ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകള്‍ ഒരുപോലെ; എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്

ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകള്‍ ഒരുപോലെ; എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും യുഡിഎഫിന് പിന്തുണ നല്‍കുമെന്നും എസ്‌ഡിപിഐ പ്രഖ്യാപിച്ചിരുന്നു
Updated on
2 min read

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐയുടെ പിന്തുണ തള്ളി യുഡിഎഫ്. എസ്‌ഡിപിഐ പിന്തുണ വേണ്ടന്ന് മുന്നണി കൂട്ടായി തീരുമാനമെടുത്തെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്‌ഡിപിഐയുമായി യാതൊരു ഡീലുമില്ലെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ യുഡിഎഫ് ഒരുപോലെ എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എസ്‌ഡിപിഐയുടെ പിന്തുണ യുഡിഎഫിന് ആവശ്യമില്ല. വ്യക്തിപരമായി ആര്‍ക്കും വോട്ട് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും യുഡിഎഫിന് പിന്തുണ നല്‍കുമെന്നും എസ്‌ഡിപിഐ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ, യുഡിഎഫിനെതിരെ ബിജെപിയും സിപിഎമ്മും രംഗത്തുവന്നിരുന്നു. എസ്‌ഡിപിഐയും കോണ്‍ഗ്രസും തമ്മില്‍ ഡീല്‍ ഉണ്ടെന്നായിരുന്നു സിപിഎം ആരോപണം. കേരളത്തില്‍ യുഡിഎഫിന് എസ്‌ഡിപിഐ പിന്തുണയുണ്ടെന്നും രാജ്യദ്രോഹ ശക്തികളുമായാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ണാടകയിലെ ബിജെപി പ്രചാരണയോഗത്തില്‍ പറഞ്ഞിരുന്നു.

ബിജെപിയും സിപിഎമ്മും വീണ്ടും ഒക്കച്ചങ്ങാതിമാരായെന്നും അതിന്റെ ഉദാഹരാണമാണ് വയനാട് മണ്ഡലത്തിലെ പതാക വിവാദമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തവണ മുസ്ലിം ലീഗ് പതാക ചൂണ്ടിക്കാട്ടി വര്‍ഗീയപ്രചാരണം നടത്തിയത് ബിജെപിയാണ്. ഇത്തവണ ആ വാദം മുഖ്യമന്ത്രി ഉയര്‍ത്തി. ബിജെപിയെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതന്നും സതീശൻ ആരോപിച്ചു.

ബിജെപിയെ സഹായിക്കാനും സന്തോഷിപ്പിക്കാനും വേണ്ടിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കുന്നത്. പാര്‍ട്ടികളുടെ കൊടികളില്ലാതെയും യുഡിഎഫ് പരിപാടികള്‍ നടത്താറുണ്ട്. കൊടിവയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ പ്രചാരണം മുന്നണിയാണ് തീരുമാനിക്കുന്നത്. എകെജി സെന്ററില്‍നിന്നല്ല ഞങ്ങളുടെ പ്രചാരണം തീരുമാനിക്കേണ്ടത്. പിണറായി വിജയന്‍ സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകള്‍ ഒരുപോലെ; എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്
സംഘപരിവാറിനെ ചാരി കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാന്‍ പിണറായി ഉയര്‍ത്തിയ 'പതാക'

പൗരത്വ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം പ്രധാനമന്ത്രിക്കെതിരെയല്ല. കോണ്‍ഗ്രസിന്റെ ചാഞ്ചാട്ടത്തെക്കുറിച്ചാണ് മുഖ്യമന്ത്രി മുഴുവന്‍ പറയുന്നത്. പിണറായി വിജയന്‍ കേരള ഗീബല്‍സ് ആയി മാറി. മുഖ്യമന്ത്രി ആവര്‍ത്തിച്ച് കള്ളം പറയുകയാണെന്നും സതീശന്‍ ആരോപിച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പതാകകള്‍ ഉപയോഗിക്കാതിരുന്നതിനെ വിമര്‍ശമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് യുഡിഎഫിന്റെ വോട്ട് വേണമെന്നും എന്നാല്‍ കൊടി ഉപോഗിക്കാന്‍ പാടില്ലെന്ന നിലപാട് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു.

''ഇന്നലെയാണ് കോണ്‍ഗ്രസിന്റെ വലിയ നേതാവ് വയനാട്ടിലെത്തി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. അതിന്റെ ഭാഗമായി റോഡ് ഷോയും നടത്തി. സ്വാഭാവികമായും അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരുവിഭാഗം ആളുകള്‍ അതിന്റെ പിന്നാലെ ഉണ്ടാവുകയും ചെയ്തു. പക്ഷേ, ശ്രദ്ധിക്കപ്പെട്ട ഏറ്റവും പ്രധാന കാര്യം സ്വന്തം പാര്‍ട്ടി പതാക അവിടെ എവിടെയും കണ്ടില്ലെന്നതാണ്. എന്തുകൊണ്ടാണ് അങ്ങനെയൊരു അവസ്ഥ വന്നത്? സ്വന്തം പാര്‍ട്ടി പതാക പോലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിവില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുന്നത് എന്തുകൊണ്ടാണെന്ന സ്വാഭാവികമായ സംശയം എല്ലാവരിലും ഉണ്ടാകും,'' പിണറായി പറഞ്ഞു.

സ്വന്തം പതാക ഉയര്‍ത്താതെ വര്‍ഗീയവാദികളെയും ബിജെപിയെയും ഭയന്ന് പിന്മാറുന്ന വിധം കോണ്‍ഗ്രസ് അധഃപതിച്ചു. ത്രിവര്‍ണപതാക കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന് സംഘപരിവാര്‍ ഉയര്‍ത്തിയ ആവശ്യമാണ്. അതിന് വഴങ്ങുകയാണോ പുതിയ കോണ്‍ഗ്രസെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ പാകിസ്താന്‍ പതാക പാറി എന്ന നിലവിളിയാണ് ലീഗിന്റെ പതാക കാണിച്ച് സംഘപരിവാര്‍ ഉത്തരേന്ത്യയില്‍ പ്രചാരണം നടത്തിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാക ഇന്ത്യയിലെ ജനങ്ങള്‍ അണിനിരക്കുന്ന പാര്‍ട്ടിയുടെ കൊടിയാണെന്ന് ആര്‍ജവത്തോടെ പറയാന്‍ കോണ്‍ഗ്രസ് തയാറാകുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതേ കാരണത്താല്‍ ഇപ്പോള്‍ സ്വന്തം പതാകയും ഉപേക്ഷിച്ചിരിക്കുന്നു. ഈ കോണ്‍ഗ്രസ് ആണോ സംഘപരിവാറിന്റെ വര്‍ഗീയഭരണത്തിനെതിരെ സമരം നയിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിട്ടാണ്. അദ്ദേഹം ആ പാര്‍ട്ടിയുടെ ദേശീയ നേതാവുമാണ്. പ്രവര്‍ത്തകര്‍ക്ക് എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പതാക തൊട്ടുകൂടാത്തത്? ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ആദ്യമായാണ് അദ്ദേഹം വയനാട്ടില്‍ എത്തുന്നത്. സ്വന്തം പതാക പരസ്യമായി ഉയര്‍ത്തിക്കാട്ടാനുള്ള ആര്‍ജവം ഇല്ലാതായത് എന്തുകൊണ്ടാണ്? എന്നും മുഖ്യമന്ത്രി ചോദിച്ചു.

logo
The Fourth
www.thefourthnews.in