ആവേശക്കരയായി മാവേലിക്കര; ഇക്കുറി ജനവിധി മാറുമോ?
ഓണാട്ടുകരയുടെ തലസ്ഥാനം, സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാടു മുതല്‍ പശ്ചിമഘട്ടത്തിന്റെ താഴ്‌വാരമായ പത്തനാപുരം വരെ നീണ്ട് മൂന്നു ജില്ലകളിലായി കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര. ആലപ്പുഴയുടെ കാര്‍ഷികപ്പെരുമയും കൊല്ലത്തിന്റെ വ്യാവസായികപ്പെരുമയും കോട്ടയത്തിന്റെ അക്ഷരപ്പെരുമയും സമന്വയിക്കുന്ന നാട്, നെല്ലും റബറും കശുവണ്ടിയുമെല്ലാം വിളയുന്ന നാട്, കായലും കാടും മലയും നെല്‍പ്പാടങ്ങളുമൊക്കെയായി ഇടകലര്‍ന്ന് കിടക്കുന്ന പ്രദേശം. ആ ഇടകലര്‍പ്പൊന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാവേലിക്കരക്കാര്‍ കാട്ടാറില്ലെന്നതാണ് വാസ്തവം. കൃത്യമായ രാഷ്ട്രീയമുണ്ട് അവര്‍ക്ക്.
പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ് മാവേലിക്കര. ചരിത്രം പരിശോധിച്ചാല്‍ രണ്ടേ രണ്ട് തവണമാത്രമാണ് മാവേലിക്കര ഇടത്തേക്ക് ചാഞ്ഞിട്ടുള്ളത്. 1962-ലാണ് മണ്ഡലം രൂപീകൃതമായത്. അതിനു മുമ്പ് തിരുവല്ല മണ്ഡലത്തിന്റെ ഭാഗമായിരുന്നപ്പോഴും മാവേലിക്കരക്കാരുടെ മനം കോണ്‍ഗ്രസിനൊപ്പമായിരുന്നു. 1952-ല്‍ കോണ്‍ഗ്രസിന്റെ സിപി മാത്തനാണ് തിരുവല്ലയെയും മാവേലിക്കരയെയും പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയയാള്‍. എന്നാല്‍ 1957-ല്‍ സിപിഐയുടെ സമുന്നത നേതാവായ പികെ വാസുദേവന്‍ നായര്‍ വിജയിച്ചുകയറി.
കോട്ടയം ജില്ലയിലെ ചങ്ങനാശേരിയും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നിവയും ചേര്‍ന്നതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം
അഞ്ചു വര്‍ഷത്തിനു ശേഷം മണ്ഡല പുനര്‍നിര്‍ണയം നടന്നപ്പോള്‍ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നിവയും ചേര്‍ന്നാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം രൂപീകരിച്ചത്. പിന്നീട് നടന്ന 15 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ 13 തവണയും മാവേലിക്കരക്കാര്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയുമാണ് നെഞ്ചേറ്റിയത്.
1967-ല്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് മത്സരിച്ച സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജിപി മംഗലത്തുമഠം സ്ഥാനാര്‍ഥിയായപ്പോഴും 2004-ല്‍ സിപിഎമ്മിന്റെ ആലപ്പുഴയിലെ സൗമ്യമുഖമായ സിഎസ് സുജാത മത്സരിച്ചപ്പോഴും മാത്രമാണ് മാവേലിക്കരയുടെ മനമിളകിയത്. ബാക്കിയെല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണിത്. 1989 മുതല്‍ 1998 വരെ തുടര്‍ച്ചയായി നാലു തവണ കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെ പാര്‍ലമെന്റിലേക്ക് അയച്ചിട്ടുണ്ട് മാവേലിക്കരക്കാര്‍. ഇപ്പോഴത്തെ സിറ്റിങ് എംപി കൊടിക്കുന്നില്‍ സുരേഷിനെ 2009 മുതല്‍ തുടര്‍ച്ചയായി ജയിപ്പിച്ച് ഹാട്രിക് സമ്മാനിച്ചും മാവേലിക്കരക്കാര്‍ തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കിയിട്ടുണ്ട്.
1962-ല്‍ അതിശക്തമായ മത്സരത്തില്‍ സിപിഐ സ്ഥാനാര്‍ഥി പികെ കൊടിയനെ തോല്‍പിച്ച കോണ്‍ഗ്രസിലെ ആര്‍ അച്യുതനാണ് മാവേലിക്കരയെ പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റില്‍ എത്തിയയാള്‍. അന്ന് വെറും 7,288 വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. 48.5 ശതമാനം വോട്ട് അച്യുതന്‍ നേടിയപ്പോള്‍ കൊടിയന് ലഭിച്ചത് 46.2 ശതമാനം വോട്ടുകളാണ്. എന്നാല്‍ തൊട്ടടുത്ത തവണ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ മംഗലത്തുമഠത്തിലൂടെ ഇടതുമുന്നണി മാവേലിക്കരയില്‍ ആദ്യമായി വെന്നിക്കൊടി പാറിച്ചു.
പക്ഷേ ആ നേട്ടം നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിനായില്ല. നാലുവര്‍ഷത്തിനു ശേഷം നടന്ന 1971-ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. സിപിഎമ്മിലെ കരുത്തുറ്റ നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയെയാണ് ബാലകൃഷ്ണപിള്ള തോല്‍പിച്ചത്. 55,527 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 55.6ശതമാനം വോട്ട് ബാലകൃഷ്ണപിള്ള നേടിയപ്പോള്‍ എസ്ആര്‍പിക്ക് നേടാനായത് 41.1ശതമാനം വോട്ട് മാത്രം.
പിന്നീട് ഈ മണ്ഡലത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ ഇടതുപക്ഷത്തിന് കാത്തിരിക്കേണ്ടി വന്നത് മൂന്നു പതിറ്റാണ്ട് കാലമാണ്. ഇതിനിടെ ഇവിടെ നിന്ന് കോണ്‍ഗ്രസ് നേതാക്കളായ ബികെ നായര്‍, പിജെ കുര്യന്‍, രമേശ് ചെന്നിത്തല എന്നിവരും യുഡിഎഫിനൊപ്പം നിന്ന ജനതാ പാര്‍ട്ടിയിലെ തമ്പാന്‍ തോമസും പാര്‍ലമെന്റിലേക്ക് വണ്ടികയറിയിരുന്നു. 1989 മുതല്‍ 1998 വരെ തുടര്‍ച്ചയായി നാലു തവണ കുര്യനായിരുന്നു മാവേലിക്കരയുടെ എംപി.
മുപ്പത്തിമൂന്നു വര്‍ഷത്തിനു ശേഷം മാവേലിക്കരയില്‍ ചെങ്കൊടി പാറിയത് പിന്നീട് 2004-ലാണ്. തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ രമേശ് ചെന്നിത്തലയ്‌ക്കെതിരെ സിപിഎം നിര്‍ത്തിയത് പുതുമുഖമായ സിഎസ് സുജാതയെ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മികച്ച ഭരണം കാഴ്ചവച്ച് ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റിയ സുജാതയുടെ വ്യക്തിപ്രഭാവത്തിനു മുന്നില്‍ ചെന്നിത്തലയ്ക്ക് അടിപതറി. 7,414 വോട്ടിന് ചെന്നിത്തലയെ തോല്‍പിച്ച് സുജാത മാവേലിക്കരയുടെ പ്രതിനിധിയായി ഡല്‍ഹിക്കു പോയി.
കൊടിക്കുന്നിലിന്റെ വരവ്
മൂന്നു പതിറ്റാണ്ടോളം കാത്തിരുന്ന ലഭിച്ച മണ്ഡലം പക്ഷേ ഇടതുമുന്നണി വീണ്ടും കൈവിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 2009-ല്‍ നടന്ന അടുത്ത തിരഞ്ഞെടുപ്പില്‍ മാവേലിക്കര തിരിച്ചുപിടിക്കാനുള്ള ദൗത്യം കോണ്‍ഗ്രസ് ഏല്‍പിച്ചത് അടൂര്‍ മുന്‍ എംപി കൂടിയായ കൊടിക്കുന്നില്‍ സുരേഷിനെയാണ്. ഇടതുമുന്നണിയില്‍ അപ്പോഴേക്കും കാര്യങ്ങള്‍ എല്ലാം മാറിമറിഞ്ഞിരുന്നു.
2008-ല്‍ നടന്ന മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം സീറ്റ് വീതംവയ്പില്‍ മാവേലിക്കര മണ്ഡലം സിപിഎമ്മില്‍ നിന്ന് സിപിഐ ഏറ്റെടുത്തിരുന്നു. കൊടിക്കുന്നിലിനെതിരേ സിപിഐ നിര്‍ത്തിയത് ആര്‍എസ് അനില്‍ എന്ന യുവനേതാവിനെയായിരുന്നു. യുവത്വം വേണോ പരിചയസമ്പത്ത് വേണോയെന്ന ചോദ്യത്തിന് അന്ന് മാവേലിക്കരക്കാര്‍ കൊടിക്കുന്നിലിലൂടെ ഉത്തരം നല്‍കിയപ്പോള്‍ പരമ്പരാഗത മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു.
മാവേലിക്കരയിലെ ആദ്യ അങ്കത്തില്‍ 48,048 വോട്ടുകള്‍ക്കായിരുന്നു കൊടിക്കുന്നില്‍ വിജയക്കൊടി നാട്ടിയത്. പോള്‍ചെയ്തതില്‍ 49.3 ശതമാനം വോട്ടും നേടി. അനില്‍കുമാറിന് 43.3 ശതമാനം വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളു. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി പിഎം വേലായുധന് ലഭിച്ചത് വെറും 5.10 ശതമാനം വോട്ടുകള്‍ മാത്രമാണ്.
പിന്നീട് മാവേലിക്കരക്കാര്‍ കൊടിക്കുന്നിലിനെ കൈവിട്ടിട്ടില്ല. മോദി തരംഗം ആഞ്ഞുവീശിയ 2014-ലെ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് ഇവിടെ നടന്നത്. സ്ഥാനാര്‍ഥി ആരെന്നതില്‍ കോണ്‍ഗ്രസിന് സംശയമുണ്ടായിരുന്നില്ല, കൊടിക്കുന്നില്‍ തന്നെ. സിപിഐ അത്തവണ രണ്ടും കല്‍പിച്ചായിരുന്നു. ചെങ്ങറ സുരേന്ദ്രനിലൂടെ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ അവതരിപ്പിച്ചു. എന്നാല്‍ കൊടിക്കുന്നിലിനെ നിരാശപ്പെടുത്താന്‍ മാവേലിക്കരക്കാര്‍ തയ്യാറായില്ല. ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും ചെങ്ങറ 32,737 വോട്ടുകള്‍ക്ക് സാമാന്യം ഭംഗിയായി തോറ്റു.
ഇരുമുന്നണിയുടെയും വോട്ടുവിഹിതത്തില്‍ ഇടിവുണ്ടായതും ശ്രദ്ധേയമായി. കോണ്‍ഗ്രസിന് 45.3 ശതമാനം വോട്ടാണ് ലഭിച്ചത്. സിപിഐയ്ക്ക് 41.6 ശതമാനവും. നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. 2009-ലെ അഞ്ച് ശതമാനത്തില്‍ നിന്ന് തങ്ങളുടെ വോട്ട് ശതമാനം ഒമ്പതാക്കി ഉയര്‍ത്താന്‍ ബിജെപിക്കായി. യുവനേതാവ് അഡ്വ. പി സുധീറായിരുന്നു ബിജെപി സ്ഥാനാര്‍ഥി.
ഹാട്രിക് നേട്ടവുമായി കൊടിക്കുന്നില്‍
കേരളം മുഴുവന്‍ 'രാഹുലിസം' ആഞ്ഞടിച്ച 2019-ല്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് മാവേലിക്കരക്കാര്‍ കൊടിക്കുന്നിലിനെ മൂന്നാമതും പാര്‍ലമെന്റിലേക്ക് അയച്ചത്. 61,138 വോട്ടുകളുടെ വ്യത്യാസത്തില്‍ സിപിഐയുടെ ചിറ്റയം ഗോപകുമാറിനെയാണ് കൊടിക്കുന്നില്‍ തോല്‍പിച്ചത്. 45.4 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ സിപിഐയുടെ വോട്ട്‌വിഹിതത്തില്‍ വന്‍ ഇടിവാണ് നേരിട്ടത്. 39.1 ശതമാനം വോട്ടുകള്‍ മാത്രമാണ് ചിറ്റയത്തിന് ലഭിച്ചത്. എന്‍ഡിഎ മുന്നണിക്കായി മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ഥി തഴവ സഹദേവന്‍ ഒരു ലക്ഷത്തിലധികം വോട്ട് നേടി ഞെട്ടിക്കുകയും ചെയ്തു.
മണ്ഡലത്തിലെ ജാതിസമവാക്യങ്ങളില്‍ വന്ന വിള്ളലാണ് കൊടിക്കുന്നിലിന് വമ്പന്‍ ജയം സമ്മാനിച്ചത്. പരമ്പരാഗതമായി ഇടതുമുന്നണിക്ക് ലഭിച്ചു വന്നിരുന്ന ഈഴവ വോട്ടുകള്‍ സിപിഐ-ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്കായി ഭിന്നിച്ചത് കോണ്‍ഗ്രസിന് ഗുണം ചെയ്തു. 2014-ലെ ഒമ്പത് ശതമാനത്തില്‍ നിന്ന് തങ്ങളുടെ വോട്ട് വിഹിതം 13.8 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞ തവണ എന്‍ഡിഎയ്ക്കായി.
നിയമസഭയില്‍ 'ഇടതുമുന്നണി'
മാവേലിക്കര ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന നിയസഭാ മണ്ഡലങ്ങളുടെ കാര്യം പരിശോധിച്ചാല്‍ ഇടതുമുന്നണിയിലെ ഏതാണ്ട് എല്ലാ കക്ഷികള്‍ക്കും ജനപ്രതിനിധികളുണ്ട്. മാവേലിക്കരയിലും ചെങ്ങന്നൂരും കൊട്ടാരക്കരയിലും സിപിഎം, കുട്ടനാട്ടില്‍ എന്‍സിപി, ചങ്ങനാശേരിയില്‍ കേരളാ കോണ്‍ഗ്രസ് എം, പത്തനാപുരത്ത് കേരളാ കോണ്‍ഗ്രസ് ബി, കുന്നത്തൂരില്‍ ആര്‍എസ്പി ലെനിനിസ്റ്റ്. മൂന്നു മന്ത്രിമാരാണ് ഇവിടെ നിന്ന് സംസ്ഥാന മന്ത്രിസഭയിലുള്ളത്.
നിയമസഭാ തിരഞ്ഞടുപ്പില്‍ ലഭിച്ച ജനപിന്തുണ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും മുന്നണിയിലെ ഏതാണ്ട് എല്ലാ കക്ഷികളുടെയും പ്രവര്‍ത്തനവും സഹകരണവും ലഭിക്കുന്നതിലൂടെ ഇക്കുറി അട്ടിമറി വിജയം നേടാമെന്നുമുള്ള പ്രതീക്ഷയിലാണ് ഇടതുപക്ഷം.
സാമുദായിക സമവാക്യം
സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ഹിന്ദു സാമുദായിക സംഘടനകള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. 2019-ലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 1305682 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ 64.42 ശതമാനം വോട്ടര്‍മാരും ഹിന്ദു മതവിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 13.71 ശതമാനം മുസ്ലീം വോട്ടര്‍മാരും 21.84 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരും മാവേലിക്കരയിലുണ്ട്.
2011-ലെ സെന്‍സസ് പ്രകാരം 190,630 വോട്ടര്‍മാരാണ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളത്. ഏകദേശം 14.6 ശതമാനം വരും ഇത്. 3,917 വോട്ടര്‍മാര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുണ്ട്, ഏകദേശം 0.3 ശതമാനം. മണ്ഡലത്തിലെ 83.7 ശതമാനം വോട്ടര്‍മാരും ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരാണ്. 16.3 ശതമാനമാണ് നാഗരിക മേഖലയില്‍ നിന്നുള്ളത്. എന്‍എസ്എസിന്റെ ആസ്ഥാനമായ പെരുന്ന മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമാണ്. എന്‍എസ്എസ് വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകവുമാണ്. അതേപോലെ തന്നെ കേരള പുലയര്‍ മഹാ സഭ(കെപിഎംഎസ്)യ്ക്ക് നിര്‍ണായക സ്വാധീനവും ആഴത്തില്‍ വേരോട്ടവുമുള്ള മണ്ഡലം കൂടിയാണിത്. അതിനാല്‍ത്തന്നെ മൂന്നു മുന്നണിയിലെയും സ്ഥാനാര്‍ഥികള്‍ കെപിഎംഎസിന്റെ പിന്തുണ ഉറപ്പാക്കാന്‍ മത്സരിക്കുന്നത് പതിവു കാഴ്ചയുമാണ്.
ഇക്കുറി മാറി ചിന്തിക്കുമോ മാവേലിക്കര?
സിറ്റിങ് എംപിമാര്‍ക്കെല്ലാം സീറ്റ് നല്‍കാന്‍ എഐസിസി തീരുമാനമെടുക്കും മുമ്പേ തന്നെ മാവേലിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് ഏവരും ഉറപ്പിച്ചതാണ്. കൊടിക്കുന്നിലിന്റെ പേരല്ലാതെ മാവേലിക്കരയില്‍ മറ്റൊരു പേര് കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്നുവരില്ലെന്ന് ഉറപ്പായിരുന്നു. അതേസമയം മണ്ഡലം പിടിക്കാനുറച്ച് ഇക്കുറി സിപിഐ എഐവൈഎഫ് നേതാവായ സിഎ അരുണ്‍കുമാറിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മാവേലിക്കരയുടെ മാറ്റത്തിന് യുവത്വമുള്ള ഒരാള്‍ വരണമെന്ന തരത്തിലാണ് സിപിഐയുടെ പ്രചാരണം.
കോണ്‍ഗ്രസ് വിട്ട് ബിഡിജെഎസില്‍ ചേര്‍ന്ന ബൈജു കലാശാലയെ രംഗത്തിറക്കിയാണ് എന്‍ഡിഎ പോരിന് ആവേശം പകരുന്നത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി മാവേലിക്കര മണ്ഡലത്തില്‍ നിന്നു മത്സരിച്ചയാളാണ് ബൈജു കലാശാല. ബൈജുവിനെ നിര്‍ത്തിയതിലൂടെ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.
അതേസമയം തുടര്‍ച്ചയായ നാലാം വിജയം തേടിയാണ് കൊടിക്കുന്നില്‍ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. എന്നാല്‍ അതത്ര എളുപ്പമല്ലെന്നാണ് മണ്ഡലത്തില്‍ പൊതുവേയുള്ള വികാരം. കഴിഞ്ഞ മൂന്നു തവണായി മണ്ഡലത്തിനു വേണ്ടി താന്‍ ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കൊടിക്കുന്നിലിന്റെ വോട്ട് അഭ്യര്‍ഥന. മാവേലിക്കര, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളുടെ വികസനവും മറ്റും തന്റെ പ്രയത്‌നഫലമായി കൊടിക്കുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്.
എന്നാല്‍ മണ്ഡലത്തില്‍ അതിലേറെ പ്രശ്‌നങ്ങളുണ്ടെന്നും മൂന്നുതവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നയാള്‍ക്ക് അതിന് ശ്വാശത പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്നുള്ള വിമര്‍ശനവുമുണ്ട്. കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകരുടെയും താറാവ് കര്‍ഷകരുടെയും ദുരിതങ്ങളും കുന്നത്തൂരിലെ കശുവണ്ടി മേഖലയുടെ തകര്‍ച്ചയും പത്തനാപുരത്തെ റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധികളുമെല്ലാം ഇക്കുറി ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകരുടെ ദുരിതങ്ങളും കുന്നത്തൂരിലെ കശുവണ്ടി മേഖലയുടെ തകര്‍ച്ചയും പത്തനാപുരത്തെ റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധികളുമെല്ലാം ഇക്കുറി ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
നെല്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ഇരുമുന്നണികളെയും ഒരുപോലെ ബാധിച്ചേക്കും. കര്‍ഷകര്‍ക്ക് നെല്ലിന്റെ വില സമയത്ത് കിട്ടുന്നില്ലെന്ന പരാതി സിപിഐ സ്ഥാനാര്‍ഥിക്ക് ഏറെ തിരിച്ചടിയായേക്കും. കുന്നത്തൂരിലെ കശുവണ്ടി മേഖല പാടേ തകര്‍ന്നിരിക്കുകയാണ്. 75 ഓളം ഫാക്ടറികളാണ് പൂട്ടിപ്പോയത്. ഏതാണ്ട് 25,000 തൊഴിലാളികളാണ് വഴിയാധാരമായത്. വേനലിലും കുടിവെള്ളക്ഷാമവും വര്‍ഷകാലത്ത് പ്രളയ ഭീതിയും നേരിടുന്ന കുട്ടനാട്ടിലെ ജനജീവിതത്തിന് ഇതുവരെ ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. റബ്ബറിന്റെ വിലയിടിവു കാരണം പത്തനാപുരത്തെ കര്‍ഷകര്‍ ആകെ വലഞ്ഞിരിക്കുകയാണ്. താങ്ങുവില ഉയര്‍ത്തണമെന്ന ആവശ്യം ബധിരകര്‍ണങ്ങളിലാണ് വീഴുന്നതെന്നാണ് അവരുടെ പരിവേദനം. അതിനിടെയാണ് കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ശല്യം. ഈ പ്രശ്‌നങ്ങളെല്ലാം സജീവമായി നിലനില്‍ക്കുമ്പോള്‍ മാവേലിക്കരക്കാര്‍ ഒന്നു മാറി ചിന്തിച്ചുകൂടായ്കയില്ല.