ കെല്‍പ്പുള്ള തരത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ തേജസ്വിയുടെ പങ്ക് വലുതാണ്.
ജാതി സമവാക്യങ്ങള്‍ പാലിച്ച് നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയം, പാര്‍ട്ടിയിലെ വിമത സ്വരങ്ങളെ പൂര്‍ണമായി അവസാനിപ്പിക്കാന്‍ സാധിച്ചത്, യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമിടയിലുള്ള സ്വാധീനം, നിതീഷ് കുമാറിന്റെ കളം മാറ്റത്തെ തുടര്‍ന്ന് ലഭിച്ച 'രക്തസാക്ഷി' പരിവേഷവുമെല്ലാം ഇത്തവണ തേജസ്വിയെ സഹായിക്കും എന്നാണ് ആര്‍ജെഡിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തേജസ്വി യാദവ് ബിഹാറില്‍ ഏകദേശം 250 തിരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുത്തിരുന്നു. ഇത്തവണ പ്രചരണം അവസാനിക്കുമ്പോഴേക്കും ഇതു മറികടന്നേക്കും.