ഡികെ സുരേഷ് മുതല്‍ ഹേമമാലിനി വരെ; രണ്ടാംഘട്ടത്തിലെ സ്ഥാനാർഥികൾ കോടിപതികളാല്‍ സമ്പന്നം, ഏറ്റവും കൂടുതല്‍ കര്‍ണാടകയില്‍

ഡികെ സുരേഷ് മുതല്‍ ഹേമമാലിനി വരെ; രണ്ടാംഘട്ടത്തിലെ സ്ഥാനാർഥികൾ കോടിപതികളാല്‍ സമ്പന്നം, ഏറ്റവും കൂടുതല്‍ കര്‍ണാടകയില്‍

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്ന ധനികരുടെ പട്ടിക ഏതൊക്കെയാണെന്ന് പരിശോധിക്കാം
Updated on
2 min read

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 88 മണ്ഡലങ്ങളില്‍നിന്ന് 1,120 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, കെ സി വേണുഗോപാല്‍, ജെഡിഎസിൽനിന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തുടങ്ങി നിരവധി ദേശീയ നേതാക്കളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടി രംഗത്തിറങ്ങുന്നത്.

കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ (തിരുവനന്തപുരം), വിദേശകാര്യ-പാര്‍ലമെന്ററി വി മുരളീധരന്‍ (ആറ്റിങ്ങല്‍), ഛത്തീസ്‌ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവര്‍ രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മണ്ടിയയിൽനിന്നാണ് ജനവിധി തേടുന്നത്. ബിജെപിയുടെ തേജസ്വി സൂര്യ (ബെംഗളൂരു നോര്‍ത്ത്), കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് (ജോധ്പുര്‍) ഹേമാ മാലിനി (മഥുര), രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് (ജലോര്‍) എന്നിവരും രണ്ടാംഘട്ടത്തിൽ മത്സരിക്കുന്നവരിൽ പ്രമുഖരാണ്.

രണ്ടാംഘട്ടത്തിലെ സ്ഥാനാര്‍ഥികളില്‍ നിരവധിപേര്‍ ധനികരാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്ന ധനികരുടെ പട്ടിക ഏതൊക്കെയാണെന്ന് പരിശോധിക്കാം. കര്‍ണാടകയിലെ മണ്ടിയയില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വെങ്കടരമണ ഗൗഢയാണ് ഇക്കൂട്ടത്തില്‍ ഒന്നാമൻ. 622 കോടി രൂപയുടെ സ്വത്താണ് ഇദ്ദേഹത്തിനുള്ളത്.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷും അതിസമ്പനന്നരുടെ പട്ടികയിലുണ്ട്. രണ്ടാംസ്ഥാനത്താണ് സുരേഷ്. ബെംഗളൂരു റൂറലില്‍നിന്നാണ് ഡി കെ സുരേഷ് ജനവിധി തേടുന്നത്. 278.9 കോടിയുടെ സ്വത്താണ് സുരേഷിനുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് മുന്‍ ചലച്ചിത്ര താരവും ഉത്തര്‍പ്രദേശിലെ മഥുരയിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമാ മാലിനിയാണ്. 278.9 കോടിയുടെ സ്വത്താണ് ഹേമാ മാലിനിക്കുള്ളത്.

ഡികെ സുരേഷ് മുതല്‍ ഹേമമാലിനി വരെ; രണ്ടാംഘട്ടത്തിലെ സ്ഥാനാർഥികൾ കോടിപതികളാല്‍ സമ്പന്നം, ഏറ്റവും കൂടുതല്‍ കര്‍ണാടകയില്‍
ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുത്! വ്യത്യസ്ത അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ്

മധ്യപ്രദേശിലെ ഹൊസാനബാഗില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഞ്ജയ് ശര്‍മയ്ക്ക് 232 കോടി രൂപയുടെ ആസ്തിയുണ്ട്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയും സ്വത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. മണ്ടിയയില്‍നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ഇതോടെ, രണ്ട് കോടീശ്വരന്‍മാര്‍ തമ്മിലുള്ള പോരാട്ടം കൂടിയായി മണ്ടിയയിലെ തിരഞ്ഞെടുപ്പ് മാറി. 214 കോടിയുടെ സ്വത്താണ് കുമാരസ്വാമിക്കുള്ളത്.

കര്‍ണാടകയിലെ ചിക്കമഗളുരുവില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എംഎസ് രക്ഷരാമയ്യക്ക് 169 കോടിയുടെ സ്വത്തുണ്ട്. രാജസ്ഥാനിലെ ടോങ്ക്-സവായി മധോപൂരില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന സുക്ബിര്‍ സിങ് ജൗന്‍പുരിയയ്ക്ക് 142 കോടിയുടെ സ്വത്താണുളളത്.

കര്‍ണാടകയിലെ ബെംഗളൂരു നോര്‍ത്തില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രൊഫ. എം വി രാജീവ് ഗൗഢയ്ക്ക് 134 കോടിയുടെ ആസ്തിയുണ്ട്. രാജസ്ഥാനിലെ ചിത്തോര്‍ഘറില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഞ്ജന ഉദയ്‌ലാലിന് 118 കോടിയുടെ സ്വത്തുണ്ട്.

ഈ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങള്‍ പരിശോധിക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ കോടീശ്വര സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കര്‍ണാടകയിലാണ്. അഞ്ചു പേരാണ് കര്‍ണാടകയില്‍ മത്സരിക്കുന്ന കോടീശ്വരന്‍മാര്‍. ആദ്യ പത്ത് സ്ഥാനത്തുള്ള ധനികരില്‍ ആറുപേരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്.

വെള്ളിയാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളമാണ് ഈ ഘട്ടത്തിൽ ഏറ്റവും കൂടുതല്‍ സീറ്റിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനം. കേരളത്തിലെ 20 സീറ്റുകളിലും ഒറ്റഘട്ടമായി നാളെ വോട്ടെടുപ്പ് നടക്കും. കര്‍ണാടക-14, രാജസ്ഥാന്‍- 13, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര- എട്ട് വീതം, മധ്യപ്രദേശ്- ഏഴ്, ബിഹാര്‍, അസം- അഞ്ച് വീതം,ഛത്തീസ്ഗഡ്, ബംഗാള്‍-മൂന്നു വീതം, ത്രിപുര, ജമ്മു കശ്മീര്‍- ഒന്നു വീതം, മണിപ്പൂരിലെ ഒരു മണ്ഡലത്തിലെ ബാക്കിയുള്ള ബൂത്തുകള്‍ എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കും.

logo
The Fourth
www.thefourthnews.in