ആരാകും കിങ് മേക്കര്‍?; ചന്ദ്രബാബു നായിഡുവിനെ വിളിച്ച് മോദി, നിതീഷിനെ കൂടെക്കൂട്ടാന്‍ പവാര്‍

ആരാകും കിങ് മേക്കര്‍?; ചന്ദ്രബാബു നായിഡുവിനെ വിളിച്ച് മോദി, നിതീഷിനെ കൂടെക്കൂട്ടാന്‍ പവാര്‍

എന്‍ഡിഎ കേവലഭൂരിപക്ഷമായ 272 സീറ്റിലേക്ക് എത്തിയെങ്കിലും ബിജെപി 237 സീറ്റില്‍ ഒതുങ്ങിയത് മോദിക്ക് കനത്ത പ്രഹരമാണ്
Updated on
1 min read

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നിര്‍ണായക നീക്കങ്ങളുമായി മുന്നണികള്‍. സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി മുന്നണികള്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി സൂചന. നിര്‍ണായക ശക്തികളായി മാറിയ ചന്ദ്രബാബുവിന്റെ ടിഡിപിയുമായും നിതീഷ് കുമാറിന്റെ ജെഡിയുമായുമാണ് മുന്നണികള്‍ ചര്‍ച്ച നടത്താന്‍ ആരംഭിച്ചത്. ചന്ദ്രബാബു നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി.

ആന്ധ്രയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ടിഡിപി, നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. 16 ലോക്‌സഭ സീറ്റുകളിലാണ് ടിഡിപി വിജയിച്ചത്. ബിജെപി മൂന്നു സീറ്റിലും വിജയിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നാല് സീറ്റിലാണ് ജയിച്ചത്. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ 132 സീറ്റാണ് തെലുങ്കുദേശം പാര്‍ട്ടി നേടിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് 16 സീറ്റില്‍ ഒതുങ്ങി. പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി 20 സീറ്റ് നേടിയപ്പോള്‍ ബിജെപി 7 സീറ്റ് നേടി.

ആരാകും കിങ് മേക്കര്‍?; ചന്ദ്രബാബു നായിഡുവിനെ വിളിച്ച് മോദി, നിതീഷിനെ കൂടെക്കൂട്ടാന്‍ പവാര്‍
വലതു ചാഞ്ഞ്, ഇടതിനെ തള്ളി കേരളം, താമര വിരിയിച്ച് തൃശൂര്‍

ബിഹാറില്‍ ജനതാദള്‍ 15 സീറ്റിലാണ് വിജയിച്ചത്. ബിജെപി 13 സീറ്റിലും വിജയിച്ചു. നിലവില്‍ എന്‍ഡിഎയ്ക്ക് 298 സീറ്റാണുള്ളത്. ബിജെപി 237 സീറ്റുകളിലേക്ക് ചുരുങ്ങിയ സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്താന്‍ മോദി രംഗത്തിറങ്ങിയത്. എന്‍ഡിഎ കേവലഭൂരിപക്ഷമായ 272 സീറ്റിലേക്ക് എത്തിയെങ്കിലും ബിജെപി 237 സീറ്റില്‍ ഒതുങ്ങിയത് മോദിക്ക് കനത്ത പ്രഹരമാണ്.

മറുവശത്ത് ഇന്ത്യ സഖ്യത്തിന് മികച്ച മുന്നേറ്റമാണ്. 225 സീറ്റ് നേടിയ സാഹചര്യത്തില്‍ ജെഡിയു അടക്കമുള്ള മറ്റു പാര്‍ട്ടികളെ കൂടെക്കൂട്ടിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും എന്നിരിക്കെയാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നിതീഷ് കുമാറുമായി ആശയവിനിമയം നടത്തിയത്. നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തു വന്നുകഴിഞ്ഞു.

ആരാകും കിങ് മേക്കര്‍?; ചന്ദ്രബാബു നായിഡുവിനെ വിളിച്ച് മോദി, നിതീഷിനെ കൂടെക്കൂട്ടാന്‍ പവാര്‍
'കയ്യിലിരിപ്പിന് ജനങ്ങളുടെ മറുപടി'; ഹാസനിൽ പ്രജ്വൽ രേവണ്ണക്ക് തോൽവി

ടിഡിപിയും ജെഡിയുവും തമ്മില്‍ ചേര്‍ന്നാല്‍ 31 സീറ്റാകും. ഇത് മുന്നില്‍കണ്ടാണ് മുന്നണികള്‍ നീക്കമാരംഭിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ഓരോ നിമിഷവും സീറ്റ് നില മാറിമറിയുന്ന കാഴ്ചയായിരുന്നു. ഒരുഘട്ടത്തില്‍ ഇന്ത്യ സഖ്യം എന്‍ഡിഎയെ മറികടന്നെങ്കിലും സ്ഥിരത നിലനിര്‍ത്താനായില്ല. യുപിയില്‍ എസ്പി ഗംഭീര തിരിച്ചുവരവ് നടത്തിയപ്പോള്‍, ബിജെപി 33 സീറ്റിലേക്ക് ഒതുങ്ങി. എസ്പി 37 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഏഴ് സീറ്റും നേടി.

അതേസമയം, ബിഹാറില്‍ ആര്‍ജെഡിക്ക് തിരിച്ചടി നേരിട്ടതാണ് ഇന്ത്യ മുന്നണിക്ക് പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാക്കാതിരുന്നത്. ആര്‍ജെഡിക്ക് മൂന്നു സീറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 31 സീറ്റ് നേടിയപ്പോള്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തെ നേട്ടം കരസ്ഥമാക്കാനായില്ല. പത്തു സീറ്റിലേക്ക് ബിജെപി ഒതുങ്ങി. കോണ്‍ഗ്രസ് ഒരു സീറ്റ് നേടിയപ്പോള്‍, സിപിഎം വീണ്ടും സംപൂജ്യരായി. തമിഴ്‌നാട്ടില്‍ ഡിഎംകെ 21 സീറ്റ് നേടി. സഖ്യകക്ഷികളായ കോണ്‍ഗ്രസ് 9, വിസികെ, സിപിഐ, സിപിഎം എന്നിവര്‍ രണ്ടുസീറ്റുകളും നേടി.

logo
The Fourth
www.thefourthnews.in