അടി, തിരിച്ചടി; തുടങ്ങിവച്ച് രാഹുല്‍, 'കത്തിച്ച് മോദി', പിണറായിയെ പിന്തുണച്ച് യെച്ചൂരി; ആര്‍ക്ക് ആരുടെ ശബ്ദം?

അടി, തിരിച്ചടി; തുടങ്ങിവച്ച് രാഹുല്‍, 'കത്തിച്ച് മോദി', പിണറായിയെ പിന്തുണച്ച് യെച്ചൂരി; ആര്‍ക്ക് ആരുടെ ശബ്ദം?

രാഹുല്‍ ഗാന്ധി പാലക്കാട് നടത്തിയ പ്രസംഗത്തിലാണ് പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് നേതാക്കള്‍ രംഗത്തെത്തുന്നതിന് തുടക്കമിട്ടത്
Updated on
2 min read

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് നാലുദിവസം മാത്രമാണ് ബാക്കിനിൽക്കെ രാഷ്ട്രീയച്ചൂട് തിളച്ചുമറിയുകയാണ് സംസ്ഥാനത്ത്. ഏതാനും ദിവസങ്ങളിലായി ദേശീയ രാഷ്ട്രീയം തന്നെ, കേരളത്തെ ചുറ്റിയാണ് കറങ്ങുന്നത്. സ്ഥാനാര്‍ഥികളുടെ സ്ഥിരം ആരോപണ, പ്രത്യാരോപണങ്ങള്‍ക്ക് അപ്പുറത്തേക്ക് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം മാറി മറിഞ്ഞത് ഞൊടിയിടയിലായിരുന്നു. അതിനു കാരണമായത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒരൊറ്റ പ്രസംഗവും. പിന്നെ കേരളം കണ്ടത് നേതാക്കളുടെ വാക്‌പോരും അതേറ്റു പിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കളെയുമായിരുന്നു.

പിണറായിക്കും മോദിക്കുമെതിരെ രാഹുല്‍ ഗാന്ധി

''ഞാന്‍ ബിജെപിക്കും ആര്‍എസ്എസിനും എതിരെ പോരാടി കൊണ്ടിരിക്കുകയാണ്. അവര്‍ എന്നെ എന്ത് ചെയ്താലും പോരാട്ടം തുടരും. എനിക്ക് അവരുമായി ആശയപരമായ എതിര്‍പ്പുണ്ട്. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇങ്ങനെ ഒന്ന് സംഭവിക്കാത്തത്? ഞാന്‍ രാവും പകലും ബിജെപിയെ കടന്നാക്രമിക്കുന്നു. എന്നാല്‍, കേരള മുഖ്യമന്ത്രി രാവും പകലും എന്നെ കടന്നാക്രമിക്കുകയാണ്. എന്താണ് ഇങ്ങനെയെന്ന് എനിക്ക് മനസിലാകുന്നില്ല,'' എന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗമാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം.

''താന്‍ ബിജെപിക്കെതിരെ ആശയപരമായ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണെന്ന് കേരള മുഖ്യമന്ത്രി പറയുന്നു. ബിജെപിക്കെതിരെ ആശയപരമായ ഒരു പോരാട്ടം നടത്തുമ്പോള്‍ നിങ്ങള്‍ക്കെതിരെ അവര്‍ സാധ്യമായതെല്ലാം നടത്തുമെന്ന് എനിക്കറിയാം. അത് കേരള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സംഭവിക്കുന്നില്ല. ഇവിടെ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറയുന്നു. എന്നാല്‍, കേരളത്തില്‍ അഴിമതിയുടെ പ്രശ്നങ്ങളുണ്ട്. കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കേണ്ട കാര്യമാണിത്,'' രാഹുൽ പറഞ്ഞു.

അടി, തിരിച്ചടി; തുടങ്ങിവച്ച് രാഹുല്‍, 'കത്തിച്ച് മോദി', പിണറായിയെ പിന്തുണച്ച് യെച്ചൂരി; ആര്‍ക്ക് ആരുടെ ശബ്ദം?
'പിണറായിയെ അറസ്റ്റ് ചെയ്യണോ, അതോ മോദിയെ താഴെയിറക്കണോ? രാഹുലിനോട് ചോദ്യങ്ങളുമായി യെച്ചൂരി

പിണറായി വിജയന്റെ മറുപടി

ഇതിനോട് രൂക്ഷമായാണ് മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ പ്രതികരണം. രാഹുൽ ഗാന്ധിയെ ബിജെപി പരിഹസിച്ചുവിളിക്കുന്ന പേരും കോൺഗ്രസ് നേതാക്കൾ കേന്ദ്ര ഏജൻസികളെ ഭയന്ന് ബിജെപിയിൽ ചേരുന്നതും അടിയന്തരാവസ്ഥയിൽ ഒന്നര വർഷം ജയിലിൽ കിടന്നതും ഓർമിപ്പിച്ചായിരുന്നു പിണറായിയുടെ മറുപടി.

''എന്താണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത്? എന്താണ് കസ്റ്റഡിയിലെടുക്കാത്തത്? രാഹുൽ ഗാന്ധീ... നേരത്തെ നിങ്ങൾക്കൊരു പേരുണ്ട്. അതിൽനിന്നു നിങ്ങൾ മാറിയിട്ടില്ല എന്ന അവസ്ഥയുണ്ടാക്കരുത്. അത് നല്ല. നിങ്ങളുടെ മുത്തശ്ശിയില്ലേ? ഈ രാജ്യമാകെ അടക്കിഭരിച്ചിരുന്ന കാലത്ത് അവരായിരുന്നു ഞങ്ങളെയൊക്കെ പിടിച്ച് ജയിലിലിട്ടത്. ജയിൽ എന്ന് കേട്ടാൽ നിങ്ങളുടെ അശോക് ചവാനെപ്പോലെ അങ്ങോട്ട് പോവാൻ കഴിയില്ലെന്ന് പറയുന്നവരല്ല'', എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

നരേന്ദ്ര മോദിയുടെ ഇടപെടല്‍

മഹാരാഷ്ട്രയില്‍ നടന്ന റാലിയിലായിരുന്നു നരേന്ദ്ര മോദി കേരള മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയെയും പരാമര്‍ശിച്ച് രംഗത്തെത്തിയത്. ഇന്ത്യ മുന്നണിയിലെ രണ്ട് നേതാക്കള്‍ തമ്മില്‍ പോരടിക്കുന്നുവെന്ന് ഉദാഹരിക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''കോണ്‍ഗ്രസിന്റെ രാജകുമാരന്‍ വയനാട്ടില്‍ ആപത്ത് അഭിമുഖീകരിക്കുകയാണ്. അമേഠിയില്‍നിന്ന് ഓടി രക്ഷപ്പെട്ട അദ്ദേഹം വയനാട്ടിലും അതേ അവസ്ഥയിലാണ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഞാന്‍ പോലും ഉപയോഗിക്കാത്ത ഭാഷയില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നു,''എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

അടി, തിരിച്ചടി; തുടങ്ങിവച്ച് രാഹുല്‍, 'കത്തിച്ച് മോദി', പിണറായിയെ പിന്തുണച്ച് യെച്ചൂരി; ആര്‍ക്ക് ആരുടെ ശബ്ദം?
ടിഡിപിയുമായി സഖ്യമുണ്ട്, പക്ഷേ ഇല്ല!; ആന്ധ്രയിലെ ബിജെപിയുടെ 'ഡബിള്‍ ഗെയിം'

വീണ്ടും പിണറായി

കേരള സര്‍ക്കാരിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിമര്‍ശനങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീട് രംഗത്തെത്തിയത്. കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

''ബിഹാറിനെപ്പോലെയാണ് കേരളത്തിലെ അഴിമതിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഒറ്റയടിക്ക് രണ്ട് സംസ്ഥാനങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. നമ്മുടെ സംസ്ഥാനത്തിന്റെ കാര്യം കേരളത്തിന് മാത്രമല്ല രാജ്യത്തിനാകെ അറിയാം. ഇന്ത്യയില്‍ ഏറ്റവും അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഈ അംഗീകാരം കേരളത്തിന് നല്‍കിയത് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസും ട്രാന്‍സ്പിറന്‍സി ഇന്റര്‍നാഷണലും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ്. അതിനപ്പുറം ഏത് ആധികാരിക റിപ്പോര്‍ട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ അധിക്ഷേപിക്കുന്നത്. കേരളത്തിന് നല്‍കാനുള്ള പണം വെട്ടിക്കുറച്ചിട്ട് സംസ്ഥാനത്തിന് എതിരെ ആക്ഷേപം ചൊരിയുകയാണ്. കേരളത്തിന് എതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണ്,'' പിണറായി ആരോപിച്ചു.

അടി, തിരിച്ചടി; തുടങ്ങിവച്ച് രാഹുല്‍, 'കത്തിച്ച് മോദി', പിണറായിയെ പിന്തുണച്ച് യെച്ചൂരി; ആര്‍ക്ക് ആരുടെ ശബ്ദം?
വീശിയത് കോടികൾ; ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയ 'കത്തിച്ച്' പാര്‍ട്ടികൾ, ചർച്ചയായത് കച്ചത്തീവ് മുതല്‍ തേജസ്വിയുടെ മീന്‍ വരെ

പിണറായിയെ പ്രതിരോധിച്ച് യെച്ചൂരി, രാഹുലിന് വിമര്‍ശനം

പിണറായി വിജയനെ പ്രതിരോധിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ''എല്ലാക്കാലത്തും ബിജെപിയെ ശക്തമായി എതിര്‍ത്തത് ഇടതുപക്ഷമാണ്. അറസ്റ്റിനെ ഭയക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍. പണ്ട് അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, പിണറായി വിജയന്‍ ഉള്‍പ്പെടെ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതാണ്. എന്നിട്ടും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയും കോണ്‍ഗ്രസിനെ നേരിടുകയും ചെയ്തിട്ടുണ്ട്,'' യെച്ചൂരി തിരുവനന്തപുരത്ത് പ്രതികരിച്ചു.

അടി, തിരിച്ചടി; തുടങ്ങിവച്ച് രാഹുല്‍, 'കത്തിച്ച് മോദി', പിണറായിയെ പിന്തുണച്ച് യെച്ചൂരി; ആര്‍ക്ക് ആരുടെ ശബ്ദം?
'പിണറായി രാഹുലിനെ വിമർശിക്കുന്നത് താൻപോലും ഉപയോഗിക്കാത്ത ഭാഷയിൽ'; കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് മോദി

വി ഡി സതീശന്റെ പ്രതിരോധം

മോദിക്കും പിണറായിക്കുമാണ് ഒരേ ശബ്ദം എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. മുഖ്യമന്ത്രി നട്ടാല്‍ കുരുക്കാത്ത നുണയാണ് പറയുന്നത്. മോദിക്കെതിരെ പറഞ്ഞാല്‍ പിണറായിയുടെ പോലീസ് കേസെടുക്കുന്ന അവസ്ഥയാണ്. സിഎഎ വിരുദ്ധ സമരത്തിനുനേരെ എടുത്ത കേസുകള്‍ പിന്‍വലിച്ചത് ബിജെപിയെ പ്രീണിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

logo
The Fourth
www.thefourthnews.in