ഒരു മണ്ഡലം, വിധിയെഴുത്ത് രണ്ടായി; സംഘര്‍ഷം ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'അറ്റകൈ പ്രയോഗം'
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 16ന് പ്രഖ്യാപിച്ച് കഴിഞ്ഞു. 543 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടതെങ്കിലും കമ്മീഷന്റെ പ്രഖ്യാപനത്തില്‍ 544 മണ്ഡലങ്ങള്‍ എന്നായിരുന്നു ഉണ്ടായിരുന്നത്. ഒരു മണ്ഡലം അധികം! പിഴവ് പറ്റിയതാണോ എന്ന ആശയക്കുഴപ്പത്തിനൊടുവില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ തന്നെ കാര്യം വിശദീകരിച്ചു. രാജ്യത്ത് ഒരു മണ്ഡലത്തില്‍ രണ്ടു തവണയായി വോട്ടെടുപ്പ് നടക്കുന്നുണ്ട്. അതിനാലാണ് 544 എന്ന അക്കം പട്ടികയില്‍ ഇടംപിടിച്ചത്.
ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലമാണ് രണ്ടു തവണയായി വിധിയെഴുത്തിന് ഒരുങ്ങുന്നത്. വംശീയ കലാപബാധിത സംസ്ഥാനമായ മണിപ്പൂരിന്റെ പ്രത്യേക അവസ്ഥ കണക്കിലെടുത്താണ് ഇവിടെ രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തുന്നത്. രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് മണിപ്പൂരിലുള്ളത്. മെയ്തി ഭൂരിപക്ഷമായ താഴ്‌വര പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഇന്നർ മണിപ്പൂർ മണ്ഡലം, പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ളതും നാഗ, കുക്കി-സോമി പ്രതിനിധികൾ മാറിമാറി മത്സരിക്കുന്നതുമായ ഔട്ടർ മണിപ്പൂർ മണ്ഡലം. ഈ രണ്ട് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 19, 26 എന്നീ തീയതികളിലാണ് നടക്കുന്നത്.
ഇന്നർ മണിപ്പൂർ മണ്ഡലവും ഔട്ടർ മണിപ്പൂരിലെ ചില പ്രദേശങ്ങളും ആദ്യ ഘട്ടത്തിൽ വോട്ടിങ് ബൂത്തിലേക്ക് പോകുമ്പോൾ, ഔട്ടർ മണിപ്പൂരിലെ ശേഷിക്കുന്ന പ്രദേശങ്ങളിലെ വോട്ടർമാർക്ക് രണ്ടാം ഘട്ടത്തിലാണ് സമ്മദിതനാവകാശം വിനിയോഗിക്കാൻ ആകുക. പ്രായോഗികതലത്തിൽ ഔട്ടർ മണിപ്പൂർ മണ്ഡലത്തിൽ രണ്ടുതവണ വോട്ടെടുപ്പ് നടക്കും.
മണിപ്പൂരിൻ്റെ സ്ഥിതിഗതികൾ കമ്മീഷൻ അവലോകനം ചെയ്തിരുന്നു. കലാപത്തെത്തുടര്‍ന്ന് ധാരാളം വോട്ടര്‍മാര്‍ ഇവിടെ നിന്ന് പലായനം ചെയ്തിട്ടുണ്ട്. അവർ സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത്, കൂടിയാലോചനയ്ക്ക് ശേഷമാണ്, ഔട്ടര്‍ മണിപ്പൂരില്‍ രണ്ടു തവണയായി തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. കുടിയിറക്കപ്പെട്ടവർക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ഫെബ്രുവരിയില്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.
2023 മെയ് മൂന്നിനാണ് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെടുന്നത്. മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിൽ നടന്ന വംശീയ കലാപത്തിൽ ഇരുനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേർക്ക് പരുക്കേറ്റിരുന്നു. ഏപ്രിൽ 19ന് ആരംഭിക്കുന്ന വോട്ടെടുപ്പ്, ഏഴുഘട്ടങ്ങളിലായാണ് നടക്കുക. ജൂൺ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ്. ജൂൺ നാലിന് വോട്ടെണ്ണും.