സത്യപ്രതിജ്ഞയിലേക്ക് പ്രതിപക്ഷത്തിന് ക്ഷണമില്ല; വിളിച്ചാലും പോകില്ലെന്ന് മമത ബാനർജി
ഇന്ന് നടക്കാനിരിക്കുന്ന മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണമില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കു മാത്രമാണ് ക്ഷണം ലഭിച്ചത്. ക്ഷണം ലഭിച്ചാലും ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസും മമത ബാനർജിയും അറിയിച്ചത്.
കോൺഗ്രസിന് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കേണ്ടതുണ്ടോ എന്ന് ഇന്ത്യസഖ്യം ചർച്ചചെയ്ത് മാത്രമേ തീരുമാനിക്കുകയുള്ളു. 2019ൽ മോദി സർക്കാരിന്റ സത്യപ്രതിജ്ഞ ചടങ്ങിൽ സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പങ്കെടുത്തിരുന്നു. എന്നാൽ മല്ലികാർജുൻ ഖാർഗെയ്ക്കൊഴികെ തങ്ങളുടെ നേതാക്കൾക്കൊന്നും ക്ഷണം ലഭിച്ചിട്ടില്ലെന്നും, ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യ സഖ്യവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാലും ജയറാം രമേശും അറിയിച്ചു.
ഭരണഘടനാ വിരുദ്ധമായും ജനാധിപത്യ വിരുദ്ധമായും രൂപീകരിക്കപ്പെടുന്ന ഒരു സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തങ്ങൾ പങ്കെടുക്കില്ല എന്നായിരുന്നു മമത ബാനർജിയുടെ പ്രതികരണം.
ഇത്തവണ അയൽ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരാണ് ചടങ്ങിന്റെ മുഖ്യാഥിതികൾ. അതിൽ വളരെ പ്രധാനപ്പെട്ടത് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ്. ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഹസീന ഡൽഹിയിൽ എത്തിക്കഴിഞ്ഞു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സുവാണ് മറ്റൊരു പ്രധാനപ്പെട്ട നേതാവ്. അദ്ദേഹവും പങ്കെടുക്കുമെന്ന് അറിയിച്ചുകഴിഞ്ഞു. ഇന്ത്യയുമായി മാലദ്വീപിനുള്ള നയതന്ത്ര ബന്ധം അത്ര സുഖകരമായ അവസഥയിലല്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സഹകരിച്ച് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തണം എന്ന മൊയ്സുവിന്റെ പ്രതികരണം ഇന്ത്യയെ സംബന്ധിച്ച് ആശാവഹമാണ്. അധികാരത്തിലെത്തിയതിനു ശേഷം ഇതാദ്യമായിട്ടാണ് മുയ്സു ഇന്ത്യയെക്കുറിച്ച് അനുഭാവപൂർവം സംസാരിക്കുന്നത്.
സെയ്‌ഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫിഫും ശനിയാഴ്ച ഡൽഹിയിലെത്തിയിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീൺ കുമാർ ജഗനൗത്, നേപ്പാൾ പ്രധാനമത്രി പുഷ്‌പോയ കമൽ ദഹൽ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ എന്നിവരും ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ കഴിഞ്ഞ് നേതാക്കൾക്കായി രാഷ്ട്രപതിയുടെ പ്രത്യേക വിരുന്നുണ്ടാകും.
2023 സെപ്റ്റംബറിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ഷെയ്ഖ് ഹസീന അവസാനമായി ഇന്ത്യയിലെത്തിയത്. തങ്ങൾ ഏറെ വിലമതിക്കുന്ന വിദേശ നേതാവാണ് ഷെയ്ഖ് ഹസീന എന്നും ഈ കൂടിക്കാഴ്ച തങ്ങൾക്കിടയിലുള്ള ബന്ധം ശക്തമാക്കുമെന്നും വിദേശകാര്യ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞിരുന്നു.
ഗാന്ധി കുടുംബത്തെ സന്ദർശിക്കാനും ഹസീനയ്ക്ക് ഉദ്ദേശമുണ്ടെന്ന വിവരങ്ങളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. 2019 ൽ ഇന്ത്യയിൽ വന്നപ്പോൾ ഹസീന സോണിയ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും, മൻമോഹൻ സിങ്ങിനെയും കണ്ടിരുന്നു. മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മനു മഹ്വാർ നല്‍കിയ ക്ഷണം പ്രസിഡന്റ് മുയ്സു അംഗീകരിക്കുകയായിരുന്നു. മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രത്ജ്ഞ ചെയ്യുന്ന സാഹചര്യത്തിൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് പ്രാധാന്യം നൽകുക എന്ന തീരുമാനത്തിന്റെ പുറത്തതാണ് ഈ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാൽ പാകിസ്താനിലെയും അഫ്ഗാനിസ്നിതാലെയും മ്യാന്മാറിലെയും നേതാക്കൾ ഈ പേരുകളിൽ ഇല്ല.