മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാത്രി 7.30ന്; ചടങ്ങ് രാഷ്ട്രപതി ഭവനില്‍

മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാത്രി 7.30ന്; ചടങ്ങ് രാഷ്ട്രപതി ഭവനില്‍

പഴയ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തിന് ശേഷമാണ് മോദി രാഷ്ട്രപതിയെ കണ്ടത്
Updated on
2 min read

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച രാത്രി 7.30-ന് രാഷ്ട്രപതി ഭവനില്‍. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നിര്‍ദേശം നല്‍കി. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടതിന് പിന്നാലെയാണ് നടപടി. ഭൂരിപക്ഷം വ്യക്തമാക്കിയുള്ള കത്ത് നല്‍കിയതിന് പിന്നാലെ, സര്‍ക്കാരുണ്ടാക്കാന്‍ നരേന്ദ്ര മോദിയെ രാഷ്ട്രപതി ക്ഷണിച്ചിരുന്നു.

ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേന അധ്യക്ഷന്‍ ഏക്‌നാഥ് ഷിന്‍ഡെ എന്നിവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി രാഷ്ട്രപതിക്ക് കൈമാറി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യക്ഷകുടെ പിന്തുണയോടെ മാത്രമേ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുള്ളു. ബിജെപിക്ക് 240 സീറ്റാണുള്ളത്. എന്‍ഡിഎയ്ക്ക് 293.

മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയേയും സന്ദര്‍ശിച്ച ശേഷമാണ് മോദി രാഷ്ട്രപതി ഭവനിലെത്തിയത്.

മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാത്രി 7.30ന്; ചടങ്ങ് രാഷ്ട്രപതി ഭവനില്‍
യുവജനങ്ങള്‍ കൂടെനിന്നു, ബിജെപിയെ സ്ത്രീകള്‍ കൈവിട്ടു: സിഎസ്ഡിഎസ് സർവേ

നേരത്തെ, എന്‍ഡിഎ യോഗത്തില്‍ മുന്നണിയെ ശക്തിപ്പെടുത്തണം എന്നാവശ്യപ്പെട്ട് മോദി പ്രസംഗം നടത്തിയിരുന്നു. മോദിയെന്നും ബിജെപി സര്‍ക്കാര്‍ എന്നും ആവര്‍ത്തിക്കുന്നതായിരുന്നു മോദിയുടെ മുന്‍കാല പ്രസംഗങ്ങളില്‍ മിക്കതും. എന്നാല്‍, ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, മുന്നണിയിലെ പാര്‍ട്ടികളെ പിണക്കിയാല്‍ നിലനില്‍പ്പില്ലെന്ന് മനസിലാക്കിയാണ് മോദിയുടെ പുതിയ പ്രസംഗമെന്നാണ് വിലയിരുത്തല്‍.

നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭ രൂപീകരണത്തില്‍ കടുത്ത നിബന്ധനകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, മുന്നണിയെ ഉയര്‍ത്തിക്കാട്ടി മോദിയുടെ പ്രസംഗം. കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം എന്‍ഡിഎ യോഗത്തിലും രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലും 'ഇത് മോദിയുടെ വിജയം' എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍, സഖ്യത്തിന്റേത് ഉലയാത്ത ബന്ധമാണെന്നും അതിന്റെ വിജയമാണ് നേടിയതെന്നുമാണ് മോദി ഇന്നത്തെ പ്രസംഗത്തില്‍ പറഞ്ഞത്.

മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാത്രി 7.30ന്; ചടങ്ങ് രാഷ്ട്രപതി ഭവനില്‍
പുതിയ കിങ് മേക്കർ ആവുമോ അഖിലേഷ് യാദവ്; കരുക്കൾ നീക്കി മമതയും ഉദ്ദവ് താക്കറെയും, നിതീഷിനെയും നായിഡുവിനെയും കാണാൻ നിർദേശം

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ മുന്നണിയാണ് എന്‍ഡിഎ സഖ്യമെന്നു മോദി അവകാശപ്പെട്ടു. എന്‍ഡിഎയുടെ എല്ലാ തീരുമാനങ്ങളും ഒറ്റക്കെട്ടായി എടുക്കണമെന്നും മോദി പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. രാത്രിയും പകലമില്ലാതെ പ്രവര്‍ത്തിച്ച എന്‍ഡിഎ സഖ്യത്തിലെ ഓരോ പ്രവര്‍ത്തകര്‍ക്കും അവകാശപ്പെട്ടതാണ് ഇത്തവണത്തെ വിജയമെന്നു മോദി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷമായ ഇന്ത്യ സഖ്യം ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്നും ജയിച്ചെത്തിയ എന്‍ഡിഎ തോറ്റെന്ന് പ്രചരിപ്പിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാത്രി 7.30ന്; ചടങ്ങ് രാഷ്ട്രപതി ഭവനില്‍
മത്സരിച്ചത് 17 വനിതകൾ, വിജയിച്ചത് ഏഴ് പേർ; 18-ാം ലോക്‌സഭയുടെ ഭാഗമാകാൻ തയാറെടുത്ത് മഹാരാഷ്ട്രയിലെ വനിതാ എംപിമാർ

ദക്ഷിണേന്ത്യയില്‍ എന്‍ഡിഎയ്ക്ക് നേട്ടമുണ്ടായെന്നു പറഞ്ഞ മോദി, കേരളത്തില്‍നിന്ന് ബിജെപിക്ക് ആദ്യമായി എംപിയെ കിട്ടിയെന്നും പറഞ്ഞു. എന്‍ഡിഎയ്ക്ക് പുതി പൂര്‍ണരൂപവും മോദി മുന്നോട്ടുവച്ചു. 'ന്യൂ ഇന്ത്യ, ഡെവലപ്ഡ് ഇന്ത്യ, ആസ്പിരേഷണല്‍ ഇന്ത്യ' എന്നാണ് മോദി എന്‍ഡിഎയ്ക്കു പുതിയ പൂര്‍ണരൂപം നിര്‍ദേശിച്ചിരിക്കുന്നത്.

മുതിര്‍ന്ന ബിജെപി നേതാവ് രാജ്നാഥ് സിങ്ങാണ് മോദിയുടെ പേര് സഖ്യത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നിര്‍ദേശിച്ചത്. മറ്റ് അംഗങ്ങള്‍ ഇത് ഐകകണ്ഠേന അംഗീകരിച്ചു. തുടര്‍ച്ചായി മൂന്നാം തവണയും പ്രധാനമന്ത്രിയായി ഞായറാഴ്ചയാണ് നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്.

യോഗഹാളിലെത്തിയ മോദി ഭരണഘടനയെ തൊട്ടുവണങ്ങി. 2014-ലും എന്‍ഡിഎ യോഗത്തിന് തൊട്ടുമുന്‍പ് അദ്ദേഹം ഭരണഘടനയെ വണങ്ങിയിരുന്നു. ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്ന ഭയം ജനങ്ങളില്‍ വളര്‍ന്നത് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. മാത്രവുമല്ല, ഭരണഘടന ഉയര്‍ത്തിയുള്ള രാഹുല്‍ ഗാന്ധിയുടെ പ്രചാരണം കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതേത്തുടര്‍ന്നാണ്, ഭരണഘടനയെ വണങ്ങിയുള്ള മോദിയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in