'ചെങ്കൊടിയും പിടിച്ചിറങ്ങിയ ജിന്ന്!', ലീഗിന്റെ ഉറക്കം കെടുത്തുന്ന 2004; അടിവേരറുക്കാൻ കഴിയുമോ വസീഫിന്?
2004-ലെ വേനല്‍ച്ചൂടില്‍ മഞ്ചേരിയില്‍ ചെങ്കൊടി പിടിച്ചൊരു ജിന്നിറങ്ങി! ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ ഇപ്പോഴും ഞെട്ടിക്കുന്ന പേക്കിനാവിലേക്ക് തള്ളിവിട്ടാണ്, ടി കെ ഹംസ മഞ്ചേരിയിൽ വിജയക്കൊടി പാറിച്ചത്. ലീഗ് ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തൊരു അധ്യായമാണത്. പഴയ മഞ്ചേരിയുടെ, പുതിയ മലപ്പുറത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങളുടെ കഥ 2004-ല്‍നിന്ന് പറഞ്ഞുതുടങ്ങാം.
സിറ്റിങ് എം പിയായിരുന്ന ഇ അഹമ്മദിനെ പൊന്നാനിയിലേക്ക് മാറ്റി കെപിഎ മജീദിനെ രംഗത്തിറക്കാനുള്ള തീരുമാനമാണ് അന്ന് ലീഗിനെ ചതിച്ചത്. മജീദ് മുജാഹിദ് പക്ഷക്കാരനാണെന്ന പ്രചാരണം ഇടതുപക്ഷം അഴിച്ചുവിട്ടു. ഇ കെ വിഭാഗം സുന്നികളുടെ വോട്ട് ലീഗില്‍ നിന്നകലുന്നതിന് ഇത് കാരണമായി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് കത്തിനില്‍ക്കുന്ന സമയമായിരുന്നു. മുന്‍ ഡി സി സി പ്രസിഡന്റായിരുന്ന ടി കെ ഹംസയുടെ വ്യക്തിപ്രഭാവം കൂടിയായപ്പോള്‍ മഞ്ചേരിയില്‍ ലീഗ് കോട്ട തകര്‍ന്നുവീണു.
കേരളം മുഴുവന്‍ ഇടത് തരംഗം ആഞ്ഞടിച്ച 2004-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംപൂജ്യരായി. പൊന്നാനിയില്‍ മുസ്ലീം ലീഗിന്റെ ഇ അഹമ്മദിലൂടെ യുഡിഎഫ് ഒരു സീറ്റ് നേടിയപ്പോള്‍ മൂവാറ്റുപുഴയില്‍ പിസി തോമസിലൂടെ എന്‍ഡിഎ മുന്നണിയും കേരളത്തില്‍ അക്കൗണ്ട് തുറന്നു. സി പി എം ജയിച്ച പന്ത്രണ്ട് സീറ്റുകളില്‍ മഞ്ചേരി മണ്ഡലത്തിലെ വിജയത്തിന് ഇരട്ടി മധുരമായിരുന്നു. 4,26,920 വോട്ടായിരുന്നു ടി കെ ഹംസ നേടിയത്. മജീദിന് ലഭിച്ചത് 3,79,177 വോട്ട്. 47,743 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഹംസയുടെ വിജയം.
മലപ്പുറം മണ്ഡലത്തിലെ ബേപ്പൂര്‍, കുന്നമംഗലം, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭ മണ്ഡലങ്ങള്‍ സിപിഎമ്മിനൊപ്പം നിന്നപ്പോള്‍, മഞ്ചേരിയും മലപ്പുറവും കൊണ്ടോട്ടിയും ലീഗിനൊപ്പംനിന്നു. നിലമ്പൂര്‍ മണ്ഡലത്തിലായിരുന്നു ടി കെ ഹംസ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത്. പക്ഷേ, ആ മധുരം അധികനാള്‍ നുണയാന്‍ സിപിഎമ്മിനായില്ല. 2008-ലെ മണ്ഡല പുനര്‍നിര്‍ണയം ഇടതുപക്ഷത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകളഞ്ഞു.
സിപിഎം സ്വപ്നങ്ങള്‍ തകര്‍ത്ത മണ്ഡല പുനര്‍നിര്‍ണയം
കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മലപ്പുറം മണ്ഡലം രൂപീകരിച്ചത്. പഴയ മഞ്ചേരി മണ്ഡലത്തിലുണ്ടായിരുന്ന നിലമ്പൂര്‍ വയനാട് മണ്ഡലത്തിലേക്കും കുന്നമംഗലവും ബേപ്പൂരും കോഴിക്കോട് മണ്ഡലത്തിലേക്കും മാറി. ഇത് സിപിഎമ്മിന് തിരിച്ചടിയായി. പുതുതായി മലപ്പുറം മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ത്ത പെരിന്തല്‍മണ്ണയും മലപ്പുറവും വേങ്ങരയും വള്ളിക്കുന്നും ലീഗിന്റെ പുലിമടകളാണ്.
മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം ആദ്യം നടന്ന 2009 തിരഞ്ഞെടുപ്പില്‍ ലീഗ് ഇ അഹമ്മദിനെ തന്നെ മലപ്പുറത്തേക്ക് കൊണ്ടുവന്നു. അഹമ്മദ് തിരിച്ചെത്തിയപ്പോള്‍ ടി കെ ഹംസയ്ക്ക് കാലിടറി. 4,27,940 വോട്ടാണ് ഇ അഹമ്മദ് സ്വന്തമാക്കിയത്. ടി കെ ഹംസയ്ക്ക് ലഭിച്ചത് 3,12,343 വോട്ട്. 54 ശതമാനം വോട്ടാണ് ഇ അഹമ്മദ് നേടിയത്. ടി കെ ഹംസയ്ക്ക് 39.8 ശതമാനം വോട്ടും ലഭിച്ചു. 1,15,597 വോട്ടിന്റെ വിജയം. ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ഒരിടത്തുപോലും ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടാന്‍ സാധിച്ചില്ല. എല്ലായിടത്തും ഇ അഹമ്മദിന്റെ തേരോട്ടം. എല്ലാ മണ്ഡലങ്ങളിലും ലീഗിന് അമ്പതിനായിരത്തിന് മുകളില്‍ വോട്ട് ലഭിച്ചു. 2004-ല്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ ഇ അഹമ്മദിന്റെ മലപ്പുറം മണ്ഡലത്തിലേക്കുള്ള വരവ് ലീഗിനെ കൂടുതല്‍ കരുത്തരാക്കി. ലീഗിന്റെ ആദ്യ കേന്ദ്ര ക്യാബിനറ്റ് മന്ത്രി എന്ന നിലയില്‍ തിളങ്ങിനില്‍ക്കുകയായിരുന്നു ഇ അഹമ്മദ് അന്ന്. 2009-ലെ വിജയത്തിന് പിന്നാലെ, അഹമ്മദിനെ കേന്ദ്ര റെയില്‍വെ സഹമന്ത്രിയാക്കി.
2014-ലും ഇ അഹമ്മദ് തന്നെയായിരുന്നു ലീഗ് സ്ഥാനാര്‍ത്ഥി. സംസ്ഥാന സമിതി അംഗം പി കെ സൈനബയെ സിപിഎം രംഗത്തിറക്കി. 4,37,723 വോട്ട് നേടിയ ഇ അഹമ്മദ് ആധികാരിക വിജയം നേടി. പി കെ സൈനബയ്ക്ക് ലഭിച്ചത് 2,42,984 വോട്ട്. 51.3 ശതമാനം വോട്ടാണ് അഹമ്മദിന് ലഭിച്ചത്. 1,94,739 വോട്ടിന്റെ ഭൂരിപക്ഷം. 2009-ല്‍ ടികെ ഹംസയ്ക്ക് ലഭിച്ച 39.8 ശതമാനം എന്നതില്‍ നിന്ന് 2014-ല്‍ എത്തിയപ്പോള്‍ ഇടതുപക്ഷത്തിന് ലഭിച്ച വോട്ട് വിഹിതം 28.5 ശതമാനായി കുറഞ്ഞു. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം. പക്ഷേ, സ്ത്രീകള്‍ സൈനബയ്‌ക്കൊപ്പം നിന്നില്ല. തട്ടമിടാത്ത മുസ്ലിം വനിതയെന്ന ലീഗ് പ്രചാരണം സൈനബയെ പ്രതികൂലമായി ബാധിച്ചു.
ഒന്നിനു പുറകേ ഒന്നായി തിരഞ്ഞെടുപ്പുകള്‍
പത്തു വര്‍ഷത്തിനിടെ ലോക്‌സഭ, നിയമസഭ, ഉപതിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ ആറ് തിരഞ്ഞെടുപ്പുകള്‍ കണ്ട മണ്ഡലമാണ് മലപ്പുറം. ഏഴ് വര്‍ഷത്തിനിടെ രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു. 2017-ല്‍ സിറ്റിങ് എംപിയായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ആദ്യം ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇ അഹമ്മദിന്റെ പിന്‍ഗാമിയായി പി കെ കുഞ്ഞാലിക്കുട്ടിയെ ലീഗ് രംഗത്തിറക്കി. എം ബി ഫൈസലിനെയാണ് സിപിഎം കളത്തിലിറക്കിയത്. 1.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കുഞ്ഞാലിക്കുട്ടി വിജയിച്ചുകയറി. പി കെ സൈനബ മത്സരിച്ചപ്പോള്‍ 28 ശതമാനമായി കുറഞ്ഞ വോട്ട് വിഹിതം എംബി ഫൈസല്‍ 36.81 ശതമാനമായി ഉയര്‍ത്തി.
2019-ലും കുഞ്ഞാലിക്കുട്ടി തന്നെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങി. എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന വിപി സാനുവിനെ സിപിഎം രംഗത്തിറക്കി. കാനഡയിലെയും ബൊളീവിയയിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ വരെ വോട്ട് അഭ്യര്‍ത്ഥന നടത്തിയിട്ടും സാനു മലപ്പുറത്ത് തോറ്റു.
5,89,873 ലക്ഷം വോട്ടാണ് പികെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. സാനുവിന് ലഭിച്ചത് 3,29,720 ലക്ഷം വോട്ട്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടിക്ക് മൃഗീയ ഭൂരിപക്ഷം. മലപ്പുറം നിയമസഭ മണ്ഡലത്തില്‍നിന്ന് മാത്രം ലഭിച്ചത് 94,704 വോട്ട്. രാഹുല്‍ ഗാന്ധിയുടെ വരവും ശബരിമലയും കത്തിനിന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുകോട്ടകള്‍ അപ്പാടെ തകര്‍ന്നുവീണപ്പോള്‍, മലപ്പുറം മണ്ഡലം കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിച്ചു വിട്ടത് 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് വിവാദം രാഷ്ട്രീയ ശോഭ കെടുത്തിക്കളഞ്ഞ കുഞ്ഞാലിക്കുട്ടി, ലീഗിലും മലപ്പുറത്തും എങ്ങനെ അജയ്യനായി മാറിയെന്നതിന്റെ ഉദാഹരണം കൂടിയാണ് ഓരോ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് വര്‍ധിച്ചുവരുന്ന ഭൂരിപക്ഷം തെളിയിക്കുന്നതെന്ന് വിലയിരുത്തുന്നവരുമുണ്ട്.
വിപി സാനുവിനെ തോല്‍പ്പിച്ചതോടെ, അച്ഛനെയും മകനെയും തോല്‍പ്പിച്ച നേതാക്കളുടെ പട്ടികയിലും കുഞ്ഞാലിക്കുട്ടി ഇടംനേടി. 1991-ല്‍ കുറ്റിപ്പുറം നിയമസഭ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി തോല്‍പ്പിച്ച വിപി സക്കറിയയുടെ മകനാണ് വിപി സാനു.
രണ്ടു വര്‍ഷത്തിനിടെ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാനിറങ്ങി. 2021-ല്‍ അബ്ദുസമദ് സമദാനിയും വിപി സാനുവും തമ്മില്‍ പോരാട്ടം. പക്ഷേ, ഇത്തവണ വിജയിച്ചില്ലെങ്കിലും ഇടതുപക്ഷത്തിന് ആശ്വസിക്കാനുള്ള വകയുണ്ടായിരുന്നു. ലീഗിന്റെ ഭൂരിപക്ഷം 2.60ലക്ഷത്തില്‍ നിന്ന് 1.14 ലക്ഷമായി വിപി സാനു കുറച്ചു. 5,38,248 വോട്ട് സമദാനി നേടിയപ്പോള്‍, 4,23,633 വോട്ടാണ് സാനു നേടിയത്.
എസ്‌ഡിപിഐയും ബിജെപിയും
മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ എസ് ഡി പി ഐയുടെ വോട്ടുകളും എടുത്തുപറയേണ്ട ഘടകമാണ്. 47,853 വോട്ടാണ് 2014-ല്‍ എസ് ഡി പി ഐയ്ക്ക് ലഭിച്ചത്. പെരിന്തല്‍മണ്ണയില്‍ ഒഴിച്ച് ബാക്കിയുള്ള ആറ് നിയമസഭ മണ്ഡലങ്ങളിലും അയ്യായിരത്തിന് മുകളില്‍ വോട്ട് പിടിക്കാന്‍ എസ് ഡി പി ഐയ്ക്ക് സാധിച്ചു. വേങ്ങരയിലണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. ഒന്‍പതിനായിരം വോട്ടു പിടിക്കാന്‍ എസ് ഡി പി ഐക്കായി. എന്നാല്‍, 2019-ല്‍ എസ് ഡി പി ഐ വോട്ടുകള്‍ വ്യാപകമായി കുറഞ്ഞു. 19,106 വോട്ട് മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐയ്ക്ക് നേടാന്‍ സാധിച്ചത്. 2021-ലെ ഉപതിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ വീണ്ടും സാന്നിധ്യം അറിയിച്ചു. 46,756 വോട്ടാണ് ഇത്തവണ പിടിച്ചത്.
ബിജെപിയുടെ കാര്യത്തില്‍, ഹിന്ദുക്കള്‍ക്കിടയിലുള്ള ഉറച്ച വോട്ടുകളാണ് പാര്‍ട്ടിയുടെ ബലം. പക്ഷേ, ഒരുതവണ പോലും ഒരുലക്ഷം വോട്ട് നേടാന്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് സാധിധിച്ചിട്ടില്ല. എന്നിരുന്നാലും ക്രമാനുഗതമായി ബിജെപി വോട്ട് വര്‍ധിപ്പിക്കുന്നു. 2009-ല്‍ 36,000 വോട്ട് നേടിയ ബിജെപി, 2014-ല്‍ മോദി തരംഗത്തില്‍ ഒരു കുതിച്ചുചാട്ടം നടത്തി. അറുപത്തിനാലായിരം വോട്ട് നേടാന്‍ പാര്‍ട്ടിക്കായി. എന്‍ ശ്രീപ്രകാശ് ആയിരുന്നു സ്ഥാനാര്‍ഥി. 2017 ഉപതിരഞ്ഞെടുപ്പില്‍ ആയിരം വോട്ട് വര്‍ധിപ്പിച്ച് 65,000 ആക്കി ശ്രീപ്രകാശ് നില മെച്ചപ്പെടുത്തി. 2019-ല്‍ ഉണ്ണികൃഷ്ണന്‍ 82,000 വോട്ട് നേടി. ഇതാണ് ബിജെപിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന വോട്ടുനില. പക്ഷേ, 2021 ഉപതിരഞ്ഞെടുപ്പില്‍ എപി അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ഥിയായപ്പോള്‍, ബിജെപി പതിയ കെട്ടിക്കൊണ്ടുവന്ന അടിത്തറ തകര്‍ന്നു. അറുപത്തിയെട്ടായിരത്തിലേക്ക് വോട്ട് കുറഞ്ഞു.
ലീഗ് കോട്ടകളിലെ ചെങ്കൊടി
ഇടത് തരംഗം ആഞ്ഞടിച്ച 2016-ലും 2021-ലും മലപ്പുറം ലീഗിനൊപ്പം ഉറച്ചുനിന്നു. സംസ്ഥാന രൂപീകരണത്തിനുശേഷം ഒറ്റത്തവണ പോലും കൊണ്ടോട്ടിയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറിയിട്ടില്ല. 1957-ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സി പി ഐയും 1960, 2006 തിരഞ്ഞെടുപ്പുകളില്‍ സി പി എമ്മും വിജയിച്ചതൊഴിച്ചാല്‍ പെരിന്തല്‍മണ്ണയും ലീഗിനൊപ്പമാണ്. 2001-ലും 2006-ലും ഇടത് സ്വതന്ത്രനായി മത്സിച്ച മഞ്ഞളാംകുഴി അലിയുടെ ബലത്തില്‍ ഇടതുപക്ഷം രണ്ടുതവണ ചെങ്കൊടി നാട്ടിയതൊഴിച്ചാല്‍, മങ്കടയും ലീഗിനൊപ്പമാണ്. മലപ്പുറം നിയമസഭ മണ്ഡലത്തില്‍ ഒരൊറ്റ തവണപോലും ഇടതുപക്ഷം വിജയിച്ചിട്ടില്ല. വേങ്ങരയിലും വള്ളിക്കുന്നിലും ഇടതുപക്ഷത്തിന് ഇതുവരെയും ജയിക്കാന്‍ സാധിച്ചിട്ടില്ല. 2006-ന് ശേഷം വിജയിക്കാനായില്ലെങ്കിലും പെരിന്തല്‍മണ്ണയില്‍ ലീഗിന്റെ ഭൂരിപക്ഷം വന്‍തോതില്‍ കുറയ്ക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. മങ്കടയിലും ലീഗിന്റെ ശക്തി കുറയുകയാണ്.
കൊണ്ടോട്ടി
2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ടി വി ഇബ്രാഹിം 17,713 വോട്ടിന് വിജയിച്ചു. സാമൂഹിക പ്രവര്‍ത്തകനും മുന്‍ ലീഗ് അനുഭാവിയുമായിരുന്ന കെ പി സുലൈമാന്‍ ഹാജിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2016-ല്‍ ഇബ്രാഹിം 10,654 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി എം സ്വതന്ത്രന്‍ കെ പി ബീരാന്‍ കുട്ടിയെ തോല്‍പ്പിച്ചത്. 1957-ല്‍ മണ്ഡലരൂപീകരണം മുതല്‍ ലീഗിനൊപ്പം മാത്രം നടന്നുശീലിച്ച മണ്ഡലമാണ് കൊണ്ടോട്ടി. എം പി എം അഹമ്മദ് കുരിക്കളിലൂടെ 1957ല്‍ യുഡിഎഫിനൊപ്പം കൂടിയ മണ്ഡലം 1970-ല്‍ സി എച്ച് മുഹമ്മദ് കോയയെയും തുടര്‍ന്ന് മൂന്നുതവണ പി സീതി ഹാജിയെയും നിയമസഭയയിലെത്തിച്ചു.
മഞ്ചേരി
മഞ്ചേരിയിലും സ്ഥിതി വിഭിന്നമല്ല. എല്‍ ഡി എഫില്‍ സീറ്റ് സി പി ഐയ്ക്കാണ്. ഒരുതവണ പോലും അരിവാള്‍ നെല്‍ക്കതില്‍ ചിഹ്നത്തിലെ സ്ഥാനാര്‍ഥിക്ക് വിജയം കൊയ്യാന്‍ സാധിച്ചിട്ടില്ല. സി എച്ച് മുഹമ്മദ് കോയയെ രണ്ടുതവണ വിജയിപ്പിച്ചുവിട്ട മണ്ഡലം. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി യു എ ലത്തീഫ് സി പി ഐയുടെ നാസര്‍ ഡിബോണയെ 14,573 വോട്ടിനാണ് 2021-ല്‍ തോല്‍പ്പിച്ചത്. 2016-ല്‍ ലീഗിന്റെ എം ഉമ്മര്‍ 19,616 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഞ്ചേരി പിടിച്ചത്.
പെരിന്തല്‍മണ്ണ
ലീഗിന്റെ ഇളക്കം സംഭവിച്ച കോട്ടയായി വേണമെങ്കില്‍ പെരിന്തല്‍മണ്ണയെ വിശേഷിപ്പിക്കാം. 38 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം 2021-ല്‍ രക്ഷപ്പെട്ടത്. എല്‍ ഡി എഫിന്റെ കെ പി എം മുസ്തഫ 76,492 വോട്ട് നേടിയപ്പോള്‍, നജീബ് കാന്തപുരം 76,530 വോട്ട് നേടി. 2016-ലും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ലീഗ് കരകയറിയത്. മഞ്ഞളാംകുഴി അലി ജയിച്ചത് 579 വോട്ടിന്റെ ബലത്തില്‍. അലിക്ക് 70,990 വോട്ട് ലഭിച്ചപ്പോള്‍, സിപിഎമ്മിന്റെ വി ശശികുമാര്‍ 70411 വോട്ട് നേടി. 2006-ല്‍ വി ശശികുമാര്‍ ഇവിടെനിന്ന് വിജയിച്ചിരുന്നു. 1957 മുതല്‍ 67 വരെ ഇടതിനൊപ്പംനിന്ന മണ്ഡലത്തില്‍ ചെങ്കൊടി പാറാന്‍ 2006 വരെ കാത്തിരിക്കേണ്ടിവന്നു.
മങ്കട
മങ്കടയിലും ലീഗിന്റെ ശക്തി കുറഞ്ഞുവരുന്നതായി കാണാം. 1957 മുതല്‍ 2001 വരെ ലീഗിന്റെ കോട്ടയായിരുന്ന മങ്കടയില്‍, ഇടതുപക്ഷത്തുനിന്ന് മത്സരിച്ച മഞ്ഞളാംകുഴി അലി ചുവപ്പിച്ചു. 2006-ലും അലി എല്‍ ഡി എഫിന് വിജയം നേടിക്കൊടുത്തു. 2016-ല്‍ 1,508 വോട്ടിനാണ് മങ്കട എല്‍ ഡി എഫിന് നഷ്ടമായത്. 2021-ല്‍ ലീഗില്‍ തിരിച്ചെത്തിയ മഞ്ഞളാംകുഴി അലി വീണ്ടും മണ്ഡലം യു ഡി എഫിനൊപ്പമാക്കി. എല്‍ഡിഎഫിന്റെ ടി കെ റഷീദലിയെ 6,246 വോട്ടിന് വീഴ്ത്തി.
മലപ്പുറം
ലീഗിന്റെ ഉറച്ചകോട്ടയായ മലപ്പുറം, ലീഗിന് മുഖ്യമന്ത്രിയെ സമ്മാനിച്ച മണ്ഡലം കൂടിയാണ്. 1979-ലെ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തുനിന്ന് 23,638 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ശേഷമാണ് സി എച്ച് മുഹമ്മദ്കോയ മൂന്നുമാസം കേരളത്തിന്റെ മുഖ്യമന്ത്രിയായത്. സി എച്ചിന്റെ മകന്‍ എം കെ മുനീറിനെ രണ്ടുതവണ വിജയിപ്പിച്ചുവിട്ടു. കുഞ്ഞാലിക്കുട്ടിയെയും രണ്ടുതവണ നിയമസഭയിലെത്തിച്ചു. 2021-ല്‍ പി ഉബൈദുള്ള 35,208 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് സി പി എമ്മിന്റെ പാലോളി അബ്ദുറഹമാനെ തോല്‍പ്പിച്ചത്.
വേങ്ങര
വേങ്ങരയില്‍ 2021-ല്‍ കുഞ്ഞാലിക്കുട്ടി ജയിച്ചത് 30,522 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. പി ജിജിയായിരുന്നു സിപിഎം സ്ഥാനാര്‍ഥി. കുഞ്ഞാലിക്കുട്ടി 70,193 വോട്ട് നേടിയപ്പോള്‍ ജിജിക്ക് കിട്ടിയത് 39,671 വോട്ട്. 2016-ല്‍ ജില്ലയില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷം (38,057) നേടിയാണ് കുഞ്ഞാലിക്കുട്ടി എംഎല്‍എ ആയത്. ഇ അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിക്കാനായി എം എല്‍ എ സ്ഥാനം രാജിവച്ചശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച കെ എന്‍ എ ഖാദറിന്റെ ഭൂരിപക്ഷം 23,310 ആയി കുറഞ്ഞു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങര നല്‍കിയ ഭൂരിപക്ഷം 51,888.
വള്ളിക്കുന്ന്
2021-ല്‍ ലീഗിന്റെ പി അബ്ദുല്‍ ഹമീദ് 14,116 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഐ എന്‍ എലിന്റെ എപി അബ്ദുള്‍ വഹാബ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. 2016ല്‍ പി അബ്ദുല്‍ ഹമീദ് 12,610 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പി അബ്ദുല്‍ ഹമീദ് 59,720 വോട്ടും ഐഎന്‍എല്‍ സ്ഥാനാര്‍ഥി ഒ കെ തങ്ങള്‍ 47,110 വോട്ടും നേടി.
ഇ ടി മുഹമ്മദ് ബഷീറിനെ വീഴ്ത്താന്‍ വസീഫ്
പൊന്നാനിയില്‍ നിന്ന് ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്കും മലപ്പുറത്തുനിന്ന് അബ്ദുസമദ് സമദാനിയെ പൊന്നാനിയിലേക്കും മാറ്റിയാണ് ഇത്തവണ ലീഗ് കളത്തിലിറങ്ങുന്നത്. 2009 മുതല്‍ പാര്‍ലമെന്റ് അംഗമായ ഇ ടി, മുസ്ലിം ലീഗിന്റെ ദേശീയ സംഘടന സെക്രട്ടറിയാണ്. ലോക്‌സഭയിലെ ലീഗിന്റെ കക്ഷി നേതാവും ഇ ടിയാണ്. എംഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച ഇ ടി മുഹമ്മദ് ബഷീര്‍, ട്രേഡ് യൂണിയന്‍ രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 മുതല്‍ 1996 വരേയും, 2001 മുതല്‍ 2006 വരെയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി. സ്വാശ്രയ കോളേജുകള്‍ എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇ ടിയുടെ പങ്ക് വളരെ വലുതാണ്. പൊന്നാനിയില്‍ അടിയൊഴുക്ക് ഭയന്ന ഇ ടി മുഹമ്മദ് ബഷീര്‍, മണ്ഡലം മാറ്റി നല്‍കണമെന്ന് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു.
ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെയാണ് സി പി എം രംഗത്തിറക്കുന്നത്. ബാലസംഘത്തിലൂടെ കടന്നുവന്ന വസീഫ്, വിദ്യാര്‍ഥി സമര പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍നിന്ന നേതാവാണ്. കോഴിക്കോട് കൂമ്പാറ എഫ് എം എച്ച് എസ് എസില്‍ ഹയര്‍ സെക്കൻഡറി കൊമേഴ്‌സ് വിഭാഗത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് ഡി വൈ എഫ് ഐ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമദാനിയുടെ ഭൂരിപക്ഷം ഒരു ലക്ഷമായി കുറയ്ക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം എല്‍ ഡി എഫിനുണ്ട്. സമസ്തയ്ക്കും ലീഗിനുമിടയിലെ പ്രശ്‌നങ്ങള്‍ അടക്കമുള്ള ഘടകങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി ഭവിക്കുമെന്ന പ്രതീക്ഷ സി പി എമ്മിനുണ്ട്. അന്ധമായി ലീഗ് എന്ന വികാരത്തിന് വോട്ട് ചെയ്യുന്ന മനോഭാവം ആളുകള്‍ മാറ്റിയിട്ടുണ്ടെന്ന് വിലയിരുത്തുന്നുണ്ട് സി പി എം.
എവിടെ അടിപതറിയാലും മലപ്പുറത്ത് രണ്ട് സീറ്റ് ഉറപ്പാണെന്ന് യു ഡി എഫുകാര്‍ക്ക് അല്‍പ്പം അഹങ്കാരത്തോടെ തന്നെ പറയാന്‍ സാധിക്കുന്നത്, ആ രാഷ്ട്രീയഭൂമികയില്‍ ലീഗിനുള്ള അത്രമേല്‍ ശക്തമായ വോട്ട് ബാങ്കിന്റെ ബലത്തിലാണ്. മലപ്പുറത്തിന്റെ മണ്ണില്‍ ആഴത്തില്‍ വേരാഴ്ത്തിനില്‍ക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗെന്ന വന്‍മരത്തിന്റെ തായ്‌വേരറുക്കാന്‍ ഒരു ഡിവൈഎഫ്‌ഐ നേതാവിന് സാധിക്കുമോയെന്ന് കാത്തിരുന്നു കാണണം?